
വനിതാ- ശിശു വികസനം: സാങ്കേതിക പരിവർത്തനത്തിന്‍റെ ദശകം
അന്നപൂർണാ ദേവി
കേന്ദ്ര വനിതാ- ശിശു
വികസന മന്ത്രി
ശാക്തീകരണം ആരംഭിക്കുന്നത് പ്രാപ്യതയിലൂടെയാണ് - അവകാശങ്ങളിലേക്കും സേവനങ്ങളിലേക്കും സംരക്ഷണത്തിലേക്കും അവസരത്തിലേക്കുമുള്ള പ്രാപ്യത. കഴിഞ്ഞ ദശകത്തിൽ, കൂടുതൽ ഉൾക്കൊള്ളുന്നതും ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള നരേന്ദ്ര മോദി ഗവൺമെന്‍റിന്‍റെ ശ്രദ്ധാകേന്ദ്രീകൃത പ്രതിബദ്ധതയിലൂടെ ഈ പ്രാപ്യത പുനർനിർവചിക്കുകയും ജനാധിപത്യവത്കരിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ- ശിശു വികസന മന്ത്രാലയം ഈ പരിവർത്തനത്തിൽ മുൻപന്തിയിലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരതം @2047 എന്ന ദർശനത്താൽ നയിക്കപ്പെടുന്ന മന്ത്രാലയം, സാങ്കേതികവിദ്യയെ അതിന്‍റെ പരിപാടികളിൽ സംയോജിപ്പിച്ചിരിക്കുന്നു, ആനുകൂല്യങ്ങൾ അവസാന മൈൽ വരെ വേഗത്തിലും സുതാര്യമായും കാര്യക്ഷമമായും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നു. നാം പലപ്പോഴും പറയാറുണ്ട്: "ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ, ശാക്തീകരിക്കപ്പെട്ട ഇന്ത്യ'.
ശാക്തീകരണം പ്രാപ്യതയിലൂടെ ആരംഭിക്കണം, അവകാശങ്ങളിലേക്കും സേവനങ്ങളിലേക്കും സംരക്ഷണത്തിലേക്കും അവസരങ്ങളിലേക്കുമുള്ള പ്രവേശനമാകണം. ഇന്ന്, ആ പ്രാപ്യത കൂടുതൽ ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് അഭിലാഷമായിരുന്നത് ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, തത്സമയ ഡാറ്റ സംവിധാനങ്ങൾ, പ്രതികരണാത്മക ഭരണം എന്നിവയിൽ ഊന്നൽ നൽകിയതിന്‍റെ ഫലമാണിത്.
പരിചരണം, സംരക്ഷണം, ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പോഷകാഹാരം, വിദ്യാഭ്യാസം, നിയമപരമായ സംരക്ഷണങ്ങൾ, അവശ്യ അവകാശങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം തുടങ്ങിയവ മന്ത്രാലയം ശക്തിപ്പെടുത്തി. സ്ത്രീകളും കുട്ടികളും ആരോഗ്യകരവും കൂടുതൽ സുരക്ഷിതവുമായ ജീവിതം നയിക്കുക മാത്രമല്ല, അമൃത് കാലത്തെ ആത്മവിശ്വാസമുള്ള നേതാക്കളായും മാറ്റങ്ങളെ നയിക്കുന്നവരായും അവർ ഉയർന്നുവരുന്നുവെന്ന് ഉറപ്പാക്കുന്നു.
പ്രധാനമന്ത്രി പറഞ്ഞതുപോലെ, "സാങ്കേതികവിദ്യയെ ശാക്തീകരണത്തിനുള്ള ഒരു മാർഗമായും പ്രതീക്ഷയ്ക്കും അവസരത്തിനും ഇടയിലുള്ള ദൂരം കുറയ്ക്കുന്ന ഒരു ഉപകരണമായും ഞാൻ കാണുന്നു'. മാനുവൽ പ്രക്രിയകളിൽ നിന്ന് തത്സമയ ഡാഷ്‌ബോർഡുകളിലേക്കുള്ള, അപൂർണമായ പദ്ധതികളിൽ നിന്ന് സംയോജിത പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പരിവർത്തനത്തിന് ഈ ധാർമികത വഴികാട്ടി.
