
യുഎസിൽ ഡോണൾഡ് ട്രംപിന്‍റെ നേതൃത്വത്തിലുള്ള നിയുക്ത ക്യാബിനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ വംശജൻ കൂടിയായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള ഒരുക്കത്തിലായിരുന്നുവെങ്കിലും ട്രംപിനു വേണ്ടി പിന്മാറുകയായിരുന്നു വിവേക്. പിന്നീട് പ്രചാരണത്തിലും സജീവമായതോടെ തന്‍റെ ക്യാബിനറ്റിൽ വിവേകിന് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നുവെന്ന് ട്രംപ് മുൻപേ സൂചിപ്പിച്ചു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് ട്രംപ്.
പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) യുടെ ചുമതലയാണ് വിവേകിനും എക്സ് മേധാവി ഇലോൺ മസ്കിനും.
പാലക്കാട്ടുകാരൻ വിവേക്
ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്‍റ് സയന്‍സിന്‍റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്‍റിന്‍റെ സഹസ്ഥാപകനുമാണ്. പാലക്കാട് വടക്കഞ്ചേരിയില്‍ സി.ആര്‍. ഗണപതി അയ്യരുടെയും ഗീത രാമസ്വാമിയുടെയും മകൻ. യു.പി.സ്വദേശിനിയാണ് വിവേകിന്‍റെ ഭാര്യ ഡോ. അപൂര്‍വ തിവാരി. കാര്‍ത്തിക്കും ഒന്നര വയസ്സുള്ള അര്‍ജുനുമാണ് മക്കള്‍. സഹോദരന്‍ ശങ്കര്‍ രാമസ്വാമി കാലിഫോര്‍ണിയയില്‍ ബിസിനസ് ചെയ്യുന്നു.
ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 2016-ല്‍ 40 വയസിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരില്‍ ഒരാളായിരുന്നു വിവേക്. 50 കോടി ഡോളറിലേറെയാണ് (ഏകദേശം 4145 കോടി രൂപ) ഇദ്ദേഹത്തിന്‍റെ സ്വത്തെന്ന് കണക്കാക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍റെ അംഗീകാരം ലഭിച്ച അഞ്ചെണമുള്‍പ്പെടെ വിവിധ മരുന്നുകള്‍ വിവേകിന്‍റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
കുടുംബവും നാൾ വഴികളും
1985 ഓഗസ്റ്റ് 9 ന് ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് വിവേക് രാമസ്വാമി ജനിച്ചത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറാണ് വിവേക് രാമസ്വാമിയുടെ അച്ഛന്‍ വി.ജി. രാമസ്വാമിയുടെ വീട്. അരനൂറ്റാണ്ടു മുമ്പാണ് വി.ജി. രാമസ്വാമിയും കുടുംബവും യു.എസിലെ ഒഹായോയിലേക്ക് താമസം മാറ്റിയത്. യുഎസിലെ ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍നിന്ന് എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ ഡിസൈനറായി വിരമിച്ചയാളാണ് അച്ഛന്‍ വി.ജി. രാമസ്വാമി.
2003-ല്‍ സിന്‍സിനാറ്റിയിലെ സെന്‍റ് സേവ്യര്‍ ഹൈസ്‌കൂളില്‍ നിന്നാണ് വിവേക് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ കാലഘട്ടത്തില്‍ മികച്ച പിയാനിസ്റ്റുമായിരുന്നു അദ്ദേഹം. 2007-ല്‍ രാമസ്വാമി ഹാര്‍വാര്‍ഡ് കോളെജില്‍നിന്നു ജീവശാസ്ത്രത്തില്‍ ബിരുദം നേടി. പഠനകാലത്തുതന്നെ വാഗ്മിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടയാളായിരുന്നു വിവേക്. അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പ്രസിഡന്‍റുമായിരുന്നു.
2007-ല്‍ കാമ്പസ് വെഞ്ച്വര്‍ നെറ്റ്വര്‍ക്ക് എന്ന ടെക്‌നോളജി കമ്പനിയുടെ സഹസ്ഥാപകനായും പ്രസിഡന്‍റുമായാണ് അദ്ദേഹത്തിന്‍റെ തുടക്കം. സംരംഭകര്‍ക്ക് സോഫ്റ്റ്വെയറും നെറ്റ്വർക്കിങ് വിഭവങ്ങളും നല്‍കുന്നതായിരുന്നു വിവേകും ട്രാവിസ് മേയും ചേര്‍ന്ന് സ്ഥാപിച്ച കാമ്പസ് വെഞ്ച്വര്‍ നെറ്റ്വർക്ക് എന്ന സംരംഭം. രണ്ട് വര്‍ഷത്തിന് ശേഷം ഈ കമ്പനി എവിങ് മരിയോണ്‍ കോഫ്മാന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തു. പിന്നീട് ക്യു.വി.ടി. ഫിനാന്‍ഷ്യല്‍സില്‍ പാര്‍ട്ണറായും അവരുടെ ബയോടെക് പോര്‍ട്ട് ഫോളിയോയുടെ കോ-മാനേജരായും വിവേക് പ്രവര്‍ത്തിച്ചിരുന്നു. 2007 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്.
