ഐപിഎല്ലിന്‍റെ അപ്പൻ, ലളിത് മോദി എവിടെ?
വി.കെ. സഞ്ജു
കേരളത്തിനു സ്വന്തമായൊരു ഐപിഎൽ ടീമുണ്ടായിരുന്നു എന്ന് നയന്‍റീസ് കിഡ്സിനെങ്കിലും ഓർമ കാണും. മുത്തയ്യ മുരളീധരനും വി.വി.എസ്. ലക്ഷ്മണും മുതൽ രവീന്ദ്ര ജഡേജയും എസ്. ശ്രീശാന്തും വരെ കളിച്ച കൊച്ചി ടസ്കേഴ്സ് കേരള. ആ ടീമിനെ അറിയുന്നവർ അതിന്‍റെ അകാല ചരമത്തിനു കാരണക്കാരനായി കാണുന്ന ഒരാളുണ്ട്- ഐപിഎല്ലിന്‍റെ സ്ഥാപകനും ആദ്യത്തെ ചെയർമാനും ഒക്കെയായിരുന്ന ലളിത് മോദി! തനിക്കു വേണ്ടപ്പെട്ട ഗ്രൂപ്പിന് ഫ്രാഞ്ചൈസി കിട്ടാത്തതിന്‍റെ കലിപ്പിലാണ് ലളിത് മോദി കൊച്ചി ടീമിനും അതിനു പിന്നിൽ പ്രവർത്തിച്ച ശശി തരൂരിനുമൊക്കെ പാര വച്ചതെന്നാണ് കഥ.
കൊച്ചി ടീം ഒറ്റ സീസൺ കൊണ്ട് ഇല്ലാതായതിനു പിന്നാലെ ലളിത് മോദി ബിസിസിഐയിൽ നിന്നും പുറത്തായി. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയതോടെ കഥാനായകൻ പെട്ടെന്ന് വില്ലൻ റോളിലായി, രായ്ക്കുരാമാനും നാടുവിട്ടോടുകയും ചെയ്തു!
ദാവൂദ് ഇബ്രാഹിമിന്‍റെ ഭീഷണി
ഇന്ത്യയിൽ ഇല്ലെങ്കിലും, ഓരോ ഐപിഎൽ സീസണിലും ഏതെങ്കിലുമൊക്കെ രീതിയിൽ ഓർമിക്കപ്പെടാറുണ്ട് ലളിത് മോദി. ഇപ്പോൾ ഐപിഎൽ മെഗാ ലേലത്തിനു പിന്നാലെ നടത്തിയ ഒരു പോഡ്കാസ്റ്റാണ് ഈ കോർപ്പറെറ്റ് ഫ്യുജിറ്റീവിന് വീണ്ടും വാർത്തകളിൽ ഇടം നൽകുന്നത്. ഇന്ത്യയിൽ തനിക്കെതിരേ ഒരൊറ്റ കേസ് പോലും നിലവിലില്ലെന്നും, വേണമെങ്കിൽ നാളെത്തന്നെ നാട്ടിൽ തിരിച്ചെത്താൻ സാധിക്കുമെന്നുമാണ് അവകാശവാദം. അപ്പോൾ പിന്നെ ഈ പച്ചപ്പും ഹരിതാഭയുമൊക്കെ വിട്ട് വല്ല നാട്ടിലും പോയി ഒളിച്ചിരിക്കുന്നതോ?
അതോ, അത് ദാവൂദ് ഇബ്രാഹമിനെ പേടിച്ചാണത്രെ! ഐപിഎൽ വാതുവയ്പ്പിന് കൂട്ടുനിൽക്കാൻ വിസമ്മതിച്ച തനിക്ക് അണ്ടർവേൾഡ് ഡോണിന്‍റെ വധഭീഷണിയുണ്ടെന്നാണ് ലളിത് മോദി പറയുന്നത്. സുരക്ഷ ഉറപ്പ് നൽകാൻ കഴിയില്ലെന്നു മുംബൈ പൊലീസ് പറഞ്ഞതു കേട്ടാണ് യുകെയിലേക്ക് കടന്നതെന്നും പറയുന്നു, ഫ്രാഞ്ചൈസി ക്രിക്കറ്റിന്‍റെ ആത്മീയാചാര്യൻ!
