
മിഗ്-21 വിരമിക്കുമ്പോൾ...
വിജയ് ചൗക്ക്
സുധീര്‍ നാഥ്
കുട്ടിക്കാലം മുതല്‍ നാം കേള്‍ക്കുന്ന പേരാണ് മിഗ്-21 യുദ്ധ വിമാനം. ആറു പതിറ്റാണ്ടിലേറെയാണ് രാജ്യത്തിന്‍റെ ആകാശത്തില്‍ വ്യോമസേനയുടെ കരുത്തായി മിഗ്-21 യുദ്ധ വിമാനങ്ങള്‍ പ്രതിരോധ കവചം തീര്‍ത്തത്. മിഗ്-21ന്‍റെ വീരകഥകള്‍ ഇനി ചരിത്രമാണ്. ചണ്ഡിഗഡിലെ വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മിഗ്-21 യുദ്ധവിമാനങ്ങള്‍ സൈന്യ സേവനത്തില്‍ നിന്ന് വിരമിച്ചു. വൈകാരികമായ വിടവാങ്ങല്‍ ചടങ്ങ് നടത്തിയാണ് ശത്രുക്കളെ വിറപ്പിച്ച ഈ വിമാനങ്ങള്‍ക്ക് സേന യാത്രയയപ്പ് നല്‍കിയത്. മിഗ്-21 രാജ്യസുരക്ഷയില്‍ നമ്മുടെ അഭിമാനമാണ്.
അതൊരു വിമാനമോ യന്ത്രമോ മാത്രമല്ല, ശക്തമായ ഇന്ത്യ- റഷ്യ ബന്ധത്തിന്‍റെ തെളിവു കൂടിയാണ്. അവസാനത്തെ മിഗ്-21 വിമാനങ്ങളുടെ സ്വിച്ച് ഓഫ് കര്‍മം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിച്ചതോടെ അവ ചരിത്രമായി. വിമാനത്തിന്‍റെ വിശദാംശങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം രേഖപ്പെടുത്തിയ "ഫോം 700' എന്ന ഔദ്യോഗിക രേഖ ഓഫിസര്‍മാര്‍ വ്യോമസേനാ മേധാവിക്കു കൈമാറി. മിഗ്-21ന്‍റെ ആദരസൂചകമായി സ്റ്റാംപും കേന്ദ്രമന്ത്രി പുറത്തിറക്കി. യുദ്ധ വിമാനങ്ങള്‍ നിർമിച്ച് വില്‍പ്പന നടത്തുന്നതില്‍ സോവിയറ്റ് യൂണിയന്‍ (ഇന്നത്തെ റഷ്യ) ലോകപ്രശസ്തമാണ്. സബ്‌സോണിക് മിഗ് -15, മിഗ് -17, സൂപ്പര്‍സോണിക് മിഗ് -19 എന്നീ സോവിയറ്റ് ജെറ്റ് യുദ്ധവിമാനങ്ങളുടെ തുടര്‍ച്ചയായിരുന്നു മിഗ്-21. ഇത് ശബ്ദത്തേക്കാള്‍ വേഗതയില്‍ പറക്കുന്നത് എന്നാണ് മിഗ്-21 യുദ്ധവിമാനങ്ങളെ വിശേഷിപ്പിക്കാറ്.
