
#അഡ്വ. ജി. സുഗുണന്
രാജ്യത്ത് പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്കു പുറമേ, സാമ്പത്തിക- സാമൂഹിക- വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന വലിയ വിഭാഗം ദുര്‍ബല ജനതയുണ്ട്. "മറ്റു പിന്നാക്ക വിഭാഗങ്ങള്‍' എന്ന് അറിയപ്പെടുന്ന ഇവർ ജാതിശ്രേണിയില്‍ പട്ടിജ ജാതി - പട്ടിക വര്ഗങ്ങളെക്കാള് ഉയര്‍ന്നവരാണ്, ഉന്നത ജാതിക്കാര്‍ക്കു താഴെയുമാണ്. ന്യൂനപക്ഷങ്ങളിലും നല്ലൊരു ശതമാനം പിന്നാക്കവര്ഗമാണ്. ഓരോ സംസ്ഥാനവും സ്വന്തം രീതിയിലാണ് ഈ വിഭാഗക്കാരെ തിരിച്ചറിയുന്നത്.
ഭരണഘടനയുടെ 340ാം വകുപ്പ് പിന്നാക്ക വര്‍ഗക്കാരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഒരു കമ്മിഷനെ നിയമിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാക്കാ സാഹേബ് കാലേല്കറുടെ നേതൃത്വത്തില്‍ ഒരു കമ്മിഷനെ 1953ല്‍ രാഷ്ട്രപതി നിയമിച്ചു. രണ്ടുവര്‍ഷത്തിനകം ജോലി പൂര്‍ത്തിയാക്കിയ കമ്മിഷന് 2,700 സമുദായങ്ങളെ ഉള്‍പ്പെടുത്തി മറ്റു പിന്നാക്ക വര്‍ഗങ്ങളുടെ വിശദമായ പട്ടിക തയാറാക്കി. ജാതിയാണ് കമ്മിഷന് പ്രധാന മാനദണ്ഡമായി സ്വീകരിച്ചത്. ആ സമൂഹങ്ങളിലെ വലിയൊരു വിഭാഗം അജ്ഞരും നിരക്ഷരരുമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മിഷന്, അവരുടെ വികസനത്തിനായി സാമുദായിക സംവരണം അടക്കമുള്ള പല നിദേശങ്ങളും മുന്നാട്ടുവച്ചു. നിര്‍ഭാഗ്യവശാല്‍ ആ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അന്നുണ്ടായിരുന്നു കേന്ദ്ര സർക്കാർ നിരാകരിച്ചു.
പിന്നാക്കജാതി സംവരണം രാജ്യത്ത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ ഏതൊക്കെയാണെന്നും, അതിന്റെ ആധികാരികമായ കണക്കുകൾ സംബന്ധിച്ചും അവ്യക്ത ചിത്രമാണുള്ളത്. മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാ സാഹിനി കേസ് വിധിയില്‍ പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും കോളെജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്.
ഭൂരിപക്ഷമായ ഹിന്ദുമതത്തിലെ തന്നെ 75 ശതമാനത്തോളം പേര് പിന്നാക്ക വിഭാഗത്തിലാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരെയും കൂട്ടിയാല്‍ ഇത് ഏതാണ്ട് 85 ശതമാനം വരുമത്രെ. ഈ വിഭാഗത്തിന്റെ മൗലികാവകാശമാണ് ജാതി സെന്‍സസിന്റെ അഭാവം മൂലം നിഷേധിക്കപ്പെടുന്നത്.
ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്. എന്നാല്‍ ഒരു കണക്കിന്റെയും പിന്‍ബലമില്ലാതെയാണ് പിന്നാക്ക സംവരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ ജാതികളുടെ സാമൂഹിക- സാമ്പത്തിക- തൊഴില്‍- വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെ, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതു നിലയ്ക്കാണ്... ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാൻ ജാതി സെന്‍സസിന് സാധിക്കും.
പിന്നാക്ക സംവരണം തുടങ്ങിവച്ച മണ്ഡല് കമ്മിഷന് രൂപീകരണത്തിനും അതിന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ കാര്യമായ പങ്കു വഹിച്ചവരാണ് ബിഹാര്‍ ജനത. ഇപ്പോഴും ജാതി സെന്‍സസ് ബിഹാറിലാണ് തുടങ്ങിവച്ചിരിക്കുന്നത്. ആ സെന്‍സസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും ഒബിസി, ഇബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 13.07 കോടിയാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതില്‍ ഇബിസി (അതി പിന്നാക്ക വിഭാഗം) 36%. ഒബിസി (മറ്റു പിന്നാക്ക വിഭാഗം) 27.13%. ഒബിസിയിലെ ഏറ്റവും പ്രബല ഗ്രൂപ്പ് മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെടുന്ന യാദവ വിഭാഗമാണ്- 14.27%.
