ശമ്പളം മുടങ്ങുമ്പോൾ...

കേരളത്തിലെ ഏറ്റവും വലിയ സംഘടിത ശക്തിയാണ് സർക്കാർ ഉദ്യോഗസ്ഥർ. അവർക്ക് ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ജനവികാരം എതിരാവും, ആകാശം ഇടിഞ്ഞുവീഴും എന്നൊക്കെയായിരുന്നു പ്രചാരണം.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന റിട്ട. എസ്ഐ ഇ.ജി. പ്രസാദ്.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന റിട്ട. എസ്ഐ ഇ.ജി. പ്രസാദ്.

അതീതം | എം.ബി. സന്തോഷ്

ഇത് അച്ചടിച്ചുവരുമ്പോഴേക്കും എസ് ഐ ആയി സർവീസിൽനിന്ന് വിരമിച്ച ഇ. ജി പ്രസാദിന്‍റെ സെക്രട്ടേറിയറ്റ് പടിക്കലെ സമരം അവസാനിച്ചുകാണും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യക്ക് ചികിത്സയ്ക്ക് ചെലവായ നാല് ലക്ഷത്തോളം രൂപയ്ക്കായി ഇദ്ദേഹം സർവീസിലിരിക്കെ അപേക്ഷ നൽകി. എന്നാൽ, ഇതുവരെയും ആ തുക അനുവദിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. അങ്ങനെയാണ് ഈ വിരമിച്ച എസ്ഐ സേക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനെത്തിയത്. സമരം തുടങ്ങിയതോടെ പണം അനുവദിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതിന്‍റെ രേഖകൾ തന്നാലേ സമരം നിർത്തൂ എന്നുപറഞ്ഞ് സമരം തുടരുകയായിരുന്നു ഇദ്ദേഹം. ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയതറിഞ്ഞാൽ ഈ പെൻഷൻകാരന്‍റെ മനോഭാവം എന്തായിരിക്കും?

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മാർച്ച് മാസത്തെ ആദ്യ പ്രവൃത്തിദിനമായ ഒന്നാം തീയതി നൽകാൻ സാധിച്ചില്ല. കേരളത്തിലെ ഏറ്റവും വലിയ സംഘടിത ശക്തിയാണ് സർക്കാർ ഉദ്യോഗസ്ഥർ. അവർക്ക് ശമ്പളം കൃത്യമായി കൊടുത്തില്ലെങ്കിൽ ജനവികാരം എതിരാവും, ആകാശം ഇടിഞ്ഞുവീഴും എന്നൊക്കെയായിരുന്നു പ്രചാരണം.

കേരള എൻജിഒ അസോസിയേഷന്‍റെ സെക്രട്ടറി രെഞ്ചു കെ. മാത്യു ശമ്പളം കിട്ടാത്തതിന്‍റെ ബുദ്ധിമുട്ടുകൾ വിവരിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ ആദ്യ കമന്‍റ് ഇങ്ങനെ:

''ഏതെങ്കിലും ആവശ്യത്തിന് സർക്കാർ ഓഫിസിൽ വരുമ്പോൾ ഞങ്ങളോടുള്ള സമീപനം കാണുമ്പോൾ നിങ്ങൾക്കൊന്നും ശമ്പളമേ മേടിക്കാൻ യോഗ്യതയില്ല... ഒരു പാട് പാവങ്ങളുടെ കണ്ണുനീരുണ്ടെടോ നിങ്ങളുടെയൊക്കെ തലയുടെ മുകളിൽ...''

അടുത്ത പ്രതികരണം ഇതാ:

''കണക്കായിപ്പോയി. ഇതിനെയാണ് കർമ എന്നുപറയുന്നത്. ശമ്പളം മുടങ്ങിയാൽ ബുദ്ധിമുട്ടാണ് അല്ലേ? ഒരു മാസത്തെ ശമ്പളം മുടങ്ങിയപ്പോഴേക്കും നിങ്ങൾക്ക് ഇത്ര ബുദ്ധിമുട്ടാണെങ്കിൽ (മുടങ്ങിയിട്ടില്ല, വൈകിയിട്ടേ ഉളളൂ ) പലവിധ കാരണങ്ങൾ പറഞ്ഞു ചെരുപ്പിന്‍റെ വാറ് പൊട്ടുന്നതുവരെ നിങ്ങളുടെ ഓഫിസിൽ കയറ്റിയിറക്കുന്ന സാധാരണക്കാരൻ എത്ര ബുദ്ധിമുട്ടുന്നുണ്ടാകുമെന്ന് നിങ്ങളും അറിയണം.''

