നമിത മോഹനൻ
''ഈ സംഘടന പുരുഷ വർഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ്...''
ഓരോ വേദികളിലും WCC അംഗങ്ങൾ ഇത് ആവർത്തിച്ചു പറഞ്ഞു. പക്ഷേ, അവർക്കു നേരെ വിരൽ ചൂണ്ടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വന്നതേയുള്ളൂ....
നടിയെ ആക്രമിച്ച സംഭവം സിനിമ ലോകം തന്നെ നടുക്കിയ ഒന്നായിരുന്നു. സിനിമകളെ വെല്ലുന്ന സംഭവങ്ങളാണ് പിന്നീട് മലയാള സിനിമയില്‍ അരങ്ങേറിയത്. ഇത്തരമൊരു സാഹചര്യത്തിലാണ് സിനിമ മേഖലയിലെ വനിതകളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്ക ഉയർന്നത്. മലയാള സിനിമയിലെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കുന്ന അമ്മ എന്ന സംഘടന പക്ഷപാതപരമായ നിലപാടുകൾ സ്വീകരിച്ചതോടെ ഒരുകൂട്ടം സ്ത്രീകൾ അമ്മയിൽ നിന്നിറങ്ങി. അവിടെനിന്നാണ് മലയാള സിനിമാ മേഖലയിൽ വിമൺ ഇൻ സിനിമാ കളക്റ്റീവ് (WCC) എന്ന പുതിയ അധ്യായം ആരംഭിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുമ്പോൾ അതിനെ വളരെ നിസാരമായി കരുതിയവർ നിരവധിയായിരുന്നു. സിനിമാ മേഖലയിൽ നിന്ന് ഇടയ്ക്കിടെ ചോർന്നു കിട്ടാറുള്ള നിറം കലർത്തിയ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു രസിക്കുന്ന അതേ രീതിയിൽ തന്നെ റിപ്പോർട്ടിനെ സമീപിച്ചവർ ധാരാളമായിരുന്നു. റിപ്പോർട്ടിലെ പല വാചകങ്ങളും ഇരകളുടെ മാനസികാവസ്ഥയെ തുറന്നു കാണിക്കുന്നതായിരുന്നുവെങ്കിൽ അതിലും ക്രൂരമായ തമാശ കണ്ടെത്തിയവരും കൂട്ടത്തിലുണ്ടായിരുന്നു. ഇതൊന്നും യാതൊരു വിധത്തിലും പൊതു സമൂഹത്തെ ബാധിക്കില്ലെന്ന ഒരു വിഭാഗത്തിന്‍റെ തെറ്റിദ്ധാരണയെ നല്ല കനത്തിൽ തന്നെ അടിച്ചിരുത്തുന്ന സംഭവങ്ങളിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്. റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ചർച്ചകൾ സജീവമായി. ഇരകളായ സ്ത്രീകൾ വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വന്നു. ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിനുമെതിരേ വെളിപ്പെടുത്തലുകൾ ഉണ്ടാകുകയും ഇരുവരും പദവിയിൽ നിന്ന് രാജി വച്ചൊഴിയുകയും ചെയ്യുമ്പോൾ ഡബ്ല്യുസിസി എയ്തു വിട്ട അസ്ത്രം ലക്ഷ്യമില്ലാതെ പായുകയാണെന്ന പൊതുധാരണ കൂടിയാണ് തകർന്നടിയുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്ത്രീകൾ തന്നെ ഇറങ്ങണമെന്ന ഒരു കൂട്ടം സ്ത്രീകളുടെ തീരുമാനത്തിൽ നിന്നാണ് ഇന്ന് മലയാള സിനിമയിലെ പ്രമുഖർ വരെ പ്രതിക്കൂട്ടിൽ നിൽക്കുന്ന തരത്തിലേക്ക് വിഷയം വളർന്നത്. 2017ലാണ് മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം സ്ത്രീകൾ വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) എന്ന പേരിൽ ഒരു സംഘടന ആരംഭിക്കുന്നത്. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, എഡിറ്റർ ബീനാ പോള്‍ സംവിധായകരായ ഗീതു മോഹൻദാസ്, അഞ്ജലി മേനോന്‍, ഗായിക സയനോര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപം കൊള്ളുന്നത്.
ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണ പിന്തുണ നല്‍കി പുതിയ സംഘടന ഒപ്പം നിന്നു. വേട്ടക്കാരനെ സംരക്ഷിക്കുന്ന പക്ഷപാതപരമായ അമ്മയുടെ നിലപാടുകളെ ഡബ്ല്യുസിസി നിരന്തരം ചോദ്യം ചെയ്തു. ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും ഇത് അനാവശ്യമാണെന്നും യുവ നടിമാരടക്കം വിമർശനമുന്നയിച്ചു. എല്ലാവരും ഒത്തൊരുമയോടെ വാഴുന്ന മാവേലിനാടാണ് സിനിമ എന്ന മട്ടിലുള്ള മൃദുലമായ നിലപാടുകളിൽ താര സംഘടന അമ്മ തുടരുമ്പോൾ ഡബ്ല്യുസിസി മുന്നോട്ടു വച്ചതെല്ലാം പരു പരുത്ത യാഥാർഥ്യങ്ങളായിരുന്നു. സിനിമയിൽ സ്ത്രീപുരുഷ സമത്വം എന്ന ഒറ്റ ആശയം മാത്രം മതിയായിരുന്നു ഡബ്ല്യുസിസി പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടു പോകാൻ. ചുറ്റിനും വിമർശനങ്ങളുയർന്നെങ്കിലും ഒരിക്കൽപ്പോലും തങ്ങളുടെ ലക്ഷ്യത്തിൽ നിന്നു ഡബ്ല്യുസിസി പിന്നോട്ടു പോയില്ല.
