വോട്ടർമാരുടെ ഓർമയും പാർട്ടിയുടെ മറവിയും

2024ലെ തെരഞ്ഞെടുപ്പ് ഫലം 2019ലെ ഫലത്തിന്‍റെ വേദനാജനകമായി ഓർമപ്പെടുത്തലാണ് എൽഡിഎഫിന്. സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനുള്ള വ്യക്തമായ സന്ദേശം കൂടിയാകുന്നു ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.
Left out with resounding message
വോട്ടർമാരുടെ ഓർമയും പാർട്ടിയുടെ മറവിയുംMetro Vaartha

അജയൻ

രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കിടയിലും സംസ്ഥാന ഭരണത്തിൽ രണ്ടാമൂഴമാണ് ഇടതുപക്ഷത്തിന്, വിചിത്രമായൊരു രാഷ്‌ട്രീയ സമസ്യ. ഇതിനി ഡീകോഡ് ചെയ്തെടുക്കേണ്ടത് സിപിഎം തന്നെയാണ്. നേരിട്ട ധാർഷ്ട്യങ്ങൾക്ക് കൃത്യസമയത്ത് ജനം നൽകിയ മറുപടിയാണോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. പതിവ് രീതി വിടാതെ, ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കാൻ വേണ്ടതു ചെയ്യുമെന്ന പ്രഖ്യാപനം മാത്രമാണ് സിപിഎം നേതൃത്വം ഇപ്പോൾ നടത്തിയിരിക്കുന്നത്; തെറ്റൊന്നും പറ്റിയിട്ടില്ല എന്നതുപോലൊരു പ്രഖ്യാപനം!

2019ൽ ന്യായീകരണം കണ്ടെത്താൻ ശബരിമല പ്രശ്നവും രാഹുൽ ഗാന്ധിയുടെ സാന്നിധ്യവുമെല്ലാം ഉണ്ടായിരുന്നു. ഇത്തവണ അങ്ങനെയൊരു 'ബാഹ്യ' കാരണം നിരത്താനില്ല. കേന്ദ്രത്തിലെ മോദി വിരുദ്ധ സഖ്യത്തിൽ ഒരുമിച്ച് അണിനിരക്കുന്നവരാണ് കേരളത്തിലെ എൽഡിഎഫും യുഡിഎഫും. അതുകൊണ്ടു തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വോട്ട് ചെയ്തവർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്കു ചായാൻ അങ്ങനെയൊരു രാഷ്‌ട്രീയ കാരണം ചൂണ്ടിക്കാണിക്കാൻ കഴിയില്ല. മറിച്ച്, വോട്ടർമാരുടെ ഓർമ, പാർട്ടിയുടെ ഭാഗിക മറവിയെക്കാൾ ശക്തമായിരുന്നു എന്നു പറയേണ്ടി വരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം എന്ന ലക്ഷ്യത്തോടെയാണ് വൻതോക്കുകളെ തന്നെ സിപിഎം രംഗത്തിറക്കിയത്. ജനകീയ നേതാവും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജയെ വടകരയിലും, ട്രേഡ് യൂണിയൻ രംഗത്തെ അതികായനായ എളമരം കരീമിനെ കോഴിക്കോട്ടും, പാർട്ടിയിലെ ഉന്നതൻ എം.വി. ജയരാജനെ കണ്ണൂരും, പേരെടുത്ത മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ ചാലക്കുടിയിലും, സാമ്പത്തിക ശാസ്ത്രജ്ഞൻ കൂടിയായ മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനെ പത്തനംതിട്ടയിലും മത്സരിപ്പിച്ചു; വോട്ടർമാർ ഇവരെയെല്ലാം നിരാകരിച്ചു. വലിയ മാർജിനിൽ തന്നെ ഓരോരുത്തരും തോറ്റത് പാർട്ടിയുടെ എതിരാളികൾക്കു പോലും അവിശ്വസനീയമായി.

