യുദ്ധം വേണ്ടത് ലഹരി ഭീകരതക്കെതിരേ

ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം
World Anti-Drug Day special story

യുദ്ധം വേണ്ടത് ലഹരി ഭീകരതക്കെതിരേ

Updated on

##അഡ്വ. ചാർളി പോൾ

ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോകത്തിന്‍റെ മുന്നിൽ അവതരിപ്പിക്കുക, പൊതുജന ആരോഗ്യം ശക്തിപ്പെടുത്തുക, ലഹരിക്കെതിരേ പൊതുസമൂഹത്തിന്‍റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 ആഗോള ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ കീഴിൽ വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office on Drugs and Crime ) എന്ന ഘടകമാണ് ദിനാചരണങ്ങളെ ആഗോളതലത്തിൽ ഏകോപിപ്പിക്കുന്നത്. ആരോഗ്യകരമായ ഒരു യുവതലമുറയെ സൃഷ്ടിക്കാനും ലഹരിമുക്തമായ സമൂഹത്തെ നിർമ്മിച്ചെടുക്കാനും ലോക ലഹരി വിരുദ്ധ ദിനാചരണം വഴിയൊരുക്കും.

ലോക ലഹരിവിരുദ്ധ ദിനത്തിന്‍റെ 2025ലെ പ്രമേയം "Breaking the chains : Prevention, Treatment and Recovery for all' എന്നതാണ്. ലഹരിയുടെ ചങ്ങലകൾ തകർത്തെറിഞ്ഞ്, പ്രതിരോധത്തിലുന്നിയും ചികിത്സയിലൂടെയും ഏവരെയും വീണ്ടെടുക്കാനുള്ളശ്രമം നമ്മൾ തുടരേണ്ടിയിരിക്കുന്നു. ഇനി ഒരാൾ പോലും ലഹരിയുടെ മോഹവലയത്തിൽ പെടാതിരിക്കാൻ നാം പ്രതിരോധം തീർക്കേണ്ടതുണ്ട് . ഒപ്പം ലഹരിയിൽ ആസക്തയായവരെ സ്നേഹത്തോടെ, സഹാനുഭൂതിയോടെ കണ്ട് അവരെ ചികിത്സിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങൾ നമ്മൾ തുടരണം.

ശിക്ഷയല്ല; മറിച്ച് രക്ഷയുടെ സമീപനമാണ് ലഹരി ഉപയോഗിക്കുന്നവരിൽ നാം സ്വീകരിക്കേണ്ടത്. ലഹരിയിൽ നിന്ന് അവരെ കരകയറ്റാൻ കൈത്താങ്ങ് ആയി മാറാൻ സാധിക്കണം.

ഐക്യരാഷ്‌ട്ര സഭയുടെ വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 275 ദശലക്ഷത്തിലധികം പേർ മയക്കുമരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു.

36.3 ദശ ലക്ഷത്തിലധികം പേർ നിരോധിത മയക്കുമരുന്നുപയോഗം മൂലം വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. 200 ദശലക്ഷം പേർ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ട്. 300 ദശലക്ഷത്തിലധികം പേർ മയക്കുമരുന്ന് ഒരിക്കലെങ്കിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 10 വയസ് മുതലുള്ള കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം രണ്ട് ലക്ഷം പേർ ലഹരിയുടെ അനധികൃത കടത്ത് നടത്തുന്നുണ്ട്. ലോക വ്യാപകമായി അമ്പതിനായിരം കോടി ഡോളറിന്‍റെ മയക്കുമരുന്നു വ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ആയുധ വ്യാപാരം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് മയക്കുമരുന്ന് വ്യാപാരമാണ്. ലോകമെമ്പാടുള്ള മയക്കുമരുന്ന് ദുരുപയോഗഭീഷണിയുടെ തോത് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നുണ്ട്.

