മരണത്തിലേക്ക് നടന്നു പോകുന്ന 'നിഹിലിസ്റ്റ് പെൻഗ്വിൻ'; കാരണം അന്വേഷിച്ച് ആരാധകർ|Video

ജർമൻ സംവിധായകൻ വെർണർ ഹെർസോഗ് തയാറാക്കിയ എൻകൗണ്ടേഴ്സ് അറ്റ് ദിഎൻഡ് ഒഫ് ദി വേൾഡ് എന്ന ഡോക്യുമെന്‍ററിയിലാണ് പെൻഗ്വിന്‍റെ രംഗമുള്ളത്.

ന്‍റാർട്ടിക്കയിലെ മഞ്ഞു മൂടിയ മല ലക്ഷ്യമാക്കി ഒറ്റയ്ക്ക് വേഗത്തിൽ നടന്നു പോകുന്നൊരു പെൻഗ്വിനു ചുറ്റുമാണിപ്പോൾ ഇന്‍റർനെറ്റ്. കൂട്ടത്തെ ഉപേക്ഷിച്ച് വിദൂരതയിലുള്ള മല ലക്ഷ്യമാക്കി പെൻഗ്വിൻ നടക്കുന്നതിന്‍റെ കാരണമെന്താണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. 2007ൽ പുറത്തു വിട്ട ഒരു ഡോക്യുമെന്‍ററിയിലെ രംഗമാണ് വർഷങ്ങൾക്കു ശേഷം വൈറലായി മാറിയിരിക്കുന്നത്.

ജർമൻ സംവിധായകൻ വെർണർ ഹെർസോഗ് തയാറാക്കിയ എൻകൗണ്ടേഴ്സ് അറ്റ് ദിഎൻഡ് ഒഫ് ദി വേൾഡ് എന്ന ഡോക്യുമെന്‍ററിയിലാണ് പെൻഗ്വിന്‍റെ രംഗമുള്ളത്. കൂട്ടത്തിലുള്ളവരെല്ലാം ഭക്ഷണം തേടി കടലിന്‍റെ ദിശയിലേക്ക് നടക്കുമ്പോൾ പെട്ടെന്ന് ഒരു പെൻഗ്വിൻ അതിൽ നിന്ന് വിപരീതമായ് മല ലക്ഷ്യമാക്കി നടക്കുന്നതാണ് വിഡിയോയിലുള്ളത്. കുറേ ദൂരം നടന്ന ശേഷം പെൻഗ്വിൻ തിരിഞ്ഞു നോക്കുന്നതും വിഡിയോയിൽ ഉണ്ട്. ആ ദിശയിൽ നടന്നാൽ മഞ്ഞു പുതഞ്ഞു കിടക്കുന്ന മലയിൽ ആയിരിക്കും എത്തുക. എവിടെ അതിനു ജീവിക്കാനുള്ള ആഹാരം ലഭിക്കാനുള്ള സാധ്യതയില്ല. അതു കൊണ്ടു തന്നെ ഡെത്ത് മാർച്ച് എന്നാണ് പെൻഗ്വിന്‍റെ നടത്തത്തെ ഹെർസോഗ് വിശേഷിപ്പിക്കുന്നത്.

പക്ഷെ എന്തു കൊണ്ടാണ് പെൻഗ്വിൻ അങ്ങനെ നടക്കുന്നതെന്നതിൽ വ്യക്തതയില്ല. ഒരു പക്ഷേ നിർബന്ധമായി അതിനെ തിരിച്ച് കൂട്ടത്തിൽ എത്തിച്ചാൽ പോലും ആ പെൻഗ്വിൻ ഡെത്ത് മാർച്ച് തുടരാൻ തന്നെയാണ് സാധ്യതയെന്ന് ഡോ. ഡേവിഡ് എയിൻലി പറയുന്നു.

നിഹിലിസ്റ്റ് പെൻഗ്വിൻ എന്നാണ് വെർച്വൽ വേൾഡ് ഈ ഒറ്റപെൻഗ്വിന് നൽകിയിരിക്കുന്ന പേര്. നിഹിലിസ്റ്റ് എന്നാൽ ജീവിതത്തിന്‍റെ അർഥമില്ലായ്മ മനസിലാക്കിയ ശൂന്യതാ വാദി എന്നൊക്കെയാണ് അർഥം. എന്തു തന്നെയായാലും നിഹിലിസ്റ്റ് പെൻഗ്വിന് ലക്ഷക്കണക്കിനാണ് ആരാധകർ. ദിശാബോധം നഷ്ടപ്പെട്ടതു കൊണ്ടല്ല, സ്വന്തം ഇണ നഷ്ടപ്പെട്ടതോടെ വിഷാദത്തിലാണ്ടതോടെയാണ് നിഹിലിസ്റ്റ് പെൻഗ്വിൻ മരണത്തിലേക്ക് നടക്കുന്നതെന്നാണ് ചിലർ പറയുന്നത്. 70 കിലോമീറ്ററോളം നടന്നു പോയ പക്ഷി ജീവൻ വെടിഞ്ഞിരിക്കാം എന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനും ആരാധകർ തയാറല്ല. തിരിച്ചു നടന്നു വരുന്ന നിഹിലിസ്റ്റ് പെൻഗ്വിന്‍റെ എഐ ചിത്രങ്ങളും മീമുകളും നിർമിച്ചും പങ്കു വച്ചുമാണ് പലരും ആ വിഷമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ഞാനൊരു പക്ഷിയാണ്, എന്നിട്ടും എനിക്കു പറക്കാൻ ആകുന്നില്ല, അതു കൊണ്ട് ഞാൻ പർവതത്തിന്‍റെ മുകളിലെത്തി ആകാശം സ്പർശിക്കാൻ ഒരുങ്ങുകയാണെന്നാണ് നിഹിലിസ്റ്റ് പെൻഗ്വിന്‍റെ നടത്തത്തിനൊപ്പം വൈറലാകുന്നൊരു ക്യാപ്ഷൻ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വരെ പെൻഗ്വിന്‍റെ എഐ മീം പങ്കു വച്ചിട്ടുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com