അതീതം| എം.ബി. സന്തോഷ്
പരിചയക്കാരന്‍റെ മകന്‍റെ കഥ പറഞ്ഞത് അടുത്ത സുഹൃത്തായ അധ്യാപകനാണ്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് സംസ്ഥാനത്തെ പ്രധാന കോളെജുകളിലൊന്നിലും പ്രവേശനം കിട്ടാനുള്ള മാർക്ക് ഇല്ലായിരുന്നു. അത്ര കഷ്ടിച്ചായിരുന്നു ജയം. സ്വാശ്രയ എൻജിനീയറിങ് കോളെജിൽ മാനെജ്മെന്‍റ് സീറ്റിൽ പ്രവേശനം കിട്ടുമായിരുന്നു. അപ്പോഴാണ് ആ മകൻ വിദേശ പഠനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. അതിലുറച്ചു നിന്ന് സമ്മർദം ചെലുത്തുകയും ഭാര്യ അതിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തപ്പോൾ പരിചയക്കാരന് മകനു വേണ്ടി എജ്യുക്കേഷൻ ലോണിന് പ്രമുഖ ബാങ്കിനെ സമീപിക്കേണ്ടിവന്നു. അവർ നിർദേശിച്ച ഏജൻസി മുഖേന പോയപ്പോൾ കാര്യങ്ങൾ എളുപ്പത്തിലായി. 25 ലക്ഷം രൂപ ബാങ്ക് അനുവദിച്ചു. 4 വർഷ ഡിഗ്രി കഴിഞ്ഞ് ഉടൻ തന്നെ വായ്പ തിരിച്ചടച്ചു തുടങ്ങണം. അടുത്ത വർഷം മുതൽതന്നെ പണം അയയ്ക്കാനാവുമെന്നായിരുന്നു മകന്‍റെയും അമ്മയുടെയും ആത്മവിശ്വാസം. മകൻ ഡിഗ്രി പഠിക്കാൻ വിദേശത്തേക്കു പറന്നപ്പോഴും ഗൃഹനാഥന് ആശങ്കയകന്നിരുന്നില്ല.
അടുത്ത കഥ പെൺകുട്ടിയുടേത്. സമാനമാണ് അവിടെയും സ്ഥിതി. പോയത് പിജിക്കാണെന്ന വ്യത്യാസമേയുള്ളൂ. ഡിഗ്രിക്ക് കഷ്ടിച്ച് ജയിച്ചതേയുള്ളൂ. അതിനാൽ തന്നെ സ്വാശ്രയ ബിഎഡ് പോലും കിട്ടാതെ വന്നപ്പോൾ വിദേശ പഠനം എന്ന മാർഗത്തിലേക്കെത്തി. ഇവർ വളരെ പ്രശസ്തമായ ഏജൻസിയെ സമീപിച്ചു. ബാക്കിയൊക്കെ അവർ ശരിയാക്കി. 30 ലക്ഷം രൂപയാണ് വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. കോഴ്സ് കഴിഞ്ഞ് 6 മാസം കഴിയുമ്പോൾ അടച്ചു തുടങ്ങണം. "അത്രയുമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്ന' ആഹ്ലാദത്തോടെ മകൾ വിദേശത്തേക്കു പറക്കുന്നത് മാതാപിതാക്കൾ നോക്കിനിന്നു.
ഓരോ വർഷവും കേരളത്തിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളാണ് ഉപരിപഠനത്തിന് ഏജൻസികൾ മുഖേന ലക്ഷങ്ങൾ മുടക്കി വിദേശങ്ങളിലേക്ക് പോകുന്നത്. അവരിൽ 95 ശതമാനം കുട്ടികളും കേരളത്തിലെ ഏതെങ്കിലും സർക്കാർ കോളെജിലോ, എയ്ഡഡ് കോളെജിലോ, സ്വാശ്രയ കോളേജിലോ മെറിറ്റിൽ സീറ്റ് കിട്ടിയവരല്ല. വിദേശത്തെ മികച്ച കോളെജുകളിൽ അഡ്മിഷൻ ലഭിക്കാൻ നല്ല നിലവാരമുള്ള പ്രവേശന പരീക്ഷകൾ എഴുതി മികച്ച മാർക്കോടെ ഉയർന്ന റാങ്കിൽ വരണം. അത്തരം കുട്ടികൾക്കാണ് സ്കോളർഷിപ്പും സ്റ്റൈപ്പെന്‍റും ലഭിക്കുക. അത്തരം ഒന്നാം തരം സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയാലേ പ്രമുഖ കമ്പനികളിൽ നിയമനം ലഭിക്കൂ. കേരളത്തിൽ നിന്ന് വിദേശത്ത് പോയി പഠിക്കുന്ന കുട്ടികളിൽ മഹാഭൂരിഭാഗവും നിലവാരം കുറഞ്ഞ തട്ടിക്കൂട്ട് സ്ഥാപനങ്ങളിലാണ് ചേരുന്നതെന്നതാണ് യാഥാർഥ്യം. ഇത്തരം സ്ഥാപനങ്ങളിലെ ബിരുദങ്ങളിലേറെയും ഇന്ത്യയിലെ പ്രധാന സർവകലാശാലകൾ പോലും അംഗീകരിക്കാത്തതിനാൽ സർക്കാർ, പൊതമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ഉപയോഗിക്കാനാവില്ല.
