
പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ബിൽ പുതിയൊരു ചരിത്രത്തിനു കൂടി തുടക്കം കുറിക്കുന്നതായി. കേന്ദ്ര സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചപ്പോൾ തന്നെ പലവിധത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രാജ്യത്തിന്റെ പേര് "ഭാരത്' എന്നായി നിശ്ചയിക്കുന്നു എന്നായിരുന്നു അതിലൊന്ന്. നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നീക്കമുണ്ടാവും എന്നതു മറ്റൊന്ന്. "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ മുദ്രാവാക്യം യാഥാർഥ്യമാക്കാനുള്ള ശ്രമമായി ഇതിനെ പലരും കണ്ടു. ലോക്സഭ നേരത്തേ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തിയേക്കാമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാം ഒപ്പം പറഞ്ഞുകേട്ടിരുന്നതാണ് വനിതാ സംവരണ ബില്ലും. അതാണ് ഒടുവിൽ യാഥാർഥ്യമായതും.
സർക്കാരിനെ സംബന്ധിച്ചിടത്തോളം താരതമ്യേന എളുപ്പമായ നിയമ നിർമാണമാണ് വനിതാ സംവരണ ബില്ലിന്റെ കാര്യത്തിലുണ്ടായിരുന്നത്. പ്രതിപക്ഷ എതിർപ്പ് തീരെ കുറവായിരിക്കും എന്നത് ഒരു വശം. നേരത്തേ അവതരിപ്പിക്കപ്പെട്ട ബിൽ കരടായി കൈവശമുണ്ടായിരുന്നു താനും. അതേസമയം, വിപ്ലവകരമായ തീരുമാനം എന്ന നിലയിൽ രാജ്യത്തിന്റെ പ്രീതി സമ്പാദിക്കാനും ഈ നിയമം വഴി സാധ്യമാവും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ജനങ്ങളെ സമീപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിക്കാണിക്കുന്ന പ്രധാന നേട്ടങ്ങളിലൊന്ന് വനിതാ സംവരണമാവും. വർഷങ്ങളായി തടസപ്പെട്ടുകിടന്ന സംവരണം നടപ്പാക്കാനുള്ള നിയോഗം തന്റെ സർക്കാരിനാണു ലഭിച്ചതെന്ന് മോദി വിശദീകരിച്ചു കഴിഞ്ഞു.
പക്ഷേ, വനിതാ ബില്ലിന്റെ ക്രെഡിറ്റ് സർക്കാരിനു വിട്ടുകൊടുക്കാൻ കോൺഗ്രസ് അടക്കം പ്രതിപക്ഷം തയാറാവില്ലെന്നും വ്യക്തമാവുന്നുണ്ട്. ഇതു തങ്ങളുടെ ബില്ലാണെന്ന് സോണിയ ഗാന്ധി ആദ്യമേ അവകാശപ്പെട്ടു. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് അവതരിപ്പിക്കപ്പെട്ട ബില്ലിൽ ചെറിയ ഭേദഗതി മാത്രമേ ഇപ്പോൾ വരുത്തിയിട്ടുള്ളൂവെന്ന് കോൺഗ്രസ് പറയുന്നുണ്ട്. എഐഎംഐഎം പാർട്ടി നേതാവ് അസദുദീൻ ഒവൈസിയും അദ്ദേഹത്തിന്റെ പാർട്ടിയുടെ മറ്റൊരംഗവും മാത്രമാണ് ലോക്സഭയിൽ ബില്ലിനെ എതിർത്തത്. 454 വോട്ട് അനുകൂലമായപ്പോൾ രണ്ടേ രണ്ട് വോട്ട് മാത്രം എതിര്. മുസ്ലിം, ഒബിസി വനിതകൾക്ക് സംവരണത്തിനുള്ളിൽ സംവരണം അനുവദിക്കുന്നില്ലെന്നു പറഞ്ഞാണ് ഒവൈസിയുടെ പാർട്ടി ബില്ലിനെ എതിർത്തത്. രാജ്യസഭ ഏകകണ്ഠമായാണു ബിൽ പാസാക്കിയത്.
മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രത്യേക സംവരണം വേണമെന്ന് ആവശ്യപ്പെടുന്ന പാർട്ടികൾ എഐഎംഐഎമ്മിനു പുറമേ പിന്നെയും പ്രതിപക്ഷത്തുണ്ടെങ്കിലും അവരാരും ബില്ലിനെ എതിർത്തില്ല എന്നതു ശ്രദ്ധേയമാണ്. പിന്നാക്ക വിഭാഗങ്ങൾക്കു പ്രത്യേക സംവരണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് 2010ൽ മൻമോഹൻ സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ ആർജെഡി, എസ്പി, ബിഎസ്പി, ജെഡിയു തുടങ്ങിയ കക്ഷികൾ എതിർത്തത്. എന്നാൽ, ഇത്തവണ പാർലമെന്റിൽ ബില്ലിനെ എതിർക്കാൻ എസ്പി, ബിഎസ്പി, ജെഡിയു തുടങ്ങിയ കക്ഷികൾ തുനിഞ്ഞില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വനിതാ സംവരണ ബില്ലിനെ എതിർക്കുന്നത് വിനാശകരമാവുമെന്ന് ഏതാണ്ടെല്ലാ കക്ഷികൾക്കും ബോധ്യമുണ്ട്. അതേസമയം, ബില്ലിൽ ചില പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാണിച്ച് സർക്കാരിനെ കുറ്റപ്പെടുത്താനും പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നു.
സംവരണത്തിനുള്ളിൽ ഒബിസി സംവരണത്തിനു വേണ്ടി പല പ്രതിപക്ഷ കക്ഷികളും വാദിക്കുകയാണ്. അതു മുന്നിൽക്കണ്ടാണ് ലോക്സഭയിൽ ചർച്ചയ്ക്കു മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ഒരിക്കലും ഒബിസി വിഭാഗത്തിൽ നിന്നൊരു പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിട്ടില്ലെന്ന് ഓർമിപ്പിച്ചത്. ഇപ്പോൾ ജനറൽ, എസ്ടി, എസ്സി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പാർലമെന്റ് മണ്ഡലങ്ങളുള്ളത്. ഈ മൂന്നും ഉൾപ്പെടുത്തിയാണ് സംവരണ ബിൽ തയാറാക്കിയതും- ഇതാണ് അമിത് ഷായുടെ വിശദീകരണം. ബില്ലിന്റെ പേരിൽ ഒബിസി വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാനുള്ള നീക്കം തുടർന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാവാം. നിയമം നടപ്പാക്കാൻ വൈകുന്നതും പ്രതിപക്ഷം വിഷയമാക്കുന്നുണ്ട്. ബിൽ പാസായാലും നടപ്പിലാവാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണു സ്ത്രീകൾക്ക് എന്നാണല്ലോ ലോക്സഭയിൽ സംസാരിച്ച സോണിയ ഗാന്ധി കുറ്റപ്പെടുത്തിയത്. അതേസമയം, ഇത്ര കാലവും ബിൽ പാസാക്കാൻ കഴിയാത്തവർ നരേന്ദ്ര മോദി വനിതാ സംവരണം നടപ്പാക്കുന്നതിൽ നിരാശപ്പെട്ടു സംസാരിക്കുന്നുവെന്നാണു ബിജെപിയുടെ പ്രതികരണം.
എന്തായാലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംവരണം ബാധകമാവില്ല എന്നതു വസ്തുതയാണ്. മണ്ഡല പുനർ നിർണയത്തിനു ശേഷം നടപ്പാവാനുള്ളതാണ് ഈ നിയമം. അതിനു മുൻപ് സെൻസസ് നടക്കണം. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് നടപടികൾ കൊവിഡ് സാഹചര്യത്തിൽ മുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ഇനി സെൻസസ് നടക്കൂ. അതു കഴിഞ്ഞ് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർ നിർണയം നടത്തുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടാവുമെന്നാണു കരുതുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങൾ ഗണ്യമായി കൂടുമെന്നും ദക്ഷിണേന്ത്യയിൽ സീറ്റുകൾ കുറയുമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഇപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിലുള്ള 24 ശതമാനം പ്രാതിനിധ്യം 20 ശതമാനമായി കുറയാം എന്നാണു പറയുന്നത്. ഹിന്ദി മേഖലയുടെ പ്രാതിനിധ്യം 42 ശതമാനത്തിൽ നിന്ന് 48 ശതമാനമാവുമെന്നും ചില കണക്കുകളിൽ കാണുന്നുണ്ട്. എന്തായാലും മണ്ഡല പുനർ നിർണയം ദേശീയ രാഷ്ട്രീയത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാവും. അതിന്റെ നടപടികൾ പൂർത്തിയാക്കി 2029ലെ തെരഞ്ഞെടുപ്പിലെങ്കിലും വനിതാ സംവരണം നടപ്പാക്കാനാവുമോയെന്നു കാത്തിരുന്നു കാണണം. ഇനി ഈ സംവരണത്തിൽ നിന്നു പിന്നോട്ടുപോകാൻ എളുപ്പമല്ല എന്നതാണ് ഇതിന്റെ പോസിറ്റീവ് വശം. അതുകൊണ്ടുതന്നെ ലിംഗനീതിയിലേക്കുള്ള വലിയൊരു ചുവടുവയ്പ്പാണിത്.