മിഗ്-21 പഴയ സോവിയറ്റ് യൂണിയന്‍ രാജ്യത്തിന്‍റെ നിർമിതിയായ ശബ്ദാധിവേഗ പോര്‍വിമാനമാണ്. മിഗ് എന്നത് പഴയ റഷ്യന്‍ വിമാന നിർമാണ വിഭാഗമായ മിഖായോന്‍ ഖുരേവിച്ച് എന്നതിന്‍റെ (ഇപ്പൊള്‍ വെറും മിഖായോന്‍) ചുരുക്കപ്പേരാണ്. അവര്‍ നിർമിച്ച അല്ലെങ്കില്‍ രൂപകല്പന ചെയ്ത എല്ലാ വിമാനങള്‍ക്കും മിഗ് എന്ന സ്ഥാനപ്പേരുണ്ട്. മിഗ്-21നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫിഷ്‌ബെഡ് എന്നാണ്. ഇന്ത്യയില്‍ ഇത് ത്രിശൂല്‍, വിക്രം, ബൈസണ്‍ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. 1950കളുടെ ആദ്യം മിഗ് -21ന്‍റെ മാതൃക വികസിപ്പിച്ചു തുടങ്ങി. 1954ല്‍ പുറത്തിറക്കിയ മാതൃകയായ യെ-1ന്‍റെ രൂപാന്തരമായാണ് മിഖോയോന്‍ ഇതിനെ വികസിപ്പിച്ചത്. ആദ്യം പ്രതീക്ഷിച്ചിരുന്ന എൻജിന്‍റെ ശക്തി മതിയായേക്കില്ല എന്ന സൂചന ലഭിച്ചതോടെ ഈ ദൗത്യം പുനര്‍ രൂപകല്പന ചെയ്തു. ഇത് യെ-2 എന്ന മാതൃകയില്‍ എത്തി നിന്നു. ശക്തിയേറിയ സ്വെപ്റ്റ് ചിറകുകള്‍ ഈ രണ്ട് മാതൃകയ്ക്കും ഉണ്ടായിരുന്നു. ഇതിനു ബദലായി ഡെല്‍റ്റ ചിറകുകള്‍ പിടിപ്പിച്ചാണ് യെ-4 മാതൃക വികസിപ്പിച്ചത്. 1955 ജൂണ്‍ 16ന് ഇത് കന്നിപ്പറക്കല്‍ നടത്തിയത്. 1963ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഉത്തര കൊറിയ ആദ്യ മിഗ്-21 വിമാനങ്ങള്‍ സ്വന്തമാക്കി, ഒരുപക്ഷേ അതിനുമുമ്പ്, ഈ വിമാനങ്ങള്‍ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇത് മാറി.
1963ലാണ് ഹൈ ആള്‍ട്ടിറ്റിയൂഡ് ഇന്‍റര്‍സെപ്റ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ വ്യോമസേന ആദ്യമായി മിഗ്-21 യുദ്ധവിമാനങ്ങള്‍ സൈന്യത്തിന്‍റെ ഭാഗമാക്കിയത്. ഇപ്പോഴത്തെ എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് ജനിച്ച വര്‍ഷം. പിന്നീട് ഇതിന്‍റെ വിവിധ പതിപ്പുകള്‍ വ്യോമസേനയിലെത്തി. 18 ഓളം മിഗ്-21 ബൈസണ്‍ വിമാനങ്ങളുള്ള സ്‌ക്വാഡ്രണാണ് വ്യോമസേനയ്ക്ക് വേണ്ടി സേവനം നടത്തിയിരുന്നത്. 42 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ വ്യോമസേനയ്ക്ക് അനുമതിയുണ്ട്.
എന്നാല്‍ നമ്പര്‍-23 സ്‌ക്വാഡ്രണ്‍ വിരമിക്കുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ശേഷി 29 ആയി കുറയും. 1965ലെയും, 1971ലെയും ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധം, 1999ലെ കാര്‍ഗില്‍ യുദ്ധം, 2019ലെ ബാലാക്കോട്ട് വ്യോമാക്രമണം, 2025ലെ ഓപ്പറേഷന്‍ സിന്ദൂര്‍... മിഗ്-21ന്‍റെ വിജയകഥകള്‍ പലതാണ്. 1965ലെ യുദ്ധസമയത്ത് പൈലറ്റുമാര്‍ നല്ല അനുഭവങ്ങൾ പങ്കുവച്ചത് കൊണ്ട് മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കാനും, അറ്റകുറ്റപ്പണിക്കും, അടിസ്ഥാന സൗകര്യങ്ങള്‍ക്കും, പൈലറ്റ് പരിശീലന പരിപാടികള്‍ക്കും വന്‍തോതില്‍ നിക്ഷേപം നടത്താന്‍ പ്രത്രിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചു.
1966 നും 1984 നും ഇടയില്‍ നിർമിച്ച 840 വിമാനങ്ങളില്‍ പകുതിയിലധികവും അപകടങ്ങളില്‍ നഷ്ടപ്പെട്ടു. 2010 നും 2013 നും ഇടയില്‍ കുറഞ്ഞത് 14 മിഗ്-21 വിമാനങ്ങളെങ്കിലും തകര്‍ന്നു. ഇന്ത്യയില്‍ മാത്രം 400-ലധികം മിഗ്-21 വിമാനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. 1970 മുതല്‍ 200 ലേറെ ഇന്ത്യന്‍ പൈലറ്റുമാരും സാധാരണക്കാരും മിഗ്-21 അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് ദൗര്‍ഭാഗ്യകരമായ വിശേഷണങ്ങള്‍ നേടിക്കൊടുത്തു. "ഫ്ലൈയിങ് കോഫിന്‍' എന്നും, "വിഡോ മേക്കര്‍' എന്ന പേരിലും അതുകൊണ്ട് വിളിക്കപ്പെടുന്നുണ്ട്.
നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങള്‍ മിഗ്-21 സ്വന്തമാക്കിയിട്ടുണ്ട്. അതാത് രാജ്യങ്ങള്‍ അവരുടെ യുദ്ധമുഖത്തെ ശക്മായ പ്രതിരോധമായാണ് മിഗ് 21നെ പരിഗണിച്ചിരിക്കുന്നത്. മിഗ്-21ന്‍റെ ആദ്യ പറക്കല്‍ കഴിഞ്ഞ് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അത് ഇപ്പോഴും പല രാജ്യങ്ങള്‍ക്കും സേവനം നല്‍കുന്നു. വ്യോമയാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിർമിക്കപ്പെട്ട സൂപ്പര്‍സോണിക് ജെറ്റ് വിമാനം, കൊറിയന്‍ യുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ നിർമിക്കപ്പെട്ട യുദ്ധവിമാനം, മുമ്പ്, ഏതൊരു യുദ്ധവിമാനത്തിന്‍റെയും ഏറ്റവും ദൈര്‍ഘ്യമേറിയ ഉല്‍പ്പാദനം എന്നിവയായി ഇത് വ്യോമയാന റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു.
യുദ്ധമുഖത്ത് ആക്രമിക്കാനും പ്രതിരോധിക്കുവാനും സാധിക്കുന്ന ലോകവ്യാമയാന രംഗത്തെ വിജയമായ യുദ്ധ വിമാനമാണ് മിഗ്-21. ഭാരം കുറഞ്ഞ ഈ വിമാനം, താരതമ്യേന ശക്തികുറഞ്ഞ ആഫറ്റര്‍ ബര്‍ണിങ്ങ് ടര്‍ബോജെറ്റ് ഉപയോഗിച്ച് മാക്-2 വേഗത കൈവരിച്ചിരുന്നതിനാല്‍ അമേരിക്കയുടെ ലോക്ക്ഹീഡ് എഫ്-104 സ്റ്റാര്‍ ഫൈറ്റര്‍, നോര്‍ത്ത്രോപ് എഫ്-5 ഫ്രീഡം ഫൈറ്റര്‍, ഫ്രഞ്ച് ഡസായുടെ മിറാഷ് 3 യുമായും തുലനം ചെയ്തുവരുന്നു. അതിന്‍റെ പ്രാഥമിക രൂപം സുഖോയ് -9 പോലുള്ള വിമാനങ്ങള്‍ക്കു സമാനമായിരുന്നു.
മിഗ്-21 നെ "എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ പക്ഷി' എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത്. ശത്രു വിമാനങ്ങളെ തടയുന്നതിനുള്ള ഇന്‍റര്‍സെപ്റ്റര്‍, ആക്രമണ ശേഷിയുള്ള ഒരു ഗ്രൗണ്ട്- അറ്റാക്ക് പ്ലാറ്റ്ഫോം, ഇന്ത്യന്‍ ആകാശങ്ങളെ സംരക്ഷിക്കുന്ന ഒരു ഫ്രണ്ട് ലൈന്‍ എയര്‍ ഡിഫന്‍സ് ജെറ്റ്, എണ്ണമറ്റ പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന ഒരു പരിശീലന വിമാനം എന്നിങ്ങനെ വിവിധ റോളുകളില്‍ ഈ യുദ്ധവിമാനം മികവ് പുലര്‍ത്തിയതായി അദ്ദേഹം പറഞ്ഞു. നമ്മുടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള യുദ്ധവിമാനങ്ങളുടെ അടിത്തറ പാകിയത് മിഗ്-21 ലാണ്. ഈ ഐതിഹാസിക പ്ലാറ്റ്ഫോം തലമുറകളുടെ വ്യോമ യോദ്ധാക്കളെ പറക്കാനും പൊരുത്തപ്പെടാനും ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ വിജയിക്കാനും പഠിക്കാന്‍ സഹായിച്ചു.