മിക്ക വിദേശരാജ്യങ്ങളിലും ഒരു നിശ്ചിത മണിക്കൂര്‍ മാത്രമേ വിദേശ വിദ്യാർഥികള്‍ക്ക് പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ സാധിക്കൂ. വിദ്യാര്‍ത്ഥികള്‍ക്ക് ആ പണം വായ്പ അടയ്ക്കാന്‍ പോയിട്ട് ജീവിത ചെലവിനു പോലും തികയില്ല. ഡോളര്‍ രൂപയിലേയ്ക്ക് മാറ്റി കണക്കുകൂട്ടിയതൊക്കെ വൃഥാവിലായെന്ന് മനസിലാക്കാൻ അധികനാളൊന്നും വേണ്ടിവരില്ല. ഇത്തരം രാജ്യങ്ങളിലെ ഉയര്‍ന്ന നികുതിയും ജീവിതനിലവാരവും വച്ച് നോക്കുമ്പോള്‍ പാര്‍ട്ട്ടൈം ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കില്ല. ഇതിന് മികച്ച ഉദാഹരണമാണ് നിലവിലെ ഇംഗ്ലണ്ടിലെ അവസ്ഥ. റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടര്‍ന്നുള്ള പ്രകൃതിവാതക ക്ഷാമം ആ രാജ്യത്ത് കനത്ത വില വർധന വരുത്തിയത് ഇങ്ങനെ വരുന്ന വിദ്യാർഥികളുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇതിനു പുറമെയാണ് കഠിന തണുപ്പുള്ള കാലാവസ്ഥ.
രാജ്യത്തു നിന്ന് പ്രതിവർഷം 8 ലക്ഷത്തോളം വിദ്യാർഥികളാണ് വിദേശങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. കേരളത്തിൽനിന്ന് ശരാശരി 42, 000 വിദ്യാർഥികൾ. ഇവരിൽ 54. 4 ശതമാനം പെൺകുട്ടികളാണ്. പ്രവാസികളായ സ്ത്രീകളിൽ 72 ശതമാനം പേരും ബിരുദധാരികളോ അതിനുമുകളിൽ വിദ്യാഭ്യാസ യോഗ്യതയുളളവരോ ആണ്. കേരളത്തിലെ കുടിയേറ്റക്കാരിൽ 76.9 ശതമാനവും തൊഴിലാളി കുടിയേറ്റക്കാരാണ്. അതിലും സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. നോർക്ക റൂട്ട്സിനു വേണ്ടി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ കേരള മൈഗ്രേഷൻ സർവെ- 2023ലെ കണക്കുകളാണിവ.
കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവരിൽ 11 ശതമാനം പേർ വിദ്യാഭ്യാസത്തിന് പോകുന്നവരാണ്. അതായത് കേരളത്തിൽ നിന്നുള്ള മൊത്തം കുടിയേറ്റക്കാരിൽ 2. 5 ലക്ഷം പേർ വിദ്യാർഥികളാണ് എന്ന് അർഥം. ബ്രിട്ടൻ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ചൈന, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള പ്രധാന വിദ്യാർഥി കുടിയേറ്റങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥി കുടിയേറ്റം നടത്തുന്ന രാജ്യം ബ്രിട്ടനാണ്. 30 ശതമാനമാണ് കേരളത്തിൽ നിന്ന് ബ്രിട്ടനിലേക്കുള്ള വിദ്യാർഥി കുടിയേറ്റം. അത്തരം കുടിയേറ്റങ്ങളുടെ ശതമാനക്കണക്ക് ഇങ്ങനെയാണ്: ആസ്‌ട്രേലിയ- 7.1, ചൈന 21.4, ന്യൂസിലാൻഡ്- 7.1, ജിസിസി രാജ്യങ്ങൾ- 21.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 2012ൽ 40 ലക്ഷമായിരുന്നു. 2025ൽ അത് 75 ലക്ഷം കവിയുമെന്ന് പ്രതീക്ഷ.