റെബൽ ക്രിക്കറ്റ് ലീഗും ബിസിസിഐയുടെ ഈഗോയും
ഇനി അൽപ്പം ചരിത്രം. യഥാർഥത്തിൽ ഇന്ത്യയിലെ ആദ്യത്തെ ട്വന്‍റി20 ക്രിക്കറ്റ് ലീഗ് ഐപിഎൽ അല്ല. അതിനൊക്കെ മുൻപ് ഐസിഎൽ എന്നൊരു സംഗതിയുണ്ടായിരുന്നു- 2007ൽ തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ലീഗ്. ബിസിസിഐ അംഗീകരിക്കാത്ത റെബൽ ലീഗ് ആയതിനാൽ രണ്ടു സീസൺ മാത്രമായിരുന്നു ഐസിഎല്ലിന്‍റെ ആയുസ്. അമ്പാടി റായുഡുവും രോഹൻ ഗവാസ്കറും സ്റ്റ്യുവർട്ട് ബിന്നിയും അടക്കമുള്ളവർ അതിൽ കളിച്ചിട്ടുണ്ട്. ഇൻസമാം ഉൽ ഹക്ക്, ക്രിസ് കെയിൻസ്, മർവൻ അട്ടപ്പട്ടു തുടങ്ങിയ ലോകോത്തര താരങ്ങളും ഐസിഎൽ കളിക്കാൻ വന്നവരിൽ ഉൾപ്പെടുന്നു. പക്ഷേ, ലീഗിനോട് സഹകരിച്ച കിരൺ മോറെയും സാക്ഷാൽ കപിൽ ദേവും വരെ ബിസിസിഐയുടെ കോപത്തിനിരയായി. പിന്നീട്, ഐസിഎല്ലിൽ കളിച്ച് വിലക്കേറ്റുവാങ്ങിയവർക്ക് ബിസിസിഐ 'പൊതുമാപ്പ്' പ്രഖ്യാപിച്ചതോടെ കളിക്കാർ കൂട്ടത്തോടെ പിൻമാറി, അങ്ങനെ ആ ലീഗ് ഇല്ലാതാകുകയും ചെയ്തു.
ബിസിസിഐക്ക് ഇത് ഈഗോ പ്രശ്നമായിരുന്നെങ്കിൽ, ഇങ്ങനെയൊരു ലീഗിന്‍റെ വമ്പൻ വാണിജ്യ സാധ്യതകൾ ഇതിനിടെ മറ്റൊരാൾ ശരിക്കും തിരിച്ചറിഞ്ഞു പഠിച്ചു കഴിഞ്ഞിരുന്നു- അതെ, ലളിത് മോദി തന്നെ. അദ്ദേഹത്തിന്‍റെ ബ്രെയിൻ ചൈൽഡ് എന്ന നിലയിലാണ് ഐസിഎൽ മാതൃകയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഇവിടെ നടപ്പാകുന്നത്. പിന്നെയെല്ലാം ചരിത്രമാണ്- ലോകത്തെ ഏറ്റവും പണക്കൊഴുപ്പുള്ള കായിക സംഘടനയായി ബിസിസിഐ മാറ്റിയ ഐപിഎല്ലിന്‍റെ ചരിത്രം!
പിടികിട്ടാപ്പുള്ളി
കാശ് വന്നു കുമിഞ്ഞുകൂടുമ്പോൾ എന്ത് സ്ഥാപകൻ, ഏത് ലളിത് മോദി! കാലൻകുടയുമൂന്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ രാജകീയ പ്രൗഢിയിൽ വന്നു നിൽക്കാറുള്ള ആ പ്രതാപത്തിന് മൂന്നേമൂന്ന് സീസണിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുമായുള്ള അടുപ്പവും, 'സൂപ്പർ ചീഫ് മിനിസ്റ്റർ' എന്ന വിശേഷണവുമൊന്നും തുണയായില്ല.
കൊച്ചി ടീമിൽ സുനന്ദ പുഷ്കറിനു കിട്ടിയ ഓഹരിയിൽ കുടുക്കി ശശി തരൂരിന്‍റെ മന്ത്രിസ്ഥാനം വരെ തെറിപ്പിച്ചത് ലളിത് മോദിയാണ്. പക്ഷേ, ബിസിസിഐയിലും ഐപിഎല്ലിലും സ്വന്തം കസേര സംരക്ഷിക്കാൻ കഴിഞ്ഞില്ല.