ഈ പരിവർത്തനത്തിന്‍റെ സുപ്രധാന അടിസ്ഥാനമാണ് സക്ഷം അങ്കണവാടി സംരംഭം. 2 ലക്ഷത്തിലധികം അങ്കണവാടി കേന്ദ്രങ്ങളെ നവീകരിക്കാനും ശാക്തീകരിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത് വരുംതലമുറയിലെ ആദ്യകാല ശൈശവ പരിചരണത്തെയും വികസനത്തെയും പ്രതിനിധീകരിക്കുന്നു. സ്മാർട്ട് സൗകര്യങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, നൂതന പഠന ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ഈ കേന്ദ്രങ്ങൾ നവീകരിക്കുന്നു. പോഷകാഹാരം, ആരോഗ്യ സംരക്ഷണം, പ്രീ-സ്കൂൾ വിദ്യാഭ്യാസ സേവനങ്ങൾ എന്നിവയുടെ ഫലപ്രദമായ വിതരണം പ്രാപ്തമാക്കുന്നു.
14 ലക്ഷം അങ്കണവാടി കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെ പോഷൻ ട്രാക്കറുമായി സംയോജിപ്പിക്കുന്നത് തത്സമയ വിവര സന്നിവേശം, പ്രകടന നിരീക്ഷണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയ ഇടപെടലുകൾ എന്നിവ സാധ്യമാക്കി. സ്മാർട്ട്‌ഫോണുകളും സമഗ്രമായ പരിശീലനവും ഉപയോഗിച്ച് അങ്കണവാടി ജീവനക്കാരെ സജ്ജമാക്കുന്നതിലൂടെ, ഈ സംരംഭം അവസാന മൈലിൽ പോലും ഗുണനിലവാരമുള്ള സേവന വിതരണം ഉറപ്പാക്കുന്നു. 2014 ന് മുമ്പ് നിലവിലുണ്ടായിരുന്ന മാനുവൽ റെക്കോർഡ് സൂക്ഷിക്കൽ, ഡാറ്റ ബ്ലൈൻഡ് സ്‌പോട്ടുകളിൽ നിന്നുള്ള നിർണായക മാറ്റമാണിത്.
ഒരു ദശകം മുമ്പ്, ഐസിഡിഎസ് സംവിധാനം അപൂർണമായ വിവരങ്ങൾ, വൈകിയ പ്രതികരണങ്ങൾ, തത്സമയ ട്രാക്കിങ്ങിന്‍റെ അഭാവം എന്നിവയാൽ ബുദ്ധിമുട്ടിലായിരുന്നു. പോഷകാഹാര സേവന വിതരണത്തിൽ കൃത്യത, കാര്യക്ഷമത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിക്കൊണ്ട് പോഷൻ ട്രാക്കർ ഈ രംഗത്തെ മാറ്റിമറിച്ചു.
10.14 കോടിയിലധികം ഗുണഭോക്താക്കൾ - ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറ് വയസിന് താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ എന്നിവരുൾപ്പെടെ - ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വളർച്ചാ നിരീക്ഷണത്തിലും പോഷകാഹാര വിതരണത്തിലും തത്സമയ അപ്‌ഡേറ്റുകൾ പ്രാപ്തമാക്കുന്നതിലൂടെ, ഇത് സമയബന്ധിതമായ ഇടപെടലുകളും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണവും ഉറപ്പാക്കുന്നു. പോഷൻ ട്രാക്കർ സ്വസ്ഥ് ഭാരത്, സുപോഷിത് ഭാരത് എന്ന ദേശീയ ദർശനത്തെ നയിക്കുന്നു, നഗര- ഗ്രാമ വിഭജനം പാലിച്ചുകൊണ്ട് ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട കമ്മ്യൂണിറ്റി ഹബ്ബുകളായി അങ്കണവാടി കേന്ദ്രങ്ങളെ പുനർവിചിന്തനം ചെയ്യുന്നു.
പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് (2025) അർഹമായ ഈ പ്ലാറ്റ്‌ഫോം, വികസിത ഭാരതത്തിന്‍റെ അമൃത് കാലത്ത് സമഗ്ര പരിചരണം വളർത്തിയെടുക്കുന്ന, അങ്കണവാടി ജീവനക്കാർക്ക് ബാല്യകാല വിദ്യാഭ്യാസത്തിനുള്ള ഡിജിറ്റൽ പരിശീലന മൊഡ്യൂളുകൾ നൽകുന്ന "പോഷൻ ഭി പഠായി ഭി'യെയും പിന്തുണയ്ക്കുന്നു. അനുബന്ധ പോഷക പരിപാടിയുടെ (സപ്ലിമെന്‍ററി ന്യൂട്രീഷൻ പ്രോഗ്രാം) സുതാര്യത കൂടുതൽ ശക്തിപ്പെടുത്താനും ചോർച്ചകൾ കുറയ്ക്കാനുമായി വ്യക്തിഗത തിരിച്ചരിയൽ സംവിധാനം അവതരിപ്പിച്ചു. ഇത് യോഗ്യരായ ഗുണഭോക്താക്കൾക്ക് മാത്രമേ പോഷകാഹാര പിന്തുണ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നു, വിതരണ സംവിധാനത്തെ സുരക്ഷിതവും കൃത്യവും മാന്യവുമായ ഒന്നാക്കി മാറ്റുന്നു.
പോഷകാഹാരത്തിനപ്പുറം, സാങ്കേതികവിദ്യ നയിക്കുന്ന പ്ലാറ്റ്‌ഫോമുകളിലൂടെ മന്ത്രാലയം സ്ത്രീകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നു. SHe-Box പോർട്ടൽ എല്ലാ സ്ത്രീകൾക്കും, അവരുടെ തൊഴിൽ നില പരിഗണിക്കാതെ, അവർ സംഘടിതമോ അസംഘടിതമോ, സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ജോലി ചെയ്യുന്നവരാണോ എന്നത് പരിഗണിക്കാതെ, POSH നിയമ പ്രകാരം പരാതികൾ സമർപ്പിക്കാൻ ഏകജാലക സംവിധാനം നൽകുന്നു, ഇതിൽ ഓൺലൈൻ പരിഹാരവും ട്രാക്കിങ്ങും പ്രാപ്തമാക്കുന്നു. അതേസമയം, മിഷൻ ശക്തി ഡാഷ്‌ബോർഡും മൊബൈൽ ആപ്പും ദുരിതത്തിലായ സ്ത്രീകൾക്ക് സംയോജിത സഹായം നൽകുന്നു. ഇപ്പോൾ മിക്കവാറും എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അടുത്തുള്ള വൺ സ്റ്റോപ്പ് സെന്‍ററുമായി ഇത് അവരെ ബന്ധിപ്പിക്കുന്നു. കാര്യക്ഷമതയ്ക്കായി മാത്രമല്ല, നീതി, അന്തസ്, ശാക്തീകരണം എന്നിവയ്ക്കായി സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഈ ഇടപെടലുകൾ വ്യക്തമാക്കുന്നു.
ഒരു ദശാബ്ദം മുമ്പ്, പ്രസവാനുകൂല്യങ്ങൾ നിരീക്ഷിക്കാൻ ബുദ്ധിമുട്ടായിരുന്നു, ഇതിൽ കാലതാമസവും നേരിട്ടു. മോദി ഗവൺമെന്‍റ് പ്രധാൻമന്ത്രി മാതൃ വന്ദന യോജന (PMMVY) നടപ്പിലാക്കി. മാതൃക്ഷേമത്തിലെ ഒരു വലിയ മാറ്റമാണിത്. 2022ലെ PMMVY നിയമങ്ങൾ പ്രകാരം ഗർഭിണികൾക്ക് അവരുടെ ആദ്യ കുഞ്ഞിന് ₹5,000 ലഭിക്കും. മിഷൻ ശക്തി പ്രകാരം രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ ആനുകൂല്യം ₹6,000 വരെ വർദ്ധിക്കുന്നു. ഇത് പെൺമക്കളുടെ സ്വീകാര്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പദ്ധതി ആരംഭിച്ചതു മുതൽ പേപ്പർ രഹിത നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (DBT) സംവിധാനത്തിലൂടെ 1,9000 കോടിയിലധികം രൂപ 4 കോടിയിലധികം വനിതാ ഗുണഭോക്താക്കൾക്കായി നൽകി.
