മൈക്കിൾ ജാക്സന്‍റെ വേഷത്തിൽ രാഗേഷ് ചാലക്കുടി
മൈക്കിൾ ജാക്സന്‍റെ വേഷത്തിൽ രാഗേഷ് ചാലക്കുടി

ചാലക്കുടിക്കാരന്‍റെ മൂൺ വോക്ക്...

"ഡാൻസ് ഒരു ഹരമാണ്, നൃത്തം ചെയ്യാൻ കഴിയുക എന്നതൊരു അനുഗ്രഹവും''

നമിത മോഹനൻ

പാരിസും ബെൽജിയവും അടക്കമുള്ള നിരവധി രാജ്യങ്ങളിലെ വേദികളെ മൈക്കിൾ ജാക്സന്‍റെ സിഗ്നേച്ചർ ഡാൻസ് മൂവ്മെന്‍റുകളിലൂടെ ത്രസിപ്പിച്ച ചാലക്കുടിക്കാരൻ, നാട്ടുകാർ ആരാധനയോടെ രാഗേഷ് ജാക്സൺ എന്നു വിളിക്കുന്ന രാഗേഷ് ചാലക്കുടി.... ഒന്നും രണ്ടുമല്ല, നീണ്ട 23 വർഷമാണ് ഏതു നർത്തകരും കൊതിക്കുന്ന വേദികളിൽ രാഗേഷ് മൈക്കിൾ ജാക്സണായി പകർന്നാട്ടം നടത്തിയത്. മൂൺ വോക്കും റോബോട്ടും പോലുള്ള സിഗ്നേച്ചർ മൂവ്മെന്‍റുകളിൽ മാത്രമല്ല കൈയിൽ വാളും ചിലമ്പുമായി കൊടുങ്ങല്ലൂരമ്മയെ സ്തുതിച്ചു കൊണ്ടുള്ള ഭക്തിനിർഭരമായ ചുവടുകളും രാഗേഷിന് അനായാസും വഴങ്ങും. കഴിവും ആഗ്രഹവുണ്ടെങ്കിൽ പ്രതിസന്ധികളെയെല്ലാം മറികടന്ന് വിജയത്തിലെത്താനാവുമെന്നതിന്‍റെ ഉദാഹരണമാണ് രാഗേഷ് ചാലക്കുടി.

രാഗേഷ് ചാലക്കുടി
രാഗേഷ് ചാലക്കുടി

""ഡാൻസ് ഒരു ഹരമാണ്, നൃത്തം ചെയ്യാൻ കഴിയുക എന്നതൊരു അനുഗ്രഹവും'', രാഗേഷ് പറയുന്നു. ചാലക്കുടിയിൽ ഇപ്പോൾ ഹിപ് ഹോപ് പരിശീലനത്തിനായി പുതിയൊരു നൃത്ത കേന്ദ്രം തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാഗേഷ്.

ആൺകുട്ടികൾ നൃത്തം പഠിക്കാമോ?

കുട്ടിക്കാലം മുതൽ നൃത്തം ചെയ്യാനും പഠിക്കാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അന്നത്തെ സാമൂഹിക സാഹചര്യം അതിനു പറ്റിയതായിരുന്നില്ലെന്ന് രാഗേഷ്. നൃത്തമെന്നാൽ ശാസ്ത്രീയ നൃത്തമെന്നും അതാണെങ്കിൽ പെൺകുട്ടികൾ പഠിക്കേണ്ട കലയാണെന്നുമായിരുന്നു ധാരണ. നൃത്തം പഠിച്ചാൽ ശരീരചലനങ്ങൾ പെൺകുട്ടികളുടേതു പോലെയാകുമെന്നു പറഞ്ഞ് ചെറുപ്പത്തിൽ തന്നെ നൃത്തം പഠിക്കുന്നതിൽ നിന്ന് അച്ഛൻ വിലക്കിയിരുന്നു.

അന്നൊന്നും പഠിക്കാനായില്ലെങ്കിലും ഡാൻസ് ഒരു ഹരം തന്നെയായിരുന്നു. അക്കാലത്താണ് മൈക്കിൾ ജാക്സന്‍റെ ഡാൻസ് കാണുന്നത്. ആരാധന മൂത്ത് മൈക്കിൾ ജാക്സന്‍റെ വീഡിയോ കാസറ്റുകൾ വാങ്ങി ആവർത്തിച്ചു കണ്ടു. പതിയെ അതു പോലെ നൃത്തം ചെയ്യാനും തുടങ്ങി. ഐടിസിയിലെ പഠനകാലത്താണ് ഡാൻസിന് കൂടുതൽ അവസരങ്ങൾ‌ കിട്ടിത്തുടങ്ങിയത്. രാഗേഷ് ജാക്സനെന്നായിരുന്നു അന്നെല്ലാം കൂട്ടുകാർ വിളിച്ചിരുന്നത്.

ആയിടയ്ക്ക് കലാഭവനിൽ അവസരം കിട്ടി. പിന്നെ അവിടെ നിന്ന് സഹാറ ഇന്ത്യൻ ടീമിന്‍റെ സെലക്ഷൻ കിട്ടി ഇസ്രയേലിൽ പോയി. അവിടെയും മൈക്കിൾ ജാക്സന്‍റെ പകർന്നാട്ടം പരീക്ഷിച്ചു. അത് ക്ലിക്കായതോടെ മറ്റ് ഡാൻസ് ടീമുകളും തേടിയെത്തി. അവിടെ നിന്നു പിന്നീട് പത്തിലധികം രാജ്യങ്ങളിൽ പല വേദികളിൽ നൃത്തം ചെയ്യാൻ അവസരം ലഭിച്ചു.... രാഗേഷ് പഴയ കാര്യങ്ങൾ ഓർത്തെടുത്തു.

