
ഉപഭോഗ അസമത്വത്തിലെ കുറവ് അംഗീകാരം അർഹിക്കുന്നു, എന്തുകൊണ്ട്‍?
സൗമ്യ കാന്തി ഘോഷ്,
ഫാൽഗുനി സിൻഹ
2022–23ൽ ഉപഭോഗം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ 'ഗിനി ഗുണാങ്കം' 2011–12ലെ 28.8ൽ നിന്ന് 25.5 ആയി കുറഞ്ഞതായി ലോക ബാങ്ക് റിപ്പോർട്ട് ചെയ്തതോടെ ഈ കുറവു വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ഇതിനെ ലോക അസമത്വ വിവരസഞ്ചയത്തിൽ (ഡബ്ല്യുഐഡി) നിന്നുള്ള വരുമാനാധിഷ്ഠിത കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2023ൽ ഇന്ത്യയുടെ ഗിനി ഗുണാങ്കം 62 ആണ് എന്നതു വലിയ ആശങ്കയുണർത്തുന്നു. ഒരു രാജ്യത്തിന്‍റെ സമ്പത്ത്, അല്ലെങ്കിൽ വരുമാനത്തിന്‍റെ വിതരണം തുല്യ വിതരണത്തിൽ നിന്ന് എത്രത്തോളം വ്യതിചലിക്കുന്നു എന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു സൂചികയാണ് ഗിനി ഗുണകം. ഈ വ്യത്യാസം മനസിലാക്കാൻ കണക്കുകളുടെ അടിസ്ഥാന ശാസ്ത്രവും വിവര സ്രോതസുകളും ആശയ രൂപീകരണങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
വിമർശനത്തിനുള്ള ചിന്തനീയമായ മറുപടിയാണ് ഇനി പറയുന്നത്. ഡേറ്റ കണക്കാക്കുന്ന രീതിയും യഥാർഥ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ഇതു വിശദീകരിക്കുന്നു. അസമത്വം കണക്കാക്കാനുള്ള വളരെ വ്യത്യസ്തമായ രീതികൾ കൂട്ടിക്കലർത്തുന്നതിന് എതിരേയും ഇതു മുന്നറിയിപ്പു നൽകുന്നു. ഈ വ്യത്യാസത്തിന്‍റെ കാതലായ ഘടകം ആശയപരമായ പ്രധാന വ്യത്യാസമാണ്. അതായത്, ഉപഭോഗ അസമത്വവും വരുമാന അസമത്വവും തമ്മിലുള്ള വ്യത്യാസം. വലിയ അനൗപചാരിക തൊഴിൽ ശക്തി, സാമഗ്രികളായോ സേവനങ്ങളായോ വിപുലമായ സഹായങ്ങൾ, അതിവേഗം വികസിക്കുന്ന ക്ഷേമ വാസ്തുവിദ്യ എന്നീ സവിശേഷതകളുള്ള ഇന്ത്യ പോലുള്ള രാജ്യത്ത്, വരുമാനം പലപ്പോഴും അസ്ഥിരമോ റിപ്പോർട്ട് ചെയ്യപ്പെടാത്തതോ അല്ലെങ്കിൽ സമഗ്രമായി കണക്കാക്കാൻ പ്രയാസമേറിയതോ ആണ്.
അതിനു വിപരീതമായി, ഉപഭോഗം കാലക്രമേണ സുഗമമാവുകയും യഥാർഥ ജീവിതനിലവാരത്തെ കൂടുതൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ദേശീയ സാഹചര്യത്തെ ആശ്രയിച്ച്, ഉപയോഗശൂന്യമായ വരുമാനമോ ഉപഭോഗച്ചെലവോ അടിസ്ഥാനമാക്കി ലോക ബാങ്കിന്‍റെ ദാരിദ്ര്യ-അസമത്വ സംവിധാനം (Poverty and Inequality Platform- PIP) ഈ യുക്തി സ്വീകരിക്കുന്നു. ഒന്നാമതായി, "ലോക ബാങ്കിന്‍റെ പുതിയ അസമത്വ സൂചകം'' എന്ന ശീർഷകത്തിലുള്ള ലോക ബാങ്ക് പ്രബന്ധത്തിൽ ഉപഭോഗ ജിനിയെ വരുമാന ജിനിയിലേക്കും തിരിച്ചും പരിവർത്തനം ചെയ്യുന്നതിനുള്ള രീതിയെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. രണ്ടിനും ഡേറ്റ ലഭ്യമായ 84 രാജ്യ- വർഷങ്ങളിലെ വരുമാന- ഉപഭോഗ ജിനി ഗുണാങ്കങ്ങളുടെ ശരാശരി അനുപാതം 1.13 ആണെന്നു ലോക ബാങ്ക് കണക്കാക്കി. ഇന്ത്യയുടെ ഉപഭോഗാധിഷ്ഠിത ജിനിയായ 25.5ലേക്ക് ഇതു നേരിട്ടു പ്രയോഗിക്കുമ്പോൾ ഏകദേശ വരുമാന ജിനി 28.8 ആണെന്നു കാണാം. വരുമാന തുല്യതാ അനുമാനങ്ങൾക്കു കീഴിൽപ്പോലും ഈ കണക്ക് ഇന്ത്യയെ ഇപ്പോൾ 12ാം സ്ഥാനത്താണു നിർത്തുന്നത്. ഈ ലളിതമായ ഏകദേശ കണക്ക് പിഐപി വിവരസഞ്ചയത്തിലെ വ്യത്യസ്ത ക്ഷേമമാതൃകകളെ താരതമ്യം ചെയ്യാനുള്ള മാർഗം നൽകുന്നു.
