
വി.എസ്. അച്യുതാനന്ദൻ
സ്വന്തം ലേഖകൻ
'തല നരയ്ക്കുവതല്ലെന്‍റെ വൃദ്ധത്വം
തല നരക്കാത്തതല്ലെന്‍ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം...'
വി.എസ് ചൊല്ലിയ ഈ കവിത കേൾക്കാത്തവരായി ആരുമുണ്ടാകില്ല രാഷ്ട്രീയ കേരളത്തിൽ. ഏതാണ്ട് 80 വര്‍ഷം മുന്‍പ് ടി.എസ്. തിരുമുമ്പെഴുതിയ ഈ വരികള്‍ കേരളത്തിന്‍റെ സജീവശ്രദ്ധയിലേക്ക് ഒരിടവേളയ്ക്ക് ശേഷം വന്നെത്തിയത് വി.എസിലൂടെയായിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലം, വിഎ.സാണ് അന്ന് മുഖ്യമന്ത്രി, വയസ് 87. കേരളത്തില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി വി.എസിന്‍റെ വയസിനെ ലക്ഷ്യംവെച്ചു. വീണ്ടുമൊരിക്കല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ 93കാരനായ മുഖ്യമന്ത്രിയെയാകും ലഭിക്കുക എന്നായിരുന്നു രാഹുലിന്‍റെ പ്രസംഗം.
പിന്നാലെ പാലക്കാട് ഒരു ചെറു പരിപാടിയിലായിരുന്നു, ഈ കവിത പാടി വി.എസ് ഇതിനു മറുപടി നല്‍കിയത്. ജന്മിത്വ വിരുദ്ധപോരാട്ടത്തിലും സ്വാതന്ത്ര്യസമരത്തിലും പതിനേഴാം വയസില്‍ തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തനമാണ് തന്‍റേതെന്ന് വിഎസ് ഓര്‍മ്മിപ്പിച്ചു. രാഹുലിനെതിരെ വി.എസിന്‍റെ പ്രശസ്തമായ 'അമൂല്‍ ബേബി' പരാമര്‍ശവും അന്നായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഎസ് ഈ പരാമര്‍ശം ആവര്‍ത്തിച്ചു.
നിരന്തര പോരാട്ട വീഥിയിൽ നിൽക്കുന്ന വി.എസ് എങ്ങനെ ഈശ്വരവിശ്വാസി അല്ലാതായതെന്നു പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വി.എസ് അവിശ്വാസിയായി മാറിയത്. അക്കഥയിങ്ങനെ:
വി.എസിന്‍റെ അമ്മയ്ക്ക് രണ്ട് മക്കൾ. ഇളയ മകന് നാലു വയസ്. വസൂരി വന്ന് മരിക്കാറായി കിടക്കുകയാണ് അമ്മ. അവർക്ക് അവസാനമായി തന്‍റെ മക്കളെ കാണണം. അതനുസരിച്ച് മക്കളെ തോട്ടിൻകരയിലെത്തിച്ചു. അകലെയുള്ള ഓലക്കൂരയിലെ ഓലക്കീറിന്‍റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. എന്താണ് കാര്യമെന്നറിയില്ലെങ്കിലും മക്കൾ കരയുകയാണ്. ഓമനിച്ചു മതിവരാത്ത ആ അമ്മ മക്കളെ കൈകാട്ടി വിളിക്കുന്നത് നാലു വയസുകാരൻ കണ്ടു. അങ്ങോട്ടു കുതിക്കാനുള്ള അവന്‍റെ ആഗ്രഹം മറ്റുള്ളവരുടെ പിടിയിൽ അമർന്നു. "അന്ന് വസൂരി പേടിപ്പെടുത്തുന്ന രോഗമാണ്. അത് വന്നാൽ, പിന്നെ മരണത്തിന് കീഴടങ്ങുകയേ വഴിയുള്ളൂ. അതുകൊണ്ട് രോഗിയെ ഒറ്റയ്ക്ക് മാറ്റിപ്പാർപ്പിക്കും. അങ്ങനെ മാറ്റിപ്പാർപ്പിച്ച അമ്മയ്ക്ക് മക്കളെ കാണണമെന്നു പറഞ്ഞപ്പോൾ ഞങ്ങളെ തോട്ടിൻകരയിൽ കൊണ്ടുനിർത്തിയതൊക്കെ ഓർമയുണ്ട്.
