ലോക സമാധാനവും വെല്ലുവിളികളും

ലോകത്തു വിവിധ ഭാഗങ്ങളിലും ഇപ്പോൾ വലിയ യുദ്ധഭീതിയിലാണ് എന്നതാണു ദുഃഖകരം.
World peace and its dire challenges special story
ലോക സമാധാനവും വെല്ലുവിളികളും
Updated on

ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ ഈ മാസം 21 ന് സാര്‍വദേശീയ സമാധാന ദിനം വിപുലമായി ആചരിച്ചു. ലോകസമാധാന കൗണ്‍സിലിന്‍റെ ഭാഗമായ അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ ദിനം വിപുലമായ പരിപാടികളോടു കൂടി ഇന്ത്യയിലും ആചരിച്ചു. എന്നാൽ ലോകത്തു വിവിധ ഭാഗങ്ങളിലും ഇപ്പോൾ വലിയ യുദ്ധഭീതിയിലാണ് എന്നതാണു ദുഃഖകരം.

ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ലോകരാജ്യങ്ങളില്‍ പലതിലും മാരകമായ യുദ്ധങ്ങളും അതിന്‍റെ ഫലമായുളള മനുഷ്യക്കുരുതികളും സാധാരണ സംഭവമായി മാറുന്ന സ്ഥിതിയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന യുക്രെയ്‌ന്‍- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല. തായ്‌വാന്‍- ചൈനീസ് സംഘര്‍ഷങ്ങളും അതില്‍ അമെരിക്കയുടെയും ചില പാശ്ചാത്യശക്തികളുടെയും ഇടപെടലും യുദ്ധസമാനമായ ഒരു സാഹചര്യത്തിലേയ്ക്ക് ഈ മേഖലയെ കൊണ്ടുപോകുകയാണെന്ന സാഹചര്യവും സംജാതമായിട്ടുണ്ട്.

ഏറ്റവുമൊടുവിലായി പശ്ചിമേഷ്യയിലെ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷങ്ങളും ഇസ്രയേൽ - ലബനോൺ സംഘർഷങ്ങളും കൂടുതല്‍ ഭീകരവും സങ്കീര്‍ണവുമായ സാഹചര്യത്തിലേക്കു നീങ്ങിയിരിക്കുകയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ദശാബ്ദങ്ങളായി നിലവിലുള്ളതാണെങ്കിലും ഇപ്പോഴാണ് ഇതു ഗുരുതരമായ ഒരു സ്ഥിതിയിലേക്ക് ചെന്നെത്തുന്നത്. അമെരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഇസ്രയേലിനെ സഹായിക്കുന്ന നിലപാട് ആ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയും ഗാസയിലെ ആയിരങ്ങള്‍ കൊല്ലപ്പെടുന്നതിനും ഇടയാക്കിയിരിക്കുകയാണ്.

അക്രമങ്ങളും ഹിംസയും യുദ്ധവുമില്ലാത്ത ഒരു ലോകം മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സ്വപ്നമാണ്. എല്ലാത്തരം ഹിംസയുടെയും അഭാവമാണ് സമാധാനം. ഇന്ന് ഹിംസയുടെ വ്യത്യസ്ത രൂപങ്ങള്‍ നാം നിത്യജീവിതത്തില്‍ കാണുന്നുണ്ട്. ജാതിയും, മതവും, വര്‍ഗവും, വംശീയതയും പ്രദേശീകതയും സ്ത്രീ-പുരഷ വ്യത്യാസങ്ങളുമെല്ലാം അക്രമങ്ങളുടെയും, ഹിംസയുടെയും ഉപകരണങ്ങളായി മാറുന്നു എന്നത് ആധുനിക കാലഘട്ടം നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

ഒരു നൂറ്റാണ്ടില്‍ തന്നെ രണ്ട് ലോകമഹായുദ്ധങ്ങളും നിരവധി ചെറുയുദ്ധങ്ങളും നാം കണ്ടുകഴിഞ്ഞതാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുദ്ധസമാനമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. വികസിത രാജ്യങ്ങളുടെ ആയുധപുരകളില്‍ അത്യാധുനികമായ ആയുധങ്ങള്‍ കുന്നുകൂടികിടക്കുന്നു. സാമാധാനമെന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല, ലഹള, കൂട്ടക്കൊല, കൊലപാതകം, കായികാക്രമണം തുടങ്ങിയ എല്ലാത്തരം അക്രമ പ്രവര്‍ത്തനങ്ങളുടെയും അഭാവമാണ് സമാധാനം. എല്ലാ യുദ്ധങ്ങളും സമാധാനത്തെ തകര്‍ക്കുന്നു. എല്ലാ അസമാധാനവും യുദ്ധത്തിലേക്ക് ആനയിക്കപ്പെടുന്നു.

