കോടതി കാണുന്നതും സർക്കാരുകൾ കാണാത്തതും

നിങ്ങൾ ഓപറേഷൻ തുടങ്ങിക്കോ, അപ്പോഴേയ്ക്കും പണം ഞാനെത്തിക്കാം'- സഹോദരൻ കേണപേക്ഷിച്ചെങ്കിലും അശുപത്രി അധികൃതർ വഴങ്ങിയില്ല
കോടതി കാണുന്നതും സർക്കാരുകൾ കാണാത്തതും

തലസ്ഥാനത്തെ ദേശീയപാതയിലായിരുന്നു അപകടം. ഇരുചക്ര വാഹനത്തിൽ മീൻകച്ചവടം നടത്തിവന്ന ആളായിരുന്നു ആഡംബര കാറിന്‍റെ ഇടിയേറ്റ് റോഡിൽ തലയിടിച്ചുവീണത്. ഇടിച്ച വാഹനം നിർത്താതെ പോയി. നാട്ടുകാർ ഉടൻ എടുത്ത് സമീപത്തെ "നക്ഷത്ര' ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ഭാര്യയും മീൻ കച്ചവടക്കാരനായ സഹോദരനും ആശുപത്രിയിലെത്തി. അടിയന്തര ശസ്ത്രക്രിയ വേണം. അതിന് വലിയൊരു തുക അടയ്ക്കണം. ഭാര്യ ആകെയുള്ള താലിമാല ഭർതൃ സഹോദരന് കൈമാറി. അത് വിറ്റിട്ടും ഒന്നുമായില്ല.

"നിങ്ങൾ ഓപറേഷൻ തുടങ്ങിക്കോ, അപ്പോഴേയ്ക്കും പണം ഞാനെത്തിക്കാം'- സഹോദരൻ കേണപേക്ഷിച്ചെങ്കിലും അശുപത്രി അധികൃതർ വഴങ്ങിയില്ല.

"എനിക്ക് അവനെ ഒന്നുകാണണം'- ഓപറേഷൻ തിയെറ്ററിന് മുന്നിൽ നിന്ന സഹോദരൻ ആവശ്യപ്പെട്ടു. ഇപ്പോൾ കാണാൻ കഴിയില്ലെന്നായിരുന്നു മറുപടി. "അത് നിങ്ങളാണോ തീരുമാനിക്കുന്നത്' എന്നുപറഞ്ഞ് തിയെറ്ററിനകത്തേക്ക് അദ്ദേഹം തള്ളിക്കയറി. അവിടെ, ട്രോളിയിൽ ഒരാളെ വെള്ള ഷീറ്റ് പുതപ്പിച്ച് കിടിത്തിയിരിക്കുന്നു. മുഖത്തുനിന്ന് ആ ഷീറ്റ് മാറ്റിയപ്പോൾ തന്‍റെ സഹോദരന്‍റെ നിശ്ചല ശരീരം കണ്ട് അലറിക്കരഞ്ഞ ആ ചെറുപ്പക്കാരനെ ഏറെ പണിപ്പെട്ടാണ് അധികൃതർ സമാധാനിപ്പിച്ചത്. ആ വിവരം പുറത്തുവിടാതിരിക്കുന്നതിൽ അവസാനം അവർ വിജയിച്ചു. മീൻ കച്ചവടം നടത്തി അന്നന്നത്തെ അന്നത്തിന് വരുമാനം കണ്ടെത്തുന്ന ഇവർക്ക് ഒരിക്കലും വൻകിടക്കാരോട് മുട്ടാനാവില്ലല്ലോ.

മറ്റൊന്ന്-

റബർ വർക്സിൽനിന്ന് വിരമിച്ച അദ്ദേഹത്തിന്‍റെ മകൻ കെഎസ്ഇബിയിൽ എൻജിനീയറായിരുന്നു. ഇൻഷ്വറൻസ് ചികിത്സാ കാർഡിൽ ഉൾപ്പെട്ടതു കാരണമാണ് പനിയായിരുന്ന അദ്ദേഹത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടുവന്ന പാടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് മകനെ വിളിപ്പിച്ചത് കാർഡിയോളജി വിഭാഗം മേധാവി. അച്ഛന് അടിയന്തരമായി ശസ്ത്രക്രിയ വേണം. മകൻ ഐസിയുവിൽ കയറിയപ്പോൾ അച്ഛൻ പറഞ്ഞു: "മോനേ, എനിക്കിവിടെ കിടക്കാൻ വയ്യാ. ഒരു പനി മാത്രമുള്ള എന്നെ മഹാ രോഗിയാക്കരുതേ..'