ഇതിനെക്കാൾ രൂക്ഷമാണ് അടുത്തത്:

''ഈ ഭൂലോകത്ത് തരിമ്പും പണിയെടുക്കാതെ, ശമ്പളവും കിമ്പളവും , ചായ കുടിയും, യൂണിയൻ പണിയും, സാധാരണ ജനങ്ങളുടെ ഫയലിൽ കയറി ഇരുന്ന് വർഷങ്ങളോളം അവരെ കണ്ണീരു കുടിപ്പിക്കുന്ന കിങ്കരൻമാരാണു കേരളത്തിലെ സർക്കാർ ജോലിക്കാർ.''

മറ്റൊരു പ്രതികരണം:

''താങ്കൾ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാരിൽ 99 ശതമാനവും യാതൊരു ദയയും അർഹിക്കുന്നില്ല. കാരണം, ജോലി കിട്ടിയ അന്നു മുതൽ യൂണിയൻ പ്രവർത്തനത്തിനും (വേണ്ട എന്നല്ല) കാപ്പികുടിക്കും, ചില്ലറ വർത്തമാനത്തിനും ലീവെടുക്കുന്നതിനും മാത്രമായി നടക്കാതെ, ഒരു ശതമാനമെങ്കിലും നിങ്ങളുടെ ആപ്പീസുകളിൽ കയറി ഇറങ്ങുന്ന സാധാരണക്കാരന്‍റെ മാനസിക വിഷമം അറിഞ്ഞു പ്രവർത്തിക്കുവാൻ ശ്രമിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല.''

പാമ്പാടി ട്രഷറിയിലെ ജൂനിയർ സൂപ്രണ്ട് ആയ ഇദ്ദേഹത്തിന്‍റെ കുറിപ്പ് പ്രസിദ്ധീകരിച്ച ഒരു പത്രത്തിന്‍റെ ഓൺലൈനിൽ സാധാരണ ജനങ്ങളിട്ട ‘പൊങ്കാല’ ഇദ്ദേഹമുൾപ്പെടെയുള്ളവരുടെ കണ്ണുതുറപ്പിക്കട്ടെ.

ഒരിക്കലെങ്കിലും എന്തെങ്കിലും ആവശ്യത്തിന് സർക്കാർ ഓഫിസിൽ പോയിട്ടുണ്ടെങ്കിൽ അവിടെയുള്ളവരെ മാത്രമല്ല, അടുത്ത തലമുറയേയും ശപിക്കാതെ ഇറങ്ങിപ്പോന്നവർ തീരെ കുറവായിരിക്കും. ഇതിൽ വലിയൊരു വിഭാഗം സർക്കാരിന് അങ്ങോട്ട് പണം കൊടുക്കാൻ പോവുന്നവരായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളാണെങ്കിൽ അങ്ങോട്ട് പണം നൽകാൻ ചെല്ലുന്നവരെ എഴുന്നേറ്റുനിന്ന് വരവേൽക്കും. സർക്കാർ ഓഫിസിൽ പണമൊടുക്കാൻ ചെല്ലുന്നവരെ എത്രതവണ കയറി ഇറക്കിയാലും ചില ഉദ്യോഗസ്ഥർക്ക് മതിയാവില്ല.

ഒരനുഭവം - പേട്ട വില്ലെജ് ഓഫിസിൽ കഴിഞ്ഞ വർഷം ഉണ്ടായതാണ്. വസ്തുനികുതി കുടിശിക‍യാക്കേണ്ട എന്ന ‘ദുർബുദ്ധി’ തോന്നിയതിനെ തുടർന്ന് വള്ളക്കടവിലെ ഓഫിസിലെത്തിയപ്പോൾ നാലഞ്ചുപേരുണ്ട് ഉദ്യോഗസ്ഥർ. വിവിധ ആവശ്യങ്ങൾക്ക് വന്നവർ പതിനഞ്ചോളം പേരുണ്ടാവും. അരോട് എന്തിന് സമീപിക്കണം എന്നതിനെപ്പറ്റി ഒരു സൂചനയും അവിടെയില്ല. കുറേപ്പേർ വാതിലിനടുത്തും ജനലിനടുത്തും കൂടി നിൽക്കുന്നു. ഒരു സ്ത്രീ കസേരയിലിരുന്ന് മൊബൈലിലൂടെ പൊട്ടിച്ചിരിക്കുകയും ഉച്ചത്തിൽ മറുപടി നൽകുകയും ചെയ്യുന്നുണ്ട്. അടുത്തിരിക്കുന്ന മറ്റൊരു സ്ത്രീ മുന്നിലിരിക്കുന്ന കംപ്യൂട്ടറിൽനിന്ന് മുഖമുയർത്തുന്നേയില്ല.

