ഉടമസ്ഥാവകാശ പങ്കാളിത്തത്തിലൂടെ സ്ത്രീ ശാക്തീകരണം

സ്വാമിത്വ പദ്ധതിയിലെ പ്രോപ്പര്‍ട്ടി കാര്‍ഡ്
Women empowerment through ownership participation special story
ഉടമസ്ഥാവകാശ പങ്കാളിത്തത്തിലൂടെ സ്ത്രീ ശാക്തീകരണം
Updated on

സുശീല്‍ കുമാര്‍ ലോഹാനി,

അഡീഷണല്‍ സെക്രട്ടറി, പഞ്ചായത്തീരാജ് മന്ത്രാലയം

2025 ജനുവരി 18ന് 65 ലക്ഷത്തോളം സ്വാമിത്വ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തത് ഗ്രാമീണ ശാക്തീകരണത്തിലേക്കും സാമ്പത്തിക പരിവര്‍ത്തനത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. സ്വത്തവകാശം ശക്തിപ്പെടുത്തുന്നതിനും ഏവരെയും ഉള്‍ക്കൊള്ളുന്ന ഗ്രാമവികസനം പരിപോഷിപ്പിക്കുന്നതിനുമുള്ള ഗവണ്മെന്‍റിന്‍റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് ഈ സംരംഭം. സമൃദ്ധവും വികസിതവുമായ ഇന്ത്യ അഥവാ വികസിത ഭാരതം എന്ന കാഴ്ചപ്പാടു മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം, പൗരന്മാരെ, പ്രത്യേകിച്ച് സ്ത്രീകളെയും സമൂഹത്തിലെ കരുതല്‍ വേണ്ട വിഭാഗങ്ങളെയും, ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പു കൂടിയാണിത്.

ചരിത്രപരമായി, ഇന്ത്യയിലെ ഗ്രാമീണ വനിതകള്‍ കൃഷി, ഗൃഹപരിപാലനം, സാമൂഹ്യജീവിതം എന്നിവയുടെ കേന്ദ്രബിന്ദുവാണ്. ഗണ്യമായ സംഭാവനകള്‍ ഉണ്ടായിരുന്നിട്ടും, വ്യവസ്ഥാപരമായ തടസങ്ങള്‍ മൂലം കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന ഭൂമിയുടെ നിയമപരമായ അംഗീകാരം അവര്‍ക്കു നിഷേധിച്ചു. ഈ അസമത്വം സ്ത്രീകള്‍ക്ക് സാമ്പത്തിക സ്രോതസുകളിലേക്കും അവസരങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പ്രവേശനം പരിമിതപ്പെടുത്തി. സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങള്‍ നിലനിര്‍ത്തി.

സ്ത്രീകളെ ഭൂമിയുടെ സഹ- ഉടമകളായി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് സ്വാമിത്വ പദ്ധതി ഈ ആഖ്യാനം പുനര്‍നിര്‍മിക്കുകയാണ്. കുടുംബസ്വത്തില്‍ സ്ത്രീകള്‍ക്കു തുല്യപങ്കു നല്‍കി, സാമ്പത്തികമായും സാമൂഹികമായും അവരെ ശാക്തീകരിക്കുന്നു. ലിംഗസമത്വം മുന്നോട്ടു കൊണ്ടുപോകുന്നതിനും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളില്‍ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

ഗ്രാമീണ ഇന്ത്യയില്‍, ഭൂമിയുടെ ഉടമസ്ഥാവകാശം സാമ്പത്തിക മൂല്യത്തിനപ്പുറം വ്യാപിക്കുന്ന ഒന്നാണ്. ഇതു സാമൂഹ്യ പദവിയെയും സുരക്ഷയെയും പ്രതിനിധാനം ചെയ്യുന്നു. സ്വത്തവകാശം ഇല്ലാത്തതിനാല്‍, സ്ത്രീകള്‍ പലപ്പോഴും സാമ്പത്തിക അസ്ഥിരത, കുടിയിറക്കം, ഗാര്‍ഹിക പീഡനം എന്നിവ നേരിടേണ്ടി വരുന്നു. നിയമപരമായ ഭൂഅവകാശങ്ങള്‍ നല്‍കുന്നതിലൂടെ, ഭൂവിനിയോഗം, പ്രവേശനം, വിഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷയും തീരുമാനമെടുക്കാനുള്ള അധികാരവും സ്വാമിത്വ പദ്ധതി സ്ത്രീകള്‍ക്കു നല്‍കുന്നു.

