
കണ്ണേ കരളേ വിഎസ്സേ...
നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ടാണ് വി.എസ്. അച്യുതാനന്ദൻ ജനപ്രിയനേതാവായി മാറിയത്. വിഭാഗീയതയുടെ തീയിൽ ഉരുകുന്നതിനിടെ വിഎസിനെ ഒഴിവാക്കാനുള്ള പരോക്ഷമായ നടപടികൾ പോലും ജനരോഷത്തിൽ തിരുത്തിക്കുറിക്കപ്പെട്ടു. മൂന്നാർ കൈയേറ്റങ്ങളിലും ഇടമലയാർ കേസിലും പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടിട്ടും വിഎസ് സ്വന്തം നിലപാടുകളിൽ തന്നെ ഉറച്ചു നിന്നു.
കേരളത്തിന്‍റെ ഉള്ളറിഞ്ഞായിരുന്നു വിഎസിന്‍റെ ഓരോ നീക്കങ്ങളും. 1965 മുതൽ 2016വരെയുള്ള കാലഘട്ടത്തിൽ നടന്ന 10 തെരഞ്ഞെടുപ്പുകളിൽ 7 തവണയാണ് വിഎസ് വിജയിച്ചത്. പാർട്ടി വിജയിക്കുമ്പോൾ വിഎസ് തോൽക്കും, വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്ന നിരാശാഭരിതമായ പരാമർശം പോലും കേരളത്തിൽ നിറഞ്ഞു നിന്നത് അക്കാലങ്ങളിലാണ്. രണ്ടു തരം തോൽവികളും ചേർന്ന് അധികാരത്തിലേക്കുള്ള വിഎസിന്‍റെ യാത്രകളെ തടഞ്ഞു കൊണ്ടിരുന്നു. 1996ൽ മാരാരിക്കുളത്തുണ്ടായ തോൽവിയാണ് വിഎസിന്‍റെ പ്രതിച്ഛായയെ മാറ്റി മറിച്ചതെന്ന് വേണമെങ്കിൽ പറയാം.
പ്രതിപക്ഷ നേതാവായി വിഎസ് എത്തിയപ്പോഴെല്ലാം ഭരണപക്ഷം തീയിൽ ചവിട്ടിയെന്ന പോലെ നിന്നുരുകി. ഏറ്റെടുക്കുന്ന ഓരോ വിഷയങ്ങളെയും പഠിച്ചും മനസിലാക്കിയും അവസാനം വരെ വിഎസ് പിന്തുടർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് വിഎസ് വിരൽ ചൂണ്ടിയപ്പോൾ കേരളം മുഴുവൻ അതിനൊപ്പം നിന്നു. മതികെട്ടാൻ, പ്ലാച്ചിമട സമരങ്ങളിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനകീയതയുടെ കവചത്തിന് വിഎസ് കൂടുതൽ കരുത്തേകി.
2006ലെ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി-വിഎസ് പോര് മറനീക്കി പുറത്തു വന്നു. സിപിഎം പുറത്തു വിട്ട സ്ഥാനാർഥികളുടെ കൂട്ടത്തിൽ വിഎസ് ഇല്ലെന്നറിഞ്ഞപ്പോൾ ജനരോഷം ഇരമ്പിയതും ഇതേ കാരണത്താലാണ്. കേരളമങ്ങോളമിങ്ങോളം പ്രത്യക്ഷവും പരോക്ഷവുമായി പ്രതിഷേധം ശക്തമായതോടെ വഴങ്ങുകയല്ലാതെ മറ്റൊരു വഴിയും പാർട്ടിക്കുമുണ്ടായില്ല. ഒടുവിൽ രണ്ടാമത്തെ സ്ഥാനാർഥി പട്ടികയിൽ സ്വാഭാവികമെന്നോണം വിഎസിന്‍റെ പേരുൾപ്പെടുത്തി പാർട്ടി തലയൂരി. ആ തെരഞ്ഞെടുപ്പിൽ പാർട്ടിയും വിഎസും ഒന്നിച്ചു ജയിച്ചു. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വിഎസ് അധികാരത്തിലേറി. സ്വന്തം നിലപാടുകളുമായാണ് അക്കാലത്തും വിഎസ് മുന്നേറിയിരുന്നത്. 2016ൽ പ്രായത്തിന്‍റെ അവശതകൾ തൃണവത്കരിച്ച് വിഎസ് വീണ്ടും പാർട്ടിയെ വിജയത്തിലേക്കെത്തിച്ചു. പക്ഷേ അത്തവണ പാർട്ടി കീഴടങ്ങാൻ തയാറായിരുന്നില്ല. ഭരണപരിഷ്കാര കമ്മിഷൻ എന്ന പദവിയിലേക്ക് വിഎസിനെ ഒതുക്കി പിണറായി വിജയൻ മുഖ്യമന്ത്രി പദം സ്വന്തമാക്കി. രാഷ്ട്രീയത്തിൽ നിന്ന് വിഎസ് അപ്രസക്തനാക്കപ്പെട്ടതിനു അതിനു ശേഷമായിരുന്നു. പാർട്ടി പുതിയ വിജയരേഖകളുമായി മുന്നേറിയപ്പോഴും മായ്ക്കാനാകാത്ത രക്തരേഖ പോലെ വിഎസിന്‍റെ പോരാട്ടങ്ങൾ ജ്വലിച്ചു നിന്നു.