വയനാട്ടിലുണ്ടായത് രണ്ടല്ല, ഒരൊറ്റ ഉരുൾപൊട്ടൽ: ജിയോളജിസ്റ്റ്

വയനാട് ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാകണം, വികസന പദ്ധതിതകളെക്കുറിച്ച് പുനർചിന്തനം വേണമെന്നും ഭൗമശാസ്ത്രജ്ഞൻ സി.പി. രാജേന്ദ്രൻ
CP Rajendran
സി.പി. രാജേന്ദ്രൻ
Updated on

അജയൻ

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരൽമല, വെള്ളരിമല മേഖലകളിൽ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന് പ്രമുഖ ഭൗമ ശാസ്ത്രജ്ഞൻ സി.പി. രാജേന്ദ്രൻ. ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽനിന്നുള്ള രാജേന്ദ്രൻ, മേഖലയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് മെട്രൊ വാർത്തയുമായി സംസാരിക്കുന്നത്. യുഎസ്എയിലെ കണക്റ്റികട്ട് ആസ്ഥാനമായ കൺസോർഷ്യം ഫോർ സസ്റ്റെയ്നബിൾ ഡെവലപ്മെന്‍റിന്‍റെ ഡയറക്റ്റർ കൂടിയാണ് അദ്ദേഹം.

ജൂൺ 30ന് പുലർച്ചെ രണ്ട് ഉരുൾപൊട്ടലുകൾ ഉണ്ടായതായാണ് പലരും വ്യാഖ്യാനിച്ചിട്ടുള്ളത്. എന്നാൽ, സി.പി. രാജേന്ദ്രൻ പറയുന്നത്, പുലർച്ചെ ഒരു മണിക്കുണ്ടായ ഒരൊറ്റ നിശബ്ദ ഉരുൾപൊട്ടലാണ് ദുരന്തത്തിനു കാരണമായതെന്നാണ്. ആ സമയത്തുണ്ടായ പെരുവെള്ളപ്പാച്ചിലിൽ കല്ലും മണ്ണുമെല്ലാം ചേർന്ന് ഒരു പ്രകൃതിദത്ത അണക്കെട്ട് പോലെ ഒഴുക്ക് തത്കാലത്തേക്കു തടുത്തു നിർത്തിയതുകൊണ്ടാണ് പെട്ടെന്ന് അധികം ആഘാതം അനുഭവപ്പെടാതിരുന്നത്. എന്നാൽ, ചെളിയും വെള്ളവും ഇതിൽ വന്നു നിറഞ്ഞതിന്‍റെ സമ്മർദം മിനിറ്റ് വച്ച് കൂടിക്കൊണ്ടിരുന്നു. ഒടുവിൽ പ്രകൃതിയുടെ തടയണയ്ക്കു താങ്ങാനാവാത്ത തലത്തിലെത്തിയതോടെ പുലർച്ചെ 4-5 മണിയോടെ ഇതു കൂടി പൊട്ടി താഴേക്ക് കുത്തിയൊഴുകുകയാണ് ചെയ്തത്. ഇതിനെയാണ് പലരും രണ്ടാമത്തെ ഉരുൾപൊട്ടലായി വ്യാഖ്യാനിച്ചത്. എന്നാൽ, നേരത്തെ ഒരു മണിക്കുണ്ടായ ഉരുൾപൊട്ടലിൽ ശേഖരിക്കപ്പെട്ട മണ്ണും ചെളിയും പാറയും വെള്ളവും തന്നെയായിരുന്നു ഇതെന്നാണ് സി.പി. രാജേന്ദ്രന്‍റെ നിരീക്ഷണം. ഇത് പൊട്ടിയപ്പോൾ ഉണ്ടായ ഊർജം അനിയന്ത്രിതമായിരുന്നു. പോയ വഴിയെല്ലാം തുടച്ചുനീക്കപ്പെട്ടു. പ്രകൃതിയുടെ അപരിമേയമായ കരുത്തിന്‍റെ ഉദാഹരണമാണ് അവിടെ കണ്ടതെന്നും രാജേന്ദ്രൻ.

2019 ഓഗസ്റ്റിൽ ഉണ്ടായ പുത്തുമല ദുരന്തത്തിന്‍റെ ശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ടെന്ന് വിശദ പരിശോധനയിൽ മനസിലാക്കാം. മേഖലയുടെ പരിസ്ഥിതി ലോല സ്വഭാവത്തിന് നിശബ്ദസാക്ഷ്യമാണ് ഈ ശേഷിപ്പുകൾ. പുത്തുമല ദുരന്തത്തിനു ശേഷവും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു വ്യക്തം. അഞ്ച് വർഷത്തിനിപ്പുറം പ്രകൃതിയുടെ ക്രൂരഭാവം കൂടുതൽ തീക്ഷ്ണതയോടെ പുറത്തുവരാൻ ഇതിടയാക്കി.

