
മനോഹർ ലാൽ ഖട്ടർ
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചൂലെടുത്ത് ഡൽഹിയിലെ തെരുവുകൾ അടിച്ചുവാരിയ ആ നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ പ്രവൃത്തി കേവലം പ്രതീകാത്മമായിരുന്നില്ല - ശുചിത്വപൂർണമായ ഇന്ത്യ എന്ന ദൗത്യം സർക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് എല്ലാ പൗരന്മാരും അത് വ്രതമായി സ്വീകരിക്കണം എന്നതിന്‍റെ ശക്തമായ ഓർമപ്പെടുത്തലായിരുന്നു.
ശുചിത്വപൂർണമായ ഇന്ത്യ ഒരു കൂട്ടായ ഉത്തരവാദിത്തമാണ്. ശുചിത്വത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിലാണ് സ്വച്ഛ് ഭാരത് ദൗത്യത്തിന്‍റെ യഥാർഥ ശക്തി കുടികൊള്ളുന്നത്. സ്കൂൾ വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെയും, കച്ചവടക്കാർ മുതൽ വയലേലകളിലും ഫാക്റ്ററികളിലും പണിയെടുക്കുന്നവർ വരെയും - ഓരോ പൗരനെയും 'സഫായ് മിത്ര'ങ്ങളാക്കി ഇത് മാറ്റി. കോടിക്കണക്കിനാളുകൾ ചൂലെടുത്തതോടെ, ശുചിത്വം ഒരു സർക്കാർ പരിപാടി എന്നതിൽ നിന്ന് അന്തസിന്‍റെയും ആരോഗ്യത്തിന്‍റെയും അഭിമാനത്തിന്‍റെയും വ്യക്തിഗത പ്രതിജ്ഞയായി മാറി.
ഈ ദർശനം ഒരു യഥാർഥ ജനകീയ പ്രസ്ഥാനത്തിന് തിരികൊളുത്തി. ശുചിത്വം എന്നത് ആദരവിന്‍റെയും ആത്മാഭിമാനത്തിന്‍റെയും വിഷയമായി മാറി. മോദി ജിയുടെ 'നാ ഗന്ധഗി കരേംഗേ, നാ കർനേ ദേംഗേ', 'സ്വച്ഛതാ ഹീ സേവ' എന്നീ ആഹ്വാനങ്ങൾ രാജ്യമെമ്പാടുമുള്ള പൗരന്മാരെ കർമനിരതരാക്കി. സർക്കാർ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം, വളരെപ്പെട്ടെന്ന് ജീവിത ശൈലീ പരിവർത്തനത്തിന്‍റെ അസാധാരണമായ തരംഗത്താൽ നയിക്കപ്പെടുന്ന, ഓരോ തെരുവിന്‍റെയും, ഓരോ അയൽപക്കത്തിന്‍റെയും, ഓരോ വീടിന്‍റെയും അഭിമാനമായി.
2014ൽ 40 ശതമാനത്തിൽ താഴെ വീടുകളിൽ മാത്രമേ ശൗചാലയങ്ങൾ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, മോദിയുടെ നേതൃത്വവും ജനപങ്കാളിത്തവും മൂലം, 12 കോടിയിലധികം കുടുംബങ്ങൾക്ക് ശൗചാലയങ്ങൾ ലഭ്യമായിരിക്കുന്നു. സ്വച്ഛ് ഭാരത് ദൗത്യത്തിലൂടെ ഇന്ത്യയെ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിച്ചു. 'ഹർ ഘർ ശൗചാലയ' എന്ന മുദ്രാവാക്യം ഇന്നൊരു വാഗ്ദാനമല്ല, അതൊരു യാഥാർഥ്യമായി മാറിയിരിക്കുന്നു, കോടിക്കണക്കിന് വനിതകൾക്കും കുട്ടികൾക്കും സുരക്ഷയും അന്തസും പ്രദാനം ചെയ്യുന്നു, ഒപ്പം മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കിയിരിക്കുന്നു.
വെളിയിട വിസർജനവുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറഞ്ഞതിനാൽ ഏകദേശം 3 ലക്ഷം കുട്ടികളുടെ ജീവൻ രക്ഷിക്കാനായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഒഡിഎഫ് പദവി നിലനിർത്തുന്നതിലേക്കും സമഗ്രമായ ഖര, ദ്രവ മാലിന്യ പരിപാലനം, മാലിന്യത്തിന്‍റെ ശാസ്ത്രീയ സംസ്ക്കരണം എന്നിവയിലേക്ക് ദൗത്യം ഇപ്പോൾ വികസിച്ചിരിക്കുന്നു. പൗരന്മാർക്കിടയിൽ 'സ്വച്ഛ് ' പെരുമാറ്റം സ്ഥാപനവത്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് 'മാലിന്യ മുക്ത' പദവി കൈവരിക്കുക എന്നതാണ് സ്വച്ഛ ഭാരത് ദൗത്യം - നഗരം 2.0 മുന്നോട്ടു വയ്ക്കുന്ന ദർശനം.