സോണിയ ഗാന്ധി ചൂണ്ടിക്കാണിച്ചതു പോലെ വനിതകൾക്കു ജനപ്രതിനിധി സഭകളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ആദ്യ നീക്കങ്ങൾ ഉണ്ടാവുന്നത് രാജീവ് ഗാന്ധിയുടെ കാലത്തു തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്നിലൊന്നു സീറ്റ് വനിതകൾക്കു മാറ്റിവയ്ക്കാനുള്ള ബിൽ എൺപതുകളുടെ അവസാനം രാജീവ് ഗാന്ധി സർക്കാർ കൊണ്ടുവന്നു. അതു ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നില്ല. പിന്നീട് 1992-93ൽ നരസിംഹ റാവു സർക്കാരാണ് തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കു മൂന്നിലൊന്നു സംവരണം ഏർപ്പെടുത്തുന്നത്. അതിനു ശേഷം ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റ് സംവരണം ചെയ്യാനുള്ള ബിൽ ആദ്യമായി അവതരിപ്പിക്കുന്നത് 1996ൽ ദേവഗൗഡാ സർക്കാരാണ്. ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനാവശ്യമായ പിന്തുണ ദേവഗൗഡയ്ക്കു സമാഹരിക്കാനാവുമായിരുന്നില്ല. ബിൽ ഗീതാ മുഖർജി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു. ഏഴു നിർദേശങ്ങളാണു സമിതി നൽകിയത്. ഇതിൽ അഞ്ചു നിർദേശങ്ങൾ മൻമോഹൻ സിങ്ങിന്റെ കാലത്തെ ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തു.
വാജ്പേയി, മൻമോഹൻ സർക്കാരുകൾ ബിൽ പാസാക്കാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. മൻമോഹന്റെ കാലത്ത് 2008ൽ രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ 2010ൽ ആ സഭയിൽ പാസായി. പക്ഷേ, ലോക്സഭയിൽ പരിഗണനയ്ക്ക് എടുത്തില്ല. വാജ്പേയിയുടെ എൻഡിഎ സർക്കാർ പലവട്ടം ബിൽ അവതരിപ്പിച്ചു നോക്കിയതാണ്; 1998, 99, 2002, 2003 വർഷങ്ങളിൽ. 2004ലെ തെരഞ്ഞെടുപ്പു കാലത്ത് ബിൽ പാസാവാത്തതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ വാജ്പേയി ബിജെപിയുടെ അടുത്ത സർക്കാർ വനിതാ സംവരണം ഉറപ്പാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, 2004ൽ അധികാരത്തിലെത്തിയത് യുപിഎയാണ്. അവരുടെ പൊതുമിനിമം പരിപാടിയിൽ തന്നെ വനിതാ സംവരണം ഉണ്ടായിരുന്നു താനും. പല തവണ അഭിപ്രായ വ്യത്യാസങ്ങളിൽ തട്ടിത്തെറിച്ച ബില്ലാണ് മോദി സർക്കാർ ഇപ്പോൾ അനായാസം പാസാക്കിയെടുത്തിരിക്കുന്നത്. ലോക്സഭയിൽ ബിജെപിക്കു തനിച്ചു ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് വനിതാ സംവരണം ഏർപ്പെടുത്താൻ കഴിഞ്ഞതെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി അടുത്ത തവണയും പാർട്ടിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം നൽകണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയാണ്. വനിതാ സംവരണത്തിന് വഴിയൊരുക്കിയ സർക്കാർ എന്നതിനു ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രചാരണം നൽകാനും ബിജെപി തയാറാകുമെന്ന് ഉറപ്പ്.