ചിരാഗ് പാസ്വാന്‍
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി
ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണത്തിന്‍റെ ദീര്‍ഘകാല ചരിത്രം രാജ്യത്തിന്‍റെ പുരാതന ജ്ഞാനത്തെയും പുരോഗതിയെ ഉള്‍ക്കൊള്ളാനുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നു. അച്ചാറിടുന്നതും ഉണക്കിയെടുക്കലും പോലുള്ള പ്രാചീന പാരമ്പര്യത്തില്‍നിന്ന് ഇന്നത്തെ അത്യാധുനിക സങ്കേതങ്ങള്‍ വരെ, ഇന്ത്യ അതിന്‍റെ സമ്പന്നമായ പാചക പൈതൃകത്തെ ആധുനിക മുന്നേറ്റങ്ങളുമായി സമന്വയിപ്പിച്ചിരിക്കുന്നു. ഈ യാത്ര ജനങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് മാത്രമല്ല, ഇന്ത്യയുടെ പാചകശാസ്ത്ര സവിശേഷതയെ നിര്‍വചിക്കുന്ന വൈവിധ്യവും സങ്കീര്‍ണവുമായ രുചികള്‍ ആഘോഷിക്കുന്നതിനു കൂടിയാണ്.
രാഷ്‌ട്രത്തിന്‍റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ആധാരമായ ഇന്ത്യയുടെ ഭക്ഷ്യസംസ്‌കരണ മേഖല പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും സംഗമസ്ഥാനത്ത് നിലകൊള്ളുന്ന പരിവര്‍ത്തന സാധ്യതകളുടെ പ്രതീകമാണ്. വിളവെടുപ്പ്, തരംതിരിക്കല്‍, ഗ്രേഡിങ് എന്നിവ മുതല്‍ പാക്കേജിങ്, സംരക്ഷണം, മൂല്യവര്‍ധന എന്നിവ വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസംസ്‌കരണം കൃഷിയിടവും ആഗോള വിപണിയും തമ്മിലുള്ള അന്തരം നികത്തുന്നതിനുള്ള ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ വയലുകളിലെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്‌ട്ര പ്രശസ്തിയുള്ള ഉല്‍പ്പന്നങ്ങളായി രൂപാന്തരപ്പെടുന്നത്, ആഗോളതലത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നു.
സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും ആഗോള നേതൃത്വത്തിലേക്കുമുള്ള രാജ്യത്തിന്‍റെ മുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ഈ മേഖലയുടെ സാധ്യതകള്‍ നമ്മുടെ ഗവണ്മെന്‍റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും കാര്‍ഷിക- ഭക്ഷ്യ കയറ്റുമതി വര്‍ധിപ്പിക്കാനുമുള്ള ദൗത്യം ഭക്ഷ്യസംസ്‌കരണ മേഖലയുടെ വിജയവുമായി അന്തര്‍ലീനമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയുടെ കാര്‍ഷിക സമ്പത്ത് ആഗോള വിതരണശൃംഖലയിലേക്ക് എത്തിക്കുന്നതിനുള്ള വഴിയായി വര്‍ത്തിക്കുന്നു.
2047-ഓടെ വികസിത രാഷ്‌ട്രമാകുക എന്ന ആഹ്വാനം, വെല്ലുവിളികളെ അതിജീവിച്ച് സമൃദ്ധി, നവീകരണം, സുസ്ഥിരത എന്നിവയുടെ സ്തംഭമായി ഉയര്‍ന്നുവരുന്ന ഇന്ത്യയെയാണ് വിഭാവനം ചെയ്യുന്നത്. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും നിര്‍ണായക പങ്ക് വഹിക്കാന്‍ തയ്യാറെടുക്കുന്ന ഭക്ഷ്യസംസ്‌കരണ മേഖലയാണ് ഈ കാഴ്ചപ്പാടിന്‍റെ കാതല്‍. വികസിത ഭാരതമെന്ന പുതിയ യുഗത്തിന്‍റെ വക്കില്‍ നാം നില്‍ക്കുമ്പോള്‍, ഇന്ത്യയുടെ കാര്‍ഷിക ശക്തിയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടാണ്, 2024 സെപ്റ്റംബര്‍ 19 മുതല്‍ 22 വരെ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ എന്‍റെ മന്ത്രാലയം സംഘടിപ്പിക്കുന്ന 'വേള്‍ഡ് ഫുഡ് ഇന്ത്യ 2024'-ല്‍ സ്പഷ്ടമായ ആവിഷ്‌കാരം കണ്ടെത്തുന്നത്.
നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്‍റെയും അന്തര്‍ദേശീയ സഹകരണത്തിന്‍റെയും യഥാര്‍ഥ സംഗമമായ, അഭിമാനകരമായ ഈ പരിപാടി, ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ണമായും യാഥാര്‍ഥ്യമാക്കി അതിജീവനശേഷിയുള്ളതും അഭിവൃദ്ധിയുള്ളതുമായ ഇന്ത്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്ന വഴിവിളക്കായി വര്‍ത്തിക്കുന്നു.
ആഗോള ചിന്തകര്‍, വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ച "വേള്‍ഡ് ഫുഡ് ഇന്ത്യ 2023'ന്‍റെ ഉജ്വല വിജയം, ആഗോള ഭക്ഷ്യ ഭൂപ്രകൃതിയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നിലയുടെ തെളിവാണ്. ഭക്ഷ്യസംസ്‌കരണ സാങ്കേതികവിദ്യ, പാക്കേജിങ് പ്രതിവിധികള്‍, സുസ്ഥിര സമ്പ്രദായങ്ങള്‍ എന്നിവയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, നവീകരണത്തിന്‍റെ യഥാര്‍ഥ കാഹളമായിരുന്നു പരിപാടി. ഭക്ഷ്യ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ഇന്ത്യയുടെ വൈദഗ്ധ്യം അതിന്‍റെ എല്ലാ മഹത്വത്തിലും പ്രദര്‍ശിപ്പിച്ചതും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതും 2024ല്‍ കൂടുതല്‍ മികച്ച പതിപ്പിന് കളമൊരുക്കി.
"വേള്‍ഡ് ഫുഡ് ഇന്ത്യ 2024' ഈ പാരമ്പര്യം കെട്ടിപ്പടുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഭക്ഷ്യസംസ്‌കരണ ആവാസവ്യവസ്ഥയുടെ മുഴുവന്‍മേഖലയും ഉള്‍ക്കൊള്ളുന്നതിനായി അതിന്‍റെ വ്യാപ്തി വിപുലീകരിക്കുകയും ചെയ്യുന്നു. ഇത് വിത്തുമുതല്‍ സംഭരണംവരെ, വ്യവസായത്തിന്‍റെ എല്ലാ വശങ്ങളും സൂക്ഷ്മമായി ക്രമീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യും. പങ്കാളികള്‍ക്ക് ഉള്‍ക്കാഴ്ച നേടുന്നതിനും സഹകരണം സൃഷ്ടിക്കുന്നതിനും പുതിയ വിപണികള്‍ ആരായുന്നതിനുമുള്ള സമാനതകളില്ലാത്ത അവസരവും ഇതു വാഗ്ദാനം ചെയ്യുന്നു. ഭക്ഷ്യസംസ്‌കരണത്തിന്‍റെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ച് ഗുണനിലവാരം, നവീകരണം, സുസ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി ഈ പരിപാടി പ്രവര്‍ത്തിക്കുന്നു.
വ്യവസായങ്ങള്‍, സംരംഭകര്‍, ഭക്ഷ്യസംസ്‌കരണ വ്യവസായത്തിലെ പങ്കാളികള്‍ എന്നിവര്‍ക്ക്, "വേള്‍ഡ് ഫുഡ് ഇന്ത്യ 2024'ലെ പങ്കാളിത്തം എന്നത് വെറുമൊരു പോംവഴിയല്ല; മറിച്ച്, തന്ത്രപരമായ അനിവാര്യതയാണ്. വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ അനാവരണം ചെയ്യാനും ഭക്ഷ്യവ്യവസായത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്ന വികസിക്കുന്ന ഉപഭോക്തൃ മുന്‍ഗണനകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നേടാനുമുള്ള അവസരങ്ങളുടെ സവിശേഷമായ സംഗമമാണ് ഈ പരിപാടി പ്രദാനം ചെയ്യുന്നത്.
