
എവിടെപ്പോയി, 'കല്യാണിക്കുട്ടിയുടെ കേരളം'
ജോഷി ജോർജ്
മനസിന്‍റെ കൂനാങ്കുരുക്കുകളെക്കുറിച്ച് നാം എപ്പോഴെങ്കിലും ഗൗരവത്തോടെ ചിന്തിച്ചിട്ടുണ്ടോ..? എന്തെന്ത് വികൃതികളാണ് ആ കൂനാങ്കുരുക്കില്‍ കുടുങ്ങിക്കിടക്കാറുള്ളത്. 'ഇന്ത്യയുടെ പിക്കാസോ' എന്നറിയപ്പെടുന്ന മുന്‍ രാജ്യസഭാംഗവുമായ മഖ്ബൂല്‍ ഫിദ ഹുസൈന്‍ എന്ന എം.എഫ് ഹുസൈന്‍, ഇന്ത്യന്‍ കലയെ ആഗോളതലത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മനുഷ്യനാണ്. ഹുസൈന്‍റെ മനസിന്‍റെ കൂനാങ്കുരുക്ക് മറ്റുള്ളവരെ ചിലപ്പോള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തേക്കാം. മനസിന്‍റെ ഈ വികൃതി സുഖകരമായൊരു കുസൃതിത്തരമായാണ് അദ്ദേഹം കണ്ടിരുന്നത്. കക്ഷി നഗ്നപാദനായാണ് നടക്കുന്നത്. (ചിത്രകാരനായ എം. വി ദേവനും ഒരുകാലത്ത് നഗരങ്ങളിലൂടെ നഗ്നപാദനായി ചുണ്ടില്‍ പൈപ്പും കടിച്ചുപിടിച്ച് നടന്നിരുന്നു)
വര്‍ഷങ്ങള്‍ക്കു മുമ്പേ ഹൂസൈനും കൂട്ടരും ചേര്‍ന്നൊരു സൊസൈറ്റി രൂപീകരിച്ചു. നിയമങ്ങള്‍ എഴുതിയുണ്ടാക്കി അത് കര്‍ശനമായി പാലിക്കണമെന്ന് ശപഥം ചെയ്തു. മുംതാസ് അഭിനയിക്കുന്ന സിനിമകള്‍ മാത്രമേ കാണുകയുള്ളു. സംഘടനയിലെ എല്ലാ സുഹൃത്തുക്കളും ഒന്നിച്ചേ സിനിമ കാണാന്‍ പോകാവു. സിനിമ തുടങ്ങിയാല്‍ ആകാവുന്നത്ര ഉച്ചത്തില്‍ കൂകുകയും വിസിലടിക്കുകയും കരഘോഷം മുഴക്കുകയും വേണം. ആദ്യുൊക്കെ കൂവലിലോ, വിസിലടിയിലോ അത്ര രസം തോന്നിയില്ല. കുറെ മാസം കഴിഞ്ഞപ്പോഴാണ് ജീവിതത്തിലെ രസം ഇതാണെന്നു മനസ്സിലായതെന്നാണ് ഹുസൈന്‍ പറഞ്ഞത്. ആദ്യമായി മുംതാസിനെ കണ്ടപ്പോള്‍ ഹുസൈന്‍ തങ്ങളുടെ ഈ ഭ്രാന്തിനെക്കുറിച്ച് പറഞ്ഞു. എന്നാല്‍ മുംതാസിന് അതെന്താണെന്നുപോലും മനസിലായില്ലത്രെ..! അതൊരു ഫാന്‍സ് ക്ലബ് ആയിരിക്കും എന്നേ അവര്‍ കരുതിക്കാണു.
ജീവിതം അങ്ങനെ ആഘോഷം കൊണ്ട് നിറച്ച ഹുസൈന്‍ സാധാരണക്കാര്‍ക്ക് ഇനിയും പിടികിട്ടാത്ത മനസിന്‍റെ ഉടമയാണ്. ഇപ്പോഴിതാ ഹുസൈന്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. ഇതിന് കാരണം അദ്ദേഹം 2007-ല്‍ വരച്ച 25 പെയിന്‍റിങുകള്‍ ലേലം ചെയ്യുന്നുവെന്നുവെന്ന വാര്‍ത്തയാണ്. വായ്പാ തട്ടിപ്പ് ആരോപിച്ച് ഗുരു സ്വരൂപ് ശ്രീവാസ്തവ എന്ന പ്രമുഖ ബിസിനസുകാരനില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തതാണീ ചിത്രങ്ങള്‍. 2008 ന് ശേഷം ബാങ്ക് നിലവറകളില്‍ പൂട്ടിയിരിക്കുന്ന ചിത്രങ്ങള്‍ കലാപ്രേമികള്‍ക്ക് വീണ്ടും കാണാനുള്ള അവസരം കൂടിയാണിത്.