പട്ടികജാതി- 19.65%, പട്ടികവര്‍ഗം- 1.68%. മണ്ഡല് പ്രക്ഷോഭമുണ്ടാകുന്ന 1990കൾ വരെ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന സവര്‍ണ വിഭാഗം (മുന്നാക്ക ജാതിക്കാര്‍) 15.52% മാത്രം. ഇതില്‍ ഭൂമിഹാര്‍- 2.86, ബ്രാഹ്മണര്‍ 3.66, മുശാഖര് 3 ശതമാനം. ആകെ ജനസംഖ്യയുടെ 81.9% ഹിന്ദുക്കളാണ്. മുസ്ലിങ്ങള്‍ 17.07%, ക്രൈസ്തവര്‍ 0.576%, സിഖ് വംശജര്‍ 0.0113%, ബുദ്ധമതം 0.0851%, ജൈനര്‍ 0.0096%.
രാജ്യമൊട്ടാകെ ജാതി സെന്‍സസ് നടത്തണമെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന വികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ജാതി സെന്‍സസ് സഹായിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തുടനീളം ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷ കൂട്ടായ്മയായ "ഇന്ത്യ' മുന്നണി ആവശ്യപ്പെട്ടു.
എന്നാല്‍ ജാതി അടിസ്ഥാനത്തിലുള്ള വിഭജനം സൃഷ്ടിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. രാജ്യത്തെ പാവപ്പെട്ടവരാണ് ഏറ്റവും വലിയ ജാതിയെന്നും മോദി പറഞ്ഞു. സംവരണത്തിനു സാമ്പത്തിക മാനദണ്ഡമല്ല, സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡമാണ് നോക്കേണ്ടതെന്ന പരമോന്നത കോടതിയുടെ വിധിയെ മാനിക്കാന്‍ പ്രധാനമന്ത്രി തയാറല്ല എന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്.
ജാതി സെന്‍സസ് ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിഗമനം. 2019ല്‍ മോദി സര്‍ക്കാര്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയിരുന്നു. ബിഹാറിലെ സെന്‍സസ് പ്രകാരം സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ വരുന്ന മുന്നാക്ക വിഭാഗക്കാര്‍ 15.5% മാത്രമാണ്. ഒബിസി സംവരണത്തിന്റെ പരിധിയില്‍ വരുന്നവരാകട്ടെ 63%.
ബിജെപിക്ക് 2014, 2019 തെരഞ്ഞെടുപ്പുകളില്‍ വിജയം സമ്മാനിച്ചവരില്‍ വലിയ പങ്ക് വഹിച്ചവരാണ് ഒബിസി വിഭാഗങ്ങള്‍. അന്നു നഷ്ടപ്പെട്ട ഒബിസി വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും. വനിതാ സംവരണത്തില്‍ പ്രത്യേക ഒബിസി ക്വാട്ട വേണമെന്ന ആവശ്യം കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിന്റെ ചർച്ചയ്ക്കിടെ ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിലെ 90 സെക്രട്ടറിമാരില്‍ 3 പേര് മാത്രമാണ് ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. ഇതിനെയൊക്കെ നേരിടാന്‍ ബിജെപി എന്തു മറുപടിയാകും നല്‍കുക എന്നാണ് ഏവരും കാത്തിരിക്കുന്നത്. നേരത്തേ കര്‍ണാടകയും രാജസ്ഥാനും ജാതി സെന്‍സസ് നടത്തിയിരുന്നെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ആ റിപ്പോട്ടുകളും പ്രസിദ്ധീകരിച്ചേക്കും.
ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ദേശീയ രാഷ്ട്രീയത്തില്‍ വമ്പിച്ച ചലനങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അത് അവഗണിക്കാന്‍ ഇനി കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ടാകും. രാജ്യമൊട്ടാകെ ജാതി സെന്‍സസ് എടുത്താൽ പിന്നാക്ക സംവരണം അടക്കമുള്ള പല ആനുകൂല്യങ്ങളും ഗണ്യമായി വർധിപ്പിക്കേണ്ടി വരും. പിന്നാക്ക വിഭാഗത്തിന്റെ അവകാശാധികാരങ്ങൾ കവര്‍ന്നെടുത്തു മുന്നോട്ടു പോകുന്ന മുന്നാക്കക്കാരായ ഭരണവർഗത്തിന് അതെല്ലാം നഷ്ടപ്പെട്ടേക്കാമെന്ന സാഹചര്യവുമുണ്ട്. അതുകൊണ്ടു തന്നെ, ഭരണകൂടത്തെ കൈക്കുമ്പിളിൽ ഒതുക്കിയിരിക്കുന്ന ഈ വിഭാഗത്തിന്റെ സംരക്ഷകരായ ഭരണാധികാരികള്‍ ഇപ്പോഴുള്ള അധികാരാവകാശങ്ങള്‍ നഷ്ടപ്പെടുത്താന്‍ എളുപ്പം തയാറാകുമെന്നും തോന്നുന്നില്ല.
എന്തായാലും, എല്ലാ എതിര്‍പ്പുകളെയും നേരിട്ടുകൊണ്ട് ജാതി സര്‍വെ നടത്താനും, അതിന്റെ റിപ്പോര്‍ട്ട് ധീരമായി പുറത്തുവിടാനും തയാറായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എന്തുകൊണ്ടും അഭിമാനിക്കാം.
(ലേഖകന്റെ ഫോണ്‍: 9847132428)