ഇതു പ്രസക്തമായ ചോദ്യം ഉയർത്തുന്നു: ഇത് എന്തുകൊണ്ടു കൂടുതൽ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല? ഉത്തരം ഒരുപക്ഷേ ബാഹ്യമായ കണക്കുകൾ മാത്രം തെരഞ്ഞെടുത്തു പ്രാധാന്യം നൽകുന്ന പ്രവണതയിലായിരിക്കാം. രാജ്യങ്ങൾക്കിടയിലുള്ള താരതമ്യത്തിനായി നൽകിയിരിക്കുന്ന ലളിതമായ ഏകദേശ കണക്കുകൾ ഉപയോഗിക്കുമ്പോൾ, വരുമാനാടിസ്ഥാനത്തിൽ അളക്കുമ്പോൾ പോലും, ഇന്ത്യയുടെ അസമത്വം അമെരിക്കയേക്കാളും ബ്രിട്ടനേക്കാളും വളരെ കുറവാണ്. ക്ഷേമ സമീപനം ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള 48 രാജ്യങ്ങളിൽ, ഇന്ത്യ മൂന്നാം സ്ഥാനത്താണ്. പിഐപി വിവരസഞ്ചയത്തിൽ ഇന്ത്യയുടെ ഉപഭോഗാധിഷ്ഠിത ജിനി ഗുണാങ്കമായ 25.5 അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ചൈനയുടെ ഉപഭോഗ ജിനി അതേ വിവരസഞ്ചയം അനുസരിച്ച് 35.7 ആണ്. അതേ ക്ഷേമവ്യാഖ്യാനമാണ് ഉപയോഗിച്ചിരിക്കുന്നതും. ഈ 10 പോയിന്‍റ് വ്യത്യാസം ഏറെ പ്രധാനമാണ്.
രണ്ടാമതായി, വൻകിട സാമൂഹികക്ഷേമ പദ്ധതികളുടെ സ്വാധീനം വിമർശനങ്ങളിൽ നിന്നും അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണ്? ഇന്ത്യ പോലുള്ള രാജ്യത്ത് സബ്സിഡിയോടെ ഭക്ഷണം, എൽപിജി, ഭവനം, ഗ്രാമീണ തൊഴിലവസരങ്ങൾ, ആരോഗ്യ ഇൻഷ്വറൻസ്, നേരിട്ടുള്ള ധനസഹായം തുടങ്ങിയ വൻകിട സാമൂഹ്യക്ഷേമ പരിപാടികൾ ദരിദ്രരുടെ ജീവിത നിലവാരം ഗണ്യമായി ഉയർത്തി. അതിനാൽ, ഉപഭോഗം തീർച്ചയായും വരുമാനത്തേക്കാൾ ഉയർന്നതും തുല്യമായി വിതരണം ചെയ്യപ്പെടുന്നതുമായിരിക്കും. ഈ തരത്തിലുള്ള പൊതുവിഭവങ്ങൾ, പ്രത്യേകിച്ച് ഗ്രാമീണ- അനൗപചാരിക വിഭാഗങ്ങളിൽ ക്ഷേമം വർധിപ്പിക്കുന്നു. 2025ലെ ബജറ്റ് കണക്കനുസരിച്ച്, ഗുണഭോക്തൃ പദ്ധതികൾക്കായുള്ള കേന്ദ്ര ഗവണ്മെന്‍റിന്‍റെ ചെലവ് ₹7.1 ലക്ഷം കോടിയാണ്. സംസ്ഥാനങ്ങൾ ₹7.4 ലക്ഷം കോടി കൂടി ചേർക്കുന്നു. ഇത് ഏകദേശം ₹14.5 ലക്ഷം കോടിയാണ്.
