86 കോടി കൊണ്ട് നിർമിച്ചു, 18 വർഷം പ്രവർത്തിച്ചു; ഈ ഹൈക്കോടതി കെട്ടിടം ഇനിയെന്തു ചെയ്യും

ആധുനിക സൗകര്യങ്ങളോടെ പുതിയ ഹൈക്കോടതി മന്ദിരം കളമശേരിയിൽ എംഎച്ച്എംടിയുടെ സമീപ ഭൂമിയിൽ നിർമിക്കാനാണ് തീരുമാനം.
kerala high court
kerala high court

എം.ആർ.സി. പണിക്കർ

കൊച്ചി നഗരമധ്യത്തിലെ ശതകോടികൾ വിലമതിക്കുന്ന അഞ്ചേക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 9 നിലകളുള്ള കെട്ടിടമാണ് നമ്മുടെ ഹൈക്കോടതിയുടേത്. ആദ്യം 10 കോടി രൂപ നിർമാണച്ചെലവ് കണക്കാക്കിയ കെട്ടിടം പൂ‍ർത്തിയാക്കാൻ 86 കോടി രൂപ ചെലവായി. ഇപ്പോൾ അതിനു പാർക്കിങ് അടക്കം പരാധീനകൾ ഏറെയുണ്ടെന്നാണു പറയുന്നത്.

ആധുനിക സൗകര്യങ്ങളോടെ പുതിയ ഹൈക്കോടതി മന്ദിരം കളമശേരിയിൽ എംഎച്ച്എംടിയുടെ സമീപ ഭൂമിയിൽ നിർമിക്കാനാണ് തീരുമാനം. ഹൈക്കോടതിയും കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയാണ് കളമശേരിയിൽ ഉയരുക. ഹൈക്കോടതി ജഡ്ജിമാർ, മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥലപരിശോധന ഈ മാസം 17ന് നടക്കും. നിലവിലെ ഹൈക്കോടതി സമുച്ചയം സ്ഥലപരിമിതിയാല്‍ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് കളമശേരിയിൽ കൂടുതൽ സൗകര്യങ്ങളോടെ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നത്.

1994ലാണ് നിലവിലെ ഹൈക്കോടതി മന്ദിരത്തിന് തറക്കല്ലിട്ടത്. 11 വർഷത്തിനുശേഷം 2005ൽ നിർമാണം പൂർത്തിയായി. 2006ലാണ് ഹൈക്കോടതി പ്രവർത്തനം തുടങ്ങിയത്. കൊച്ചി നഗരമധ്യത്തിലെ ശതകോടികൾ വിലമതിക്കുന്ന 5 ഏക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 9 നിലകളുള്ള കെട്ടിടമാണ് ഇത്.

വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ലായ്മയാണ് ഇവിടത്തെ പ്രധാന പ്രശ്നം. നൂറോളം ജഡ്ജിമാരും ആയിരക്കണക്കിന് അഭിഭാഷകരും ജീവനക്കാരും അത്രത്തോളം തന്നെ പൊതുജനങ്ങളും വന്നുപോകുന്ന ഹൈക്കോടതി സമുച്ചയത്തിൽ 50 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടംപോലുമില്ല. ഹൈക്കോടതിയിൽ വരുന്നവരുടെ വണ്ടികൾ നടപ്പാതയിലും റോഡരികിലുമായാണ് പാർക്ക് ചെയ്യുന്നത്. കിലോമീറ്ററുകളോളം വാഹനങ്ങൾ പാർക്ക് ചെയ്തിട്ടിരിക്കുന്നതു കൊണ്ട് നഗരമധ്യത്തിൽ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

മംഗളവനത്തോട് ചേർന്നുനിൽക്കുന്ന സ്ഥലമായതിനാൽ പരിസ്ഥിതിലോല മേഖലയാണിവിടെ. അതിനാൽ കൂടുതൽ വികസനപ്രവർത്തനങ്ങൾക്ക് സ്ഥലം ലഭ്യമാക്കുക ദുഷ്കരമാണ്. കളമശേരിയിൽ ജുഡീഷ്യൽ സിറ്റി വരുമ്പോൾ നിലവിലുള്ള ഹൈക്കോടതി കെട്ടിടം എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. ചീഫ് ജസ്റ്റിസിന്‍റെ മുറി ഉൾപ്പെടെ 30 കോടതി മുറികളാണ് നിലവിലെ കെട്ടിടത്തിലുള്ളത്. ജഡ്ജിമാരുടെ 37 ചേംബറുകളുമുണ്ട്.