മയക്കു മരുന്നിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കേന്ദ്ര ഗവൺമെന്‍റിന്‍റെയും കേരള സർക്കാരിന്‍റെയും നിരവധി പദ്ധതികൾ ഉണ്ട്. ലഹരിക്ക് അടിമകളായവർക്ക് ചികിത്സ, പ്രതിരോധ വിദ്യാഭ്യാസം, അവബോധം സൃഷ്ടിക്കൽ, പ്രചോദനാത്മക കൗൺസലിങ്, പരിചരണത്തിനു ശേഷം സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കൽ എന്നീ സേവനങ്ങൾ നൽകുന്ന കേന്ദ്രസർക്കാരിന്‍റെപദ്ധതിയാണ് " നശാ മുക്ത് ഭാരത് അഭിയാൻ" (എൻഎംബിഎ) പ്രോഗ്രാം. ഈ പദ്ധതിക്ക് കീഴിൽ എണ്ണായിരത്തിൽഅധികം യുവജന വളണ്ടിയർമാർ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 3. 38 കോടി യുവാക്കളും 2.28 കോടി സ്ത്രീകളും ഉൾപ്പെടെ 10.72 കോടിയിലധികം പേരിലേക്ക് എൻഎംബി എയുടെ പ്രവർത്തനം കടന്നു ചെന്നിട്ടുണ്ട്. 3.28 ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രോഗ്രാം നടന്നു കഴിഞ്ഞു. 342 ഇന്‍റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെന്‍ററുകൾക്ക് കേന്ദ്രസർക്കാരിന്‍റെ ധനസഹായമുണ്ട്.

കേരള സർക്കാരിന്‍റെ എക്സൈസ്, പൊലീസ്, വിദ്യാഭ്യാസം, സാമൂഹ്യ നീതി എന്നിവ ഉൾപ്പെടെ യുള്ള വകുപ്പുകൾ നിരവധി പദ്ധതികൾ ലഹരിക്കെതിരെ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

സർക്കാരുകൾ മാത്രം വിചാരിച്ചാൽ ലഹരിയെ പ്രതിരോധിച്ചു നിർത്തുക അത്ര എളുപ്പമല്ല. ലഹരിയുടെ തായ് വേരുകൾ അറുത്തു മാറ്റാനും ലഹരിയുടെ കുത്തൊഴുക്കിനെ പ്രതിരോധിക്കാനും മാനവ സമൂഹം ഒന്നാകെ രംഗത്ത് വരേണ്ടതുണ്ട്. സമൂഹത്തെ കാർന്നു തിന്നുന്ന, യുവതലമുറയെ പാഴ്ജന്മങ്ങൾ ആക്കുന്ന ലഹരിക്കെതിരെ രാഷ്‌ട്രീയ -സാമൂഹ്യ- സാംസ്കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേക ജാഗ്രത പുലർത്തി രംഗത്ത് വരണം. പ്രതിരോധ - ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കണം. ലഹരിക്ക് അടിമകളായവരെ തിരികെ കൊണ്ടുവരാൻ കൗൺസിലിംഗും ചികിത്സയും വ്യാപകമാക്കണം. നിരോധിത ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലതാക്കണം. മയക്കുമരുന്നു വിൽക്കുന്നവരെ മരണത്തിന്‍റെ വ്യാപാരികളായി കണ്ട് കർശനമായി നേരിടണം. നിയമങ്ങൾ പഴുതടച്ച് നടപ്പാക്കണം. അങ്ങനെ കൂട്ടായ പരിശ്രമത്തിലൂടെലഹരിക്കെതിരെ മുന്നേറ്റം തുടരാം; രാജ്യത്തെ രക്ഷിക്കാം.

(മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്ക്കാരം നേടിയിട്ടുള്ള ലേഖകൻ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര സർക്കാർ പദ്ധതിയായ "നശാ മുക്ത് ഭാരത് അഭിയാൻ' മാസ്റ്റർ ട്രെയ്നറുമാണ്. -8075789768)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com