ഹൃദയപൂർവം അറിയണം നമ്മുടെ ഹൃദയത്തെ

നിങ്ങൾ പ്രമേഹരോഗിയാണ് എങ്കിൽ നല്ല നിയന്ത്രണം എന്നത് ആഹാരത്തിനു മുൻപ് 125 mg/dL, ആഹാരത്തിന് 200 നു താഴെയുമായി ക്രമപ്പെടുത്തുക എന്നതാണ്
world heart day
ഹൃദയപൂർവം അറിയണം നമ്മുടെ ഹൃദയത്തെ
Updated on

ഡോ. കെ.​ ശിവപ്രസാദ്

സെപ്റ്റംബർ 29 ന് ലോകമെമ്പാടും ഹൃദയദിനമായി ആചരിക്കുന്നു. ലോക ഹൃദയാരോഗ്യ സംഘടനയുടെ (World heart federation) പ്രത്യേക ആഹ്വാന പ്രകാരമാണ് 2000 മാണ്ട് മുതൽ സെപ്റ്റംബർ 29ന് ഹൃദയദിനമായി ആചരിക്കുന്നത്. ക്രമാതീതമായി വർധിച്ചു വരുന്ന ഹൃദ്രോഗങ്ങളെ കുറിച്ചും അതിൽ നിന്നുള്ള വർധിച്ച മരണ നിരക്കും, ശാരീരിക അവശതകളെ കുറിച്ച് ലോക ജനതയ്ക്ക് അവബോധം നൽകി ശക്തവും യുക്തവുമായ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. ഇതിന്‍റെ സന്ദേശം നേരിട്ട് ജനങ്ങളിലെത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ ദിനം ചർച്ച ചെയ്യുന്നു. "യൂസ് ഹാർട്ട് ഫോർ ആ​ക്‌​ഷൻ' എന്നതാണ് ഇത്തവണത്തെ സന്ദേശം. ഇതിന്‍റെ ഉൾപ്പൊരുൾ നന്നായി മനസിലാക്കി ഹൃദയത്തെ വേണ്ടവിധത്തിൽ പരിചരിക്കാനും ആരോഗ്യപ്രദമായ ഒരു ജീവിതചര്യ ശീലിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും അവ നടപ്പാക്കാനുള്ള പദ്ധതികൾ ഭരണ രാഷ്‌‌​ട്രീ​യ മണ്ഡലങ്ങളിൽ സ്വാധീനിച്ച് നടപ്പാക്കാനുള്ള കർമങ്ങൾ ഏകോപിപ്പിക്കാനുമാണ് ലോക ഹൃദയ ദിനം ലക്ഷ്യമിടുന്നത്.

ഹൃദയ രോഗങ്ങളിൽ പ്രധാനം ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ആണല്ലോ. എന്നാൽ മറ്റ് രോഗങ്ങളും ഹൃദയത്തിനെ പരോക്ഷമായും രക്തകുഴലുകളെ പ്രത്യക്ഷത്തിലും ബാധിക്കുന്ന രോഗങ്ങളും കാർഡിയോ വാസ്കുലർ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.കാർഡിയോ വാസ്കുലർ ഡിസീസ് ഹൃദ്രോഗവും ധമനികളും ചേർന്ന രോഗം മിശ്രിതമാണ് ഈ ലോകത്തിലെ ഒന്നാം നമ്പർ കൊലയാളി. ഏകദേശം 20.5 മില്യൺ ജീവനുകളാണ് പ്രതിവർഷം ലോകത്ത് പൊലിയുന്നത്. ഇതിൽ 85 ശതമാനവും ഹൃദയരോഗങ്ങൾ ആണ് മരണകാരണം. ഹൃദയ ധമനിയിൽ വരുന്ന തടസ്സങ്ങൾ മസ്തിഷ്കാഘാതത്തിനും കാരണമാകും.

ഇതിൽ വേദനാജനകമായ വസ്തുത ഈ രോഗങ്ങൾ കാരണമുണ്ടാകുന്ന മരണങ്ങൾ 80% വികസ്വര രാജ്യങ്ങളിലാണ് എന്നതാണ്. ഒരു ശരാശരി മനുഷ്യഹൃദയം ആ വ്യക്തിയുടെ മുഷ്ടിചുരുട്ടി വെച്ചത് പോലുള്ള വലുപ്പം മാത്രമാണ്. എന്നാൽ ഈ മാസ്മരിക അവയവം അമ്മയുടെ ഗർഭപാത്രത്തിൽ ജീവൻ തുടിച്ച് തുടങ്ങി മൂന്നാം ആഴ്ച മുതൽ ഹൃദയമിടിച്ച് തുടങ്ങും. ജീവിതകാലം മുഴുവൻ സ്പന്ദിച്ച് ഏകദേശം ഒരു മിനിട്ടിൽ 4-6 8 ലിറ്റർ രക്തം വിവിധ ശരീര അവയവങ്ങളിലേക്ക് പമ്പ് ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ 70 വയസ്സുവരെ ജീവിക്കുന്ന വ്യക്തിയുടെ ഹൃദയം ഏകദേശം 2.5 ബില്യൺ തവണ മിടിക്കുന്നു. ഇങ്ങനെ ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ആരോഗ്യ സംരക്ഷിക്കുന്ന ഹൃദയത്തെ സംരക്ഷിക്കാനുള്ള പ്രാഥമിക ചുമതല അവനവന് തന്നെയാണെന്നത് നിസംശയം.