കഷ്ടിച്ച് രക്ഷപെട്ട ഏക എൽഡിഎഫ് സ്ഥാനാർഥി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ്. പാർട്ടിയുടെ ശക്തികേന്ദ്രമായ ആലത്തൂരാണ് രാധാകൃഷ്ണൻ തിരിച്ചുപിടിച്ചത്. എന്നാൽ, കഴിഞ്ഞ തവണ പി.കെ. ബിജുവിനെ അട്ടിമറിച്ച രമ്യ ഹരിദാസിന്‍റെ ജനപ്രീതി ഏറെക്കുറെ നഷ്ടപ്പെട്ടിരുന്ന സാഹചര്യത്തിൽ, സിപിഎമ്മിനു രാധാകൃഷ്ണന്‍റെ വിജയത്തിൽ അധികം ആഘോഷിക്കാനും വകുപ്പില്ല. ഇതേസമയം, രാധാകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് വിജയം സംസ്ഥാന രാഷ്‌ട്രീയത്തിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങലാണെന്നു കരുതുന്നവരും ഏറെ. പട്ടികജാതിയിൽനിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി എന്ന സാധ്യത കൂടിയാണ് കെ. രാധാകൃഷ്ണൻ പാർലമെന്‍റിലേക്കു പോകുന്നതോടെ അകലെയാകുന്നത്. ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള 'പ്രൊമോഷൻ' യഥാർഥത്തിൽ രാധാകൃഷ്ണനെ ഒഴിവാക്കുന്നതിനു തുല്യമാണെന്നു വിശ്വസിക്കുന്നവർ പാർട്ടിയിൽ തന്നെയുണ്ട്.

സംസ്ഥാനത്ത് വലിയ തോതിലുള്ള ജനരോഷമാണ് സിപിഎം അവഗണിച്ചത്. മുഖ്യമന്ത്രി പിണറാജി വിജയനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്കുമെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. പക്ഷേ, പ്രശ്നപരിഹാരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കു പകരം പാർട്ടി നേതൃത്വമാണെന്നത് വിചിത്രമായി തോന്നുന്നു. വിമർശനമുനയിൽ നിൽക്കുന്നയാളല്ല പരിഹാര മാർഗം തേടുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പഴി കേന്ദ്ര സർക്കാരിനു മേൽ കെട്ടിവയ്ക്കുകയും, ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയ സമയത്ത് നവകേരള സദസ് നടത്തുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തത്. സംസ്ഥാന മന്ത്രിസഭ ഒന്നാകെ പ്രത്യേക ബസിൽ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി. പൊതുജനങ്ങളിൽ നിന്നു പരാതി കേൾക്കാനെന്നായിരുന്നു ആദ്യ ഭാഷ്യമെങ്കിലും, പിന്നീടതും നിഷേധിക്കപ്പെട്ടു. മുഖ്യമന്ത്രിക്ക് പെട്ടെന്ന് കരിങ്കൊടികൾ അസഹ്യമായി; പ്രതിഷേധവുമായെത്തിവരെ പൊലീസും പാർട്ടി പ്രവർത്തകരും കായികമായി നേരിട്ടു. പ്രവർത്തകരുടെ ക്രൂരതയെ ''ജീവൻരക്ഷാ ദൗത്യം'' എന്നു പോലും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇതിനെല്ലാം പുറമേ ഒരു പാർട്ടി കേഡർ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു; ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. സിപിഎമ്മിന്‍റെ പതനം അതിന്‍റെ നേതാക്കൾ തന്നെ ആസൂത്രണം ചെയ്ത് പടിപടിയായി നടപ്പാക്കുന്നതു പോലെയായിരുന്നു ഇതെല്ലാം.

അപഹാസ്യമായ ഈ പ്രഹസനങ്ങൾക്കെല്ലാം സാക്ഷ്യം വഹിച്ച ജനം മറുപടി കൊടുക്കാൻ സമയമായെന്നു തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉരുക്കു കോട്ടകൾ പോലും നിലംപൊത്തി. പിണറായി വിജയന്‍റെ നിയമസഭാ മണ്ഡലത്തിൽ പോലും പാർട്ടിയുടെ നിതാന്തവൈരിയായ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ വൻ ഭൂരിപക്ഷം നേടി. പാർട്ടിയുടെ വോട്ട് വിഹിതം 25 ശതമാനമായി കുറഞ്ഞപ്പോൾ സഖ്യകക്ഷിളുടെ അവസ്ഥയും ഭേദമായിരുന്നില്ല.

ഓരോ പരാജയത്തിനു ശേഷവും പാർട്ടി ന്യായീകരണങ്ങൾ ചമയ്ക്കും. ഏതെങ്കിലുമൊരു നേതാവ് ഈ ന്യായീകരണവുമായി തെക്കുവടക്ക് പായും. വോട്ടർമാർ നൽകിയ വ്യക്തമായ സന്ദേശം വീണ്ടും അവഗണിക്കാനാണ് പാർട്ടിയുടെ ഭാവമെങ്കിൽ, പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടിയ കടപുഴക്കിയ രാഷ്‌ട്രീയ കൊടുങ്കാറ്റ് കേരളത്തിലും ആഞ്ഞടിക്കാൻ വലിയ താമസം വരില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com