അരങ്ങിന്‍റെ സുരഭി

സിനിമയെന്നതു നാടകത്തെ പിന്നിലവശേഷിപ്പിക്കാനുള്ള കാരണമല്ല സുരഭിക്ക്. ഇനിയുമടങ്ങാത്ത നാടകമോഹത്തെ മുറുകെപിടിച്ചു കൊണ്ടാണു സുരഭിയുടെ അഭിനയജീവിതം
അരങ്ങിന്‍റെ സുരഭി

നമിത മോഹനൻ

അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയാൽ പലർക്കും അരങ്ങ് അന്യം നിന്നു പോകും. നാടകവഴികളിലൂടെ സിനിമയിൽ എത്തിയവർ പോലും അരങ്ങിന്‍റെ ഭൂതകാലത്തിലേക്കു തിരിച്ചു നടക്കുന്നതു വിരളം. എന്നാൽ സിനിമാഭിനയത്തിന്‍റെ ദേശീയ പുരസ്കാരത്തെ പുൽകുമ്പോഴും, നാടകത്തെ നെഞ്ചേറ്റുന്ന ഒരു കലാകാരിയുണ്ട്. അരങ്ങിനെ ആത്മാവായി കണ്ട അഭിനേത്രി. സ്പോട്ട് ലൈറ്റിന്‍റെ തീവ്രതയിൽ കഥാപാത്രത്തിന്‍റെ ഭാവങ്ങളിലേക്കു ചേക്കേറാൻ കൊതിക്കുന്ന നടി. സുരഭി ലക്ഷ്മി. സിനിമയെന്നതു നാടകത്തെ പിന്നിലവശേഷിപ്പിക്കാനുള്ള കാരണമല്ല സുരഭിക്ക്. ഇനിയുമടങ്ങാത്ത നാടകമോഹത്തെ മുറുകെപിടിച്ചു കൊണ്ടാണു സുരഭിയുടെ അഭിനയജീവിതം സമൃദ്ധമായി തുടരുന്നത്.

യവനിക ഉയരുന്നു

സുരഭിയുടെ അഭിനയത്തിന്‍റെ ആദ്യചുവടുകൾ നാട്ടിലെ അമ്പലങ്ങളുടെയും ചെറിയ ഉത്സവങ്ങളുടെയും നാട്ടിൻപുറത്തെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകളുടെയും വേദിയായിരുന്നു. ഭഗവാൻ ശ്രീകൃഷ്ണനായും സുബ്രഹ്മണ്യനായുമൊക്കെ ബാല്യകാല അരങ്ങുകൾ. പിന്നീട് അഭിനയത്തെ അറിയാനും, അരങ്ങുകളെ അറിയാനും നിയോഗം ഉണ്ടായതു പഠനത്തിനായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ത്തിയപ്പോഴായിരുന്നു. നൃത്തപഠനമായിരുന്നു ലക്ഷ്യമെങ്കിലും നാടകമായിരുന്നു ജീവിതിനിയോഗമെന്നു തിരിച്ചറിഞ്ഞു. അഭിനയത്തിന്‍റെ വേരുറച്ച കാലടിയുടെ മണ്ണിൽ നിന്നും ഉയർന്നു. കേരള സംഗീത നാടക അക്കാഡമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം രണ്ടു തവണ നേടി. യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും, ബോബെ ടെയ്‌ലേഴ്സ് എന്നിവയിലെ അഭിനയത്തിനായിരുന്നു അക്കാഡമി പുരസ്കാരങ്ങൾ.

"കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നതു 8-ാം ക്ലാസിൽ പഠിക്കുമ്പോഴാണ്. അന്ന് എന്‍റെ അധ്യാപികയായ മിനി ടീച്ചറോട് ഇതൊക്കെ എങ്ങനെയാ കിട്ടുന്നതെന്ന് ചോദിച്ചിട്ടുണ്ട്. ടീച്ചർ പറഞ്ഞത് ഇത് നാടകത്തിലെ പ്രഗത്ഭരായവർക്ക് കിട്ടുന്ന പുരസ്ക്കാരങ്ങളാണ് എന്നാണ്...', സുരഭി പറയുന്നു. പിന്നീട് അതേ പ്രാഗത്ഭ്യത്തിന്‍റെ പ്ലാറ്റ്ഫോമിൽ സുരഭിയുടെ പേരു കൂടി കാലം എഴുതിച്ചേർത്തു. സിനിമയിൽ സജീവമായപ്പോഴും നാടകത്തെ കൈവിട്ടില്ല. അവതരണങ്ങളുമായി സജീവമായി തന്നെ നിന്നു. ഇപ്പോൾ സർവകലാശാലയിൽ നാടകത്തിൽ പിഎച്ച്ഡിയും ചെയ്യുന്നു.