കളമശേരിയിൽ 27 ഏക്കറാണ് ജുഡീഷ്യൽ സിറ്റിക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്ഥലം ആവശ്യമാണെങ്കിൽ അതിനും നടപടിയുണ്ടാകും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് പരിഗണിക്കുന്നത്. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്‍റർ തുടങ്ങി രാജ്യാന്തരതലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ടാകും. ജഡ്ജിമാരുടെ ഓഫിസ്, അഡ്വക്കറ്റ് ജനറൽ ഓഫിസ്, ജിവനക്കാരുടെ ക്വാർട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബറുകൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഉണ്ടാകും.

രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്നത്തെ ഷൺമുഖം റോഡിന്‍റെ വടക്കുവശം ആൾ താമസമില്ലാത്ത വെളിമ്പറമ്പായിരുന്നു. കൊച്ചി രാജാക്കന്മാർ കുറ്റവാളികളെ തൂക്കിക്കൊല്ലാൻ ഉപയോഗിച്ച് വന്ന ഒരു കഴുമരം ഈ ഭാഗത്ത് ഉണ്ടായിരുന്നു. കഴുമരത്തോട് ചേർന്ന് ഒരു വലിയ കുളവും. തൂക്കിക്കൊന്നവരുടെ കബന്ധങ്ങളും മറ്റും ഈ കുളത്തിലാണ് ഇട്ടിരുന്നത്.

മംഗളവനത്തിന് കിഴക്ക് തീവണ്ടിയാപ്പീസ് വന്നതിന് ശേഷം ഈ കുളം തീവണ്ടിക്കുളം എന്ന പേരിൽ അറിയപ്പെട്ടു. ഈ ഭാഗത്ത് അറുകൊല, മാടൻ, കോട്ട് പാതിരി, സായിപ്പ് മുതലായ ആൺ പ്രേതങ്ങളും മറുത, ആന മറുത, കൂളി, നീലി മുതലായ ചരക്കുകളായ പെൺ പ്രേതങ്ങളും വിഹരിച്ചിരുന്നതിനാൽ പകൽ സമയം പോലും ഈ വഴി ആരും പോയിരുന്നില്ല. അഥവാ പോയാൽ ഈ പ്രേതങ്ങൾ ബാധയായി മനുഷ്യ ശരീരത്ത് കയറുകയും പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തു വന്നു എന്നാണ് പഴമക്കാർ പറയുന്നത്. കുളത്തിൽ നിന്ന് പകൽ സമയത്തു പോലും തീജ്വാലയും മറ്റ് രൂപങ്ങളും ആകാശത്തേക്ക് ഉയർന്ന് പോകുന്നതും മറ്റും കണ്ട പഴമക്കാർ ഉണ്ടായിരുന്നത്രെ. (അത് ചിലപ്പോൾ മനുഷ്യശരീരത്തിലെ സൾഫറും ഫോസ്ഫറസും മറ്റും റിയാക്റ്റ് ചെയ്യുന്നതാവാം). ഏകദേശം, ഈ കുളവും കഴുമരവും നിന്ന ഭാഗത്താണ് ഇന്നത്തെ കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വൈസ്രോയിയുടെ കൊച്ചി സന്ദർശനം പ്രമാണിച്ച് മൂപ്പരെ കിടത്തി ഉറക്കാൻ വേണ്ടി പണികഴിപ്പിച്ചതാണ് റാം മോഹൻ പാലസ്. ഈ കെട്ടിടത്തിന്‍റെ പ്രത്യേകത ഇത് എറണാകുളത്തെ ആദ്യത്തെ കോൺക്രീറ്റ് കെട്ടിടമാണ് എന്നുള്ളതാണ്. ഒരു പക്ഷെ കേരളത്തിലെയും. കെട്ടിടം പൂർത്തിയായപ്പോൾ ഇത് ഒരു വലിയ അത്ഭുതമാകുകയും ടിക്കറ്റ് വച്ച് പൊതുജനത്തെ കയറ്റി കാണിക്കുകയും ചെയ്തത്രെ. അന്ന് ഒരു കുട്ടിയായിരുന്ന, പിന്നീട് അതേ കെട്ടിടത്തിൽ ജഡ്ജിയായ ജഡ്ജി ചന്ദ്രശേഖര മേനോൻ ടിക്കറ്റെടുത്ത് ഈ കെട്ടിടം കയറി കണ്ട കാര്യം സുഹൃദ് സദസുകളിൽ പറഞ്ഞിട്ടുണ്ട്. ഏകദേശം 110 വർഷം കടന്നുപോയിട്ടും ഈ കെട്ടിടത്തിൽ നിന്ന് ഒരു കഷണം മെറ്റലോ സിമൻറ്റ് കട്ടയോ അടർന്നുവീണിട്ടില്ല. ലോഡ് ലിറ്റൻ പ്രഭു തന്‍റെ ഭാര്യയോടൊത്ത് ശയനം നടത്തിയ ബെഡ് റൂമിലിരുനാണ് നമ്മുടെ ചീഫ് ജസ്റ്റിസുമാർ 2006 വരെ നിയമം നടപ്പാക്കി വന്നത്. ഐക്യ കേരളം വന്നതിന് ശേഷമാണ് റാം മോഹൻ പാലസ് കേരള ഹൈക്കോടതിയായി മാറിയത്.