വീഡിയോകോണിനും അദാനിക്കും വേണ്ടിയാണ് കൊച്ചി ടസ്കേഴ്സിനോട് കൊമ്പ് കോർത്തതെന്ന് കരക്കമ്പനിയുണ്ടായിരുന്നു. പക്ഷേ, അവരെക്കൊണ്ടും ഉപകാരമുണ്ടായില്ലെന്നു വേണം കരുതാൻ. പിന്നീട് സുഷമ സ്വരാജ് വരെയുള്ളവരുടെ സഹായം കിട്ടിയെന്ന് കേട്ടുകേൾവിയുണ്ടായെങ്കിലും, ഇപ്പോഴും പിടികിട്ടാപ്പുള്ളി എന്നു തന്നെയാണ് ഇന്ത്യയിൽ ലളിത് മോദിയുടെ മേൽവിലാസം!
സ്വജനപക്ഷപാതം
നാലായിരം കോടി ഡോളറാണ് ഇപ്പോൾ ഐപിഎല്ലിന്‍റെ മൂല്യം. അതിന്‍റെ ഗുണം മുഴുവൻ മുതൽക്കൂട്ടിയത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ വളർച്ചയിലേക്കൊന്നുമല്ല. രാജസ്ഥാൻ റോയൽസിന്‍റെ മേജർ ഷെയർ ലളിത് മോദിയുടെ അളിയൻ സുരേഷ് ചെല്ലാരത്തിന്‍റെ കൈയിലായിരുന്നു. മരുമകൻ ഗൗരവ് ബർമന് ഐപിഎല്ലിന്‍റെ ഡിജിറ്റൽ, മൊബൈൽ, ഇന്‍റർനെറ്റ് അവകാശങ്ങൾ കിട്ടിയിരുന്നു. ഗൗരവിന്‍റെ സഹോദരൻ മോഹിത് ബർമൻ കിങ്സ് ഇലവൻ പഞ്ചാബിന്‍റെ ഓഹരി ഉടമയായിരുന്നു. ലളിത് മോദിയുടെ ബാല്യകാല സുഹൃത്ത് ജയ് മേത്ത ഇന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളിൽ ഒരാളാണ്.
ഇപ്പോൾ കളിക്കാരെ ലേലം വിളിക്കുന്നതു പോലെ, ടീമുകളെയും ആദ്യം ലേലം വിളിച്ചാണ് നൽകിയിരുന്നത്. രാജസ്ഥാൻ, പഞ്ചാബ്, കൊൽക്കത്ത ടീമുകൾ ലേലത്തിൽ പോയത് താരതമ്യേന വളരെ കുറഞ്ഞ തുകയ്ക്കായിരുന്നു. മോദി നൽകിയ രഹസ്യ വിവരങ്ങളാണ് ഇതിനു സഹായിച്ചതെന്ന ആരോപണം പിന്നീട് ഉയർന്നു.
ഉണ്ടാകുമോ ഇനിയൊരു തിരിച്ചുവരവ്?
2010ലെ ഐപിഎൽ സീസണിനു പിന്നാലെയാണ് ബിസിസിഐയിൽ നിന്ന് ലളിത് മോദി സസ്പെൻഡ് ചെയ്യപ്പെടുന്നത്. പെരുമാറ്റദൂഷ്യം, അച്ചടക്കലംഘനം, സാമ്പത്തിക തിരിമറി എന്നിവയായിരുന്നു ആരോപണങ്ങൾ. ബിസിസിഐ അന്വേഷണം നടത്തി ഇതെല്ലാം തെളിയിച്ചതോടെ സസ്പെൻഷൻ ആജീവനാന്ത വിലക്കായി മാറി. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയ ശത്രുതയാണ് ആരോപണങ്ങൾക്കു പിന്നിലെന്നുമൊക്കെ ലളിത് മോദി വാദിച്ചു. പക്ഷേ, പിന്നാലെ വന്നത് അതിലും വലുതായിരുന്നു- ഇഡി അന്വേഷണം! അതോടെ ലളിത് മോദി ലണ്ടനിലേക്ക് വിമാനവും കയറി!
കേസൊന്നുമില്ല, തിരിച്ചുവരാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും, വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് അടക്കം പത്തോളം കേസുകളാണ് ലളിത് മോദിക്കെതിരേ രജിസ്റ്റർ ചെയ്തിരുന്നത്. ഇഡിയെയും ദാവൂദിനെയും പേടിക്കാതെ ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ ഐപിഎല്ലിന്‍റെ പിതൃസ്ഥാനീയന്?