മാത്രമല്ല, വേള്‍ഡ് ഫുഡ് ഇന്ത്യ 2024 പരസ്പരബന്ധത്തിനും പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും നിര്‍ണായകമാകും. ഇത് വ്യവസായങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന അന്താരാഷ്‌ട്ര സഹകരണങ്ങള്‍ വളര്‍ത്തുന്നതിന് ഫലഭൂയിഷ്ഠമായ മണ്ണും വാഗ്ദാനം ചെയ്യുന്നു. പരിപാടിയുടെ വിപുലമായ പ്രദര്‍ശന ഇടം, പ്രമേയാധിഷ്ഠിത സമ്മേളനങ്ങള്‍, ആശയവിനിമയ ഇടങ്ങള്‍ എന്നിവ പങ്കെടുക്കുന്നവര്‍ക്ക് സങ്കീര്‍ണമായ ആഗോള ഭക്ഷ്യ ഭൂപ്രകൃതിയില്‍ മുന്നേറുന്നതിന് ആവശ്യമായ സങ്കേതങ്ങളും അറിവും നല്‍കും. ഒപ്പം അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനുമാകും.
സ്റ്റാര്‍ട്ടപ്പുകളുടെ ഉത്സാഹത്തിലും ചാതുര്യത്തിലും പ്രചോദിതമായ എന്‍റെ മന്ത്രാലയം, സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ചിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം പതിപ്പ് പുറത്തിറക്കി. ഇന്ത്യയുടെ കാര്‍ഷിക- ഭക്ഷ്യ- അനുബന്ധ മേഖലകളില്‍ മാതൃകാപരമായ മാറ്റം ഉത്തേജിപ്പിക്കുന്നതിന് ഈ മഹത്തായ സംരംഭം പ്രതിജ്ഞാബദ്ധമാണ്. മാലിന്യത്തിന്‍റെ മൂല്യനിര്‍ണയം, പോഷകഗുണമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ഫലപ്രദമായ ജല ഉപയോഗ കാര്യക്ഷമത തുടങ്ങിയ സുപ്രധാന മേഖലകള്‍ ലക്ഷ്യമിടുന്നതിലൂടെ, ഈ മേഖലയെ പരിവര്‍ത്തന സാധ്യതകളുള്ള ഭാവിയിലേക്ക് നയിക്കാനും നവീകരണത്തിന്‍റെ വിപ്ലവം സൃഷ്ടിക്കാനും ഈ ചലഞ്ച് ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിറ്റി (എഫ്എസ്എസ്എഐ) സംഘടിപ്പിക്കുന്ന ആഗോള ഭക്ഷ്യ ക്രമീകരണ സമ്മേളനം "വേള്‍ഡ് ഫുഡ് ഇന്ത്യ 2024'നോടനുബന്ധിച്ചാണ് നടക്കുന്നത്. സുരക്ഷിതവും കൂടുതല്‍ ഊര്‍ജസ്വലവുമായ ഭക്ഷണ സമ്പ്രദായം കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന്‍റെ അദമ്യമായ തെളിവായി ദീര്‍ഘദര്‍ശികളായ പ്രതിഭകളുടെ ഈ സഭ വര്‍ത്തിക്കുന്നു. അവിടെ ഓരോ ഭക്ഷണവും അചഞ്ചലമായ അര്‍പ്പണബോധത്തോടെ ജാഗ്രതയോടെ സംരക്ഷിക്കപ്പെടുന്നു. ഈ ഉച്ചകോടിയിലൂടെ, വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഭക്ഷണം സുരക്ഷിതമാക്കുന്നതിനും മാത്രമല്ല, ഏവര്‍ക്കും വിശ്വാസത്തിന്‍റെയും പോഷണത്തിന്‍റെയും മാതൃകയാകുന്ന ലോകം വളര്‍ത്തിയെടുക്കുന്നതിനുമുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധത നാം ഊട്ടിയുറപ്പിക്കുന്നു. നമ്മുടെ ഏറ്റവും ആഴമേറിയ മൂല്യങ്ങളെയും അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്ന ആഗോള സഹകരണത്തിന്‍റെയും പുരോഗതിയുടെയും സമഗ്രതയെ ഇത് പ്രതിനിധാനം ചെയ്യുന്നു.
