എന്താണ് ജെഎൻ 1...; ഇതിനെ ഭയക്കേണ്ടതുണ്ടോ...?

ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ ഇതുവരെ ജെഎന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്.
what is jn1 covid variant details to know
what is jn1 covid variant details to know
Updated on

ലോകത്ത് ആശങ്കയേറ്റി കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ജെഎൻ 1. 79 പടരുന്നുകൊണ്ടിരിക്കയാണ്. ചൊവ്വാഴ്ച പുറത്തു വന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 21 പേർക്കു കൂടിയാണ് ജെഎൻ 1 സ്ഥിരീകരിച്ചത്.

പുതിയ വകഭേദത്തെ ഭയക്കേണ്ടതില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ഇന്ത്യയിലും കേരളത്തിലും ഒരു പോലെ ആക്റ്റീവ് കേസുകളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ എന്താണ് ജെഎൻ.1 വകഭേദമെന്നും ഇതിന് എത്രത്തോളം വ്യാപനശേഷിയുണ്ടെന്നും മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് ജെഎന്‍ 1

കൊവിഡിന്‍റെ വകഭേദമായ ഒമിക്രോണിന്‍റെ ഉപവകഭേദമാണ് ജെഎൻ1. കൃത്യമായി പറഞ്ഞാൽ ഒമിക്രോൺ ബി.എ.2.86 അഥവാ പൈറോളയുടെ ഉപവകഭേദമാണ് ജെഎന്‍ 1. 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി ജെഎന്‍ 1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ചൈന, ഐസ്ലാൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ ഇതുവരെ ജെഎന്‍ 1 സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അണുബാധയുടെ എണ്ണത്തിൽ വർദ്ധന വന്നതോടെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഉൾപ്പടെ ശക്തമായ നിരീക്ഷണം പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മിക്ക രാജ്യങ്ങളിലും ഇതിനു സാമ്യമായ രോ​ഗ ലക്ഷണങ്ങളുമായി നിരവധി ആളുകൾ ആശുപത്രിയിൽ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്‍റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തൽ.

രോഗലക്ഷണങ്ങൾ

ജെഎൻ 1ന്‍റെ രോ​ഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന, ക്ഷീണം ഫ്ലൂ പോലുള്ള മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലുള്ളതു പോലെയുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. പിന്നീട് നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.

ചിലരിൽ ഉദര പ്രശ്‌നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലർക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു. ചിലരിൽ കൂടിയ തീവ്രതയിലും ചിലരിൽ കുറഞ്ഞ തീവ്രതയിലും കാണപ്പെടുന്നുവെന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ് ഇൻ ചെസ്റ്റ് മെഡിസിൻ ഡോ. ഉജ്വൽ പ്രകാശ് പറയുന്നു.

ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാസ്‌ക് ധരിക്കണമെന്നും രോഗലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശ്വാസതടസം അധികമായാൽ അത് റെഡ് സിഗ്നൽ ആണ്. ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. നിലവിൽ കൊവിഡ് 19ന് ഏറെക്കുറേ സമാനമാണ് "ജെഎൻ.1'ന്‍റെ ലക്ഷണം. എന്നാലിതു രോഗാവസ്ഥ തീവ്രമാക്കുമെന്ന സൂചനകളും ഇപ്പോഴില്ല.

ജെഎന്‍ 1 നെ ഭയക്കേണ്ടതുണ്ടോ ?

ഒമിക്രോൺ വകഭേദം പടരുമ്പോൾ തന്നെ കൂടുതൽ വകഭേദങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് ബാധിച്ച് രോ​ഗം ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ഓരെ പോലെ ബാധിക്കും. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ വകഭേദത്തെ ഭയക്കേണ്ടതില്ലെന്നും പക്ഷേ ജാഗ്രത കൈവിടരുതെന്നുമാണ് ആരോഗ്യ വകുപ്പ് ഓർമ്മപ്പെടുത്തുന്നത്.

പ്രതിരോധം

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക എന്നിവ നിർണായകമായ പ്രതിരോധ നടപടികളാണ്. ഈ രോഗത്തിന്‍റെ പകർച്ചവ്യാധി സ്വഭാവം മനസിലാക്കി സ്വയം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുക.

രോഗലക്ഷണമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ഒട്ടും വൈകാതെ പരിശോധനയ്ക്ക് വിധേയരാവുക. സ്വയം ഐസോലേറ്റ് ചെയ്യുന്നതും രോഗ വ്യാപനം തടയാനുള്ള മികച്ച രീതിയായിരിക്കും. 60 വയസു കഴിഞ്ഞ പൗരന്മാരും ഹൃദ്രോഗമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരും മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com