ഹൃദയ ശസ്ത്രക്രിയ ഇപ്പോൾ വേണ്ടെന്ന് മകൻ പറഞ്ഞു. "എങ്കിൽ, അച്ഛൻ ജീവിച്ചിരിക്കില്ല' എന്നായി ഡോക്റ്റർ. അതുകേട്ടതോടെ മകൻ ഡിസ്ചാർജ് ആവശ്യപ്പെട്ടു. അടുത്ത ആശുപത്രിവരെ പോലും എത്തില്ലെന്നായി ഡോക്റ്റർ. ചങ്കിടിച്ചെങ്കിലും മകൻ തീരുമാനത്തിൽ ഉറച്ചുനിന്നു. ഡിസ്ചാർജ് ചെയ്ത അച്ഛനെ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുദിവസം അവിടെ കിടന്ന് പനിക്ക് ചികിത്സിച്ച് ആരോഗ്യം വീണ്ടെടുത്ത ആ അച്ഛൻ പിന്നെയും അഞ്ച് കൊല്ലത്തിലേറെ ജീവിച്ചു. ആ കാർഡിയോളജി വിഭാഗം മേധാവി ഇപ്പോഴും അതേ ആശുപത്രിയിൽ ഉത്തരവാദിത്തമുള്ള ഉന്നത പദവിയിലുണ്ട്!

ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രമുഖനായ വ്യാപാരി ആയതിനാൽ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. അവസാനമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കരൾ പ്രവർത്തനരഹിതമായിരുന്നു. ഓരോ ആഴ്ചയും ലക്ഷങ്ങളുടെ ബിൽ ഒടുക്കി. മരിച്ച ഉടൻ ആശുപത്രി നൽകിയ ബില്ലു കണ്ട് വീട്ടുകാർ അമ്പരന്നു- 25 ലക്ഷത്തിലേറെ രൂപ. മൃതദേഹം വിട്ടുകിട്ടാൻ അത്രയും തുക അന്ന് അടയ്ക്കാൻ കഴിയാത്തതിനാൽ മോർച്ചറിയിൽ വയ്ക്കേണ്ടിവന്നു. (അതിനുള്ള ഫീസ് വേറെ!). എന്തൊക്കെയാണ് ചെയ്യുന്നതെന്നോ അതിന് എത്രയാണ് നിരക്കെന്നോ ഇപ്പോഴും മിക്ക സ്വകാര്യ ആശുപത്രികളും രോഗികളെ കൃത്യമായി അറിയിക്കാറേയില്ലല്ലോ.

സർക്കാർ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയക്ക് 10,000 രൂപ വരെ ചെലവാകുമ്പോൾ, സ്വകാര്യ ആശുപത്രികളിൽ 30,000 മുതൽ 1,40,000 വരെയാകുമെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ച വാർത്ത രാജ്യത്തെ സാധാരണക്കാർക്ക് പകരുന്ന ആശ്വാസം ചെറുതല്ല. സ്വകാര്യ ആശുപത്രികളിലെ അതിഭീമമായ ചികിത്സാനിരക്ക് നിയന്ത്രിക്കാൻ സുപ്രീം കോടതി ഇടപെട്ടത് ഉചിതമാ‍യി. കേന്ദ്ര സർക്കാർ ഒരു സ്റ്റാൻഡേർഡ് നിരക്ക് നിശ്ചയിക്കണമന്നാണ് നിർദേശം. പരിഹാരം കണ്ടില്ലെങ്കിൽ സെൻട്രൽ ഗവ. ഹെൽത്ത് സ്കീമിൽ (സിജിഎച്ച്എസ്) നിഷ്കർഷിക്കുന്ന ചികിത്സാ നിരക്ക് ഏർപ്പെത്താൻ ഉത്തരവിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇടപെട്ട്, ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കുകള്‍ നിശ്ചയിക്കാനാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ഉത്തരവ്.

ചികിത്സാ നിരക്ക് വിഷയത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് പലതവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് കേന്ദ്ര സർക്കാർ മറുപടി നല്‍കി. "പൂച്ചയ്ക്കാര് മണികെട്ടും' എന്നതാണ് വിഷയം. കാരണം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വമ്പൻ സ്വകാര്യ ആശുപത്രികൾ നടത്തുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ നിർണായക സ്വാധീനമുള്ളവരാണ്. അതുകൊണ്ടുതന്നെ അത്തരക്കാരെ നിയന്ത്രിക്കുന്നതു സംബന്ധിച്ച വിഷയങ്ങളിൽ എല്ലാ സർക്കാരുകൾക്കും മെല്ലെപ്പോക്കായിരിക്കും. പൗരന്‍റെ ഭരണഘടനാ അവകാശവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി നിലപാടെടുത്തതാണ് ഇക്കാര്യത്തിലെ രജതരേഖ. ഏപ്രില്‍ ആറിന് വിഷയം വീണ്ടും പരിഗണിക്കും.

