സൈബർ സുരക്ഷാ ആഗോള സംഗമം: കൊച്ചി വേദിയാകും

എട്ടു ദിവസത്തെ "കൊക്കോൺ- 26' സമ്മേളനം ഒക്റ്റോബർ 6 മുതൽ
Cyber ​​Security
Global Summit:
Kochi to be the venue

സൈബർ സുരക്ഷാ ആഗോള സംഗമം: കൊച്ചി വേദിയാകും

Updated on

കൊച്ചി: രാജ്യത്തു ദീർഘകാലമായി തുടരുന്ന സൈബർ സെക്യൂരിറ്റി ആൻഡ് ഹാക്കിങ് കോൺഫറൻസുകളിലൊന്നായ കൊക്കോണിന്‍റെ 19ാം പതിപ്പിന് കൊച്ചി വേദിയാകും. ഒക്റ്റോബർ 6 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിലാണ് സമ്മേളനം. ഇന്ത്യയിലും വിദേശത്തുമുള്ള സൈബർ സുരക്ഷാ വിദഗ്ധർ, സർക്കാർ- നിയമപാലന ഏജൻസികൾ, വ്യവസായ പ്രമുഖർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ, അക്കാദമിക് സമൂഹം, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. 200ലേറെ പ്രഭാഷകർ, 3,000ലേറെ പങ്കാളികൾ, 20ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 25,000 ചതുരശ്ര അടി വിസ്തൃതിയുള്ള എക്സിബിഷൻ ഏരിയ, 20ലേറെ സാങ്കേതിക പരിശീലന പരിപാടികൾ എന്നിവ കോക്കോൺ- 26ന്‍റെ ഭാഗമാകും.

ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ തുടങ്ങി, ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിയിറ്റേഷൻ ആൻഡ് അബ്യൂസ് വരെയുള്ള വിഷയങ്ങളിൽ ചര്‍ച്ചകൾ നടക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ, യുഎഇ സൈബർ സെക്യൂരിറ്റി മേധാവി എച്ച്.ഇ. ഡോ. മൊഹമ്മദ് അൽ കുവൈത്തി, സിഇആര്‍ടി- ഇൻ ഡയറക്റ്റർ ജനറൽ ഡോ. സഞ്ജയ് ബാൽ, ഒമാൻ നാഷണൽ സിഇആര്‍ടി ഡയറക്റ്റർ ജനറൽ എൻജി. ബദർ അൽ സലേഹി, ഇന്‍റർപോൾ ഓഫീസർ ബോൺ റിച്ചാർഡ് വാട്നെ തുടങ്ങിയ പ്രമുഖർ സംസാരിക്കും.

മൂന്നു ഘട്ടങ്ങളിലായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഒക്റ്റോബർ 6 - 8: പ്രീ-കോൺഫറൻസ് സാങ്കേതിക പരിശീലനങ്ങൾ. ഒക്റ്റോബർ 9 - 10 വരെയാണ് പ്രധാന കോൺഫറൻസ്. ഒക്റ്റോബർ 11 - 13: പോസ്റ്റ്- കോൺഫറൻസ് സാങ്കേതിക പരിശീലനങ്ങൾ. കീനോട്ട് സെഷനുകൾ, ടെക്നിക്കൽ ടാക്കുകൾ, മാസ്റ്റർ ക്ലാസുകൾ, റൗണ്ട് ടേബിളുകൾ സൈബർ സെക്യൂരിറ്റി വില്ലേജുകൾ, ലൈവ് ബഗ് ബൗണ്ടി പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകും.

കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ലൈംഗിക ചൂഷണവും ദുരുപയോഗവും നേരിടാൻ ട്രാക്ക് പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസിന്‍റെ "ഓപ്പറേഷൻ തൂഫാൻ' മയക്കുമരുന്നു വിരുദ്ധ സംരംഭത്തിന്‍റെ പശ്ചാത്തലത്തിൽ, ഡാർക്ക് വെബ്, ടോര്‍ നെറ്റ്‌വർക്ക്, ക്രിപ്‌റ്റോകറൻസി ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ വിശകലനം ചെയ്യാൻ പോസ്റ്റ് കോൺഫറൻസ് പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com