എന്താണ് ബെയ്‌ലി പാലം?

ഇന്ത്യയിൽ ആദ്യമായി ബെയ്‌ലി പാലം നിർമിച്ചത് പമ്പാ നദിക്കു കുറുകെ റാന്നിയിൽ, 1997ൽ.

ദുഷ്കരമായ ചൂരൽമല-മുണ്ടക്കൈ പ്രദേശത്തേയ്ക്ക് ഒറ്റ ദിവസം കൊണ്ട് 190 അടി നീളത്തിലുള്ള ബെയ്‌ലി പാലം നിർമിച്ച സൈന്യത്തിന്‍റെ മികവിനെക്കുറിച്ച് എല്ലാവരും വായിച്ചല്ലോ. എന്നാൽ, എന്താണ് ബെയ്‌ലി പാലം?

വലിയ ചെരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയ്‌ലി പാലം. ദുരന്ത നിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലങ്ങൾ നിർമിച്ചുവരുന്നത്.

പമ്പാ നദിയിലെ ബെയ് ലി പാലം

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെ‌യ്‌ലി പാലം നിർമിച്ചത് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള റാന്നിയിൽ പമ്പാ നദിക്കു കുറുകെയാണ്. 1997ലായിരുന്നു ഇത്.

അവിടെ മുൻപുണ്ടായിരുന്ന പാലം ഇതുപോലൊരു പെരുമഴക്കാലത്ത് ഒലിച്ചു പോയി. അന്ന് ഇന്ത്യൻ സൈന്യം ഒറ്റ ദിവസം കൊണ്ട് നിർമിച്ചതാണ് റാന്നിയിലെ ബെയ്‌ലി പാലം.

ഡോണാൾഡ് ബെയ്ലിയുടെ പാലം

ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയ്‌ലിയാണ് ആദ്യമായി ഇത്തരമൊരു പാലം നിർമിച്ചത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1940-41 കാലത്തായിരുന്നു അത്.

ബെയ്‌ലി ഈ പാലത്തിന്‍റെ രൂപകല്‍പ്പന തയാറാക്കിയപ്പോള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തന്നെ ആദ്യം എതിര്‍ത്തു. ഡണ്‍കിര്‍ക്കില്‍ അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ടി ഈ പാലം വിദഗ്ധമായി ഉപയോഗിക്കാന്‍ കഴിഞ്ഞപ്പോഴാണ് ബ്രിട്ടീഷുകാർ ഇതിനെ അംഗീകരിച്ചത്.

യുദ്ധടാങ്കുകള്‍ പോലുള്ള ഭാരമേറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും ബെയ്‌ലി പാലത്തിലൂടെ കടത്താന്‍ സാധിക്കും. അന്നത്തെ യുദ്ധത്തിൽ ജർമൻ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ ബ്രിട്ടീഷുകാർക്കും സാധിച്ചു.

അന്ന് ബ്രിട്ടന്‍റെ കേണല്‍ പറഞ്ഞു, ”ബെയ്‌ലി പാലമില്ലെങ്കില്‍ ഈ യുദ്ധം നമ്മള്‍ തോറ്റേനേ....''

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com