
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ മുന്നണി "ഇന്ത്യ'യുടെ ആദ്യത്തെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ബുധനാഴ്ച ന്യൂ ഡൽഹിയിലായിരുന്നു; എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ വസതിയിൽ. ഈ യോഗത്തിൽ തീരുമാനമായ രണ്ടു പ്രധാന കാര്യങ്ങൾ പൊതുസ്ഥാനാർഥിയെ നിർത്തുന്നതും പ്രചാരണം നടത്തുന്നതും സംബന്ധിച്ചുള്ളവയാണ്. ബിജെപിക്കെതിരേ പൊതുസ്ഥാനാർഥി ഉണ്ടാവണമെങ്കിൽ പ്രതിപക്ഷ കക്ഷികൾ തമ്മിൽ സീറ്റു പങ്കിടുന്നതിന് ധാരണയാവണം. എവിടെയൊക്കെ ആരൊക്കെ മത്സരിക്കണം എന്നു തീരുമാനിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സീറ്റ് പങ്കിടുന്നതിൽ വിജയിക്കുന്നില്ലെങ്കിൽ സഖ്യം എന്നു പറയുന്നതിലും അർഥമുണ്ടാവില്ല.
തങ്ങൾക്കു സ്വാധീനമുള്ളത് എന്നു സ്വയം കരുതുന്ന സീറ്റുകൾ വിട്ടുകൊടുക്കാൻ ആരു തയാറാവും എന്നതാണു മുന്നണി നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. ചില സംസ്ഥാനങ്ങളിലെങ്കിലും മുന്നണിയിലെ കക്ഷികൾ തമ്മിൽ മത്സരങ്ങൾ ഉണ്ടാവും. ഉദാഹരണത്തിനു കേരളം. ഇവിടെ യുഡിഎഫും എൽഡിഎഫും ഒന്നിച്ചു മത്സരിക്കില്ലല്ലോ. ഡൽഹിയിലും പഞ്ചാബിലും എഎപിയും കോൺഗ്രസും എങ്ങനെ ഒത്തുതീർപ്പിലെത്താനാണ് എന്ന ചോദ്യവും മുഴച്ചുനിൽക്കുന്നുണ്ട്. കോൺഗ്രസിന് ഏതെങ്കിലും സീറ്റ് വിട്ടുകൊടുക്കുന്നതിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് താത്പര്യമില്ല. പശ്ചിമ ബംഗാളിൽ ഇടതുപക്ഷവും മമത ബാനർജിയും തമ്മിൽ ചേരുന്ന പ്രശ്നവും ഇന്നത്തെ നിലയിൽ ഉദിക്കുന്നില്ല. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി കോൺഗ്രസിനെ ഉൾക്കൊള്ളുമോ എന്നതും ചോദ്യമാണ്.
ഇങ്ങനെ ചില സംസ്ഥാനങ്ങൾ മാറ്റിവച്ചാലും ബാക്കിയുള്ള സ്ഥലങ്ങളിൽ ഒരൊറ്റ സ്ഥാനാർഥി എന്നതു പോലും പെട്ടെന്ന് തീരുമാനിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പ്രതിപക്ഷ കക്ഷികളുടെ കൈവശമുള്ള സീറ്റുകൾ അതതു പാർട്ടികൾ നിലനിർത്തുക എന്നൊരു അഭിപ്രായം വന്നിട്ടുണ്ട്. അതിലും തർക്കങ്ങളുണ്ടാവാം. സീറ്റു വിഭജന ചർച്ചകൾ എത്രയും വേഗം ആരംഭിക്കും എന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യം ഫലപ്രദമാവുമോ ഇല്ലയോ എന്നു സൂചന നൽകുന്ന പ്രധാന ചുവടാകും എന്തായാലും ഈ ചർച്ചകൾ.