PMMVY ഒരു പൂർണമായും ഡിജിറ്റൽ പരിപാടിയാണ്. ആധാർ അധിഷ്ഠിത പ്രാമാണീകരണം, മൊബൈൽ അധിഷ്ഠിത രജിസ്ട്രേഷൻ, അങ്കണവാടി / ആശാ പ്രവർത്തകരിൽ നിന്നും വാതിൽപ്പടിക്കലെത്തുന്ന സഹായം, തത്സമയ ഡാഷ്‌ബോർഡുകൾ എന്നിവ പ്രയോജനപ്പെടുത്തുന്നു. സമർപ്പിത പരാതി പരിഹാര മൊഡ്യൂളും പൗരന്മാരെ അഭിമുഖീകരിക്കുന്ന പോർട്ടലും സുതാര്യത, വിശ്വാസം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നു. "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ'യോടുള്ള ഗവൺമെന്‍റിന്‍റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ (MoHFW) ഹെൽത്ത് മാനെജ്‌മെന്‍റ് ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത് ജനനസമയത്തെ ലിംഗാനുപാതം (SRB) 918ൽ (2014-15) നിന്ന് 930 (2023-24) ആയി വർധിച്ചു എന്നാണ്. 12 പോയിന്‍റുകളുടെ പോസിറ്റീവ് മാറ്റം. മാതൃമരണ നിരക്ക് 1,000 ജനനങ്ങൾക്ക് 130 എന്നതിൽ നിന്ന് (2018-20) 1,000 ജനനങ്ങൾക്ക് 97 ആയി കുറഞ്ഞു. നമ്മുടെ ഗവൺമെന്‍റിന്‍റെ കഴിഞ്ഞ ദശകത്തിലെ സുസ്ഥിരമായ ശ്രമങ്ങളുടെ സ്വാധീനം ഇത് അടിവരയിടുന്നു.
ഓരോ കുട്ടിയും പരിപോഷണപരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം അർഹിക്കുന്നു. സമീപ വർഷങ്ങളിൽ, കുട്ടികളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ഡിജിറ്റൽ പരിവർത്തനം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്റ്റിനു കീഴിൽ, മന്ത്രാലയം ചൈൽഡ് അഡോപ്ഷൻ റിസോഴ്‌സ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സിസ്റ്റം പോർട്ടൽ (CARINGS) വഴി ദത്തെടുക്കൽ രംഗത്തെ ശക്തിപ്പെടുത്തി. ഈ ഡിജിറ്റൽ ഇന്‍റർഫേസ് കൂടുതൽ സുതാര്യവും പ്രാപ്യവും കാര്യക്ഷമവുമായ ദത്തെടുക്കൽ പ്രക്രിയ ഉറപ്പാക്കുന്നു.
ജെജെ ആക്റ്റിന് കീഴിലുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങൾ, ഫോസ്റ്റർ കെയർ പ്ലെയ്‌സ്‌മെന്‍റുകൾ, നിയമപ്രകാരമുള്ള പിന്തുണാ സംവിധാനങ്ങൾ എന്നിവയുടെ നിരീക്ഷണവും ഡിജിറ്റൽവത്കരണം മെച്ചപ്പെടുത്തി. നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) വികസിപ്പിച്ച പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ അവകാശ ലംഘനങ്ങൾ സജീവമായി നിരീക്ഷിക്കുന്നു. മിഷൻ വാത്സല്യ ഡാഷ്‌ബോർഡ് വിവിധ ശിശുക്ഷേമ പങ്കാളികൾക്കിടയിൽ ഒത്തുചേരലും ഏകോപനവും ശക്തിപ്പെടുത്തുന്നു.
ഇതാണ് പുതിയ ഇന്ത്യ. ഇവിടെ ഭരണം സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നു, നയം ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. കഴിഞ്ഞ ദശകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലനാത്മകമായ നേതൃത്വത്തിൽ, വനിതാ - ശിശു വികസന മന്ത്രാലയം ഡിജിറ്റൽ മാറ്റവുമായി പൊരുത്തപ്പെടുക മാത്രമല്ല, അതിനെ പിന്തുണയ്ക്കുകയും ചെയ്തു.
അമൃത കാലത്ത് നാം മുന്നോട്ടുപോകുമ്പോൾ, ഓരോ സ്ത്രീയും ഓരോ കുട്ടിയും രാഷ്‌ട്രനിർമാണത്തിൽ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കി മന്ത്രാലയം മുന്നിൽ നിന്ന് നയിക്കും. സാങ്കേതികവിദ്യ, സുതാര്യത, ലക്ഷ്യമിട്ടുള്ള പ്രവർത്തനം എന്നിവയിലൂടെ, ശാക്തീകരണം ഒരു മുദ്രാവാക്യമല്ല, മറിച്ച് ഓരോ ഇന്ത്യക്കാരനും ജീവിക്കുന്ന യാഥാർഥ്യമാകുന്ന ഒരു ഭാവിയാണ് നമ്മൾ കെട്ടിപ്പടുക്കുന്നത്.