ബില്ലുകള്‍ പിടിച്ചുവയ്ക്കലും പരമോന്നത കോടതിയും

ഭരണഘടനാ രചയിതാക്കള്‍ ആരംഭത്തില്‍ ഓരോ സംസ്ഥാനത്തിനും ഒരു തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണറാകട്ടെയെന്ന് നിശ്ചയിച്ചു.
Withholding of bills and the Supreme Court

ബില്ലുകള്‍ പിടിച്ചുവയ്ക്കലും പരമോന്നത കോടതിയും

Updated on

അഡ്വ. ജി. സുഗുണന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ സംവിധാനവും പ്രവര്‍ത്തനവും കേന്ദ്ര സര്‍ക്കാരിന്‍റെ മാതൃക സ്വീകരിച്ചു കൊണ്ടു തന്നെയാണ് കരുപ്പിടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണത്തലപ്പത്തു രാഷ്‌ട്രപതിയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ തലവന്‍ ഗവര്‍ണറാണ്. കേന്ദ്രത്തിൽ പ്രധാനമന്ത്രിയെപ്പോലെ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഭരണ പ്രധാനി മുഖ്യമന്ത്രിയാണ്. കേന്ദ്രത്തിലേതു പോലെ സംസ്ഥാനങ്ങളിലും മന്ത്രിസഭകളുണ്ട്. സംസ്ഥാന നിയമസഭയുടെ ഘടനയും മിക്കവാറും പാര്‍ലമെന്‍റി ന്‍റേതു പോലെയാണ്.

ഭരണഘടനാ രചയിതാക്കള്‍ ആരംഭത്തില്‍ ഓരോ സംസ്ഥാനത്തിനും ഒരു തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണറാകട്ടെയെന്ന് നിശ്ചയിച്ചു. അങ്ങനെ നിശ്ചയിച്ചതിനു കാരണം ഓരോ സംസ്ഥാനത്തിനും ഫെഡറേഷന്‍റെ ഘടകമെന്ന നിലയില്‍ അങ്ങേയറ്റം സ്വയംഭരണാവകാശം ഉണ്ടായിരിക്കട്ടെയെന്ന് വെച്ചാണ്. എന്തായാലും രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ ഈ ആശയം ഉപേക്ഷിക്കുകയും, ഗവര്‍ണറെ നിയമിക്കണമെന്ന് തത്വത്തില്‍ എത്തിച്ചേരുകയും ചെയ്തു.

ഗവര്‍ണര്‍ സാധാരണഗതിയില്‍ സംസ്ഥാനത്തിന്‍റെ വ്യവസ്ഥാപിത ഭരണത്തലവന്‍ മാത്രമാണ്. സ്വന്തം കൃത്യനിർവഹണത്തില്‍ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്ന പേരില്‍ അറിയപ്പെടുന്നെങ്കിലും, യഥാർഥ അധികാരങ്ങള്‍ മന്ത്രിസഭയുടെ കൈയിലാണെന്നാണ് അതിനർഥം. ഭരണഘടനാ നിർമാണ സഭയില്‍ ആധികാരികമായി പറയാന്‍ നിയുക്തരായവര്‍ ഇക്കാര്യം വീണ്ടും വീണ്ടും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ വാസ്തവത്തില്‍ നിരങ്കുശമാണ്.

എന്തെന്നാല്‍ ജനാധിപത്യ ഭരണഘടനയ്ക്ക് അകത്തുനിന്ന് ഗവര്‍ണര്‍ ചുമതല നിർവഹിക്കുന്നിടത്തോളം കാലം ഒരു പരിതസ്ഥിതിയിലും ഗവര്‍ണര്‍ക്ക് ഏകാധിപതിയാവാന്‍ സാധ്യമല്ല. അപ്പോള്‍ ഈ സ്വതന്ത്ര തീരുമാനാവകാശത്തെ നിയന്ത്രിക്കുന്നതെന്താണ്? അനാവശ്യമായി സ്വന്തം ആഗ്രഹ നിവൃത്തിക്കും, സംസ്ഥാന രാഷ്‌ട്രീയ നീക്കങ്ങള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ഗവര്‍ണര്‍ ഉപയോഗിക്കുന്നെങ്കില്‍ രാഷ്‌ട്രപതിക്ക് അദ്ദേഹത്തെ നിയമിക്കാനും വേണ്ടിവന്നാല്‍ നീക്കം ചെയ്യാനും കഴിയുന്നു. അങ്ങനെ ഗവര്‍ണര്‍ ഒരു സ്വതന്ത്ര ഏജന്‍റ് അല്ലെന്നു വരുന്നു.