പദ്ധതിയുടെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഫലങ്ങളിലൊന്ന് അത് സ്ത്രീകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സ്വാതന്ത്ര്യമാണ്. ഔപചാരികമായ ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ മുമ്പ് അപ്രാപ്യമായിരുന്ന വായ്പകള്‍, ക്രെഡിറ്റ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രാപ്തമാക്കുന്നു. ഈ പ്രവേശനം സ്ത്രീകളെ അവരുടെ കുടുംബങ്ങളുടെ ഭാവിയില്‍ നിക്ഷേപിക്കാനും സാമ്പത്തിക സ്ഥിരത സ്ഥാപിക്കാനും അനുവദിക്കുന്നു.

സ്വത്തിന്‍റെ ഉടമസ്ഥാവകാശത്തില്‍ സ്ത്രീകള്‍ക്കുകൂടി പങ്കാളിത്തം നല്‍കുന്നതിലൂടെ, ഗ്രാമീണ സ്ത്രീകള്‍ക്ക് വായ്പകള്‍ക്കായി അവരുടെ ഭൂമി ഈടായി ഉപയോഗിക്കാനുള്ള പ്രാപ്തി ഇപ്പോഴുണ്ട്. ഉദാഹരണത്തിന്, മഹാരാഷ്‌ട്രയിലെ പുണെ ജില്ലയില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ത്രീകളെ സ്വത്ത് ഉടമസ്ഥതയിലെ പങ്കാളിത്തത്തിനായി സജീവമായി പ്രോത്സാഹിപ്പിച്ചു.

തല്‍ഫലമായി, സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ടതോ ഒറ്റയ്ക്കുള്ളതോ ആയ നിലയില്‍ ഉടമസ്ഥാവകാശമുള്ള പാര്‍പ്പിട സ്വത്തുക്കളുടെ ശതമാനം 16ല്‍ നിന്ന് 88 എന്ന നിലയില്‍ ഗണ്യമായി ഉയര്‍ന്നു. വായ്പകള്‍ ലഭ്യമാക്കാനും വ്യവസായം ആരംഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സ്വത്തുതര്‍ക്കങ്ങള്‍ കുറയ്ക്കാനും സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കാനും ഈ മാറ്റം സ്ത്രീകളെ പ്രാപ്തരാക്കി. അതുപോലെ, മധ്യപ്രദേശില്‍, ലാന്‍ഡ് റവന്യൂ കോഡിനു കീഴില്‍ സ്ത്രീകള്‍ക്ക് ഉടമസ്ഥാവകാശ പങ്കാളിത്തമേകിയതു പരിവര്‍ത്തനാത്മക ഫലങ്ങള്‍ ഉളവാക്കി.

സ്വാമിത്വ പദ്ധതിയിലൂടെ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ സ്വീകരിച്ചത് എങ്ങനെയാണു തങ്ങളുടെ ഭൂമി സുരക്ഷിതമാക്കിയതെന്നും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമപരമായ പിന്തുണ നല്‍കിയതെന്നും ഹര്‍ദയില്‍ നിന്നുള്ള ഷാലിയ സിദ്ദിഖിയെപ്പോലുള്ള സ്ത്രീകള്‍ ചൂണ്ടിക്കാട്ടി. ഈ ശാക്തീകരണം വായ്പകള്‍, കാര്‍ഷിക സഹായം, മറ്റു സാമ്പത്തിക സ്രോതസുകള്‍ എന്നിവ ലഭ്യമാക്കുകയും അവരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.

മാത്രമല്ല, ഈ പദ്ധതി ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി (എസ്ഡിജി) യോജിക്കുന്നു; പ്രത്യേകിച്ച് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുളള ഒന്നാം ലക്ഷ്യം, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കരുതല്‍ വേണ്ട വിഭാഗങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കുന്ന ഉപലക്ഷ്യം എന്നിവയുമായി. സ്ത്രീകളെ സ്വത്തിന്‍റ ഉടമകളായി അംഗീകരിക്കുന്നതിലൂടെ, സ്വാമിത്വ പദ്ധതി ഈ ആഗോള ലക്ഷ്യങ്ങളില്‍ ഗണ്യമായ സംഭാവനയേകുകയും സമഗ്രവും സുസ്ഥിരവുമായ വികസനം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