കേരളാ ഹൈക്കോടതിയുടെ ഇന്നത്തെ നിലയ്ക്കും വിലക്കും അവസ്ഥയ്ക്കും ചേരുന്ന ആർക്കിടെക്ചറൽ ബ്യൂട്ടി റാം മോഹൻ പാലസിനില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു, ഇതിന് കിഴക്ക് വശം 2005ൽ പണി പൂർത്തീകരിച്ച് 2006ൽ ഉദ്ഘാടനം ചെയ്ത പുതിയ ഹൈക്കോടതി കെട്ടിടം ഉണ്ടാക്കിയത്. ജസ്റ്റിസ് സബർവാൾ 2006ൽ ഉദ്ഘാടനം നിർവഹിച്ച കെട്ടിടത്തിന് 2017ൽ 11 വർഷം തികഞ്ഞപ്പോൾ ബലക്ഷയമാണത്രെ. തെക്കുപടിഞ്ഞാറേ മൂലയിലുള്ള ബീം തുരന്ന് നോക്കിയ എൻജിനീയർ ഭയന്ന് ഓടിയത്രെ. കാരണം അതിൽ കമ്പിയേ ഇല്ല. സിമന്‍റാണോ സുർക്കിയാണോ അതോ ഇനി കായലിൽ നിന്ന് വാരിയ ചെളിയാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല..!

ഫലത്തിൽ ഇതൊരു അരക്കില്ലമാണ്. നീതിന്യായ അരക്കില്ലം. പാണ്ഡവരെ ചുട്ടുകൊല്ലാൻ പുരോചനൻ തയാറാക്കിയതിലും അപകടകരമായ ഒന്ന്. 500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജാഫീസിലെ പ്യൂണിന്‍റെ അപ്പീൽ വ്യഗ്രതയോടെ തള്ളി അവനെ അകത്തേക്ക് വിടുന്ന ഹൈക്കോടതിയുടെ മൂക്കിന്‍റെ ഉള്ളിലാണ് ഇത് ഉണ്ടായത് എന്നതാണ് ഖേദകരം.

പത്തിരുനൂറ് കോടി ചെലവാക്കി പണിത ഹൈക്കോടതി 16 വർഷം കൊണ്ട് പോരാ എന്ന ചിന്തയിൽ പുതിയ ഹൈക്കോടതി കളമശേരിയിൽ 27 ഏക്കറിൽ പണിയാൻ പോകുന്നു.