സംഘടനയുടെ തുടക്കകാലത്തു തന്നെ മലയാള സിനിമയിലെ സീനിയർ നടി കെപിഎസി ലളിത ഡബ്ല്യുസിസി അംഗങ്ങൾക്കെതിരേ രൂക്ഷമായി പ്രതികരിച്ചു. പണ്ടൊരിക്കൽ അടൂർ ഭാസിക്കൊപ്പം അഭിനയിക്കുമ്പോൾ താൻ നേരിട്ട അപമാനങ്ങൾ ഒരു മാസികയിലൂടെ തുറന്നെഴുതിയ ലളിത, മലയാള സിനിമയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അന്നും ഇന്നും നടക്കുന്നു എന്ന ബോധ്യമില്ലാത്ത ആളല്ല. എന്നിട്ടും നടിമാർക്കൊപ്പം നിൽക്കാൻ തയാറായില്ല. സിനിമ എന്ന കുടുംബത്തെ സംരക്ഷിക്കുന്ന വെറുമൊരു വീട്ടു കാരണവത്തി മാത്രമായി അവർ മാറുകയായിരുന്നു. 'അമ്മ'യിൽ രണ്ടു നീതിയാണ് സ്ത്രീക്കും പുരുഷനും കൽപ്പിക്കുന്നതെന്നതിനു തെളിവായിരുന്നു കെപിഎസി ലളിതയും സിദ്ദിഖും അന്നു നടത്തിയ വാർത്താസമ്മേളനം.
തൊഴിലെടുക്കാനും യാത്ര ചെയ്യാനും ജീവിക്കാനുമുള്ള മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങൾ ശബ്ദമുയർത്തുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിച്ചു. ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങൾ ശക്തമായി തുടങ്ങിയതോടെ അംഗങ്ങൾക്ക് സിനിമകൾ കുറഞ്ഞു തുടങ്ങി. മലയാള സിനിമയിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വത്തിന്‍റെ തെളിവാണതെന്ന് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് കൂടി വിലയിരുത്തുമ്പോൾ നൂറു ശതമാനം ഉറപ്പിച്ചു പറയാം. വ്യവസ്ഥാപിതമായ സിസ്റ്റത്തിനെതിരേ സംസാരിക്കുന്നവർ സിനിമാ മേഖലയിൽ നിലനിൽക്കേണ്ട എന്ന വാശി മികച്ച നടിമാർക്ക് അവസരങ്ങൾ നഷ്ടമാവാൻ വഴിയൊരുക്കി. നിരവധി പ്രമുഖ നടിമാർ കരാർ ഒപ്പിട്ട സിനിമകളിൽനിന്നു പോലും ഒഴിവാക്കപ്പെട്ടു. പക്ഷേ, അതിനൊന്നും ഒരു കൂട്ടം ശക്തരായ സ്ത്രീകളുടെ ദൃഢനിശ്ചയത്തെ തളർത്താനായില്ല. ''ഭയം മരണമാണ്, ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല'', അവർ ഉറപ്പിച്ചു പറഞ്ഞു. സ്ഥാപിതമായ കാലം മുതൽ കടുത്ത വിമർശനമാണ് ഡബ്ല്യു സിസിക്ക് എതിരേ ഉയർന്നിരുന്നത്. സംഘടനയുടെ പ്രതികരണങ്ങൾ സെലക്റ്റീവ് ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
''ഇന്ന് ഇതിനെ ചോദ്യം ചെയ്തില്ലെങ്കിൽ നാളത്തെ തലമുറ നമുക്കു നേരെ വിരൽ ചൂണ്ടും. വെറും ഭീരുക്കളായി നമ്മെ അവർ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യും. നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതയ്ക്കും അവിവേകത്തിനും ഇനി വരും തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും. നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല, അജ്ഞാത ആഭരണമാകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. അവർ നമ്മെ അജ്ഞാതരെന്നും ഭീരുക്കളെന്നും വിളിക്കാൻ ആരംഭിച്ചു കഴിഞ്ഞു'', ഡബ്ല്യുസിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.