ജാതിവ്യവസ്ഥ ഘടനാപരമായ ഹിംസയുടെ ഉദാഹരണമാണ്. ചിലര്‍ ജാതിയമായി ഉയര്‍ന്നവരെന്നും മറ്റു ചിലര്‍ മോശപ്പെട്ടവരെന്നുമുളള ചിന്താഗതി സമൂഹത്തില്‍ അസ്വസ്തത പടര്‍ത്തുന്നു. സമൂഹത്തിലെ വര്‍ഗവിവേചനവും അസമത്വവുമാണ് ഹിംസയുടെ മറ്റൊരു കാരണം. വികസിത, വികസ്വര സമൂഹങ്ങളെ തൊഴിലാളികളും അസംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരും കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു എന്നുളളതാണ്. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കപ്പെടുന്നില്ല. തൊഴില്‍രഹിതരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വര്‍ഗവ്യത്യസങ്ങള്‍ അക്രമണങ്ങളിലേക്കും ഹിംസയിലേക്കും നയിക്കുന്നു.

പുരുഷാധിപത്യ ലോകക്രമവും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഹിംസയുടെ മറ്റ് കാരണങ്ങളിലൊന്നാണ്. കോളനിവത്കരണവും തദ്ദേശീയ ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തലും ഹിംസയുടെ പ്രത്യക്ഷ രൂപങ്ങളാണ്. പരമ്പരാഗത രൂപത്തിലുളള കോളനിവത്കരണം ഇല്ലാതായെങ്കിലും പുതു കോളനിവത്കരണത്തിന്‍റെയും പുത്തന്‍ സാമ്രാജ്യത്വത്തിന്‍റെയും ഫലമായി ഹിംസ പുതിയ ഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നു. പലസ്തീനില്‍, ഇറാക്കില്‍, അഫ്ഗാനിസ്ഥാനില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ചിലതിലും നവകോളോണിയല്‍ ചൂഷണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

കോണ്‍സണ്‍ട്രേഷന്‍ ക്യാംപികളില്‍ ലക്ഷോപലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ ഹിറ്റ്‌ലറെയും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരെ അടിച്ചമര്‍ത്തുന്നതിനും കൂട്ടക്കൊല ചെയ്യാനും വെളളക്കാരുടെ ഭരണകൂടവും പലസ്തീനിലെ പതിനായിരക്കണക്കിന് മുസ്‌ലിങ്ങളെ കൊന്നൊടുക്കാന്‍ ഇസ്രയേല്‍ ഭരണകൂടവും ഉപയോഗിച്ചത് കടുത്ത വംശീയതാണ്. ഇന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റക്കാര്‍ക്കെതിരെ നവവംശീയ പ്രസ്ഥാനങ്ങളുടെ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട്. "യുദ്ധങ്ങള്‍ ഉദ്ഭവിക്കുന്നത് മനുഷ്യമനസിലായതുകൊണ്ട് സമാധാനത്തിന്‍റെ പ്രതിരോധങ്ങള്‍ പണിതുയര്‍ത്തേണ്ടത് മനുഷ്യ മനസിലാണ് ' - UNESCOയുടെ ഭരണഘടനയില്‍ പറയുന്നതാണിത്. ഹിംസയുടെ ഉറവിടം മനുഷ്യമനസായതു കൊണ്ട് സമാധാനത്തിന്‍റെ ഉറവിടവും മനുഷ്യമനസു തന്നെയാണ്. വ്യക്തിപരമായ ഹിംസ ചിലപ്പോള്‍ സാമൂഹികമായ കാരണങ്ങളുടെ സൃഷ്ടിയാകാം. അങ്ങനെയെങ്കില്‍ അതിന്‍റെ പരിഹാരവും സാമൂഹികമായി രൂപപ്പെടേണ്ടതായിട്ടുണ്ട്.

സാമൂഹിക തിന്മകളെയും ഹിംസയെയും ഉന്മൂലനം ചെയ്യുന്നതിന് ഒരു ജനാധിപത്യ സമൂഹം അത്യാവശ്യമാണ്. വിവേചനരഹിതയും നീതിയുക്തവുമായ ഒരു സമൂഹനിര്‍മ്മിതിയിലൂടെ മാത്രമേ യഥാര്‍ഥ സമാധാനം സ്ഥാപിക്കാന്‍ കഴിയൂ. ഇസ്രായേലിലെ ജനാധിപത്യം എത്രത്തോളമുണ്ടെന്ന് ആര്‍ക്കും ബോധ്യമുള്ളതാണ്.

ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന വാദമാണ് ഹിംസയിലൂടെ സമാധാനം സ്ഥാപിക്കാനാകുമെന്ന വാദം മുന്നോട്ട് വയ്ക്കുന്നു. "ലക്ഷ്യം മാര്‍ഗത്തെപ്പോലെ പരിശുദ്ധമായിരിക്കണം.'- അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ വാക്കുകളാണിത്. ഏതുമാര്‍ഗത്തിലൂടെയും ലക്ഷ്യം നേടാമെന്ന വാദഗതിയെ ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നു. സമാധാനം എന്നത് ലോകത്തെ എല്ലാ മനുഷ്യരുടെയും, രാജ്യങ്ങളുടെയും ആവശ്യമാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളുമില്ലാത്ത ഒരു ലോകത്തിനായി ശാശ്വത സമാധാനം നിലനിര്‍ത്തുക എന്നത് അനിവാര്യമാണ്.

