
ഏതു നായക്കും ഒരു നല്ല ദിവസമുണ്ടാകുമെന്നാണു പറയുന്നത്. എസി കോച്ചിൽ യാത്ര, മൂടിപ്പുതച്ചുറക്കം....നിസംശയം പറയാം ഈ നായയുടെ ആ നല്ല ദിവസമായിരുന്നിരിക്കണമത്. ഒരു കുഞ്ഞിനെയെന്ന പോലെ നായയെ തലോടിയുറക്കുന്ന പെൺകുട്ടിയും വീഡിയോയിലുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഈ ഷോർട്ട് വീഡിയോ വളരെ പെട്ടെന്നു തന്നെ വൈറലായി. കേന്ദ്ര റെയ്ൽവെ മന്ത്രി അശ്വനി വൈഷ്ണവും ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു.
ഗോൾഡൻ ലാബ്രഡോർ വിഭാഗത്തിൽ പെടുന്ന നായയാണ് തീവണ്ടിയാത്രയുടെ സൗഭാഗ്യം ആസ്വദിച്ചത്. ചെറുതായി പരിഭ്രാന്തിയുണ്ടെങ്കിലും പെൺകുട്ടിയുടെ കരുതലിൽ അപരിചിത യാത്രയുടെ ആശങ്കകൾ ഏറെക്കുറെ ഇല്ലാതായെന്നു തന്നെ പറയാം. തീവണ്ടിയാത്ര ഇത്രയും സുഖകരമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ദശലക്ഷം ലൈക്കുകളാണ് ഈ വിഡിയോക്ക് ലഭിച്ചത്. കൂടാതെ മറ്റു സാമൂഹിക മാധ്യമങ്ങളിലും നായയുടെ തീവണ്ടിയാത്ര നിറഞ്ഞു നിൽക്കുന്നുണ്ട്.