എന്നാൽ ക്രൂരതയോടെ മനുഷ്യർ പലവിധത്തിലുള്ള ആഘാതങ്ങളാണ് ഹൃദയത്തിന് ഒരു ജീവിതത്തിൽ നൽകുന്നത്. അനിയന്ത്രിതമായ രക്താതിസമ്മർദ്ദം, കടുത്ത പ്രമേഹം, പുകവലി, അമിതമായ കൊഴുപ്പ്, അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലായ്മ ഇവയാണ് ഹൃദയത്തിനുണ്ടാവുന്ന അഥവാ ഹൃദയാഘാതത്തിലേക്കു നയിക്കാവുന്ന രോഗം സമ്മാനിക്കുന്നത്.

മാത്രമല്ല ഇവ നിയന്ത്രിക്കുന്നത് വഴി ഹൃദയരോഗ സാധ്യത 30-40 ശതമാനം തടയാനാകും എന്ന് പാശ്ചാത്യരാജ്യങ്ങളിലെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ ലോക ഹൃദയ ദിനത്തിൽ നാം നമ്മുടെ ജീവിതത്തിലെ സുപ്രധാന അവയവമായ ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം എന്നതിനെപ്പറ്റി മനസ്സിലാക്കുകയും അത് നമുക്കും നമ്മുടെ കുടുംബത്തിനും കൂട്ടുകാർക്കും സമൂഹത്തിനും മനസ്സിലാക്കി കൊടുക്കുന്നത് പ്രധാനം തന്നെയാണ്. "Know your Numbers' എന്ന മുദ്രാവാക്യം ഈ ഘട്ടത്തിൽ വളരെ ആപ്തമാണ്. അതായത് ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആഹാരത്തിന് മുമ്പ് 125 mg/dL ആഹാരത്തിനു​ ശേഷം 140 mg/dL താഴെയുമാണ്. എന്നാൽ പ്രമേഹം തിരിച്ചറിയാൻ ആഹാരത്തിന് 125 മുകളിലായും ആഹാരത്തിനുശേഷം 200 മുകളിലായും ആണു നിഷ്കർഷിക്കുന്നത്.

നിങ്ങൾ പ്രമേഹരോഗിയാണ് എങ്കിൽ നല്ല നിയന്ത്രണം എന്നത് ആഹാരത്തിനു മുൻപ് 125 mg/dL, ആഹാരത്തിന് 200 നു താഴെയുമായി ക്രമപ്പെടുത്തുക എന്നതാണ്. അതുപോലെ രക്തസമ്മർദ്ദം സാധാരണ നിലയിൽ 120/80 മില്ലീമീറ്റർ എന്നതും 140/90 മില്ലീമീറ്റർ മെർക്കുറി എന്ന അളവിൽ കൂടുതലായി പോകുമ്പോൾ രക്തസമ്മർദം ഉള്ള വ്യക്തിയായി മാറുന്നു. രക്തത്തിലെ കൊഴുപ്പും ഹൃദയത്തിനെ ബാധിക്കുന്ന ഘടകമാണ്. ശരീരത്തിലെ അനാരോഗ്യകരമായ കൊളസ്ട്രോളിന്‍റെ അളവ് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കു കാരണമാകും.

ക്രമമായ വ്യായാമം രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മർദവും കൊഴുപ്പും നിയന്ത്രിക്കുന്നതിനും ഒരുപാട് സഹായിക്കുന്നു. മാത്രമല്ല ഹൃദയപ്രവർത്തന ക്ഷമത കൂട്ടുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ഹൃദയാഘാത തോത്, അവിചാരിത മരണം ഇവ കുറയ്ക്കുന്നു. ദിവസേന 30-45 മിനിട്ട് വേഗതയിലുള്ള നടത്തം, നീന്തൽ, സൈക്ക്ലിങ്, ജോഗിങ്, ഔട്ട് ഡോർ ഗെയിംസ് ഇവയൊക്കെയാണ് വേണ്ട വ്യായാമങ്ങൾ.

അതുപോലെ പ്രധാനം അമിത വണ്ണം നിയന്ത്രിക്കുക, മാനസിക പിരിമുറുക്കം കുറയ്ക്കുക ഇവയൊക്കെ ഹൃദയത്തെ സംരക്ഷിക്കാൻ അനിവാര്യമാണ്. ജോലി സ്ഥലത്തെ വിശ്രമമുറികൾ , യോഗ, മെഡിറ്റേഷൻ, ലഘു വിനോദങ്ങൾ എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും. ഇപ്രകാരം ഓരോ വ്യക്തിയും സ്വമേധയാ രക്ത പരിശോധന നടത്തിയും ദേഹ പരിശോധന ഒരു സാധാരണ ഡോക്‌ടർ വഴി നടത്തിയും രക്ത സമ്മർദം, പ്രമേഹം എന്നിവ കണ്ടുപിടിക്കാനാകും. ക്രമമായ വ്യായാമം എല്ലാവരും ശീലിക്കണം. അങ്ങനെ സമൂഹത്തിന്‍റെ കൂട്ടായ പ്രവർത്തനവും കൃത്യമായ ബോധവത്കരണവും സത്ശീലങ്ങളും നമ്മുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കും.

(തിരുവനന്തപുരം മെഡിക്കല്‍ കോളെജ് കാര്‍ഡിയോളജി വിഭാഗം മേധാവി​യും കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്റ്റു​മാ​ണ് ലേ​ഖ​ക​ൻ)

Trending

No stories found.

Latest News

No stories found.