മുന്നണിയുടെ പ്രചാരണത്തിനു രാജ്യവ്യാപകമായി സംയുക്ത പൊതുയോഗങ്ങളും റാലികളും നടത്താനുള്ളതാണ് രണ്ടാമത്തെ തീരുമാനം. ഇങ്ങനെ റാലികൾ നടത്തുന്നതിലും എല്ലാ കക്ഷികളും ഒന്നിച്ചു നിൽക്കുമോ എന്ന വിഷയമുണ്ട്. മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിലെല്ലാം ഇതു ബാധകമാണ്. ആദ്യത്തെ റാലി തീരുമാനിച്ചിരിക്കുന്നത് മധ്യപ്രദേശിലെ ഭോപ്പാലിലാണ്. അടുത്ത മാസം ആദ്യ ആഴ്ചയിൽ ഭോപ്പാൽ റാലി നടക്കുമെന്നാണു പറയുന്നത്. അതിനൊരു രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കേണ്ടതാണ്. ഇതിൽ ഇപ്പോൾ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനവും മധ്യപ്രദേശാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിനു ഭരണം കിട്ടുകയും കമൽ നാഥ് മുഖ്യമന്ത്രിയാവുകയും ചെയ്ത സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാൽ, ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും പാർട്ടി പിളർത്തി ബിജെപിക്കൊപ്പം പോയതോടെ കമൽ നാഥ് സർക്കാർ വീണു. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി.
കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനം എന്നതാണ് പൊതുവിൽ മധ്യപ്രദേശ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ സഖ്യത്തിലെ ബഹുഭൂരിഭാഗം കക്ഷികൾക്കും കാര്യമായ റോളൊന്നും അവിടെയില്ല. ഇന്ത്യ മുന്നണിയുടെ ഭാഗമായി ഭോപ്പാലിൽ വന്ന് പ്രസംഗിച്ചു പോകുന്നതുകൊണ്ട് അവർക്കൊന്നും നഷ്ടപ്പെടാനുമില്ല. പക്ഷേ, അവിടെപ്പോലും പ്രശ്നങ്ങൾ ഉണ്ടാവുന്നു എന്നതാണു ശ്രദ്ധേയമാവുന്നത്. മധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേക്കും മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള അരവിന്ദ് കെജരിവാളിന്റെ എഎപി 10 സീറ്റുകളിലേക്കു സ്ഥാനാർഥികളെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതിൽ തന്നെ ഭോപ്പാൽ ജില്ലയിലുള്ള രണ്ടു സീറ്റുകളുമുണ്ട്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്കും മധ്യപ്രദേശിൽ മത്സരിച്ചേ തീരൂ. അവരും ഏഴു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സഖ്യത്തിനു കോൺഗ്രസ് തയാറായില്ലെങ്കിൽ നിരവധി മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താൻ എസ്പി തുനിഞ്ഞേക്കും. അതേസമയം, സംസ്ഥാനത്ത് കാര്യമായ സ്വാധീനമൊന്നുമില്ലാത്ത എസ്പിക്കും എഎപിക്കും സീറ്റുകൾ വിട്ടുകൊടുക്കുന്നത് കോൺഗ്രസിനും താത്പര്യമുള്ള കാര്യമല്ല. ഈ സാഹചര്യത്തിൽ എസ്പിയും എഎപിയും എങ്ങനെ ഭോപ്പാൽ റാലിയിൽ പങ്കെടുക്കും എന്നതാണ് അറിയേണ്ടത്. ഈ പാർട്ടികൾ വിട്ടുനിന്നാൽ ആദ്യ റാലിയിൽ തന്നെ കല്ലുകടിയുമാവും.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരേയൊരു സീറ്റ് മാത്രമാണ് മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിക്കു ലഭിച്ചത്. ഈ എംഎൽഎ പിന്നീട് ബിജെപിയിലേക്കു പോയി. 2013ൽ സീറ്റേ ഉണ്ടായിരുന്നില്ല. 2008ലും ഒരു സീറ്റാണു കിട്ടിയത്. 2003ലാണ് മധ്യപ്രദേശിൽ എസ്പിയുടെ ഏറ്റവും മികച്ച പ്രകടനം. മുലായം സിങ് യുപി മുഖ്യമന്ത്രിയായിരുന്ന കാലം. അന്ന് മധ്യപ്രദേശിൽ ഏഴു സീറ്റിൽ പാർട്ടി വിജയിച്ചു. സഖ്യത്തിൽ ഓരോ സംസ്ഥാനത്തും ചെറിയ കക്ഷികളെ ഉൾക്കൊള്ളാൻ വലിയ കക്ഷികൾക്കു കഴിയണം എന്നാണു പറയുന്നത്. ആ നിലയ്ക്ക് എസ്പിക്കു മത്സരിക്കാൻ കോൺഗ്രസ് മാന്യമായ സീറ്റുകൾ നൽകണം എന്നാവശ്യപ്പെട്ടാൽ അതിനു കോൺഗ്രസ് തയാറാവുമോയെന്ന് കാത്തിരുന്നു കാണണം. ബിജെപിയോടു ചേരാതെ എസ്പിയും എഎപിയും അവരുടേതായ സ്ഥാനാർഥികളെ നിർത്തുന്നതിൽ വിരോധമില്ലെന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്. അവർക്ക് കാര്യമായി കോൺഗ്രസ് വോട്ടുകൾ നേടാൻ കഴിയില്ല എന്ന കണക്കുകൂട്ടലിലാണിത്. അതു യാഥാർഥ്യമായാൽപോലും സഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു തന്നെ ഐക്യം തകരുന്നു എന്ന വിമർശനങ്ങൾക്കു കാരണമാവും. വരും ദിവസങ്ങളിൽ മധ്യപ്രദേശിലെ രാഷ്ട്രീയം അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതാവും.