ചികിത്സാ നിരക്ക് നിശ്ചയിക്കാൻ ശാസ്ത്രീയ പഠനം വേണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‍മെന്‍റ് ആക്റ്റ് പൂർണതോതിൽ നടപ്പാക്കുന്നതിലൂടെയുള്ള നിരക്ക് ഏകീകരണം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി സംഘടന കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് രാജ്യവ്യാപകമായി ഏകീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുകയാണ്. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചു. ഇതൊക്കെ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്ന നടപടിക്രമം എന്നതിലപ്പുറം ആത്മാർഥമാണോ എന്ന് കണ്ടറിയണം.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമം 2018 ജനുവരി ഒന്നിന് കേരളത്തില്‍ പ്രാബല്യത്തിൽ വന്നു. ഇതിനെതിരേ ഹര്‍ജിയുമായി സ്വകാര്യാശുപത്രികളുടെ സംഘടനയും ഡോക്റ്റര്‍മാരും ഹൈക്കോടതിയെ സമീപിച്ചതോടെ മരവിപ്പിച്ച അവസ്ഥയിലാണ്. നിരക്കുകള്‍ വിലയിരുത്തി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രി തിരഞ്ഞെടുക്കാം, ചികിത്സാച്ചെലവുകള്‍ പരസ്യപ്പെടുത്തണം, ഇതുസംബന്ധിച്ച വിവരം രോഗിയോ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണം, അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമായാല്‍ ആശുപത്രിക്കെതിരേ നടപടി, നിയമലംഘനം കണ്ടെത്തിയാല്‍ 5ലക്ഷം രൂപ വരെ പിഴ തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് നിയമത്തിലുള്ളത്. രക്തപരിശോധനയിലൂടെ അലർജി പരിശോധന നടത്തി തട്ടിപ്പു നടത്തിയവർക്കെതിരെ ഈ നിയമപ്രകാരം നടപടി എടുക്കാൻ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് തയാറായെങ്കിലും അത് തടഞ്ഞത് അന്ന് ആരോഗ്യ വകുപ്പിന്‍റെ ചുമതലക്കാരനായ ഡോക്റ്ററായ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ഡോക്റ്റർമാർ മുതൽ ആശുപത്രി ഉടമകൾ വരെ സംഘടിതരും സമ്മർദ ശക്തികളുമാണ്. അവർ ആഗ്രഹിക്കുന്നത് നേരിടാൻ ഒരുപക്ഷെ, കൂടെയുള്ള ആളെ രക്തസാക്ഷിയാക്കിയേക്കും. കേരളത്തിൽ സമീപകാലത്ത് വിവാദമായ നിയമം ഉണ്ടാക്കിയെടുക്കാൻ ഇങ്ങനെ രക്തസാക‌്ഷിയെ സൃഷ്ടിക്കുകയായിരുന്നുവെന്ന് ആ യുവ ഡോക്റ്ററുടെ വീട്ടുകാർ പരസ്യമായാണ് പരാതിപ്പെട്ടത്. എന്നാൽ, അതേപ്പറ്റിയുള്ള പരാതികൾ ആരും പരിഗണിക്കുകയേയില്ല. രോഗി ഒറ്റയ്ക്കാണ്. അവർക്ക് നഷ്ടപ്പെടാൻ ജീവിതമേ ബാക്കിയുള്ളൂ. അവരെ കാണാൻ ഭരണ സംവിധാനങ്ങൾക്ക് കണ്ണില്ല, അവരെ കേൾക്കാൻ കാതുമില്ല. അപൂർവങ്ങളിൽ അപൂർവമായി ചിലപ്പോൾ നീതിപീഠങ്ങൾ ഇത്തരം ആവലാതികൾ കേൾക്കുന്നു എന്നതാണ് അത്ഭുതം. കോടതി കാണുന്നതു പോലും കാണാത്തവിധം അന്ധരാണ് സർക്കാരുകൾ. കോടതി നിലപാട് അട്ടിമറിക്കാനാണ് ഈ സ്വാധീനശക്തികളുടെ ശ്രമം.

ഇതിനൊക്കെ വഴങ്ങുന്ന അധികാര ശക്തികളെ ഓർമിപ്പിക്കാനുള്ളത് കടമ്മനിട്ടയുടെ "കുറത്തി'യിലെ ഈ വരികൾ മാത്രം:

"എല്ലുപൊക്കിയ ഗോപുരങ്ങൾ

കണക്കു ഞങ്ങളുയര്‍ന്നിടും

കല്ലു പാകിയ കോട്ടപോലെ-

യുണര്‍ന്നു ഞങ്ങളു നേരിടും'

Trending

No stories found.

Latest News

No stories found.