നൃത്തസംവിധാനത്തിലും സൂപ്പർ ഹിറ്റ്

രാഗേഷ് ചാലക്കുടി മൈക്കിൾ ജാക്സന്‍റെ ഡാൻസ് ചെയ്യുന്നു
രാഗേഷ് ചാലക്കുടി മൈക്കിൾ ജാക്സന്‍റെ ഡാൻസ് ചെയ്യുന്നു

എന്തുകൊണ്ടാണ് മൈക്കിൾ ജാക്സനോട് മാത്രം ഇത്ര ആരാധനയെന്ന ചോദ്യത്തിന്, ലോകത്ത് ഇത്രയധികം ആളുകളെ ആഹ്ലാദിപ്പിച്ച മറ്റൊരു കലാകാരനില്ലെന്നായിരുന്നു രാഗേഷിന്‍റെ മറുപടി. ഇക്കാലത്തിനിടെ മൈക്കിൾ ജാക്സൻ ഡാൻസ് ചെയ്ത വേദികളിൽ അടക്കം ഡാൻസ് ചെയ്യാനായെങ്കിലും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. അതെന്നും തനിക്കൊരു വേദന തന്നെയാണെന്ന് രാഗേഷ്. തുടർച്ചയായി ഡാൻഡ് ചെയ്തതു മൂലം കാലിനു പരുക്കേറ്റതോടെയാണ് രാഗേഷ് വിദേശ രാജ്യങ്ങളിലെ പരിപാടികൾ ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഇവിടെയും സിനിമകളുടെ വർക്കുകളും ഷോകളുമായി തിരക്കിലാണ്. ബോംബെ മിഠായി, ഇനിയും എത്ര ദൂരം, ബ്ലാക്ക് ടിക്കറ്റ്, സെലിബ്രേഷൻ തുടങ്ങി നിരവധി സിനിമകളിൽ രാഗേഷ് കൊറിയോഗ്രാഫി ചെയ്തു. മണപ്പുറം ഗോൾ‌ഡ് ലോൺ, ജോസ് ആലുക്കാസ്, ചെമ്മണൂർ ജ്വല്ലറി തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങൾക്കു വേണ്ടിയും എഷ്യാനെറ്റ്, മഴവിൽ മനോരമ, കൈരളി തുടങ്ങിയ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകൾക്കു വേണ്ടിയും കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. തമ്പുരാട്ടീ അമ്മേ കാളി എന്ന പേരിൽ പുറത്തിറക്കിയ ആൽബത്തിന്‍റെ നൃത്തസംവിധാനം നിർവഹിച്ചതും രാഗേഷ് ആയിരുന്നു.

60 കഴിഞ്ഞവരും ശിഷ്യർ

ചാലക്കുടിയിലെ ഇ2 ഡിസി സ്റ്റുഡിയോ
ചാലക്കുടിയിലെ ഇ2 ഡിസി സ്റ്റുഡിയോ

നിരവധി സ്കൂളുകളിൽ രാഗേഷ് നൃത്തം പഠിപ്പിക്കുന്നുണ്ട്. മാത്രമല്ല, സ്കൂളുകളിൽ കുട്ടികൾക്കായി ഹിപ്പ് ഹോപ്പ് ഡാൻസ് പഠിപ്പിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. കേരളത്തിന് അത്ര സുപരിചിതമല്ലാത്ത നൃത്തശൈലിയാണ് ഹിപ്പ് ഹോപ്പ്. പുതിയൊരു സംസ്കാരം വളർന്നു വരുന്നതിൽ താൻ അഭിമാനിക്കുന്നെന്ന് രാഗേഷ് പറയുന്നു. ഇതിന് പുറമേ ഇ2 ഡിസി എന്ന പേരിൽ ഫിറ്റ്നെസ്, യോഗ തെറാപ്പി സെന്‍റർ ചാലക്കുടിയിൽ നടത്തുന്നുണ്ട്. 60 വയസിന് മുകളിലുള്ളവർ വരെ രാഗേഷിന്‍റെ ശിഷ്യരുടെ കൂട്ടത്തിലുണ്ട്. നൃത്തം തന്നെയാണ് എന്നും തന്‍റെ ജീവനും ജീവതവുമെന്നും അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ കഴിയുന്നത് ഒരു അനുഗ്രഹമാണെന്നും രാഗേഷ്.

ആളൂരാണ് രാഗേഷിന്‍റെ ജന്മസ്ഥലം. ഭാര്യ കാവ്യ അങ്കമാലി വിശ്വജ്യോതി സ്കൂളിൽ‌ വെസ്റ്റേൺ ഡാൻസ് അധ്യാപികയാണ്. ഏക മകൾ വേദിക നാലാം ക്ലാസ് വിദ്യാർഥിനി.""ഡാൻസ് ഒരു ഹരമാണ്, നൃത്തം ചെയ്യാൻ കഴിയുക എന്നതൊരു അനുഗ്രഹവും'', രാഗേഷ് പറയുന്നു. ചാലക്കുടിയിൽ ഇപ്പോൾ ഹിപ് ഹോപ് പരിശീലനത്തിനായി പുതിയൊരു നൃത്ത കേന്ദ്രം തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാഗേഷ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com