നാലു തവണ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) എഴുതിയത് പാലായിൽ താമസിച്ച് പരിശീലനം നേടിയ ശേഷമാണ്. മെഡിസിൻ പഠിക്കാതെ നാട്ടിൽ പോകില്ലെന്ന് വിദ്യാർഥി വാശി പിടിച്ചതോടെ മാതാപിതാക്കൾ ഏജൻസിയെ സമീപിച്ചു. റഷ്യയിൽ അവർ മെഡിസിന് സീറ്റ് തരപ്പെടുത്തി. "6 വർഷമാണ് അവിടെ മെഡിക്കൽ കോഴ്‌സ്. ആ ബാച്ചിൽ 32 മലയാളികൾ ഉണ്ടായിരുന്നു. അവരെല്ലാം നീറ്റിൽ റാങ്ക് ലഭിക്കാത്തവരാണ്'- ആ വിദ്യാർഥി പറഞ്ഞു. വിദേശത്തു നിന്ന് എംബിബിഎസ് എടുത്തവർക്ക് ഇൻഡ്യയിൽ ജോലി ചെയ്യാൻ ദേശീയ തലത്തിൽ നടക്കുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേഷൻ പരീക്ഷ പാസാകണമെന്നുമുണ്ട്.
ആദ്യം പറഞ്ഞ പരിചയക്കാരന്‍റെ മകന്‍റെ ഇപ്പോഴത്തെ അവസ്ഥ: അവിടെ ബിരുദ പരീക്ഷയുടെ ആദ്യ വർഷ പരീക്ഷ പോലും പാസാകാനായില്ല. ജോലി ആദ്യമൊക്കെ ഭക്ഷണ വിതരണമായിരുന്നു. ഇവിടത്തെ സൊമാറ്റാ, സ്വിഗി പോലെ. അതിന് അവൻ വിദേശത്ത് ഇത്രയും പണം കൊടുത്ത് പോകണമായിരുന്നോ എന്ന സംശയം ഗൃഹനാഥന് ആരോടും ഉന്നയിക്കാനാവുന്നില്ല. ഗൃഹനാഥയുടെ പേരിലുള്ള ഭൂമി ബാങ്ക് കൊണ്ടുപോവുമെന്ന് ഏറെക്കുറെ ഉറപ്പായി എന്നതാണ് ഒടുവിലത്തെ വർത്തമാനം.
രണ്ടാമത്തെ അനുഭവത്തിലെ പെൺകുട്ടിക്കും ആദ്യ പരീക്ഷയിൽ തന്നെ കാലിടറി. അവൾക്ക് ആശ്വാസമായത് ഒരു വീട്ടിലെ വൃദ്ധജന പരിചരണത്തിന് അവസരം കിട്ടിയതാണ്. ഭക്ഷണവും താമസവും അവിടെത്തന്നെ. ഇപ്പോൾ, പഠന കാലയളവ് കഴിഞ്ഞതിനാൽ അനധികൃത കുടിയേറ്റമാണ്. ഏത് നിമിഷം വേണോ പൊലീസിന്‍റെ പിടിയിൽപ്പെടാം എന്നതിനാൽ ഇപ്പോൾ പുറത്തിറങ്ങാറില്ല.
വിദേശത്തേക്ക് നമ്മുടെ കുട്ടികൾ പോവുന്നതിന് മറുപുറവുമുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ഈ വർഷം യഥാക്രമം 885, 1600 വിദേശ അപേക്ഷകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ അധ്യയന വർഷം ഇത് 571, 1100 പേരായിരുന്നു. കേരളത്തിലെ പ്രശസ്തമായ സ്വകാര്യ കോളെജുകളിലും വിദ്യാർഥികൾ പ്രവേശനം നേടുന്നു. കളമശേരിയിലെ രാജഗിരി കോളെജിൽ 60 വിദേശ വിദ്യാർഥികൾ വിവിധ പ്രോഗ്രാമുകൾക്കായി എൻറോൾ ചെയ്തിട്ടുണ്ട്.
രാജ്യത്തിലെ മികച്ച 100 കോളെജുകളുടെ റാങ്കിനുള്ളിൽ കേരളത്തിലെ 16 കോളെജുകൾ ഉൾപ്പെട്ടിട്ടുണ്ട്. റാങ്കിങ്ങിൽ ഉൾപ്പെട്ട 300 കോളെജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണെന്നും മറക്കരുത്.
വിദേശ പഠനവും അനുഭവവും ഒക്കെ നല്ലതാണ്. പക്ഷെ, അത് പഠിക്കാൻ പോകുന്നവർക്കും അവരുടെ മാതാപിതാക്കൾക്കും "അനുഭവി'ക്കാനുള്ളതാവരുത്.