
അജയൻ
അപൂർവമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലൂടെ കടന്നുപോകുകയാണ് കേരളം. ഇടവപ്പാതി പിൻവാങ്ങും മുൻപേ തുലാവർഷം എത്തിയതായിരുന്നു ആദ്യം. ഇപ്പോഴിതാ വടക്കു കിഴക്കൻ മൺസൂൺ വിടവാങ്ങി, ശീതകാലവും തുടക്കമായി, എന്നിട്ടും ഇവിടെ മഴ തന്നെ മഴ!
ഡിസംബർ മാസത്തിലെ ആദ്യ മൂന്നു ദിവസം കൊണ്ട് കേരളത്തിൽ പെയ്ത മഴയുടെ അളവ് 93.9 മില്ലീമീറ്ററാണ്; പ്രതീക്ഷിച്ചിരുന്നത് 5.9 മില്ലീമീറ്റർ. വർധന 1,492 ശതമാനം! ഒക്റ്റോബർ 1 മുതൽ ഡിസംബർ 3 വരെയുള്ള കാലയളവിൽ പ്രതീക്ഷിച്ച 465.5 മില്ലീമീറ്റർ മഴയിൽ 449.8 മില്ലീമീറ്റർ മാത്രമാണ് പെയ്തത്. മൂന്നു ദിവസം കൊണ്ട് പെയ്ത മഴയിലാണ് വ്യത്യാസം ഇത്രയും കുറഞ്ഞത്.
കേരളത്തിലെ മൺസൂൺ ഘടനയിൽ മാറ്റം വന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകൾ. ചില മണിക്കൂറുകളിലെയോ, അല്ലെങ്കിൽ ചുരുങ്ങിയ ദിവസങ്ങളിലെയോ മഴ കൊണ്ട് ഒരു മഴക്കാലത്തിന്‍റെയാകെ സ്ഥിതിവിവരക്കണക്കുകൾ മാറിമറിയുവോളം തീവ്രമായിരിക്കുന്നു മൺസൂൺ പ്രഭാവം.
കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും വെള്ളപ്പൊക്കത്തിനു വരെ കാരണമായ പെരുമഴയ്ക്കു പിന്നിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റായിരുന്നു എന്ന് എളുപ്പത്തിൽ പറയാം. എന്നാൽ, കാലാവസ്ഥാ വിദഗ്ധർ കൂടുതൽ വ്യാപ്തിയുള്ള ഒരു മൂലകാരണം മുന്നോട്ടുവയ്ക്കുന്നുണ്ട്- ആഗോള താപനം! ഒരു കാലത്ത് കലണ്ടറിലെ അക്കങ്ങൾക്കൊപ്പം കൃത്യതയുണ്ടായിരുന്ന കേരളത്തിന്‍റെ ഋതു സംക്രമങ്ങളാണ് ഇപ്പോൾ ''പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്'' എന്നു പറഞ്ഞിരുന്ന പണ്ടത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പോലെയായിരിക്കുന്നത്; പ്രവചനാതീതമായ ഈ കാലാവസ്ഥ ഇവിടെയിപ്പോൾ സാധാരണവുമായിരിക്കുന്നു!
ബംഗാൾ ഉൾക്കടലിൽ നിന്ന് കേരളത്തിനു മുകളിലൂടെ അറബിക്കടലിലേക്കുള്ള പാതയിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം മാറിമറിയുന്നതും നമ്മൾ കണ്ടു. ഈ ചുഴലിക്കാറ്റിന്‍റെ സ്വഭാവം ആഗോള താപനത്തിന്‍റെ വ്യക്തമായ ഉദാഹരണമായും കാണാവുന്നതാണ്. തീവ്രം (Severe) എന്ന വിഭാഗത്തിൽ ഉൾപ്പെടാതിരുന്നിട്ടു കൂടി, ഫെയ്ഞ്ചൽ വ്യാപകമായി കനത്ത മഴയ്ക്കു കാരണമായി. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി വർധന പോലും അന്തരീക്ഷത്തിന് ഈർപ്പം പിടിച്ചുനിർത്താനുള്ള ശേഷിയിൽ എട്ട് ശതമാനം വളർച്ചയുണ്ടാക്കും. മേഘങ്ങളിലെ ജലസാന്നിധ്യം ഗണ്യമായി വർധിക്കാൻ ഇതു കാരണമാകുന്നു. ഫെയ്ഞ്ചലിന്‍റെ കാര്യത്തിൽ 10-15 ശതമാനം വരെയായിരുന്നു വർധന.
