ബിഎസ്‌പി തുണയ്ക്കുമോ ബിജെപിയെ..??

80 ലോക്സഭാ സീറ്റുകളിൽ ബഹുഭൂരിപക്ഷവും ബിജെപി തന്നെയാണു നേടുന്നതെങ്കിൽ കേന്ദ്ര ഭരണം നിലനിർത്തുന്നതും അവർക്ക് എളുപ്പമാവും.
ബിഎസ്‌പി തുണയ്ക്കുമോ ബിജെപിയെ..??

ഉത്തർപ്രദേശിൽ രാമക്ഷേത്രവും ത്രികോണ മത്സരവും സ്വാധീനം ചെലുത്തുന്ന രാഷ്‌ട്രീയ കാലാവസ്ഥ വീണ്ടും സംജാതമാവുകയാണ്. രണ്ടും ബിജെപിക്ക് അനുകൂലമാവുകയാണെങ്കിൽ ഒരിക്കൽക്കൂടി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം നരേന്ദ്ര മോദി തൂത്തുവാരും. 80 ലോക്സഭാ സീറ്റുകളിൽ ബഹുഭൂരിപക്ഷവും ബിജെപി തന്നെയാണു നേടുന്നതെങ്കിൽ കേന്ദ്ര ഭരണം നിലനിർത്തുന്നതും അവർക്ക് എളുപ്പമാവും.

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് വരുന്ന തിങ്കളാഴ്ചയാണ്. നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാരും ബിജെപിയും ആർഎസ്എസും യോഗി ആദിത്യനാഥിന്‍റെ സംസ്ഥാന സർക്കാരും മറ്റു സംഘപരിവാർ സംഘടനകളും എത്രമാത്രം ആവേശഭരിതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയാകെ അതിന്‍റെ പ്രതിഫലനമുണ്ടാവുമെന്നു ബിജെപി കരുതുന്നുണ്ട്. അതേസമയം, രാമക്ഷേത്രം ബിജെപിക്കു വോട്ടായി മാറാതിരിക്കാൻ എന്തുവേണമെന്ന് മുഴുവൻ പ്രതിപക്ഷ കക്ഷികളും ആലോചിച്ചുകൊണ്ടിരിക്കുന്നു. അയോധ്യ അടങ്ങുന്ന ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അടക്കം പ്രതിപക്ഷ നേതാക്കൾക്ക് ഇക്കാര്യത്തിൽ ഫലപ്രദമായ തന്ത്രം രൂപപ്പെടുത്തേണ്ടതുണ്ട്.

ഇന്ത്യ മുന്നണിയിലെ മറ്റു പ്രമുഖ കക്ഷികളുടെ നിലപാടിലാണ് അഖിലേഷും എത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. എന്നാൽ, പ്രതിഷ്ഠാ ചടങ്ങിനു ശേഷം മറ്റൊരു ദിവസം കുടുംബാംഗങ്ങളോടൊപ്പം അയോധ്യയിലെത്തുമെന്നും അഖിലേഷ് പറയുന്നുണ്ട്. പ്രതിഷ്ഠാചടങ്ങ് ബിജെപി, സംഘപരിവാർ സംഘടനകൾ രാഷ്‌ട്രീയവത്കരിച്ചു എന്നതാണല്ലോ ഇന്ത്യ മുന്നണി ആരോപിക്കുന്നത്. എന്നാൽ, ശ്രീരാമന് എതിരായ പാർട്ടികളാണ് പ്രതിഷ്ഠാ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുന്നത് എന്നത്രേ ബിജെപിയുടെ വാദം. രാമക്ഷേത്രം ഹൈലൈറ്റിൽ വരാത്ത തെരഞ്ഞെടുപ്പു പ്രചാരണമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷും കൂട്ടരും ആഗ്രഹിക്കുക. അതിന് മറ്റു വിഷയങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അത് അത്ര എളുപ്പമാവുമോ എന്നതാണു കണ്ടറിയേണ്ടത്.