ഭരണഘടനാതീതമായ ഗവര്‍ണര്‍മാരുടെ ചില നടപടികള്‍ പരമോന്നത കോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ ചോദ്യം ചെയ്തിരിക്കുകയാണല്ലോ. ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു നിരീക്ഷണമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അടയിരിക്കുന്നത് സര്‍ക്കാരുകളെ വരുതിയിലാക്കാനല്ലേ എന്ന സംശയം സുപ്രീം കോടതി തന്നെ ഉന്നയിച്ചിരിക്കുകയാണ്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണമാര്‍ക്കും സമയപരിധി നിശ്ചയിച്ച വിധിക്കു പിന്നാലെ രാഷ്‌ട്രപതി സുപ്രീം കോടതിയ്ക്ക് അയച്ച റഫറന്‍സ് നിലനില്‍ക്കുമോ എന്ന് വാദം കേള്‍ക്കുകയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച്.

വിയോജിപ്പുണ്ടെങ്കില്‍ സര്‍ക്കാരിലേക്കു തിരിച്ചയയ്ക്കാതെ ബില്ലുകള്‍ അനന്തമായി പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. ഭരണഘടന ഗവര്‍ണര്‍ക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം. സാങ്കേതികമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ പോസ്റ്റ്മാന്‍ അല്ലെന്നും, കേന്ദ്രത്തെയും രാഷ്‌ട്രപതിയെയും പ്രതിനിധീകരിക്കുന്ന പദവികളാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണഘടനയെ ആര്‍ക്കും വ്യാഖ്യാനം ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവച്ചാല്‍ അവ മരിച്ചതായി കണക്കാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു വിചിത്രവാദമാണ് ഉന്നയിച്ചിരിക്കുന്നത്. ബില്ലില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയില്‍ രാഷ്‌ട്രപതി നല്‍കിയ റഫറന്‍സിലെ വാദത്തിനിടെയാണ് സോളിസ്റ്റര്‍ ജനറല്‍ അസാധാരണ വാദം ഉന്നയിച്ചത്. ഇത്തരത്തില്‍ വീറ്റോ അധികാരം അനുവദിച്ചാല്‍ ബില്ലുകള്‍ അനിശ്ചിത കാലത്തേക്കു പിടിച്ചുവയ്ക്കുമെന്നും, അത് തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുകളെ തെരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍ ചൊല്‍പ്പടിക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് ഗവായി നിരീക്ഷിച്ചു.

നിയമനിർമാണ അധികാരം നിയമസഭയ്ക്കു തന്നെയാണെന്ന് ബെഞ്ച് അടിവരയിട്ട് പറഞ്ഞു. ഭരണഘടയുടെ 200ാം അനുഛേദ പ്രകാരം ബില്ലുകള്‍ അനിശ്ചിതകാലത്തേക്കു പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉണ്ടെന്നായിരുന്നു മേത്തയുടെ വാദം. ഒപ്പിടുക, തടഞ്ഞുവയ്ക്കുക, രാഷ്‌ട്രപതിക്ക് അയയ്ക്കുക, സഭയിലേക്ക് തിരിച്ചയയ്ക്കുക എന്നിവ ഗവര്‍ണര്‍ക്ക് ചെയ്യാം. പിടിച്ചുവച്ചു എന്നു ഗവര്‍ണര്‍ പറഞ്ഞാല്‍ ബില്ല് മരിച്ചുവെന്നാണ് അർഥം. അത് പിന്നീട് സഭയ്ക്ക് തിരിച്ചയയ്‌ക്കേണ്ടതില്ല. ഒപ്പിട്ടില്ലെങ്കില്‍ ബില്‍ വീണ്ടും സഭയിലേക്ക് അയയ്ക്കണമെന്ന പഞ്ചാബ് ഗവര്‍ണര്‍ കേസിലെ വിധി തെറ്റാണ്.

ഗവര്‍ണറുടെ അധികാരങ്ങള്‍ നമ്മുടെ ഭരണഘടന കര്‍ശനമായി നല്‍കുന്നത് മാത്രമാണ്. മറ്റു ഭരണഘടനകളില്‍ സമാനമായ വ്യവസ്ഥകള്‍ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നത് പരിശോധിക്കണമെന്നും മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീം കോടതി ബെഞ്ച് ഇതിനെ ഖണ്ഡിച്ചു. ബില്ലില്‍ പരിഷ്‌കാരം നിര്‍ദ്ദേശിക്കാമെങ്കിലും അത് മരിച്ചുവെന്നു പറയാന്‍ പറ്റില്ലെന്നു കോടതി പറഞ്ഞു. യുക്തിയില്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ പാസാക്കി അയയ്ക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണറുടെ ഓഫിസിന് പരിരക്ഷയുണ്ടെന്നും റിട്ടയേഡ് രാഷ്‌ട്രീയക്കാരുടെ അഭയകേന്ദ്രമല്ല ഇതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഗവര്‍ണറുടെ ആവശ്യകതയെക്കുറിച്ച് ഭരണഘടനാ നിർമാണ സഭ വിശദമായ ചര്‍ച്ച നടത്തിയിരുന്നെന്നും അദ്ദേഹം പറയുകയുണ്ടായി. ഭരണഘടനാ ശില്പികളുടെ പ്രതീക്ഷകള്‍ ഫലവത്തായോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. പല സംസ്ഥാന ങ്ങളിലെയും ഗവര്‍ണര്‍മാര്‍ വിവേചനാധികാരം അനാവശ്യമായി പ്രയോഗിക്കുന്നതു കാരണം കേസുകള്‍ പെരുകുകയാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

