ആഘോഷിക്കാനും വളരാനുമുള്ള അവസരം

കഴിഞ്ഞ വര്‍ഷം മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അംഗീകാരങ്ങളുടെ പെരുമഴക്കാലം ആയിരുന്നു
world dairy day
ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനം

കെ.എസ്. മണി

ചെയര്‍മാന്‍, മിൽമ

ജൂണ്‍ ഒന്ന് ലോക ക്ഷീര ദിനമായി ആഘോഷിക്കുന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. സാധാരണക്കാരന് ഏറ്റവും എളുപ്പത്തിലും ചെലവു കുറഞ്ഞും ലഭിക്കുന്ന പോഷകാഹാരണമാണ് പാലും പാലുത്പന്നങ്ങളും.

പ്രാചീന നദീതട സംസ്ക്കാരകാലങ്ങള്‍ മുതല്‍ തന്നെ പശു വളര്‍ത്തല്‍ ഇന്ത്യയില്‍ ബഹുമാന്യമായ തൊഴിലായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും വലിയ ക്ഷീരോത്പാദകര്‍ ഇന്ത്യയാണെന്നുള്ളത് അഭിമാനിക്കാവുന്ന വസ്തുതയാണ്. ആഗോള പാലുത്പാദനത്തിന്‍റെ 24.64 ശതമാനമാണ് ഈ മേഖലയില്‍ ഇന്ത്യയുടെ സംഭാവന.

ക്ഷീര വിപ്ലവത്തിലൂടെയാണ് മിന്നുന്ന ഈ നേട്ടം ഇന്ത്യ കൈവരിച്ചത്. ത്രിഭുവന്‍ദാസ് പട്ടേലും ക്ഷീര വിപ്ലവത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന മലയാളിയായ വര്‍ഗീസ് കുര്യനും ചേര്‍ന്നുണ്ടാക്കിയ സഹകരണ പ്രസ്ഥാനത്തിലൂടെയാണ് ഓരോരുത്തരും ഈ വിപ്ലവത്തിന്‍റെ ഭാഗഭാക്കായത്.

ഇതോടൊപ്പം തന്നെ രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ക്ഷീര കര്‍ഷകരും തുല്യമായ പ്രാധാന്യമര്‍ഹിക്കുന്നു. ക്ഷീര മേഖലയില്‍ രാജ്യം കൈവരിച്ചിട്ടുള്ള നേട്ടത്തിലൂടെ വിശേഷിച്ച് ഗ്രാമപ്രദേശങ്ങളിലെ സാമൂഹിക- സാമ്പത്തിക അവസ്ഥ വലിയ തോതില്‍ മെച്ചപ്പെട്ടു.

കേരളത്തിലെ ക്ഷീര മേഖയുടെ വളര്‍ച്ച കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്) അഥവാ "മില്‍മ' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വര്‍ഗീസ് കുര്യന്‍റെ പ്രവര്‍ത്തന മാതൃകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട മില്‍മ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ക്ഷീര സഹകരണ ശൃംഖലകളില്‍ ഒന്നാണ്.

കഴിഞ്ഞ വര്‍ഷം മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അംഗീകാരങ്ങളുടെ പെരുമഴക്കാലം ആയിരുന്നു. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന ഒരു മില്‍ക്ക് ഫെഡറേഷനായി മില്‍മ ഇന്ന് മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും അണു ഗുണനിലവാരം കൂടിയ പാല്‍, മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള ദേശീയ പുരസ്കാരം, ഊര്‍ജ സംരക്ഷണ രംഗത്തെ ദേശീയ അവാര്‍ഡുകള്‍, ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ പ്രചരിപ്പിച്ചതില്‍ പ്രധാനമന്ത്രിയുടെ പ്രശംസ, കാലാവസ്ഥ വ്യതിയാന ഇന്‍ഷുറന്‍സ് രാജ്യത്തു ആദ്യമായി നടപ്പിലാക്കിയ ക്ഷീര സഹകരണ പ്രസ്ഥാനം എന്നിവ മില്‍മയുടെ അടുത്ത കാലത്തുള്ള നേട്ടങ്ങളില്‍ ചിലത് മാത്രമാണ്.

ക്ഷീര കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ വില നല്‍കുന്നത് നമ്മള്‍ ആണെങ്കിലും ഉത്പാദന ചെലവ് കൂടുതലുള്ള സംസ്ഥാനവും നമ്മുടേതാണ്. അതുകൊണ്ടു ഉത്പാദന ചെലവ് കുറക്കാനുള്ള പദ്ധതികളിലൂടെയും, ഉത്പാദന ക്ഷമത വര്‍ധിപ്പിച്ചും നമുക്ക് സ്വയം പര്യാപതത കൈവരിക്കേണ്ടതുണ്ട്.