ഡബ്ല്യുസിസിയെ ഫെമിനിസത്തിന്‍റെ അവസാന വാക്കായി കണ്ടവർ ആവശ്യത്തിനും അനാവശ്യത്തിനും നടിമാർക്കുമേൽ കുതിര കയറി. സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ സിനിമകളിൽ നിന്ന് ഒഴിവാക്കണമെന്നു തുറന്നു പറഞ്ഞ നടി പാർവതി തിരുവോത്ത് ഭീകരമായ സൈബർ ആക്രമണത്തിനാണ് ഇരയായത്. പിന്നാലെ പ്രമുഖ നടി ഡബ്ല്യുസിസിയിൽ നിന്ന് അപ്രത്യക്ഷയാവുക കൂടി ചെയ്തതോടെ ഡബ്ല്യുസിസിക്കെതിരേ വിമർശനം ശക്തമായി. ഡബ്ല്യുസിസിക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും ശേഷിച്ച അംഗങ്ങൾ പബ്ലിസിറ്റി നോക്കാതെ നിരന്തരമായ പോരാട്ടം തുടർന്നു.
ഇപ്പോൾ ഏഴു വർഷം പ്രായമായ ഡബ്ല്യുസിസി എന്ന സംഘടന, അതിന്‍റെ ശൈശവ കാലത്തു തന്നെ വിപ്ലവകരമായ ഇടപെടലുകളാണ് നടത്തിയത്. സിനിമ മേഖല ആളിക്കത്തും വിധം കലാപക്കൊടിയുയർത്താൻ ഡബ്ല്യുസിസിക്കായെന്നത് എടുത്തു പറയേണ്ടതാണ്. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ഒന്നാം പിണറായി സർക്കാർ ഹേമ കമ്മിറ്റി രൂപീകരിക്കുന്നത്. റിപ്പോർട്ട് പൂർത്തീകരിച്ചിട്ടും അത് പുറത്തുവിടാൻ കമ്മിറ്റിയോ സർക്കാരോ തയാറായിരുന്നില്ല. തുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തു വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി നിയമ പോരാട്ടത്തിനും തുനിഞ്ഞു. ഇതിന്‍റെ കൂടി ഫലമായാണ് റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷങ്ങൾക്കിപ്പുറം റിപ്പോർട്ട് പുറത്തു വന്നത്.
ഇന്നത്തെ യുവ തലമുറയ്ക്ക് തങ്ങൾ നേരിടുന്ന ചൂഷണങ്ങൾക്കും പ്രശ്നങ്ങൾക്കുമെതിരേ പ്രതികരിക്കാനും അതിനെ എതിർക്കാനും ശക്തിയുണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് ഉയർന്നു വരുന്ന Me too ആരോപണങ്ങളെല്ലാം. ഇതിലെന്ത് പുതുമയാണ് ഉള്ളത്, സിനിമ മേഖലയിൽ ഇതു സർവസാധാരണമാണല്ലോ എന്നു ചോദിക്കുന്നവർ ഇന്നും സജീവമാണ്. അത്തരക്കാർക്കെതിരേയാണ് ഞങ്ങളുടെ പേരാട്ടെന്ന് ഡബ്ല്യുസിസി പറയുന്നു. ഡബ്ല്യുസിസി ഇത്രകാലം എന്തു ചെയ്തുവെന്നും ഒരു ഘട്ടത്തിൽ സംഘടനയ്ക്കുണ്ടായിരുന്ന ആർജവം ഇപ്പോൾ കാണാനില്ലെന്നും കുറ്റപ്പെടുത്തുന്നവർക്കു മറുപടി നൽകാൻ ഡബ്ല്യുസിസി അംഗങ്ങൾ സമയം പാഴാക്കിയില്ല. ചാനൽ ചർച്ചകളിൽ വന്നിരുന്ന് വിശദീകരിക്കാനും മെനക്കെട്ടില്ല. പക്ഷേ, ചെയ്യേണ്ട കാര്യങ്ങളെ അവർ കൃത്യമായി തന്നെ ചെയ്തു. അതിനെ അവർ മാർക്കറ്റ് ചെയ്തിട്ടില്ലെന്നു മാത്രം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമ ചരിത്രത്തിൽ ഒരു ജംപ് കട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആ ഒരു കൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്‍റെ ഫലമാണെന്നതിൽ സംശയമില്ല. ജോലി ചെയ്യുന്ന അന്തരീക്ഷത്തിൽ പുരുഷന് ലഭിക്കുന്ന അതേ ബഹുമാനവും ആദരവും ലഭിക്കാൻ സ്ത്രീകൾക്കും അർഹതയുണ്ട്. ഇത്തരമൊരു അടിസ്ഥാന പ്രശ്നത്തിനെതിരേയാണ് പ്രതികരിക്കുന്നതെന്ന് പാർവതിയടക്കമുള്ളവർ ആണയിട്ടു പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ ഡബ്ല്യുസിസിയെ അനുകൂലിക്കുന്ന ഒരു കൂട്ടം ആളുകളും ഉയർന്നു വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതൊരു നല്ല മാറ്റത്തിന്‍റെ തുടക്കമാണെന്നു പ്രതീക്ഷിക്കാം.