ഇന്ത്യ മുന്നണിയിൽ ബിഎസ്‌പിയില്ലെന്ന് ഉറപ്പാവുകയാണ്. പാർട്ടി ഒറ്റയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നു മായാവതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. സമാജ് വാദി പാർട്ടിയുമായി മുൻപുണ്ടാക്കിയ സഖ്യം ബിഎസ്‌പിക്കു ഗുണകരമായില്ലെന്നാണു മായാവതി ചൂണ്ടിക്കാണിക്കുന്നത്. ബിഎസ്‌പിയുടെ വോട്ട് സഖ്യകക്ഷികൾക്കു കിട്ടുകയും തിരിച്ചു സംഭവിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് മുൻകാല സഖ്യം അവലോകനം ചെയ്തുകൊണ്ട് മായാവതി പറയുന്നു. ബിജെപിയെ നേരിടുന്നതിൽ എസ്പി-ബിഎസ്‌പി സഖ്യം വിജയിച്ചിട്ടില്ലെന്നതാണ് 2019ലെ അനുഭവമെന്ന് ബിഎസ്‌പി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഈ വ്യാഖ്യാനത്തിൽ വാസ്തവമില്ലെന്നു പറയുന്നവരുമുണ്ട്.

2019ൽ ബിജെപി 62 സീറ്റിലാണു ജയിച്ചത്. സഖ്യകക്ഷി അപ്നാദളിനു രണ്ടിടത്തു ജയിക്കാനായി. അതേസമയം, ബിഎസ്‌പി- എസ്പി- ആർഎൽഡി സഖ്യത്തിനു കിട്ടിയതു 15 സീറ്റാണ്. എസ്പിക്ക് അഞ്ചും ബിഎസ്‌പിക്കു പത്തും. സഖ്യം കുറച്ചെങ്കിലും സഹായിച്ചതു ബിഎസ്‌പിയെയാണ്. ബിജെപിക്ക് 50 ശതമാനത്തോളം വോട്ടു കിട്ടി എന്നതാണ് സഖ്യത്തെ മൊത്തത്തിൽ നിർവീര്യമാക്കിയത്. സഖ്യകക്ഷിയുടെ വോട്ടു വിഹിതം കൂടിയാവുമ്പോൾ എൻഡിഎ 51.19 ശതമാനം വോട്ടു നേടി. സമാജ് സഖ്യത്തിന് 40 ശതമാനത്തോളമായിരുന്നു വോട്ട്. ഒരു സീറ്റ് നേടിയ കോൺഗ്രസിന്‍റെ 6.41 ശതമാനം കൂടി ചേർത്താൽ 46 ശതമാനത്തിലേറെ വോട്ട് പ്രതിപക്ഷത്തിനു ലഭിച്ചു. പകുതിയിൽ കൂടുതൽ വോട്ട് ബിജെപിക്കു കിട്ടുന്നത് ഇല്ലാതായാലല്ലേ ഏതു സഖ്യം വന്നാലും കാര്യമുള്ളൂ. അതായത് സഖ്യം ഇല്ലാതാവുന്നതുകൊണ്ട് എസ്പിക്കോ ബിഎസ്‌പിക്കോ ഗുണമില്ല. സഖ്യം ഉണ്ടാവുകയും ബിജെപി വോട്ടുകൾ പിടിച്ചെടുക്കാൻ കഴിയുകയും വേണം. അതിനു ശ്രമിക്കുന്നതാണ് പ്രതിപക്ഷത്തിനു നേട്ടമാവുക എന്നു ചൂണ്ടിക്കാണിക്കുന്നവരാണ് ഏറെയും.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം ലോക്സഭാ തെരഞ്ഞെടുപ്പിലേതിനെക്കാൾ കുറവായിരുന്നു. 44 ശതമാനത്തിൽ താഴെ വോട്ടാണ് എന്‍ഡിഎയ്ക്കു കിട്ടിയത്. അഖിലേഷിന്‍റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടി 37 ശതമാനത്തോളം വോട്ട് നേടി. ബിഎസ്‌പിക്ക് 13 ശതമാനത്തോളമായിരുന്നു വോട്ട്. ഇവർ തമ്മിൽ സഖ്യമുണ്ടായിരുന്നെങ്കിൽ യോഗിയുടെ തുടർ ഭരണത്തിനു വെല്ലുവിളി ഉയരുമായിരുന്നു. 403 അംഗ നിയമസഭയിൽ 255 സീറ്റാണ് 2022ൽ ബിജെപി നേടിയത്. എസ്പിക്ക് 111ൽ ജയിക്കാനായി. ആർഎൽഡി അടക്കം സഖ്യകക്ഷികളുടെ സീറ്റുകൾ കൂടി ചേർത്താൽ എസ്പി സഖ്യത്തിന് 125 അംഗങ്ങളെ കിട്ടി. എന്നാൽ ഒരിടത്തു മാത്രമാണ് ബിഎസ്‌പി ജയിച്ചത്. സഖ്യമില്ലാത്തതിന്‍റെ നഷ്ടം ബിഎസ്‌പിക്കു തന്നെയായിരുന്നു.