പിഎൽഎഫ്എസ് ഡേറ്റ പ്രകാരം സ്ഥിരം ശമ്പളമുള്ള തൊഴിലാളിയുടെ ശരാശരി പ്രതിമാസ വരുമാനം ഏകദേശം 21,000 രൂപയും സ്വയം തൊഴിൽ ചെയ്യുന്നവരുടേത് ഏകദേശം 14,000 രൂപയുമാണ്. മറ്റു താൽക്കാലിക തൊഴിലാളികളുടെ ശരാശരി പ്രതിദിന വരുമാനം 433 രൂപയാണ്. ഈ ഏകദേശ കണക്കുകൾ ഉപയോഗിച്ച്, നാലു പേരടങ്ങുന്ന കുടുംബത്തെ അടിസ്ഥാനമാക്കി ആശ്രിതരെ പരിഗണിക്കുമ്പോൾ, ഒരു വ്യക്തിക്ക് ശരാശരി വാർഷിക വരുമാനം ₹65,000 ആകുന്നു. മൊത്തം ഗുണഭോക്തൃ പദ്ധതികളുടെ 80% താഴേത്തട്ടിലുള്ള 50% പേരിലേക്ക് എത്തുന്നുവെന്ന് അനുമാനിക്കുകയാണെങ്കിൽ, ഇത് പ്രതിവർഷം ഒരാൾക്ക് 15,000 രൂപയായി മാറുന്നു. പ്രത്യക്ഷവും പരോക്ഷവുമായ ആനുകൂല്യങ്ങളിലൂടെയുള്ള ചോർച്ചകളും ഇരട്ടിപ്പും കണക്കാക്കുമ്പോഴാണിത്. ഇത് ഏകദേശം 20% വർധനയാണു വ്യക്തിയുടെ ഉപഭോഗ ശേഷിയിൽ, അതായത് യഥാർഥ സ്രോതസുകളിൽ വരുത്തുന്നത്. അതിനാൽ, ഈ യാഥാസ്ഥിതിക അനുമാനങ്ങൾ പ്രകാരം പോലും, ഇതു യഥാർഥ അസമത്വത്തെ ഗണ്യമായി ചുരുക്കുന്നു. ഈ ഇടപെടലുകൾ ദാരിദ്ര്യത്തിൽ വലിയ തോതിൽ ഇടിവിനും കാരണമായി. 2011–12ൽ 16.2% ആയിരുന്ന അതിദാരിദ്ര്യ നിരക്ക് 2022–23ൽ 2.3% ആയി കുറഞ്ഞു. $3.65/ ദിവസം എന്ന താഴ്ന്ന- ഇടത്തരം വരുമാന പരിധിയിൽ, ദാരിദ്ര്യം 61.8 ശതമാനത്തിൽ നിന്ന് 28.1% ആയി കുറഞ്ഞു.
ഡബ്ല്യുഐഡി നൽകുന്ന കണക്കുകൾ മുഖവിലയ്ക്കെടുക്കും മുമ്പ്, അവർ യഥാർഥത്തിൽ അളക്കുന്നതെന്താണ് എന്നു നാം ചോദിക്കേണ്ടതല്ലേ? ഡബ്ല്യുഐഡി വിവരസഞ്ചയത്തിലേക്കു വരുമ്പോൾ, അവരുടെ അടിസ്ഥാന വരുമാന ആശയം ഇതാണ്: ""നികുതിക്കു മുമ്പുള്ള, തരംമാറ്റലിനു ശേഷമുള്ള ദേശീയ വരുമാനം''. അതായത്, നികുതികൾക്കും കൈമാറ്റങ്ങൾക്കും മുമ്പുള്ള, പെൻഷനുകൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ പോലുള്ള സാമൂഹ്യ ഇൻഷ്വറൻസ് ഘടകങ്ങൾ ഒഴികെ. ഇതിനർഥം, ഇനി പറയുന്ന ഒട്ടുമിക്ക ക്ഷേമ കൈമാറ്റങ്ങളെയും (ഉപയോക്താക്കൾക്കു ചെലവേതും കൂടാതെയുള്ള ഗവണ്മെന്‍റ് സഹായങ്ങളെ) അവർ ഒഴിവാക്കുന്നു എന്നാണ്: ഇന്ത്യയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി), ഭക്ഷ്യ സബ്‌സിഡികൾ, എൽപിജി പദ്ധതികൾ, ആയുഷ്മാൻ ഭാരത്, ഗ്രാമീണ ഭവന പദ്ധതി തുടങ്ങിയവ.