സ്വച്ഛ് ഭാരത് ദൗത്യത്തെ ശൗചാലയങ്ങൾക്കും തെരുവുകൾക്കും അപ്പുറത്തേയ്ക്ക് വികസിപ്പിക്കാൻ കഴിഞ്ഞതിലാണ് മോദിയുടെ പ്രതിഭ വെളിപ്പെടുന്നത്. ആത്മാഭിമാനത്തെയും സംസ്‌കാരത്തെയും രാജ്യത്തിന്‍റെ ആത്മാവിനെയും സംബന്ധിക്കുന്ന ഒന്നായി അതിനെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സ്ക്കൂളുകളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങൾ ഉറപ്പാക്കുന്ന സ്വച്ഛ് വിദ്യാലയ അഭിയാൻ മുതൽ മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായ ആരംഭിച്ച രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രം വരെ, ഓരോ സംരംഭവും തങ്ങളോടും രാജ്യത്തോടുമുള്ള ബഹുമാനത്തിന്‍റെ അടയാളമായി ശുചിത്വത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്നു. പ്ലാസ്റ്റിക് രഹിതമാകുമ്പോഴാണ് ഉത്സവങ്ങൾ പകിട്ടേറുന്നത്, മാലിന്യങ്ങൾ അവശേഷിപ്പിക്കാതിരിക്കുമ്പോഴാണ് ആഘോഷങ്ങൾ കൂടുതൽ ആനന്ദകരമാകുന്നത്.
പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് ദൗത്യത്തിന്‍റെ ശ്രദ്ധേയമായ പ്രയാണത്തിന് നാം സാക്ഷ്യം വഹിച്ചു - കോടിക്കണക്കിന് ശൗചാലയങ്ങൾ നിർമിച്ചു, ഗ്രാമങ്ങളും നഗരങ്ങളും വെളിയിട വിസർജന മുക്തമായി പ്രഖ്യാപിച്ചു, പൗരന്മാർ ശുചിത്വംകൂട്ടായ ഉത്തരവാദിത്തമായി സ്വീകരിച്ചു. സമഷ്ടി ബോധത്തെ ദൈനംദിന അച്ചടക്കമാക്കി മാറ്റാനും, സ്വച്ഛതയെ ആചാരമായി മാത്രമല്ല, ഒരു ജീവിത രീതിയാക്കാനും, കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങൾ വരും തലമുറകൾക്ക് വൃത്തിയുള്ളതും ആരോഗ്യകരവും കൂടുതൽ മാന്യവുമായ ഒരു ഇന്ത്യയുടെ അടിത്തറയായി മാറുന്നുവെന്ന് ഉറപ്പാക്കാനും പ്രചാരണം ശ്രമിക്കണമെന്നത് എന്‍റെ ഉറച്ച വിശ്വാസമാണ്.
ഏറ്റവും പ്രധാനമായി, ദൗത്യത്തിന്‍റെ ഈ ഘട്ടം, ദൃശ്യപരമായി വൃത്തിയായി കാണുന്നതിന് മാത്രമല്ല, മാലിന്യ സംസ്കരണത്തിന്‍റെയും മാലിന്യ നിർമാർജനത്തിന്‍റെയും പ്രശ്നം പരിഹരിക്കുന്നതിനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും വലിയ ശുചിത്വ സർവെയായ സ്വച്ഛ് സർവേക്ഷൺ പോലും ഇപ്പോൾ നഗര ശുചിത്വത്തെ അളക്കുന്നത് വീടു തോറുമുള്ള മാലിന്യ ശേഖരണം, കൈകാര്യം ചെയ്യൽ, മാലിന്യ സംസ്കരണം എന്നിവയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്.
ഈ ദർശനത്തോടെ, കഴിഞ്ഞ വർഷത്തെ സ്വച്ഛത ഹീ സേവ വാരം (എസ്എച്ച്എസ്-24) "സ്വഭാവ് സ്വച്ഛത - സംസ്‌ക്കാർ സ്വച്ഛത' എന്ന പ്രമേയത്തിലൂന്നി നാം ആചരിച്ചു. ഇത് അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് സഹജാവബോധത്തിലേക്കും, അനുവർത്തനത്തിൽ നിന്ന് സംസ്‌കാരത്തിലേക്കുമുള്ള ആഴത്തിലുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ദർശനത്താൽ നയിക്കപ്പെടുന്ന, ശുചിത്വം ഒരു ബാധ്യതയായിട്ടല്ല, മറിച്ച് നമ്മുടെ സ്വഭാവത്തിന്‍റെയും മൂല്യങ്ങളുടെയും പ്രതിഫലനമായി സ്ഥാപിക്കാൻ നാം ലക്ഷ്യമിടുന്നു.