ഒരൂ ഊഹത്തിന് സമീപത്തെ ക്യൂവിൽ നിന്നു. ക്യൂ എത്തിയപ്പോൾ ഉദ്യോഗസ്ഥനോട് നികുതി അടയ്ക്കാനാണ് എന്നറിയിച്ചപ്പോൾ ''റീസർവേ റിസൾട്ട് നോക്കണം, അതിനിപ്പോൾ പറ്റില്ല, രണ്ടാഴ്ച കഴിഞ്ഞ് വരൂ'' എന്നായി അദ്ദേഹത്തിന്‍റെ മറുമൊഴി. എങ്കിൽ അത് എഴുതിത്തരണം എന്നുപറഞ്ഞപ്പോൾ അത് പറ്റില്ല.

''രണ്ടാഴ്ച കഴിഞ്ഞ് വന്നാലും ഇതുതന്നെ പറയില്ല എന്നതിനെന്താ ഉറപ്പ് ?'' എന്നു ചോദിച്ചപ്പോൾ അതിനുത്തരം പറയാതെ അയാൾ അടുത്ത ആളിന്‍റെ പരാതി കൈയിലെടുത്തു. അയാൾക്കെതിരേ അവിടെവച്ചുതന്നെ ശബ്ദമുയർത്തി പ്രതിഷേധിച്ചതോടെ ചിത്രം മാറി. ഉടൻ മറ്റൊരു ഉദ്യോഗസ്ഥൻ വിളിച്ചുകൊണ്ടുപോയി അപ്പോൾതന്നെ കംപ്യൂട്ടറിൽ കിടക്കുന്ന റീസർവേ രേഖ പരിശോധിച്ചു. അതിൽ പ്രശ്നമില്ല. പണം കൈപ്പറ്റി രസീത് നൽകി. ഇതിനെല്ലാം കൂടി രണ്ടുമൂന്ന് മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ. ഇതിനാണ് രണ്ടാഴ്ച കഴിഞ്ഞ് വന്നുനോക്കാൻ 'ഏമാൻ' കൽപ്പിച്ചത്. ഇത്തരക്കാർക്ക് ശമ്പളം മുടങ്ങി എന്നറിയുമ്പോൾ സാധാരണക്കാർക്ക് സന്തോഷമേ ഉണ്ടാവൂ. സാധാരണക്കാരായതിനാലും അവർ ബഹുഭൂരിപക്ഷമാണെങ്കിലും സംഘടിതശക്തി അല്ലാത്തതിനാൽ ആഹ്ളാദപ്രകടനം നടത്തുന്നില്ല എന്നേയുള്ളൂ.

കേരളത്തിൽ ഒരു കാലത്ത് ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്ന 'ഗമ' ഓർമയില്ലേ? അവിടെയും പണമൊടുക്കാൻ കാത്തുകെട്ടിക്കിടന്നത് മറക്കാനാവുമോ? ഫോൺ കേടായാൽ മാറ്റണമെങ്കിൽ ഉന്നതതല സമ്മർദം വേണം! വേറെ ഓപ്ഷൻ വന്നതോടെ ജനം പുറം കാൽകൊണ്ട് തൊഴിച്ചതോടെ ഇക്കൂട്ടരുടെ ശമ്പളം മുടങ്ങി. പിന്നീട് വിആർഎസ് എന്ന പേരിലുള്ള ഒഴിവാക്കൽ. ജീവനക്കാർ ഇപ്പോൾ ഉപഭോക്തൃസേവനം എന്തെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നു. കാരണം, അനുഭവം അവരെ പഠിപ്പിച്ചു. അപ്പോഴേയ്ക്കും കേന്ദ്രസർക്കാരിന് അവരോട് തീരെ താത്പര്യമില്ലാതായി എന്നത് വേറെ കാര്യം.

സ്റ്റോപ്പിൽ ബസ് നിർത്തുന്നത് കുറച്ചിലായി കണ്ടവരാണ് ഒരു വിഭാഗം കെഎസ് ആർടിസി ഡ്രൈവർമാർ. അവിടെയും ശമ്പളം മുടങ്ങി. ഇപ്പോൾ, അതേ ഡ്രൈവർമാർ മര്യാദരാമൻമാരായി. ബസ് സ്റ്റോപ്പുകളിൽ നിർത്തി ആൾക്കാരെ വിളിച്ചുകയറ്റുന്ന കെഎസ്ആർടിസി ജീവനക്കാരെ പലേടത്തും കാണാനായി. അപ്പോൾ, കെഎസ്ആർടിസി ജീവനക്കാർക്ക് നൽകേണ്ട തുക വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയാൽ സന്തോഷിക്കുന്നത് ആരായിരിക്കും?