ഇന്ത്യയുടെ സാമൂഹ്യ സംരക്ഷണ സംവിധാനത്തിൽ, വിഹിതം നൽകേണ്ടതില്ലാത്ത പദ്ധതികൾ വിഹിതം നൽകുന്ന ഇൻഷ്വറൻസുകളേക്കാൾ കൂടുതൽ ആശ്രയിക്കുന്നു. യഥാർഥ വരുമാനവും വാങ്ങൽശേഷിയും ഗണ്യമായി ഉയർത്തുന്നുണ്ടെങ്കിലും, ഡബ്ല്യുഐഡിയുടെ വരുമാന സങ്കൽപ്പത്തിൽ ഇവ കണക്കാക്കുന്നില്ല. ഇത് ഇന്ത്യയിലെ അസമത്വം അളക്കുന്നതിൽ ഡബ്ല്യുഐഡിയെ സ്ഥിരമായ പിശകിലേക്കു നയിക്കുന്നു. ഗവണ്മെന്‍റിന്‍റെ ക്ഷേമപദ്ധതികൾ അസമത്വം എങ്ങനെ കുറയ്ക്കുന്നു എന്നത് അവർ അവഗണിക്കുന്നു. തൽഫലമായി, യഥാർഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ദേശീയ വരുമാനം സമ്പന്നരിൽ കേന്ദ്രീകരിച്ചിരിക്കുന്നതായി അവർ കാണിക്കുന്നു. വരുമാന അസമത്വം കണക്കാക്കുന്ന അവരുടെ രീതി അനുസരിച്ച്, ഉന്നമനം സൃഷ്ടിക്കുന്ന രാജ്യത്തെ പ്രധാന പദ്ധതികൾ കണക്കാക്കുന്നില്ല. അതിനർഥം, അസമത്വം കുറയ്ക്കുന്നതിൽ ഈ പദ്ധതികൾക്കു സ്വാധീനമേതുമില്ലെന്ന് അവർ അനുമാനിക്കുന്നു.
രണ്ടാമതായി, ഡബ്ല്യുഐഡി വിവരസഞ്ചയം സമാഹരിക്കാൻ നികുതി രേഖകളെ വളരെയധികം ആശ്രയിക്കുന്നു. ഇപ്പോൾ, നികുതി രേഖകൾ പരിശോധിച്ചാലും, വ്യക്തികളുടെ നികുതി നൽകേണ്ട വരുമാനത്തിന്‍റെ ഐടിആർ ഡേറ്റ ഉപയോഗിച്ചു കണക്കാക്കിയ ജിനി ഗുണാങ്കം കാണിക്കുന്നതു വ്യക്തിഗത വരുമാന അസമത്വം AY15ലെ (FY14) 0.472ൽ നിന്ന് AY23ലെ (FY22) 0.402 ആയി കുറഞ്ഞു എന്നാണ്. AY15ൽ (FY14) 4 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വിഭാഗത്തിൽപ്പെട്ട, വ്യക്തിഗത ഐടിആർ ഫയൽ ചെയ്യുന്നവരിൽ 43.6% പേർ ഏറ്റവും താഴ്ന്ന വരുമാന വിഭാഗത്തിൽ നിന്ന്, ഉയർന്ന വരുമാന വിഭാഗത്തിലേക്കു മാറിയിരിക്കുന്നു.
2014 സാമ്പത്തിക വർഷത്തിലെയും 2023 വർഷത്തിലെയും വരുമാന അസമത്വം താരതമ്യം ചെയ്യുമ്പോൾ, വരുമാന വിതരണം കാണിക്കുന്ന വക്രരേഖ വലത്തേക്കു തിരിഞ്ഞിരിക്കുന്നു എന്നു കാണാം. ഇതു വ്യക്തമാക്കുന്നത് താഴ്ന്ന വരുമാനമുള്ളവരുടെ വരുമാനം വർധിക്കുന്നു എന്നാണ്. അത് ജനസംഖ്യയിലെ അവരുടെ വിഹിതത്തിലേക്ക് ഏകീകരിക്കപ്പെടുകയും ചെയ്യുന്നു. AY24നുള്ള മണിയുടെ ആകൃതിയിലുള്ള വക്രം ഈ മുന്നേറ്റം കൂടുതൽ സ്പഷ്ടമാക്കുന്നു! 2014 സാമ്പത്തിക വർഷം, മൊത്തം വരുമാനത്തിൽ ഏറ്റവും ഉയർന്ന ഒരു ശതമാനം പേരുടെ വിഹിതം 1.64% ആയിരുന്നു. ഇത് 2011 സാമ്പത്തിക വർഷം 0.77% ആയി കുറഞ്ഞു. കൂടാതെ, നികുതി വളർച്ച 1.1 ആണ്. അതായത് നികുതി പിരിവു സാമ്പത്തിക വളർച്ചയേക്കാൾ വേഗം വർധിക്കുകയാണ്. അതേസമയം, നികുതി പിരിക്കാനുള്ള ചെലവു കുറയുകയും ചെയ്യുന്നു. ഇതു ജനങ്ങൾ നികുതി നിയമങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നുവെന്നു വ്യക്തമാക്കുന്നു. അതിനാൽ, വർധിച്ചുവരുന്ന അസമത്വത്തിന്‍റെ അടയാളമായി ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത്.