ഓരോ പൗരനും അത് ഒരു ദൈനംദിന ശീലമായും ധാർമിക ഉത്തരവാദിത്തമായും ആന്തരികവത്കരിക്കണം. നമ്മുടെ സ്വഭാവത്തിലും സംസ്‌കാരത്തിലും ശുചിത്വം ഉൾപ്പെടുത്തുന്നതിലൂടെ, നാം തെരുവുകൾ വൃത്തിയാക്കുക മാത്രമല്ല ചെയ്യുന്നത് - കൂടുതൽ മാന്യവും ആരോഗ്യകരവും ഏകീകൃതവുമായ ഇന്ത്യയെ രൂപപ്പെടുത്തുകയാണ്.
ശുചിത്വപൂര്‍ണവും പരിസ്ഥിതി സൗഹൃദവുമാകുമ്പോഴാണ് ആഘോഷങ്ങള്‍ കൂടുതൽ അർഥവത്താകുന്നതെന്ന് ഉത്സവകാലം ആരംഭിക്കുന്ന വേളയില്‍ പ്രധാനമന്ത്രി നമ്മെ ഓർമിപ്പിക്കുന്നു. സന്തോഷത്തിന്‍റെ ഓർമകളാണ് ആഘോഷങ്ങൾ ബാക്കിയാക്കേണ്ടതെന്നും മറിച്ച് മാലിന്യക്കൂമ്പാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ചിന്തയുടെ അടിസ്ഥാനത്തില്‍ 2025 സെപ്റ്റംബർ 17 മുതൽ ഒക്റ്റോബർ 2 വരെ 'സ്വച്ഛോത്സവ് ' എന്ന ആശയത്തില്‍ 'സ്വച്ഛതാ ഹി സേവ' ആചരിക്കുന്നു. പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങളും മാലിന്യരഹിത ആഘോഷങ്ങളും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുന്നതും പ്രോത്സാഹിപ്പിച്ച് സുസ്ഥിരതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സ്വച്ഛോത്സവം വിഭാവനം ചെയ്തിരിക്കുന്നത്. ശുചിത്വമെന്നത് ഒരു ദിവസത്തെ പ്രയത്നമല്ലെന്നും മറിച്ച് ഭാവി തലമുറയോടുള്ള തുടർച്ചയായ ഉത്തരവാദിത്തമാണെന്നും ഈ പ്രചാരണം ഓർമിപ്പിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രത്യേക ആഹ്വാനപ്രകാരം പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബർ 25ന് സ്വച്ഛതാ ഹി സേവയുടെ ഭാഗമായി "ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച് ' എന്ന പരിപാടി ഒരിക്കല്‍ക്കൂടി ആചരിച്ചു. ശുചിത്വം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് കോടിക്കണക്കിന് ഇന്ത്യക്കാർ ആ ദിവസം ഒരു മണിക്കൂർ സ്വമേധയാ ശ്രമദാനം നടത്തി. കഴിഞ്ഞ വർഷം മാത്രം നഗരങ്ങളിലും ഗ്രാമങ്ങളിലും ശ്രദ്ധിക്കപ്പെടാതെ കിടന്ന 8 ലക്ഷത്തിലധികം സ്ഥലങ്ങള്‍ സജീവ പൊതു ഇടങ്ങളാക്കി മാറ്റാനായി.
ഈ ദൗത്യത്തിന്‍റെ മഹത്വം അതിന്‍റെ നേട്ടങ്ങളില്‍ മാത്രമല്ല, മറിച്ച് ദൗത്യത്തിനായി ജനങ്ങള്‍ കാണിക്കുന്ന ഉത്സാഹത്തിലും പ്രകടമാണ്. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കാൻ മാത്രമല്ല മോദി പൗരന്മാരോട് ആവശ്യപ്പെട്ടത്; മറിച്ച് തെരുവുകളും പാർക്കുകളും നദികളും രാജ്യമാകെയും സ്വന്തം ഭവനമായി ഏറ്റെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരു അകന്ന നേതാവായല്ല, മറിച്ച് നമ്മിലൊരാളായാണ് അദ്ദേഹം സംസാരിച്ചത്. "ഒരു ചൂൽ, ഒരു ചുവട്, ഒരു മണിക്കൂർ' എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. ഹൃദയത്തിൽ നിന്ന് സംസാരിച്ച അദ്ദേഹത്തിന് ജനങ്ങള്‍ ഹൃദയം കൊണ്ട് മറുപടി നല്‍കി.