കേസ് ഫയലിങ് കംപ്യൂട്ടർ വഴിയാക്കി കഴിഞ്ഞു. സ്റ്റാഫുകൾ മിക്കവാറും വീട്ടിലാണ്. വീട്ടിലിരുന്ന് മൊളോഷ്യവും മെഴുക്കു പുരട്ടിയും ഉണ്ടാക്കുന്നതിനിടക്ക് ഡിഫക്റ്റ് നോക്കാം. അതുകൊണ്ടാണ് ഒരു റിട്ട് ഫയൽ ചെയ്താൽ കടുക് വറുത്തിട്ടില്ല എന്നൊക്കെ അറിയാതെ ഡിഫക്റ്റ് അടിച്ച് വരുന്നത്. രാത്രികാലങ്ങളിലാണ് ഫയൽ സ്ക്രൂട്ടിനി ചെയ്യുന്നതെങ്കിൽ പ്രൊട്ടക്‌ഷൻ ഇട്ടിട്ടില്ല എന്നും ഡിഫക്റ്റ് അടിച്ച് വന്നേക്കാം. കുറ്റം പറയാൻ പറ്റില്ല. മനുഷ്യർക്ക് ഒരേ സമയത്ത് രണ്ടു പ്രവർത്തി ചെയ്യാനുള്ള തലച്ചോർ ദൈവം തന്നിട്ടില്ല. എന്തായാലും വീട്ടിലിരുന്ന് വർക്ക് ചെയ്യാൻ വലിയ കോടതി സമുച്ചയം സ്റ്റാഫിനാവശ്യമില്ല.

വക്കീലന്മാർക്കും കോടതി മുറി ആവശ്യമില്ല. വീട്ടിലിരുന്ന് കംപ്യൂട്ടറിലൂടെ കേസ് പറയാം. കൊറോണ കാലത്ത് ഇവരെല്ലാം പരിപൂർണമായും ഓൺലൈനായിരുന്നു. ഇപ്പോഴും ഹൈബ്രിഡ് സംവിധാനം തുടരുന്നു. മാത്രമല്ല അമെരിക്കയിൽ ഈ മാസം റോബോട്ട് വക്കീൽ കോടതിയെ അഭിസംബോധന ചെയ്യും. 10 വർഷത്തിനുള്ളിൽ റോബോട്ട് വക്കിലൻമാരുടെ കളിയായിരിക്കും. റോബോട്ടിനെന്തിന് കോടതി സമുച്ചയം..!

ചൈനയിൽ റോബോട്ടിക് ജഡ്ജിമാരുടെ പണിയും ഏകദേശം പൂർത്തിയായി കഴിഞ്ഞു. നല്ല റിസൽറ്റാണത്രേ. എന്നെ ആകാശത്ത് നിന്ന് നൂലിൽ കെട്ടിയിറക്കിയതാണ് എന്ന് പ്രകടിപ്പിക്കുന്നില്ലത്രേ. മുമ്പിൽ കറുത്ത കോട്ടും ഗൗണും ഇട്ട ഒരാളെ കൊണ്ട് നിർത്തിയിട്ട് മെക്കിട്ട് കേറാൻ ചെന്നതുമില്ലത്രേ. റോബോട്ട് ജഡ്ജിക്കെന്തിന് കോടതി സമുച്ചയം. അതും 27 ഏക്കറിൽ.

ഇതൊക്കെയാണ് നമ്മുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇൻഡ്യ സ്വപ്നം കാണുന്നത്. എല്ലാം ഡിജിറ്റലാക്കണം എന്ന ആഗ്രഹക്കാരനാണ് അദ്ദേഹം. റിട്ടയർ ചെയ്യുന്നതിന് മുമ്പ് മുകളിൽ പറഞ്ഞതെല്ലാം അദ്ദേഹം നടപ്പാക്കും, റോബോട്ടിക്ക് ജഡ്ജിമാരെ അടക്കം. പിന്നെന്തിന് ഒരു പടുകൂറ്റൻ കോടതി സമുച്ചയം? അതും 27 ഏക്കറിൽ. മുകളിൽ പറഞതെല്ലാം ഉടൻ നടപ്പാവുമ്പോൾ 10 സെന്‍റിൽ രണ്ട് മുറി മതി ഒരു ഹൈക്കോടതിക്ക് പ്രവർത്തിക്കാൻ.

ആ 27 ഏക്കറിൽ വീട് ഇല്ലാത്തവർക്ക് ലൈഫ് പദ്ധതി വഴി വീട് വച്ച് കൊടുക്കട്ടെ എന്ന അഭിപ്രായക്കാരുമുണ്ട്. അവരെങ്കിലും നന്നാവട്ടെ. ഇവിടം നന്നാവും എന്ന് അധികമാർക്കും പ്രതീക്ഷയില്ല. ആകാശമിടിഞ്ഞു വീണാലും ഉണക്കാനിട്ടിരിക്കുന്ന തേങ്ങാപ്പിണ്ണാക്ക് നനയരുത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com