ചെറ്റക്കീറിന്‍റെ വിടവിലൂടെ അമ്മ എന്നെ കൈയാട്ടി വിളിച്ചിരുന്നു എന്നു തോന്നുന്നു. അന്ന് അമ്മ മരിച്ചു. ആ നാലു വയസുകാരനോടുള്ള വിധിയുടെ ക്രൂരത അവിടെ അവസാനിച്ചില്ല. അമ്മ അക്കമ്മയുടെ മരണശേഷം ആ നാലു വയസുകാരന് അച്ഛനും അമ്മയും ഒക്കെ അച്ഛൻ ശങ്കരനായിരുന്നു. 11 വയസായതോടെ അച്ഛനും കടുത്ത രോഗത്തിന്‍റെ പിടിയിലായി. അധികം കഴിയും മുമ്പ് അച്ഛനും അമ്മയുടെ ലോകത്തേയ്ക്ക് പോയി. അച്ഛന്‍റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാൻ പതിവായി പ്രാർഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാർഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്ന് വാങ്ങിച്ചിരുന്നതും ഞാനായിരുന്നു. പക്ഷെ, എന്തുകാര്യം? അച്ഛൻ മരിച്ചു. അതോടെ എന്‍റെ ഈശ്വരവിശ്വാസം നഷ്ടപ്പെട്ടു. പിന്നെ, ഞാൻ പ്രാർഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചുമില്ല. പിന്നീട് വലുതായി ശാസ്ത്രീയ പുസ്തകങ്ങൾ വായിച്ചപ്പോഴാണ് പ്രാർഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്...''
ഉച്ചനീചത്വവും ജാതിവെറിയും നടമാടിയിരുന്നതായിരുന്നു അന്നത്തെ കേരളം. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വി.എസ് വീട്ടിലെത്തിയത്. അതുകണ്ട് അച്ഛന്‍റെ ഉള്ള് തേങ്ങി. അമ്മയുടെ വാത്സല്യം അനുഭവിക്കാൻ യോഗമില്ലാതെ പോയ ഇളയ മകനാണ്. സ്കൂളിൽ ജാതി പറഞ്ഞ് കളിയാക്കിയ സവർണനെ കുഞ്ഞ് അച്യുതാനന്ദൻ നേരിട്ടു. അയാൾ കൂട്ടുകാരോടൊത്തു വന്നപ്പോൾ കീഴടങ്ങാതെ മാർഗമില്ലായിരുന്നു. അച്ഛൻ അതിന് പരിഹാരമുണ്ടാക്കി. വലിയൊരു സ്വർണ അരഞ്ഞാണം പണിതു നൽകി. അത് ചങ്ങല പോലെയുള്ളതായിരുന്നു. ആരെങ്കിലും ആക്രമിക്കാൻ വരുമ്പോൾ എങ്ങനെ പ്രയോഗിക്കണമെന്ന് പഠിപ്പിച്ചു. പിറ്റേന്നും ക്ലാസിൽ വച്ച് തലേദിവസത്തെ അതേ സവർണ ബാലൻ പരിഹസിച്ചപ്പോൾ വി.എസ് വിട്ടുകൊടുത്തില്ല. അയാൾ വീണ്ടും കൂട്ടുകാരുമായെത്തി. അരയിൽ നിന്ന് സ്വർണച്ചങ്ങല ഊരിവീശി അവരെ വീഴ്ത്തി. അന്ന് ആരംഭിച്ച ആ പോരാട്ടം കീഴടക്കാനെത്തിയ രോഗത്തിനോടു പോലും പൊരുതി മുന്നേറിയതാണ് ഈ വിപ്ലവകാരി.
വി.എസിനെ മർദിച്ച പൊലീസുദ്യോഗസ്ഥരിൽ ഒരാളിന് പിന്നീട് അദ്ദേഹത്തെ ആശ്രയിക്കേണ്ടി വന്നുവെന്നത് കാലത്തിന്‍റെ മറ്റൊരു തമാശ. തന്നെ ഇടിച്ചുപിഴിഞ്ഞ കൃഷ്ണൻ നായർ എന്ന പൊലീസ് എസ്ഐയാണ് ജാള്യതയോടെയാണെങ്കിലും വി.എസിനെ തേടിയെത്തിയത്. അപ്പോഴേയ്ക്കും കേരളം പിറന്നു കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ അധികാരമേറ്റ കാലം. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് വി.എസ്. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സി.എസ്. ഗോപാലപിള്ളയുടെ കത്തുമായാണ് കൃഷ്ണൻ നായരുടെ വരവ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എസ് ശുപാർശ ചെയ്യണം എന്നതായിരുന്നു ആവശ്യം. അർഹത ഉണ്ടെങ്കിൽ കിട്ടും എന്നായിരുന്നു വി.എസിന്‍റെ മറുപടി.