വഖഫ് ഇനി ക്ഷേമം നൽകും

2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണക്കാക്കിയത് വഖഫിന് അതിന്‍റെ സ്വത്തുക്കളില്‍ നിന്ന് പ്രതിവര്‍ഷം 12,000 കോടി രൂപ വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ്
Waqf will now provide welfare

വഖഫ് ഇനി ക്ഷേമം നൽകും

Updated on

ഇന്ത്യയുടെ മതാത്മക, സാമൂഹിക, സാമ്പത്തിക ഭൂമികയുടെ വൈവിധ്യപൂര്‍ണമായ സാമൂഹ്യ ഘടനയില്‍, സുപ്രധാനവും എന്നാല്‍ യഥാവിധി ഉപയോഗിക്കപ്പെടാത്തതുമായ സ്ഥാപനങ്ങളില്‍ ഒന്നാണ് വഖഫ്. ഇസ്‌ലാമിക ആത്മീയ പാരമ്പര്യത്തില്‍ അന്തര്‍ലീനമായ ഈ നിയമാനുസൃത സ്ഥാപനത്തിന് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്‍റെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ പരിവര്‍ത്തനം ചെയ്യാനുള്ള ശേഷിയുണ്ട്. എന്നാല്‍, പ്രൗഢമായ പൈതൃകവും ഗണ്യമായ ഭൂസ്വത്തുക്കളും കൈവശമുണ്ടായിരുന്നിട്ടും, കാര്യക്ഷമതയില്ലായ്മ, കെടുകാര്യസ്ഥത, സുതാര്യതയുടെ അഭാവം എന്നിവ വഖഫിന്‍റെ യഥാർഥ ലക്ഷ്യങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയാണ്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹികസാമ്പത്തിക ഉന്നമനം തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോഴും പരിമിതികള്‍ നേരിടുന്ന ഒരു സമൂഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമസ്ഥ സ്ഥാപനമായ വഖഫ് പരാജയപ്പെട്ടുവെന്നത് വിരോധാഭാസമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിതമായ വഖഫിന്‍റെ ലക്ഷ്യം തന്നെ, സ്കൂളുകള്‍, ആശുപത്രികള്‍, ലൈബ്രറികള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതു വസ്തുവകകളുടെ സൃഷ്ടിയിലൂടെയും പരിപാലനത്തിലൂടെയും മുസ്‌ലിം സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പിക്കുക എന്നതായിരുന്നു. ഇത്രയും വിപുലമായ വിഭവ അടിത്തറയുണ്ടായിട്ടും ഇവയൊന്നും അനേകം പതിറ്റാണ്ടുകളായി സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നേയില്ല എന്നത് ഗുരുതര ആശങ്കയ്ക്ക് വക നല്‍കുന്നതാണ്.

നിര്‍ദിഷ്ട യുഎംഇഇഡി (യൂണിഫൈഡ് വഖഫ് മാനെജ്മെന്‍റ് എംപവർമെന്‍റ്, എഫിഷ്യൻസി & ഡെവലപ്മെന്‍റ്) വഖഫ് ബില്‍ ഭേദഗതി വഖഫുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി വെല്ലുവിളികള്‍ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നു. വഖഫുമായി ബന്ധപ്പെട്ട ഘടകങ്ങളായ മുത്തവല്ലികള്‍ (സംരക്ഷകര്‍), വിശ്വാസ്യത നഷ്ടമായ ബോര്‍ഡ് അംഗങ്ങള്‍, വഖഫ് ആസ്തികളുടെ മൂല്യം വർധിക്കുന്നതിന് തടയിടുന്ന കാര്യക്ഷമതയില്ലായ്മ എന്നിവ സംബന്ധിച്ച് സമൂഹത്തിനുള്ളില്‍ വ്യാപകമായ അഭിപ്രായ സമന്വയം ഉണ്ടെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയായതിനാല്‍ ഈ പരിഷ്കാരങ്ങള്‍ നിർണായകമാണ്.

ഇന്ത്യയിലെ മുസ്‌ലിം സമൂഹം നേരിടുന്ന വിപുലമായ വെല്ലുവിളികളുടെ നേര്‍ക്കാഴ്ചയാണ് വഖഫിന്‍റെ നിലവിലെ അവസ്ഥ. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലനില്‍ക്കുന്ന ഉത്തരവാദിത്തരാഹിത്യവും സുതാര്യതക്കുറവും കാര്യക്ഷമതയില്ലായ്മയും അഴിമതി നിര്‍ബാധം തുടരാന്‍ കാരണമായി.