സുരക്ഷിതമായ ഭൂമി അവകാശങ്ങളുടെ നേട്ടങ്ങള്‍ സ്വന്തം വീടുകള്‍ എന്നതിനപ്പുറം, ഭൂമി സ്വന്തമാക്കിയ സ്ത്രീകള്‍ക്കു സാമ്പത്തിക സേവനങ്ങള്‍ പ്രാപ്യമാക്കുന്നതിനും, കുടുംബങ്ങള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും നല്‍കുന്നതിനും, ലിംഗാധിഷ്ഠിത അക്രമം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പദ്ധതിയുടെ വിജയം പ്രകടമാണ്. അവിടെ ഇതു നടപ്പാക്കിയതു വ്യക്തമായ നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 13 സംസ്ഥാനങ്ങള്‍ ഇതിനകം സ്വത്തിന്‍റെ കാര്യത്തില്‍ സ്ത്രീകളുടെ സഹ ഉടമസ്ഥാവകാശം എന്ന രീതി സ്വീകരിച്ചതോടെ, കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതു പിന്തുടരുമെന്നാണു പ്രതീക്ഷ. ഇതു ഗ്രാമീണ ഇന്ത്യയിലുടനീളം പദ്ധതിയുടെ പരിവര്‍ത്തനാത്മക സ്വാധീനം വ്യാപിപ്പിക്കും.

31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതിയുടെ നടപ്പാക്കല്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 67,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള 3.17 ലക്ഷം ഗ്രാമങ്ങളില്‍ ഡ്രോണ്‍ സര്‍വെകള്‍ പൂര്‍ത്തിയായി. ഈ സമഗ്രമായ ചിത്രീകരണം 132 ലക്ഷം കോടി രൂപയുടെ ഭൂമിയുടെ സാമ്പത്തിക മൂല്യം അനാവരണം ചെയ്തു. ഗ്രാമീണ സമ്പദ് വ്യവസ്ഥകളെ പരിവര്‍ത്തനം ചെയ്യാനുള്ള പദ്ധതിയുടെ സാധ്യതകളാണ് ഇതു വെളിപ്പെടുത്തുന്നത്.

2047ഓടെ വികസിത രാഷ്‌ട്രമായി മാറാനുള്ള കാഴ്ചപ്പാടുമായി ഇന്ത്യ മുന്നേറുമ്പോള്‍, ഗ്രാമീണ പരിവര്‍ത്തനത്തിന്‍റെ നിര്‍ണായക ഘടകമായി സ്വാമിത്വ പദ്ധതി വര്‍ത്തിക്കുന്നു. സ്വത്തവകാശം ഔപചാരികമാക്കുന്നതിലൂടെയും, വായ്പാ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിലൂടെയും, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പദ്ധതി ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കു കരുത്തുറ്റ അടിത്തറയിടുന്നു.

ആധുനിക ജിഐഎസ് സാങ്കേതികവിദ്യയുടെയും കൃത്യമായ ഭൂരേഖകളുടെയും ഉപയോഗം വികസന പരിപാടികളെ കൂടുതല്‍ പിന്തുണയ്ക്കുകയും ഗ്രാമീണ ഭരണനിര്‍വഹണത്തിനു കരുത്തേകുകയും ചെയ്യുന്നു.

ഒറ്റ ദിവസംകൊണ്ട് 65 ലക്ഷം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തത് രേഖകളുടെ കൈമാറ്റം മാത്രമല്ല, ഗ്രാമീണ ജനതയെ ശാക്തീകരിക്കുന്നതിനും ഇന്ത്യയുടെ വികസന യാത്രയില്‍ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെന്‍റിന്‍റെ പ്രതിജ്ഞാബദ്ധതയെ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

വികസിത ഭാരതമെന്ന കാഴ്ചപ്പാടിന് അര്‍ഥവത്തായ സംഭാവനയേകുന്നതിന് ആവശ്യമായ സങ്കേതങ്ങളും വിഭവങ്ങളും ഉപയോഗിച്ചു ഗ്രാമീണ സമൂഹങ്ങളെ സജ്ജമാക്കുന്നതിലൂടെ, വരും തലമുറകള്‍ക്കായി കൂടുതല്‍ നീതിയുക്തവും സമൃദ്ധവുമായ ഗ്രാമീണ ഇന്ത്യ സൃഷ്ടിക്കുകയാണു സ്വാമിത്വ പദ്ധതി. ഈ പദ്ധതി വെറുമൊരു നയമല്ല; മറിച്ച്, പ്രതിബന്ധങ്ങള്‍ തകര്‍ക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിനു നേതൃത്വം നല്‍കുകയും ചെയ്യുന്ന പരിവര്‍ത്തനാത്മക സംരംഭം കൂടിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com