ശ്രീവാസ്തവയുടെ സ്വരൂപ് ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസുമായുള്ള 236 കോടി രൂപയുടെ വായ്പാ തര്‍ക്കത്തെത്തുടര്‍ന്ന് നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) കൈവശം വച്ചിരുന്ന 25 പെയിന്‍റിംഗുകള്‍ ലേലം ചെയ്യാനാണ് കോടതി മുംബൈ ഷെരീഫിന് അധികാരം നല്‍കിയത്. 2007-ല്‍ എം.എഫ്. ഹുസൈനില്‍ നിന്ന് ഒരു കോടി രൂപ വിലവരുന്ന 100 പെയിന്‍റിങുകള്‍ കമ്മിഷന്‍ ചെയ്തതോടെയാണ് ശ്രീവാസ്തവ ശ്രദ്ധ നേടിയത്. കഴിഞ്ഞ മേയില്‍ കലാ വിദഗ്ധനായ ദാദിബ പുണ്ടോള്‍ ഹൈക്കോടതിയില്‍ ഒരു മൂല്യനിർണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, അതില്‍ ചിത്രങ്ങളുടെ മൂല്യം 25 കോടി രൂപയാണെന്ന് കണക്കാക്കക്കി.
ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മുംബൈയിലെ ഷെരീഫ് ഫെബ്രുവരിയില്‍ പാണ്ടാള്‍ ആര്‍ട്ട് ഗാലറിയുടെ സഹായത്തോടെ പെയിന്‍റിങുകള്‍ക്കായി ലേല നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒരു കലാകാരന്‍റെ ദര്‍ശനം എന്ന തലക്കെട്ടില്‍ ഹുസൈന്‍ വരച്ച ചിത്രങ്ങളാണ് പുണ്ടോള്‍ ഗാലറിയിലെ 25 പെയിന്‍റിങുകള്‍ സാങ്കേതികവിദ്യ, രാഷ്ട്രീയം, സംസ്‌കാരം എന്നിവയിലെ കുതിച്ചുചാട്ടങ്ങളാല്‍ രൂപപ്പെട്ട ഒരു പരിവര്‍ത്തന നൂറ്റാണ്ടിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണത്തിന്‍റെ നേര്‍ക്കാഴ്ച കൂടിയാണത്.
നമ്മുടെ കേരളവുമായി ഹുസൈന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. 2001ല്‍കെ.വി തോമസ് ടൂറിസം മന്ത്രിയായിരിക്കെ ഇന്ത്യന്‍ എയര്‍ലൈന്‍സും ടൂറിസം വകുപ്പും ചേര്‍ന്നൊരു പദ്ധതി ഒരുക്കി. ദൈവത്തിന്‍റെ സ്വന്തം നാട് ഹുസൈന്‍റെ കണ്ണില്‍ എങ്ങനെയായിരിക്കുമെന്ന് ചിത്രങ്ങളിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുക. ആ ചിത്രങ്ങള്‍ ലോക ടൂറിസം മേളകളില്‍ പ്രദര്‍ശിപ്പിക്കുക. അതുവഴി ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയും ചിത്രങ്ങളുടെവിൽപ്പനയിലൂടെ പണം നേടുക. ഇതൊക്കെയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. ഹുസൈന്‍ എറണാകുളത്തുള്ള താജ് റെസിഡന്‍സിയില്‍ സ്റ്റുഡിയോ ഒരുക്കി ഒരുമാസക്കാലത്തിലേറെ അവിടെ താമസിച്ച് കേരളം ചുറ്റിനടന്ന ശേഷം കുറെ ചിത്രങ്ങള്‍ വരച്ചു.
അതിന് കല്യാണിക്കുട്ടിയുടെ കേരളം എന്നു പേരുമിട്ടു. എന്നാല്‍ ആ ചിത്രങ്ങള്‍ ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആരും എത്തിയില്ല എന്നാണ് ഹുസൈന്‍ പിന്നീട് പറഞ്ഞത്. കോല്‍ക്കത്തയിലുള്ള ഒരു ഏജന്‍സിയെ അത് വിൽക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഹുസൈന്‍റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രം ഓയില്‍-ഓണ്‍-കാന്‍വാസ് ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി ഒരു നോര്‍വീജിയന്‍ ആശുപത്രിയുടെ ചുവരുകളെ അലങ്കരിച്ചിരുന്നു, 2013 ല്‍ ലേലശാലയ്ക്ക് അതിന്‍റെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കുന്നതുവരെ, കലാലോകം ആ ചിത്രത്തെക്കുറിച്ച് മറന്നിരിക്കുകയായിരുന്നു.
'ഇന്ത്യയിലെ പിക്കാസോ' എന്ന് പലപ്പോഴും വിളിക്കപ്പെട്ടിരുന്ന അദ്ദേഹം, രാജ്യത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട കലാകാരന്മാരില്‍ ഒരാളായിരുന്നു ഹുസൈൻ. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ കോടികൾ നേടിയിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തിന്‍റെ തീമുകള്‍ പലപ്പോഴും വിമര്‍ശനത്തിന് കാരണമായി. 2011-ല്‍ 95 വയസില്‍ അദ്ദേഹം അന്തരിച്ചു.