ഇന്ത്യയുടെ വ്യോമ തന്ത്രം രൂപപ്പെടുത്തുന്നതില്‍ അതിന്‍റെ പങ്ക് പറഞ്ഞറിയിക്കാനാവില്ല. തീര്‍ച്ചയായും, ഇന്ത്യന്‍ വ്യോമസേനയിലെ മിഗ്-21 ന്‍റെ 62 വര്‍ഷത്തെ യാത്രയില്‍, വിമാനത്തിന്‍റെ സുരക്ഷാ റെക്കോര്‍ഡ് പ്രവര്‍ത്തന രഹിതമാക്കുകയും, അത് മനസിലാക്കാവുന്ന ആശങ്കകളുടെയും അത് നേരത്തെ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യങ്ങളുടെയും ഒരു കൂട്ടത്തിന് കാരണമാവുകയും ചെയ്തു. നവീകരണങ്ങള്‍ ഉപയോഗിച്ച്, ഇത്രയും കാലം അവയെ പറത്തിക്കൊണ്ടുപോകാന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മിഗ്-21ന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പറഞ്ഞു.
മിഗ് വിമാനങ്ങള്‍ വിരമിക്കുമ്പോള്‍ വ്യാമസേനയ്ക്ക് കരുത്ത് പകരാൻ പകരക്കാരനാകുന്നതു ഇന്ത്യന്‍ നിർമിത തേജസ് ആണ്. വ്യോമസേനയുടെ കൈവശം നിലവില്‍ 40 തേജസ് വിമാനങ്ങള്‍ ഉണ്ട്. നൂറോളം തേജസ് വിമാനങ്ങള്‍ താമസിയാതെ സേനയുടെ ഭാഗമാകും. തേജസിന്‍റെ നിർമാണത്തിലെ മന്ദഗതി ആശങ്ക ഉണ്ടാക്കുന്നു എന്ന് മറച്ചു വയ്ക്കുന്നില്ല. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് നിര്‍മിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 12 തേജസ് വിമാനങ്ങള്‍ നല്‍കാനാവുമെന്നാണ് എച്ച്എഎല്‍ പറയുന്നത്. എന്നാല്‍ 2010 ല്‍ ഓര്‍ഡര്‍ ചെയ്ത 40 തേജസ് മാര്‍ക്ക് 1 വിമാനങ്ങളുടെ വിതരണം ഇനിയും തേജസ് പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് വസ്തുത.
തേജസ് വിമാനങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ 64 ശതമാനത്തിലധികം ഇന്ത്യന്‍ ഉത്പന്നങ്ങളാണ്. കൂടാതെ 2021ലെ കരാറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 67 അധിക ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പുതിയ സംവിധാനങ്ങളില്‍ ഉത്തം എഇഎസ്എ റഡാര്‍, സ്വയം രക്ഷ കവച് ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, തദ്ദേശീയമായി വികസിപ്പിച്ച കണ്‍ട്രോള്‍ സര്‍ഫേസ് ആക്യുവേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവ ഏറ്റെടുക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിഗ്-21 യുദ്ധ വിമാനങ്ങള്‍ ഘട്ടം ഘട്ടമായാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് ഒഴിവാക്കിയത്.
മിഗ്-21 വിമാനങ്ങളുടെ അവസാനത്തെ 2 സ്‌ക്വാഡ്രനുകളാണ് ഡീകമ്മിഷന്‍ ചെയ്തത്. രണ്ടിലുമായി ആകെ 36 വിമാനങ്ങള്‍. ഇതോടെ ഇന്ത്യന്‍ വ്യാമസേനയില്‍ മിഗ്-21 വിമാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. ഇവയുടെ യന്ത്രങ്ങളും പ്രധാന ഭാഗങ്ങളും ഒഴിവാക്കി വ്യോമസേന തന്നെ സൂക്ഷിക്കുകയോ പ്രദര്‍ശനത്തിനു നല്‍കുകയോ ചെയ്യും. പ്രാദേശിക ഭരണകൂടത്തിന്‍റെ അനുമതിയോടെയാണു സ്വകാര്യ സ്ഥാപനങ്ങള്‍ ഇതിനുള്ള അപേക്ഷ നല്‍കേണ്ടത്. സ്ഥാപനങ്ങള്‍ 3,040 ലക്ഷം രൂപ വരെ ഇതിനു മുടക്കേണ്ടി വരും.