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പലേ കാരണങ്ങളിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടുണ്ട്. കൃത്യമായ തുക കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പില്ലാത്തവരായി അവിടങ്ങളിൽ സർക്കാർ ജീവനക്കാർ മാറിയിട്ടുണ്ട്.

കേരളത്തിൽ സ്വകാര്യമേഖല ഇപ്പോഴും ചൂഷണത്തിൽനിന്ന് മുക്തമല്ല. അർഹമായ ശമ്പളം കൃത്യമായി നൽകുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ ഏറെയാണ്. അരക്ഷിതമായ അവസ്ഥ ഇന്നത്തെ കാലത്ത് കൂടുതലായതിനാൽ ചെറുപ്പത്തിലേ വിഷാദരോഗികളാവുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം ഏറെയാണെന്ന് വിവിധ പഠന റിപ്പോർട്ടുകളിലുണ്ട്. ചൂഷണം ഒഴിവാക്കാൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് ശമ്പളം നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് ഗുണകരമാവുമെന്നാണ് കരുതിയത്. എന്നാൽ, എയ്ഡഡ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശമ്പളം കിട്ടുന്നതിൽ വലിയൊരു പങ്ക് തിരിച്ചുവാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇങ്ങനെ തിരിച്ചു പിടുങ്ങുന്ന ശമ്പളത്തിന് നികുതി നൽകേണ്ടിവരുന്നവരും കുറവല്ല.

ലോകത്ത് എവിടെ ശമ്പളം മുടങ്ങിയാലും ഓടിനടന്ന് റിപ്പോർട്ട് ചെയ്യുന്നവരാണ് 'മാപ്ര' എന്ന പരിഹാസപ്പേരിലെ മാധ്യമ പ്രവർത്തകർ. എന്നാൽ, അവരിലെത്രപേർക്ക് ശമ്പളം കൃത്യമായി കിട്ടുന്നുണ്ടെന്നറിഞ്ഞാൽ പലരും ഞെട്ടും. രാഷ്‌ട്രീയ പാർട്ടികളുടെയും മത സ്ഥാപനങ്ങളുടെയും പേരിലുള്ള മാധ്യമങ്ങളിലും ശമ്പളം കിട്ടുന്നില്ല എന്നതാണ് വാസ്തവം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയായാലും കൂടുതൽ പണം പരസ്യത്തിലൂടെ ലഭിക്കുന്ന സ്ഥാപനമായാലും അതിൽ മാറ്റമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രം കേരളത്തിലായിരുന്നു. പക്ഷെ, ഒരിക്കലും ഇന്ത്യയിലെ ഏറ്റവും മികച്ച ശമ്പളം അവിടത്തെ ജീവനക്കാർക്കായിരുന്നില്ല!

സർക്കാർ ജീവനക്കാരായാലും കെഎസ് ആർടിസിക്കാരായാലും സ്വകാര്യ മാനെജ്മെന്‍റിന് കീഴിൽ പ്രവർത്തിക്കുന്നവരായാലും 30 ദിവസം ജോലി ചെയ്യുന്നതിന്‍റെ പ്രതിഫലമാണ് ശമ്പളം. അത് കൃത്യമായി നൽകാൻ ജോലി ചെയ്യിച്ചവർക്ക് ഉത്തരവാദിത്തമുണ്ട്. കാരണം, ഈ ശമ്പളം കൊണ്ടാണ് ജോലി ചെയ്തവർ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. അവർക്ക് വീട്ടുവാടകയും മക്കളുടെ ഫീസും നൽകണം. പച്ചക്കറിയും പാലും പലവ്യഞ്ജനവും വാങ്ങണം. യാത്ര ചെയ്യാൻ വാഹനം വാങ്ങിയവരും പാർക്കാൻ വീടൊന്ന് തട്ടിക്കൂട്ടിയവരും ഇക്കൂട്ടത്തിലുണ്ട്. അതിന് പണം കൃത്യതീയതിയിൽ ബാങ്കിൽ ഒടുക്കണം. ഇഎംഐ എന്ന പ്രതിമാസത്തവണ കുടിശികയായാൽ ഒരാളിന്‍റെ മാത്രമല്ല, മൊത്തം കുടുംബത്തിന്‍റെ സ്വസ്ഥത കെടുത്തുന്ന ഭീകരനായി മാറും. ആശുപത്രി, മരുന്ന്... അങ്ങനെ നൂറുകൂട്ടം ചെലവുകൾക്കും ഒരേ ഒരു മരുന്നേയുള്ളൂ- ശമ്പളം. അത് ആർക്കാണെങ്കിലും അർഹതപ്പെട്ടത് കൃത്യമായി ലഭിക്കുകതന്നെ വേണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com