നരേന്ദ്ര മോദി സ്വച്ഛ് ഭാരത് ദൗത്യത്തിന്‍റെ ശില്പി മാത്രമല്ല, അതിന്‍റെ ജീവിക്കുന്ന ആത്മാവുമാണ്. ഓരോ വീട്ടിലും ശുചിത്വത്തിന്‍റെ തിരിതെളിച്ച ദീപം. അന്തസിന്‍റെ വിത്തുകൾ പാകി ജനപങ്കാളിത്തത്തിന്‍റെ വെള്ളമൊഴിച്ച് പരിപോഷിപ്പിച്ച പൂന്തോട്ടക്കാരന്‍. ശുചിത്വം മറ്റാരുടെയും കടമയല്ലെന്നും മറിച്ച് നാമോരോരുത്തരുടെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും നമ്മെ ഓർമിപ്പിക്കുന്ന കാവൽക്കാരന്‍.
ചൂലുപയോഗിച്ച് ഓരോ തവണ തൂത്തുവാരുന്നതും ഓരോ മൂലയും വൃത്തിയാക്കുന്നതും ഓരോ പ്ലാസ്റ്റിക് സഞ്ചിയും വേണ്ടെന്നു വയ്ക്കുന്നതും കേവലം ശുചിത്വം മാത്രമല്ല, മറിച്ച് അന്തസിന്‍റെയും അഭിമാനത്തിന്‍റെയും നമ്മുടെ മക്കള്‍ക്കായി നാം ബാക്കിവയ്ക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യയുടെയും ഭാഗമാണ്. മോദി പറയുന്നതു പോലെ, 'സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ' എന്നത് 'സബ്കാ സാഥ്, സ്വച്ഛതാ കാ വികാസ്' എന്ന മുദ്രാവാക്യമില്ലാതെ അപൂര്‍ണമാണ്. ശുചിത്വം മറ്റാരുടെയും ജോലിയല്ല; അത് നാം ഓരോരുത്തരുടെയും ദൗത്യമാണ്.
ശുചിത്വത്തെ ഒരു പ്രത്യേക ദിവസത്തേക്കോ ഒരാഴ്ചക്കാലത്തേക്കോ മാത്രം ഒതുക്കി നിർത്താതെ ആ ആവേശം വർഷമുടനീളം തുടരാന്‍ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ശുചിത്വം കേവലം ആചരണമല്ല, ജീവിതരീതിയാണ്. വീടുകളിലും അയൽപക്കങ്ങളിലും സമൂഹത്തിലും ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ദിനേന അത് പ്രാവർത്തികമാക്കുകയും വേണം.
ശുചിത്വത്തെ ദൈനംദിന ശീലമാക്കി മാറ്റുന്നതിനൊപ്പം 'ഹർ ദിൻ, ഏക് ഘണ്ടാ, ഏക് സാഥ്' അഥവാ എല്ലാ ദിവസവും, ഒരു മണിക്കൂർ, ഒരുമിച്ച് എന്ന പ്രതിജ്ഞ പ്രാവര്‍ത്തികമാക്കാം. ഓരോ പൗരന്‍റെയും ചെറിയ സംഭാവനകളിലൂടെ രാജ്യം കൂടുതൽ തിളക്കമാര്‍ന്നതാവും. മഹാത്മാ ഗാന്ധി സ്വപ്നം കണ്ടതും പ്രധാനമന്ത്രി മോദി യാഥാർഥ്യമാക്കിയതും ഓരോ ഇന്ത്യക്കാരനും പരിപോഷിപ്പിക്കുന്നതുമായ സ്വച്ഛ ഭാരതമെന്ന സ്വപ്നം ശുചിത്വപൂര്‍ണവും ഊര്‍ജസ്വലവും അഭിമാനകരവുമായ ഒന്നായി പൂവണിയും.
പ്രധാനമന്ത്രി മോദി നമുക്ക് വഴികാട്ടിയാണ്. ഒരൊറ്റ രാജ്യമായും ഒരൊറ്റ ജനതയായും ഒരൊറ്റ ലക്ഷ്യത്തോടെയും ആ വഴിയിൽ ഒരുമിച്ചു ചുവടുവയ്ക്കാം. ഓരോ പൗരനും ഒരു ശുചീകരണ സുഹൃത്താവുകയും ശുചിത്വത്തിനായി ചെയ്യുന്ന ഓരോ പ്രവൃത്തിയും ഭാവിയുടെ സമ്മാനമാവുകയും ചെയ്യുന്ന സ്വച്ഛ ഭാരതമാകട്ടെ ലക്ഷ്യം.
(കേന്ദ്ര ഭവന, നഗരകാര്യ, ഊർജ വകുപ്പ് മന്ത്രിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)