ഗവര്‍ണര്‍മാരുടെ ദയാദാക്ഷണ്യത്തിലും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായും നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ വിട്ടുകൊടുക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ബില്ലുകള്‍ ബോധപൂർവം പിടിച്ചുവയ്ക്കുന്ന ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിലെ ജനങ്ങളുടെ ആഗ്രഹ അഭിലാഷങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്നതില്‍ തര്‍ക്കമില്ല.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്കുള്ള അനുമതി സ്ഥിരമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടാത്ത അധികാരസ്ഥാനത്തിന്‍റെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞു. ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ അടയിരുന്നാല്‍ ഞങ്ങള്‍ കൈക്കെട്ടി നോക്കിനില്‍ക്കണോ എന്നും അത്തരം ഘട്ടത്തില്‍ ഇടപെടേണ്ടിവരുമെന്നും കേന്ദ്രത്തോട് കോടതി പറഞ്ഞു.

ഗവര്‍ണര്‍ ചുമതല നിർവഹിക്കുന്നില്ലയെങ്കില്‍ കോടതി കൈയും കെട്ടി നോക്കി നില്‍ക്കണോ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ സ്ഥിതിയെന്താകും. നാലു സംസ്ഥാനങ്ങളാണ് ഈ കോടതിയില്‍ പരാതി തന്നിട്ടുള്ളത്. ഭരണഘടനയുടെ കാവല്‍ക്കാരാണ് സുപ്രീം കോടതി. വര്‍ഷങ്ങളോളം ബില്ലില്‍ ഗവര്‍ണര്‍ അടയിരുന്നാല്‍ ജുഡീഷ്യല്‍ റിവ്യൂവിന് കോടതിക്ക് അധികാരമില്ലെന്ന് എങ്ങനെ പറയും? തെറ്റുണ്ടായാല്‍ അവിടെ പരിഹാരവും കാണേണ്ടിവരും- ചീഫ് ജസ്റ്റീസ് പറഞ്ഞു. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം സുപ്രീം കോടതിക്കുണ്ടെന്ന് ബെഞ്ച് അംഗമായ ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ കേസില്‍ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് വീണ്ടും ഓർമിപ്പിച്ചു.

ബില്ലുകള്‍ പാസാക്കാതെ അനിശ്ചിതകാലം പിടിച്ചുവച്ചുകൊണ്ട് അത് ലാപ്‌സാക്കാനുള്ള ഗവര്‍ണര്‍മാരുടെ നീക്കം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 111ന് വിരുദ്ധമാണെന്ന് പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച് പ്രസിഡന്‍റിനുള്ള അധികാരം തന്നെയാണ് ഗവര്‍ണര്‍മാര്‍ക്കും ഭരണഘടനാപരമായി ഉള്ളത്. സാധാരണയായി പ്രസിഡന്‍റ് ബില്ലുകളൊന്നും പിടിച്ചുവയ്ക്കുന്നില്ല. ഇതനുസരിച്ച് ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പിടിച്ചുവയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല. നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അടയിരിക്കുന്നത് സര്‍ക്കാരുകളെ വരിധിയിലാക്കാനല്ലേ എന്ന പരമോന്നത കോടതിയുടെ ചോദ്യം എന്തുകൊണ്ടും വളരെ പ്രാധാന്യമുള്ളതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വളരെ പരിമിതമാണെന്ന് ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ മുതല്‍ എല്ലാ ഭരണഘടനാ വിദഗ്ധരും വ്യക്തമാക്കിയിട്ടുള്ളതാണ്. പരമോന്നത കോടതിയുടെ പുറത്തുവന്ന ഒടുവിലത്തെ നിരീക്ഷണവും ഇതു തന്നെയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ ഭരണഘടനയെ വളച്ചൊടിക്കാനും, ഇല്ലാത്ത അധികാരങ്ങള്‍ കവര്‍ന്നെടുക്കാനും, മഹത്തായ ഭരണഘടനയെ കഴുത്തുഞെരിച്ച് കൊല്ലാനും ഒരു ഗവര്‍ണര്‍മാര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com