മധ്യപ്രദേശിനു പുറമേ ഛത്തിസ്ഗഡിലും ഏതാനും സ്ഥാനാർഥികളെ എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെയും ബിജെപിക്കൊപ്പം കോൺഗ്രസിനെയും എതിർക്കുകയാണു പാർട്ടി. അരവിന്ദ് കെജരിവാൾ പല തവണ ഛത്തിസ്ഗഡിൽ പ്രചാരണത്തിനു വന്നുകഴിഞ്ഞു. റായ്പുരിലും ബിലാസ്പുരിലും ബസ്തറിലും അദ്ദേഹം പൊതുയോഗങ്ങളും നടത്തി. പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പത്തു പ്രധാന വാഗ്ദാനങ്ങളും കെജരിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഛത്തിസ്ഗഡിലെ 90 സീറ്റുകളിൽ അറുപത്തെട്ടിലും കോൺഗ്രസ് വിജയിച്ചതാണ്. പിന്നീടു നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ജയിച്ചു.
അതേസമയം, ഒരിടത്തുപോലും വിജയം കിട്ടാത്ത പാർട്ടിയാണ് ഛത്തിസ്ഗഡിൽ എഎപി. എൺപത്തഞ്ചിടത്ത് സ്ഥാനാർഥികളെ നിർത്തിയിട്ട് കെട്ടിവച്ച കാശ് കിട്ടിയില്ല. പക്ഷേ, ഐക്യത്തിന്റെ പേരിൽ ഒന്നും കോൺഗ്രസിനു വിട്ടുകൊടുക്കാൻ അവർ തയാറല്ല. പ്രതിപക്ഷ മുന്നണി ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ളതാണ്, നിയമസഭാ വോട്ടെടുപ്പിനല്ല എന്നൊരു വാദം മറ്റു കക്ഷികളുടെ മത്സരത്തെ ചെറുതായി കാണാൻ കോൺഗ്രസ് ഉന്നയിച്ചേക്കാം. അപ്പോഴും സഖ്യത്തിലെ വിള്ളൽ ഉയർത്തിക്കാണിക്കാനാവും ബിജെപിയുടെ ശ്രമം.
കോൺഗ്രസും മറ്റു കക്ഷികളും തമ്മിലുള്ള ഐക്യം ഉറപ്പിക്കാൻ ശരദ് പവാറും നിതീഷ് കുമാറും പോലുള്ള നേതാക്കൾക്കു കഴിയുമോയെന്നും കാത്തിരുന്നു കാണണം. ബിഎസ്പി ഒരു സഖ്യത്തിലും ചേരില്ലെന്നാണു മായാവതി നേരത്തേ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഉറ്റുനോക്കുകയാണെന്നും മായാവതി പറഞ്ഞിട്ടുണ്ട്. ബിഎസ്പിക്കു കുറച്ചെങ്കിലും സ്വാധീനമുള്ള സീറ്റുകളിൽ രണ്ടു കക്ഷികളുടെ നേരിട്ടുള്ള മത്സരം എന്തായാലും ഉണ്ടാവില്ലെന്നാണ് ഇതു കാണിക്കുന്നത്. നിലനിൽക്കാൻ ബിഎസ്പിക്കും സഖ്യം ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. എന്നാൽ, അതു മായാവതിക്കു ബോധ്യപ്പെട്ടിട്ടില്ല.