ഇതേസമയം തന്നെ യേല്‍ ലോ സ്‌കൂളില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 2014-ലാണ് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്‍റ് സയന്‍സ് വിവേക് സ്ഥാപിക്കുന്നത്. മരുന്ന് വികസനത്തില്‍ സാങ്കേതികവിദ്യ പ്രയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായിരുന്നു റോവന്‍റ് സയന്‍സസ്. വിവിധ മരുന്നുകള്‍ വിവേകിന്‍റെ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണത്തിന് യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 2021 വരെയാണ് റോയിവന്‍റ് സയന്‍സിന്‍റെ സിഇഒ ആയി വിവേക് രാമസ്വാമി പ്രവര്‍ത്തിച്ചത്. 2021-ന്‍റെ തുടക്കത്തില്‍ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം 'വോക് ഇന്‍കോര്‍പ്പറേറ്റ്' എന്ന പുസ്തകം എഴുതുന്നത്. ഇതിന് പുറമേ 'നേഷന്‍ ഓഫ് വിക്ടിംസ്' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. നിലവില്‍ സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്‍റിന്‍റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
വിവേക് രാമസ്വാമിയുടെ ആസ്തി
ഫോർബ്‌സിന്‍റെ 40 വയസ്സിന് താഴെയുള്ള ഏറ്റവും സമ്പന്നരായ സംരംഭകരുടെ പട്ടികയിലും 30 വയസ്സിന് താഴെയുള്ള സമ്പന്നരുടെ പട്ടികയിലും രാമസ്വാമി ഇടംപിടിച്ചു. ആസ്തി പട്ടിക പ്രകാരം, ബയോടെക് പ്രൊഫഷണലിന് 1 ബില്യൺ ഡോളറിലധികം ആസ്തിയുണ്ട്. രാമസ്വാമിയുടെ സമ്പത്തിന്‍റെ പ്രാഥമിക സ്രോതസ് 2014-ൽ അദ്ദേഹം സ്ഥാപിച്ച ഒരു ബയോടെക് കമ്പനിയായ റോവന്‍റ് സയൻസസ് ആണ്. അദ്ദേഹത്തിന്‍റെ ബിസിനസ് തന്ത്രം ശ്രദ്ധിക്കപ്പെടാത്ത ഔഷധങ്ങൾ ഏറ്റെടുക്കുന്നതിലും വികസിപ്പിക്കുന്നതിലും കേന്ദ്രീകരിക്കുന്നു, അത് പിന്നീട് വാണിജ്യവത്ക്കരണത്തിലേക്ക് നീങ്ങി. 2016-ൽ, നാസ്ഡാക്ക് ലിസ്റ്റിങിലൂടെ 218 മില്യൺ സമാഹരിച്ച്, ഈ വർഷത്തെ ഏറ്റവും വലിയ ബയോടെക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിൽ (ഐപിഒ) റോവന്‍റ് അനുബന്ധ സ്ഥാപനമായ മയോവന്‍റ് സയൻസസ് ആരംഭിക്കുന്നതിൽ രാമസ്വാമി പ്രധാന പങ്കുവഹിച്ചു.
2020-ൽ ജാപ്പനീസ് കമ്പനിയായ സുമിറ്റോമോ ഡൈനിപ്പോൺ അഞ്ച് റോവന്‍റ് മരുന്നുകളുടെ ഒരു പോർട്ട്‌ഫോളിയോയും 3 ബില്യൺ ഡോളറിന് 10% കമ്പനി ഓഹരിയും വാങ്ങിയതാണ് റോവാന്‍റിന്‍റെ യും രാമസ്വാമിയുടെയും സമ്പത്തിന്‍റെ നിർണായക നിമിഷം. ഈ വിൽപ്പന രാമസ്വാമിക്ക് 176 മില്യൺ ഡോളർ മൂലധന നേട്ടം നൽകി, ഇത് അദ്ദേഹത്തിന്‍റെ സാമ്പത്തിക നില ഗണ്യമായി വികസിപ്പിച്ചു. 2021-ൽ, സ്പെഷ്യൽ പർപ്പസ് അക്വിസിഷൻ കമ്പനി (SPAC) വഴിയുള്ള ലയനത്തെത്തുടർന്ന് റോവാന്‍റിന്‍റെ മൂല്യം 7.3 ബില്യൺ ഡോളറായി ഉയർന്നു, രാമസ്വാമിയുടെ 7% ഓഹരി അക്കാലത്ത് ഏകദേശം 511 മില്യൺ ഡോളറായിരുന്നു.