ഇന്ത്യയുടെ ഔദ്യോഗിക നികുതി ഡേറ്റ പുരോഗതി കാണിക്കുകയും വലിയ തോതിലുള്ള ഉപഭോഗ സർവെകൾ അസമത്വത്തിൽ സ്ഥിരമായ കുറവു സൂചിപ്പിക്കുകയും ചെയ്യുന്നിടത്ത്, ഡബ്ല്യുഐഡി കണക്കുകൾ എന്തുകൊണ്ടാണ് ഇത്രയും വ്യത്യസ്തമായ ആഖ്യാനം രചിക്കുന്നതെന്ന ചോദ്യം ഉയർത്തേണ്ടതാണ്. തെരഞ്ഞെടുത്ത ഉയർന്ന വരുമാന കണക്കുകളെ മാത്രം അടിസ്ഥാനമാക്കി ഇന്ത്യ ആഴത്തിൽ അസമമായി തുടരുന്നുവെന്നു വാദിക്കുന്നത്, രാജസ്ഥാൻ ജലക്ഷാമം നേരിടുന്നതിനാൽ രാജ്യത്താകെ ജലക്ഷാമമെന്ന് അവകാശപ്പെടുന്നതിനു തുല്യമാണ്. അസമത്വം ദാരിദ്ര്യം പോലെ ഏകരൂപമല്ല; അത് അളവുകൾ, പ്രദേശങ്ങൾ, കണക്കാക്കൽ ഉപകരണങ്ങൾ എന്നിവയിലുടനീളം വ്യത്യാസപ്പെടുന്നു. പക്ഷേ, അതു കൈവരിക്കുന്ന വിശാലമായ പുരോഗതിയെ തള്ളിക്കളയാനാകില്ല.
നാം മുന്നോട്ടു പോകുമ്പോൾ, രണ്ടു പ്രധാന വശങ്ങൾ നിർണായകമാണ്. ഒന്നാമതായി, മെച്ചപ്പെട്ട റിപ്പോർട്ടിങ് വർധിച്ച അസമത്വത്തിന് തുല്യമല്ല. മെച്ചപ്പെട്ട ഡേറ്റയുടെ നിഴലുകളോടു പ്രതികരിക്കുന്നതു നാം ചെറുക്കേണ്ടതുണ്ട്. രണ്ടാമതായി, ഏറ്റവും പ്രധാനമായി, ക്ഷേമ സാമ്പത്തിക ശാസ്ത്രം എല്ലായ്പ്പോഴും അതിന്‍റെ കാതലായ ചോദ്യത്തിലേക്കു മടങ്ങണം: താഴേപ്പകുതിയുടെ ജീവിതാനുഭവം എങ്ങനെ മെച്ചപ്പെടുത്തുന്നു? അതു പരിഗണിച്ചാൽ, കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ഗാഥ മുകളിലുള്ള വ്യത്യാസത്തെക്കുറിച്ചല്ല; മറിച്ച്, അടിസ്ഥാനപരമായ ഒത്തുചേരലിനെക്കുറിച്ചാണ്; നിശബ്ദമായ, വ്യാപകമായ, ജനങ്ങൾ യാഥാർഥ്യത്തിൽ ഉപയോഗിക്കുന്ന വിഭവങ്ങളിൽ കണക്കാക്കാവുന്ന വളർച്ചയെക്കുറിച്ചാണ്.
(സൗമ്യ കാന്തി ഘോഷ് 16ാം ധനകാര്യ കമ്മിഷൻ അംഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഗ്രൂപ്പ് ചീഫ് എക്കണോമിക് ഉപദേഷ്ടാവുമാണ്. ഫാൽഗുനി സിൻഹ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധ. അഭിപ്രായങ്ങൾ വ്യക്തിപരം).