മലബാര്‍, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ 3 മേഖലാ സംഘങ്ങളിലെ 3,300 പ്രാഥമിക സഹകരണ സംഘങ്ങളിലായി 12 ലക്ഷത്തോളം ക്ഷീര കര്‍ഷകരാണ് മില്‍മയ്ക്കുള്ളത്. ഏപ്രില്‍ മാസത്തില്‍ മില്‍മയുടെ പ്രതിദിന സംഭരണം 10.31 ലക്ഷം ലിറ്ററും വിത്പന 17.56 ലക്ഷം ലിറ്ററുമായിരുന്നു. കുറവു വരുന്നത് അയല്‍ സംസ്ഥാനത്തു നിന്ന് നികത്തുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്ഷീരമേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ് മില്‍മ കൈവരിച്ചിട്ടുള്ളത്. 2023-24 ല്‍ 4,311 കോടി രൂപയാണ് മില്‍മയുടെ മൊത്ത വരുമാനം. കൊവിഡ് പ്രതിസന്ധി തരണം ചെയ്താണ് ഈ നേട്ടമെന്നും ഓര്‍ക്കേണ്ടതാണ്.

ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകം റിപൊസിഷനിങ് മില്‍മ എന്ന ബ്രാന്‍ഡ് നവീകരണമാണ്. ചോക്ലേറ്റ്, ബട്ടര്‍ ബിസ്കറ്റ്, ഇന്‍സ്റ്റന്‍റ് ഭക്ഷ്യപദാർഥങ്ങള്‍ എന്നീ പുതിയ ഉത്പന്നങ്ങള്‍ക്ക് പുറമെ പാലിന്‍റെ തരംതിരിക്കല്‍, വില ക്രമീകരിക്കല്‍ തുടങ്ങിയവ ഈ ഉദ്യമത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മില്‍മയുടെ വിപണി സാന്നിദ്ധ്യം വിപുലീകരിക്കുന്നതിന് ഇത് ഏറെ സഹായകരമായി.

വിപണി വിപുലീകരണം, ക്ഷീരകര്‍ഷകരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതലായവയില്‍ സംസ്ഥാന സര്‍ക്കാര്‍ മില്‍മയ്ക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്.

ക്ഷീര കര്‍ഷകരോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് മില്‍മയുടെ ഉയര്‍ച്ചയുടെ രണ്ട് തൂണുകള്‍. പ്രതിസന്ധി ഘട്ടത്തില്‍ പോലും കര്‍ഷകരുടെ പ്രയത്നത്തിന് ഏറ്റവും ഉയര്‍ന്ന വില തന്നെ ലഭിച്ചുവെന്ന് മില്‍മ ഉറപ്പു വരുത്തി. അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഒരു ദിവസം പോലും മുടക്കം വരുത്താതെ പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുകയും ചെയ്തു.

സഹരണ ഫെഡറലിസത്തിന്‍റെ ആധാരശിലയില്‍ ഊന്നി നിന്നു കൊണ്ടാണ് രാജ്യത്ത് ക്ഷീര സഹകരണ മേഖല നിലനില്‍ക്കുന്നത്. എന്നാല്‍ ഈ ആധാരശിലയെ തകര്‍ക്കുന്ന വിധം ആശാസ്യമല്ലാത്ത ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടായി. മില്‍മ ചെയര്‍മാനെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ ദേശീയ വേദികളില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. ഭൂരിഭാഗം പങ്കാളികളില്‍ നിന്നും വലിയ പിന്തുണയാണ് ഈ നിലപാടിന് ലഭിച്ചത്.

ആഘോഷിക്കുന്നതിനോടൊപ്പം ഭാവിയെക്കുറിച്ച് ചിന്തിക്കാനുമുള്ളതാണ് ലോക ക്ഷീര ദിനം. നേട്ടങ്ങളുടെ ശീതളിമയില്‍ മയങ്ങാന്‍ നമ്മുക്കാകില്ല. സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച കൈവരിക്കാന്‍ നമ്മുക്കാകണം. ഉത്പാദനക്ഷമത കൂട്ടുകയെന്നതാണ് ഈ ദിശയിലേക്കുള്ള പ്രധാന കാല്‍വയ്പ്പ്. അതോടൊപ്പം വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും വേണം. ആഗോളതലത്തിലെ നല്ല മാതൃകകള്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വലിയ ഉയരങ്ങളിലെത്താന്‍ രാജ്യത്തെ ക്ഷീര മേഖലയ്ക്ക് സാധിക്കും.

Trending

No stories found.

Latest News

No stories found.