

'ഒരു സംശയവും വേണ്ട'
ജ്യോതിഷ് കുമാർ മലയാലപ്പുഴ
മലയാളഭാഷയിലെ വായ്മൊഴിയുടെയും വരമൊഴിയുടെയും സ്ഥാനം ഇപ്പോൾ എങ്ങനെയാണ് ? ചാനലുകളും യൂട്യൂബർമാരും പെരുകിയതോടെ ആകെപ്പാടെ ആശയം കുഴപ്പം. ചാനൽ വാർത്തകൾക്കിടയിൽ വരുന്ന റിപ്പോർട്ടർമാരുടെ ഭാഷ്യം ചില പത്രങ്ങൾ കടമെടുത്ത് പ്രയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. അത് അരോചകമെന്ന് പറഞ്ഞുകൂടാ.
ഉദാഹരണത്തിന് ഒരു നേതാവിന്‍റെ വാക്കുകൾ വിസ്തരിച്ച ശേഷം "എന്നും സതീശൻ". പറഞ്ഞു എന്ന വാക്ക് ഒഴിവാക്കുന്നു. നേട്ടങ്ങൾ പറഞ്ഞശേഷം "മോഹൻലാലിന് മാത്രം സ്വന്തം". എന്നിങ്ങനെയുള്ള നിർത്തലുകൾ പത്രങ്ങളിലും കടന്നുവന്നു തുടങ്ങിയിട്ടുണ്ട്. ഇതിൽ ആവർത്തനവിരസത ഒഴിവാകുന്നു, എന്ന് മാത്രമല്ല സ്ഥലവും ലാഭിക്കാം.
പക്ഷേ, എല്ലാ ചാനലിലും പൊതുവായി ഉപയോഗിച്ചു കാണുന്ന പ്രയോഗമായി മാറിയിരിക്കുന്നു "ഒരു സംശയവും വേണ്ട" എന്നത്. " വേണ്ടി "എന്ന വാക്കിന്‍റെ കടന്നുവരവ് വല്ലാത്ത ഒന്നായി പോയി. കുറച്ചു വർഷങ്ങൾക്കു മുമ്പ് ചില ബിജെപി നേതാക്കളാണ് ഇത് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് അത് കമ്യൂണിസ്റ്റുകാർ അവരുടെ ആസ്ഥാന വാക്കായി കടമെടുത്തു.
ഇപ്പോൾ ചാനൽ റിപ്പോർട്ടർമാരും 'വേണ്ടി' തലങ്ങും വിലങ്ങും ഉപയോഗിക്കുന്നു. ഒപ്പം നിൽക്കുന്ന വാക്കാണ് "ആയിട്ട്" വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് "ആയിട്ട് "ചേർക്കാതെ ഒരു വാചകം പൂർത്തിയാക്കാൻ കഴിയാതെ വന്നിരിക്കുന്നു. 'ആയിട്ട്' ചേർത്തില്ലെങ്കിൽ ഒട്ടും അർഥം മാറില്ലെന്നു മാത്രമല്ല കേൾക്കാൻ ഇമ്പം കൂടുകയും ചെയ്യും, ഒരു സംശയവും വേണ്ട.
കൂടാൻ വേണ്ടി പോകുന്നു (കൂടാൻ പോകുന്നു) നടപടി സ്വീകരിക്കുന്നതിന് വേണ്ടി പറഞ്ഞിട്ടുണ്ട്. (സ്വീകരിക്കാൻ പറഞ്ഞിട്ടുണ്ട്). വരാൻ (വേണ്ടി) പറഞ്ഞിട്ടുണ്ട്. ലൈംഗിക ആരോപണത്തിൽ പ്രതിയായ നേതാവിനെ കോൺഗ്രസ് പുറത്താക്കാൻ ( വേണ്ടി) ആലോചിക്കുന്ന വാർത്തകളിൽ ' വേണ്ടി' താരമായപ്പോൾ കടന്നു വന്ന മാധ്യമ പ്രവർത്തകനായ രാജ്യസഭാ അംഗവും വേണ്ടി വിട്ടില്ല. യൂട്യൂബിലെ പാചക വീഡിയോകളിൽ സ്ത്രീകൾ കടുക് പൊട്ടും പോലെയാണ് " ട്ടോ " ചേർക്കുന്നത്. അത് കേട്ടു, കേട്ടാവണം, സർവിസ് സെന്‍റർ കോളുകളിൽ നിന്നും ഇപ്പോൾ, കേൾക്കുന്ന വരെല്ലാം ബധിരർ ആണെന്ന പോലെയാണ് ' കേട്ടോ' വരുന്നത്.
മറ്റൊരു രീതി കൂടുന്നതിനായിട്ട് പോകുന്നു, സ്വീകരിക്കുന്നതിനായിട്ട് പോകുന്നു,(ആയിട്ട് ഇല്ലെങ്കിൽ ഒരു കുഴപ്പവുമില്ല). ഉണ്ടായിട്ടില്ല എന്നതിന് പകരം" ഇണ്ടായിട്ടില്ല" എന്ന് കണ്ണൂരിലെ നേതാക്കളുമായി നിരന്തരം സമ്പർക്കപ്പെട്ടു പഠിച്ച പത്തനംതിട്ടയിലെ നേതാവ് റാന്നിയിലും സ്ഥിരമായി പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇപ്പോൾ സാധാരണ മായിരിക്കുന്ന വാക്കാണ് "കൂടിയായ". ഇതും ബിജെപിക്കാർ വഴി വന്ന വാക്കാണ്. ചാനലുകൾ അത് സ്വന്തമാക്കി കഴിഞ്ഞു. കെപിസിസി പ്രസിഡന്‍റ് കൂടിയായ എന്ന് വെറുതെ പ്രയോഗിക്കുകയാണ്.അദ്ദേഹം എംഎൽഎ എന്ന നിലയിലുള്ള കാര്യത്തിന് മുൻതൂക്കം ഉള്ളത് പറഞ്ഞിട്ട് "കൂടിയായ" പറഞ്ഞാൽ അത് മനസ്സിലാകും.
'ശരിയെന്നു തോന്നുന്ന വാക്കിനും, ശരിയായ വാക്കിനും ഇടയിലെ വ്യത്യാസം മിന്നാമിനുങ്ങിനും മിന്നലിനും ഇടയിലെ വ്യത്യാസം പോലെയാണ്'- മാർക്ക് ട്വയ്ൻ