"വേള്‍ഡ് ഫുഡ് ഇന്ത്യ 2024'ന്‍റെ മഹത്തായ ചുവടുവയ്പില്‍, രാജ്യത്തിന്‍റെ ഭക്ഷ്യമേഖലയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്ന പരിവര്‍ത്തനപരമായ മാറ്റത്തിന്‍റെ വെളിച്ചമായി ശ്രദ്ധാമേഖലകള്‍ നിലകൊള്ളുന്നു. ഭക്ഷ്യ വികിരണ സുരക്ഷയുടെയും സംഭരണ കാലാവധിയുടെയും ഇരട്ടഗുണങ്ങള്‍ ഉറപ്പാക്കുന്നത്, മലിനീകരണത്തില്‍നിന്നു നമ്മുടെ ഭക്ഷണത്തെ ശക്തിപ്പെടുത്തുന്നു. സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ നവീകരണത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്നത്, അഗാധമായ സ്വാധീനത്തോടെ സുസ്ഥിര പോഷണം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ മാലിന്യം, പരമാവധി മൂല്യം എന്ന തത്വചിന്ത കാര്യക്ഷമതയെ പ്രതിനിധാനം ചെയ്യുന്നു. ഇത് ഓരോ ഔണ്‍സ് ഉല്‍പ്പന്നത്തെയും അമൂല്യമായ വിഭവങ്ങളാക്കി മാറ്റുന്നു. സുസ്ഥിര പാക്കേജിങ് പാരിസ്ഥിതിക രക്ഷാകര്‍തൃത്വത്തെ പിന്തുണയ്ക്കുന്നു. ഇതു നമ്മുടെ പാരിസ്ഥിതിക മുദ്ര കുറയ്ക്കുന്നു. അവസാനമായി, കൃഷിയിടം മുതല്‍ തീന്‍മേശ വരെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് എല്ലാ മേശകളിലും സംശുദ്ധവും സുരക്ഷിതവുമായ ഉപജീവനം എത്തിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍, ഭക്ഷ്യസംസ്‌കരണ മേഖല അഭിലഷണീയമായ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന പ്രധാന സ്തംഭങ്ങളിലൊന്നായി നിലകൊള്ളുന്നു. നാഴികക്കല്ലായ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ, അതിവേഗം വളരുന്ന വിപണിയുടെയും പിന്തുണയുള്ള നയ അന്തരീക്ഷത്തിന്‍റെയും നേട്ടങ്ങള്‍ കൊയ്ത്, ഭക്ഷ്യ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ഇന്ത്യയെ ആഗോളതലത്തില്‍ ഒന്നാമതെത്തിക്കുന്നതിനുള്ള ഗവണ്മെന്‍റിന്‍റെ ദൗത്യവുമായി വ്യവസായങ്ങള്‍ക്ക് യോജിക്കാനാകും.
നാം പുതിയ യുഗത്തിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, "വേള്‍ഡ് ഫുഡ് ഇന്ത്യ 2024' മാറ്റത്തിന്‍റെ സൂചനയായും ആഗോള വേദിയില്‍ ഇന്ത്യയുടെ ഉയര്‍ച്ചയുടെ പ്രതീകമായും ഈ മേഖലയുടെ പരിവര്‍ത്തന ശക്തിയുടെ സാക്ഷ്യമായും ഉയര്‍ന്നുവരുന്നു. "വേള്‍ഡ് ഫുഡ് ഇന്ത്യ 2024' മഹത്തായ വിജയമാക്കാനും, സ്വയംപര്യാപ്തതയുള്ള രാഷ്‌ട്രമായി മാത്രമല്ല, സമൃദ്ധിയുടെയും നവീകരണത്തിന്‍റെയും സുസ്ഥിരതയുടെയും വിളക്കുമാടമെന്ന നിലയിലുള്ള പുതിയ ഇന്ത്യയുടെ ഉദയം പ്രഖ്യാപിക്കുന്നതിനും, ലക്ഷ്യത്തിലും കാഴ്ചപ്പാടിലും നമുക്കേവര്‍ക്കും ഒരുമിച്ചു നില്‍ക്കാം.