2019ൽ സഖ്യത്തിന്‍റെ നേട്ടവും 2022ൽ സഖ്യമില്ലാത്തതിന്‍റെ കോട്ടവും അനുഭവിച്ച മായാവതിയാണ് ഇനിയൊരു സഖ്യത്തെ തള്ളിപ്പറയുന്നത് എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. മായാവതിയുമായി സഖ്യത്തിന് അഖിലേഷ് താത്പര്യം കാണിച്ചിട്ടില്ല എന്നതും ഇതിനൊപ്പം പറയേണ്ടതുണ്ട്. മായാവതി എത്ര വോട്ടു പിടിക്കുന്നോ അതിന്‍റെ ആനുകൂല്യം ബിജെപിക്കാവും. ബിഎസ്‌പിയെ തകർത്ത് അവരുടെ മുഴുവൻ വോട്ടും എസ്പിക്കു വേണ്ടി നേടിയെടുക്കാൻ കഴിയുകയും ബിജെപി വോട്ടുകൾ കുറയുകയും ചെയ്താലേ ഇപ്പോഴത്തെ സാഹചര്യത്തിൽ അഖിലേഷിനു യുപി പിടിക്കാനാവൂ. എട്ടോ പത്തോ ശതമാനം വോട്ടാണ് ബിഎസ്‌പി പിടിക്കുന്നതെങ്കിൽ പോലും അതു ബിജെപിയെ സഹായിക്കും. ബിജെപിയെയും എസ്പിയെയും മറികടന്ന് യുപിയിൽ നിലയുറപ്പിക്കാൻ മായാവതിക്കാവില്ലെന്ന നിഗമനങ്ങൾക്കാണു ബലം കൂടുതലുള്ളത്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളാണ് യുപിയിൽ ബിഎസ്‌പി നേടിയത്. അക്കാലത്ത് യുപിയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടി അ‍ധികാരത്തിലായിരുന്നു മായാവതി (2007 മുതൽ 2012 വരെയുള്ള മന്ത്രിസഭ). പക്ഷേ, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 71 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ ബിഎസ്‌പിക്ക് ഒരിടത്തുപോലും ജയിക്കാനായില്ല. അഞ്ചിടത്ത് എസ്പിയും രണ്ടിടത്ത് കോൺഗ്രസുമായിരുന്നു. ബിഎസ്‌പിയുടെ വോട്ടുകൾ 20 ശതമാനത്തിൽ താഴെയായി. 2019ലെ സഖ്യത്തിൽ 10 എംപിമാരെ ജയിപ്പിച്ചെടുത്തപ്പോഴും 20 ശതമാനത്തിൽ താഴെ തന്നെയായിരുന്നു പാർട്ടിയുടെ വോട്ട് വിഹിതം. ഈ നിലയിലേക്കു തിരിച്ചെത്തിയാൽ പോലും ബിഎസ്‌പിക്ക് കാര്യമായ സീറ്റ് നേട്ടമുണ്ടാവില്ല. അതിലും വലിയ കുതിച്ചുചാട്ടം പ്രായോഗികമാണോയെന്ന് ആലോചിക്കേണ്ടതും അവർ തന്നെയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com