ഈ സീസണിൽ സാധാരണ കണ്ടുവരാറുള്ള ഘനം കുറഞ്ഞ മേഘങ്ങളുടെ സ്ഥാനത്ത്, ഉയരം വളരെ കൂടുതലുള്ള തരം മേഘങ്ങളാണ് ഇപ്പോൾ രൂപംകൊള്ളുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്ന പ്രതിഭാസത്തിന് ഇതു കാരണമാകുന്നു. കാലാവസ്ഥയുടെ ഘടനയിൽ ആഗോള താപനം കാരണം മാറ്റം വരുന്നു എന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടത്. അധികമായി പെയ്യുന്ന മഴവെള്ളം ഒഴുകിപ്പോകാൻ മതിയായ സൗകര്യങ്ങളില്ലാത്തതും, മാറുന്ന കാലവസ്ഥയുടെ പ്രത്യാഘാതങ്ങൾ നേരിടാൻ വേണ്ടത്ര തയാറെടുപ്പുകളില്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു.
ഈ സീസണിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾ പൊതുവേ കേരളത്തെ കാര്യമായി ബാധിക്കാറില്ല. ഇവ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ എവിടെങ്കിലും കര തൊട്ട ശേഷം ഘർഷണം അടക്കമുള്ള കാരണങ്ങളാൽ ദുർബലമാകുന്നതാണ് പതിവ്. ജലം ഘനീഭവിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന താപമാണ് ഇത്തരം ചുഴലികളുടെ പ്രധാന ഊർജം. കരയിലെത്തുമ്പോൾ ഈ ഊർജം ഗണ്യമായി കുറയേണ്ടതാണ്. ഘനീഭവിക്കുന്ന ഓരോ ഗ്രാം വെള്ളവും 640 കലോറി താപം പുറപ്പെടുവിക്കും. അത് മേഘങ്ങളുടെ രൂപീകരണത്തിലേക്കു നയിക്കും. കടലിൽനിന്ന് സമൃദ്ധമായി ലഭിക്കുന്ന ജലം കരയിൽനിന്നു കിട്ടാതെ വരുന്ന സാഹചര്യത്തിൽ ഈ ഊർജം സ്വാഭാവികമായും കുറയുകയാണ് ചെയ്യുക. എന്നാൽ, ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്‍റെ കാര്യമെടുത്താൽ, ബംഗാൾ ഉൾക്കടലിൽ നിന്ന് പുതുച്ചേരിയും തമിഴ്നാടും കേരളവുമൊക്കെ കടന്ന് അറബിക്കടൽ വരെ സഞ്ചരിക്കാനുള്ള ഊർജം അതിൽ ശേഷിച്ചിരുന്നു!
കാലാവസ്ഥാ വ്യതിയാനം സാധാരണമായിക്കഴിഞ്ഞ പശ്ചാത്തലത്തിൽ അതിന്‍റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനുള്ള അടിയന്തര നടപടികൾ അനിവാര്യമാണ്. ദുരന്തങ്ങളുടെ ആക്കം കുറയ്ക്കുന്നതിനുള്ള തയാറെടുപ്പുകളും, അധിക ജലം ഒഴുകിപ്പോകുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങളും, മാറുന്ന കാലവസ്ഥയോട് ഇണങ്ങുന്നതിന് ആവശ്യമായ നയങ്ങളും നമുക്കുണ്ടാവണം. പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾ വലിയ ദുരന്തങ്ങളായി മാറാതിരിക്കാൻ മറ്റു വഴികളില്ലെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.