ഐക്യരാഷ്‌ട്ര സഭയുടെ രൂപീകരണത്തിനു ശേഷം ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകാനുളള സാധ്യതകളെ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാന്‍ ഇപ്പോഴും ലോകത്തിന്‍റേ വിവിധ ഭാഗങ്ങളില്‍ യുദ്ധവും യുദ്ധസമാന സാഹചര്യവും ശക്തമായി നിലനില്‍ക്കുകയാണ്. ഐക്യരാഷ്‌ട്ര സഭയെ അവഗണിച്ചു വന്‍രാഷ്‌ട്രങ്ങള്‍ പുതിയ സഖ്യങ്ങള്‍ രൂപീകരിക്കുകയും ആയുധങ്ങള്‍ കുന്നുകൂട്ടുകയും ചെയ്യുന്നു. ഐക്യരാഷ്‌ട്ര സഭയുടെ നയസമീപനങ്ങളെ വന്‍ ശക്തികള്‍ ചോദ്യംചെയ്യുകയും ക്രമേണ സഭ ഇവരുടെ കൈയിലെ പാവയായി മാറുകയും ചെയ്യുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റും അമെരിക്ക നടത്തിയ അധിനിവേശങ്ങളെ ചോദ്യം ചെയ്യാനാവതെ ഐക്യരാഷ്‌ട്ര സഭ വളരെ ദുര്‍ബലമായി മാറി. ലോക യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും ഐക്യരാഷ്‌ട്ര സഭ വെറും നോക്കുകുത്തിയായി മാറുകയാണോ?

വംശഹത്യയും കലാപങ്ങളും ഭീകരവാദവും ആധുനികകാലത്തെ ഏറ്റവും വലിയ വെല്ലുവിളികളായി മാനവികതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ആധുനിക സാങ്കേതികവിദ്യയും ആയുധവും ഉപയോഗപ്പെടുത്തി നടത്തുന്ന ഭീകരവാദം ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുന്നു. അമെരിക്കയിലെ പെന്‍റഗണ്‍ ആക്രമണം, ഇന്ത്യയിലെ മുംബൈ ആക്രമണം എന്നിവയെല്ലാം ആഗോള ഭീകരവാദത്തിന്‍റെ തെളിവുകളാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില വംശഹത്യയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്. 1994ല്‍ റുവാണ്ടയില്‍ നടന്ന ഹുടു- ടുട്‌സി വംശീയ കലാപങ്ങളില്‍ 5 ലക്ഷം ടുട്‌സി വംശജര്‍ കൊല്ലപ്പെട്ടു. ബോംബാക്രമണങ്ങളും മിസൈൽ വര്‍ഷവും അവിടെ നിത്യസംഭവമായിരുന്നു. അണ്വായുധങ്ങളും രാസ ജൈവായുധങ്ങളും ലോകത്തങ്ങോളമിങ്ങോളമുളള ആയുധപ്പുരകളില്‍ നിറഞ്ഞിരിക്കുകയാണ്.

മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ അതില്‍ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തെന്ന് പറയാൻ എനിക്കാവില്ലെന്നാണ് മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്. യുദ്ധവും അസമാധാന സാഹചര്യങ്ങളും ഒഴിവാക്കുക എന്നതാണ് സമാധാന സ്ഥാപനത്തിനുളള ഏക മാര്‍ഗം. ലോകസമാധാനം എന്നത് ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. സമാധാന പ്രസ്ഥാനങ്ങളും ജനകീയ മുന്നേറ്റങ്ങളും ഇതിനായി ഇപ്പോള്‍ നിതാന്ത പരിശ്രമത്തിലുമാണ്.

ലോകത്തെ കടുത്ത സംഘര്‍ഷങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും കൂടുതല്‍ ശക്തിപ്പെടുകയാണ്. പലപ്പോഴും ലോകത്ത് യുദ്ധം ഒഴുവാക്കാനായി സ്ഥാപിക്കപ്പെട്ട ഐക്യരാഷ്‌ട്ര സഭയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം. ലോകത്തെ പ്രമുഖമായ പല സമാധാന പ്രസ്ഥാനങ്ങള്‍ക്കും ഫലത്തില്‍ ഇതുപോലെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യം. ആ നിലയില്‍ ഇത്തരം സംഘടനകള്‍ നിര്‍ജീവമാകുന്ന സ്ഥിതിയും വളര്‍ന്നു വരികയാണ്.

യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങള്‍ ലോകത്തൊട്ടാകെ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. അതിന്‍റെ ഭാഗമായാണ് സെപ്റ്റംബര്‍ 21ന് ലോക സമാധാന ദിനം ആചരിച്ചത്.

(ലേഖകന്‍ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി ദേശീയ സമിതി അംഗമാണ്. ഫോണ്‍: 9847132428)

Trending

No stories found.

Latest News

No stories found.