വഖഫ് ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ കാലഹരണപ്പെട്ട വാടക ഘടനയാണ് നിലവിലെ വഖഫ് സമ്പ്രദായത്തിലെ ഏറ്റവും പ്രകടമായ പ്രശ്നങ്ങളിലൊന്ന്. ഈ സ്വത്തുക്കളില്‍ പലതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, 1950കളില്‍, നിശ്ചയിച്ച നിരക്കിലാണ് വാടക ഈടാക്കുന്നത്. സമകാലിക വിപണി മൂല്യത്തില്‍ ഈ വാടകനിരക്ക് കുറവാണെന്ന് മാത്രമല്ല, കുടിശികയുള്ള തുച്ഛമായ തുകകള്‍ പോലും പലപ്പോഴും പിരിച്ചെടുക്കാറില്ല. വഖഫ് സ്വത്തുക്കളുടെ നിയമവിരുദ്ധ വില്‍പ്പനയും ധൂര്‍ത്തും സംബന്ധിച്ച ആരോപണങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. സാമൂഹിക ക്ഷേമത്തിനായി ഉപയോഗിക്കാവുന്ന ഗണ്യമായ വരുമാനത്തെ ഇത് ഇല്ലാതാക്കി. സംഗനേരി ഗേറ്റില്‍ നിന്ന് സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് പോകുന്ന ജയ്പുര്‍ നഗരത്തിലെ ഏറ്റവും പ്രാധാന്യമേറിയതും പ്രശസ്തവുമായ ഷോപ്പിങ് സ്ട്രീറ്റ് എംഐ റോഡ് എന്നാണറിയപ്പെടുന്നത്. എംഐ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു മികച്ച ഉദാഹരണമാണ്. മിര്‍സ ഇസ്മായില്‍ റോഡിനെയാണ് എംഐ എന്ന് വിശേഷിപ്പിക്കുന്നത് എന്നതു പോലും പലര്‍ക്കും അറിയില്ല. ജയ്പുരിലെ എംഐ റോഡില്‍ സ്ഥിതി ചെയ്യുന്ന ചില സ്വത്തുക്കള്‍ സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി വഖഫ് ബോര്‍ഡിന് സംഭാവന ചെയ്തിട്ടുണ്ട്. ബോര്‍ഡിന് ഈ സ്വത്തുക്കള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയും. പക്ഷേ അവ വില്‍ക്കാന്‍ കഴിയില്ല. പ്രതിമാസം 300 രൂപ വാടക ലഭിക്കുന്ന എംഐ റോഡിലെ 100 ചതുരശ്രയടി മുതല്‍ 400 ചതുരശ്രയടി വരെയുള്ള നിരവധി വാണിജ്യ കെട്ടിടങ്ങള്‍ക്ക്, നയങ്ങള്‍ പുതുക്കുന്നതോടെ പ്രതിമാസം 25,000 രൂപ വാടകയായി ലഭിക്കും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ സംസ്ഥാനങ്ങളിലും, ഇന്ത്യയിലുടനീളവും കെടുകാര്യസ്ഥയുടെ അത്തരം ആയിരക്കണക്കിന് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും.

2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കണക്കാക്കിയത് വഖഫിന് അതിന്‍റെ സ്വത്തുക്കളില്‍ നിന്ന് പ്രതിവര്‍ഷം 12,000 കോടി രൂപ വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ്. ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്‍റെ സർവെകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത് വഖഫ് സ്വത്തുക്കളുടെ യഥാർഥ എണ്ണം 8.72 ലക്ഷം കവിയുമെന്നാണ്. പണപ്പെരുപ്പവും പുതുക്കിയ കണക്കുകളും നോക്കിയാൽ ഇന്ന് പ്രതിവര്‍ഷം 20,000 കോടി രൂപ വരെ വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്നർഥം. എന്നാല്‍, യഥാർഥ വരുമാനമാകട്ടെ 200 കോടി രൂപ മാത്രമാണ്. കാര്യക്ഷമമായി കൈകാര്യം ചെയ്താല്‍, ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് മാത്രമല്ല, സമൂഹത്തിനാകെ സേവനം നല്‍കാന്‍ ശേഷിയുള്ള ലോകോത്തര സ്ഥാപനങ്ങളായ സ്കൂളുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം പ്രയോജനപ്പെടുത്താം.

സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ക്രിയാത്മകമായ നിർദേശങ്ങള്‍ക്ക് ശേഷമുള്ള അന്തിമ വഖഫ് ഭേദഗതി ബില്‍, മുസ്‌ലിം സമൂഹത്തെ സമഗ്ര നവീകരണത്തിലേക്ക് നയിക്കുന്നതിനും വഖഫ് വികസനത്തിന്‍റെ ധാർമിക ഉന്നതി ലക്ഷ്യമിട്ടുള്ള ദീര്‍ഘദര്‍ശിയായ പ്രതിബദ്ധതയ്ക്കും വഴിയൊരുക്കും. വഖഫ് ബോര്‍ഡുകളുടെയും സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിന്‍റെയും (സിഡബ്ല്യുസി) ഭരണനിര്‍വഹണവും നടത്തിപ്പും പുനഃക്രമീകരിച്ചുകൊണ്ട്, സമൂഹത്തിന് മികച്ച സേവനം നല്‍കാന്‍ കഴിയുന്ന കൂടുതല്‍ ഉത്തരവാദിത്തപൂര്‍ണവും സുതാര്യവുമായ ഒരു സംവിധാനം സൃഷ്ടിക്കാന്‍ ബില്‍ ശ്രമിക്കുന്നു.

എന്നാല്‍ ഭരണനിര്‍വഹണത്തില്‍ മാത്രം പരിഷ്കാരങ്ങള്‍ ഒതുങ്ങിപ്പോകരുതെന്ന ഒരഭിപ്രായം കൂടിയുണ്ട്. വരുമാന സ്രോതസ് സൃഷ്ടിക്കുകയെന്ന നിർണായക പ്രശ്നവും വഖഫ് ബോര്‍ഡിന്‍റെ വിശ്വസനീയമായ ഭരണസംവിധാനം പരിഹരിക്കണം. വഖഫ് സ്വത്തുക്കളുടെ വാടക ഘടന നിലവിലെ വിപണി നിരക്കുകള്‍ പ്രതിഫലിപ്പിക്കും വിധം പരിഷ്ക‌രിക്കേണ്ടത് വഖഫിന്‍റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണ്. കൂടാതെ, വഖഫ് സ്ഥാപനത്തിന്‍റെ യഥാർഥ കല്‍പ്പനയ്ക്ക് അനുസൃതമായി, ഈ സ്വത്തുക്കളില്‍ നിന്ന് ലഭിക്കുന്ന ലാഭം മുസ്‌ലിം സമൂഹത്തിനുള്ള ക്ഷേമ പദ്ധതികളില്‍ പുനര്‍ നിക്ഷേപിക്കണം.

അവസാനമായി, ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന നിലയില്‍, വഖഫ് പരാജയപ്പെടാന്‍ പാടില്ലാത്ത വിധം പ്രാധാന്യമുള്ള ഒരു സ്ഥാപനമാണെന്ന് നാം തിരിച്ചറിയണം.

പരിഷ്കരണത്തിനുള്ള സമയമാണിത്. മുസ്‌ലിം സമൂഹത്തിനും നമ്മുടെ രാജ്യത്തിനും പൊതുനന്മ പ്രദാനം ചെയ്യുന്ന ഒരു സംവിധാനം എന്ന നിലയില്‍ വഖഫ് അതിന്‍റെ കടമകള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. അതീവ ശ്രദ്ധയോടെ നമുക്ക് വീണ്ടും സമൂഹത്തിന്‍റെ വികാസത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. വഖഫ് സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കും പ്രതീക്ഷയുടെയും അവസരങ്ങളുടെയും സമൃദ്ധിയുടെയും പ്രകാശകിരണങ്ങളായി മാറുന്ന നല്ല നാളേക്കായി പ്രവര്‍ത്തിക്കാം.

ത​യാ​റാ​ക്കി​യ​ത്

ഹാ​ജി സ​യ്യി​ദ് സ​ല്‍മാ​ന്‍ ചി​ഷ്തി

ഗ​ദ്ദി ന​ശീ​ന്‍ അ​ജ്മീ​ര്‍ ദ​ര്‍ഗാ ഷെ​രീ​ഫ്

ചി​ഷ്തി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com