ഒരുകാലത്ത് സമൃദ്ധമായിരുന്ന വയനാടൻ താഴ്‌വാരങ്ങൾ ക്രമേണ മനുഷ്യവാസയോഗ്യമല്ലാതായി മാറുകയാണ്. അശാസ്ത്രീയമായ മനുഷ്യ ഇടപെടൽ തന്നെയാണ് ഇതിനു കാരണം. വളർന്നു വികസിക്കുന്ന തോട്ടങ്ങളും നദികളോടു ചേർന്നു പോലും നിയന്ത്രണമില്ലാതെ തുടരുന്ന നിർമാണ പ്രവർത്തനങ്ങളും നിർലോപം തുടരുന്ന പാറ പൊട്ടിക്കലുമെല്ലാം നാശത്തിന്‍റെ വിത്തുകളാണ് പാകി മുളപ്പിച്ചിരിക്കുന്നത്. ചൂഷണത്തിന്‍റെ ഓരോ ചുവടും മേഖലയുടെ സന്തുലനം തകർത്തുകൊണ്ടിരിക്കുകയാണെന്നും സി.പി. രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

ചരിത്രപരമായ ദുരന്തം പരിസ്ഥിതി വിഷയം തന്നെയായി മാറിയിരിക്കുന്നു. പതിറ്റാണ്ടുകൾക്കു മുൻപ് തോട്ടങ്ങളുണ്ടാക്കാൻ കാടുകൾ വെട്ടിവെളുപ്പിച്ചതിന്‍റെ ദൂഷ്യഫലങ്ങൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. തോട്ടങ്ങൾ വിശാലമായ ഭൂവിസ്തൃതി കവർന്നെടുത്തതോടെ ജനങ്ങൾ വീട് വച്ച് താമസിക്കാനും ജീവിതമാർഗം തേടാനും നദികളോടു ചേർന്ന മേഖലകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരായി. ഇത്തരത്തിൽ പുഴ കയറുന്ന ഒരു സ്ഥലത്തു തന്നെയാണ് ഉരുൾപൊട്ടലിൽ തകർന്ന സ്കൂൾ ‌കെട്ടിടം പോലും നിലനിന്നിരുന്നത്.

പരിസ്ഥിതി പ്രവർത്തകൻ പി.യു. ദാസ്, കൽപ്പറ്റയിലെ ഹ്യൂം സെന്‍റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി വഴി ഉരുൾപൊട്ടലിനെക്കുറിച്ച് 16 മണിക്കൂർ മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നു എന്നും സി.പി. രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് പ്രതിനിധികൾ ഇത് ഗൗരവമായെടുത്തെങ്കിലും ജില്ലാ ഭരണകൂടം കാര്യമാക്കിയില്ലെന്നും, അത് അവരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

file

പരിസ്ഥിതി അതിലോല പ്രദേശമെന്നു വിളിക്കാവുന്ന മേഖലയിലാണ് മുണ്ടക്കൈ സ്ഥിതി ചെയ്യുന്നതെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വയനാട് ദുരന്തത്തിൽ നിന്നെങ്കിൽ പാഠം പഠിച്ച് നമ്മുടെ വികസന പദ്ധതികൾ പുനർചിന്തനത്തിനു വിധേയമാക്കണമെന്നും സി.പി. രാജേന്ദ്രൻ അഭിപ്രായപ്പെടുന്നു. ഭൂ വിനിയോഗവും ആസൂത്രണവും കൂടുതൽ കാര്യക്ഷമമാകണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. പരിസ്ഥിതിലോല പ്രദേശങ്ങൾ വ്യക്തമായി തിരിച്ചറിയാൻ മാപ്പിങ് നടത്തണം. ഇതിനൊപ്പം മണ്ണിന്‍റെ ഘടനയെക്കുറിച്ചുള്ള പഠനങ്ങളും ആവശ്യമാണ്. മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനങ്ങളും അനിവാര്യം. പരിസ്ഥിതിലോല മേഖലകളിൽ മനുഷ്യ ഇടപെടൽ ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനു നേരിട്ടു സാക്ഷിയാകുന്നൊരു ലോകത്ത് പരിസ്ഥിതി സൗഹാർദ വികസനം എന്നത് ഒരു സാധ്യതയല്ല, അനിവാര്യത തന്നെയാണ്. ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം തുടങ്ങുമ്പോൾ തന്നെ സുസ്ഥിരത എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം മുന്നോട്ടുള്ള ഓരോ ചുവടും. പുനർനിർമിക്കുന്നതൊന്നും പ്രകൃതിയെ വെല്ലുവിളിക്കുന്നതാകരുത്; എല്ലാം പ്രകൃതിയോടു ചേർന്നു പോകുന്നതാവണമെന്നും ഉറപ്പാക്കണമെന്നും സി.പി. രാജേന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com