അരങ്ങ് എന്ന ആവേശം

അഭിനേത്രി എന്ന നിലയിൽ തന്‍റെ അഭിനയത്തിന്‍റെ അടിത്തറ നാടകമാണെന്നു സുരഭി പറയുന്നു. ' തിയറ്ററിൽ നിന്നും ലഭിച്ച ശക്തിയും ഊർജവുമൊക്കെയാണ് സുരഭി എന്ന അഭിനേത്രിയെ വാർത്തെടുക്കാൻ കാരണമായിട്ടുള്ളത്. നാടകമാണ് എന്‍റെ ശക്തി.' അഭിനയത്തിന്‍റെ ഏതു മേഖലയിലേക്കു പോയാലും നാടകത്തെ മുറുകെപിടിക്കാനുളള ഒരിഷ്ടം എപ്പോഴുമുണ്ട് സുരഭിക്ക്. അതുകൊണ്ടു തന്നെ എപ്പോൾ നാടകം കളിക്കാൻ അവസരം കിട്ടിയാലും മടി കാണിക്കാറില്ല, അത്രയ്ക്ക് ആവേശവുമാണ്.

സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ നാടകങ്ങളിൽ സഹപ്രവർത്തകർ തമ്മിലുള്ള ബന്ധത്തിന് ആഴം കൂടുതലായിരിക്കുമെന്ന് സുരഭി. രണ്ടു മാസത്തോളം നീളുന്ന കഠിന പരിശ്രമത്തിനൊടുവിലാണ് ഒരു കഥ അരങ്ങിൽ കയറുന്നത്. എല്ലാവരും ഒരു കുടുംബമായി ഒന്നിച്ചുണ്ടാവും. വലുത് ചെറുതെന്ന വ്യത്യാസങ്ങളില്ല. ഒരേ മനസ്സോടെ നിൽക്കും. സ്റ്റേജിൽ എത്തിയാൽ പിന്നെ ഒന്നും നമ്മുടെ കൈയിലല്ല. എല്ലാവരും ഒത്തുചേർന്ന് ആഞ്ഞു പരിശ്രമിച്ച് നാടകം തട്ടിൽ കയറ്റുകയാണ്. ആ സ്റ്റേജിൽ കാണുന്നതും, കൈയടി കിട്ടുന്നതും വിരലിലെണ്ണാവുന്ന അഭിനേതാക്കളുടെ മാത്രം കഷ്ടപ്പാടല്ല. കൂട്ടായ്മയുടെ ഫലം കൂടിയാണ്.

'മികച്ച സൃഷ്ടികൾ ഉണ്ടാവുന്നതു ദാരിദ്ര്യത്തിൽ നിന്നാണെന്ന് കേട്ടിട്ടില്ലേ ' നാടകങ്ങളിൽ പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്. നാടകത്തിന്‍റെ ഫണ്ട് പൊതുവേ സിനിമയുടെ അത്രയും വലുതായിരിക്കില്ല. അതുകൊണ്ടുതന്നെ നാടകത്തിൽ എപ്പോഴും ഒരു ഷെയറിംഗ് ഉണ്ടാവും. നാടകം തട്ടിൽ കയറുന്നതിനു മുൻപായി എല്ലാവരും കൈപിടിച്ച് നിൽക്കുന്ന ഒരു നിമിഷം ഉണ്ട്, അത് വല്ലാത്തൊരു അനുഭവമാണ്.' അതു നാടകത്തിനു മാത്രം കിട്ടുന്ന ഒന്നാണെന്നും അഭിമാനത്തോടെ സുരഭി പറയുന്നു.

യക്ഷിക്കഥകളിലെ പൗർണമി

സംഗീത നാടക അക്കാഡമിയുടെ പുരസ്കാരം ലഭിച്ച യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിൽ പൗർണമി എന്ന കഥാപാത്രത്തെയാണു സുരഭി അരങ്ങിലെത്തിച്ചത്. ഏകയായി കഴിയുന്ന പൗർണമിയുടെ നിസഹാ യതയും അവൾ കടന്നു പോകുന്ന പ്രശ്നങ്ങളും അതിതീവ്രമായി തന്നെ അവതരിപ്പിച്ചു. സംരക്ഷണത്തിന്‍റെ മൂടുപട മണിഞ്ഞ് സമൂഹം സമീപിക്കുമ്പോൾ യക്ഷി യായും രോഗിയായും മാറേണ്ടി വരുന്ന പൗർണമി. വളയൻ ചിറങ്ങര സുവർണ തിയറ്റേഴ്സിന്‍റെ ബാനറിലാണു യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും അവതരിപ്പിച്ചത്. 2010-ൽ പുരസ്കാരത്തിന്‍റെ മധുരത്തിനു മുമ്പു തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത ഈ നാടകവും അഭിനേത്രിയും നേടിയെടുത്തിരുന്നു. അബുദാബി തിയെറ്റർ ഫെസ്റ്റിന്‍റെ പുരസ്കാരവും ഈ കഥാപാത്രത്തിനു ലഭിച്ചിരുന്നു.

ബോംബെ ടെയ്‌ലേഴ്സിലെ മുത്തുമണി

കവാലി എന്ന കൊച്ചു പട്ടണത്തിലെ പീരുഭായ് എന്ന തുന്നൽക്കാരന്‍റെയും പ്രിയ തോഴി മുത്തുമൊഴിയുടെയും കഥ പറഞ്ഞ നാടകമാണ് ബോംബെ ടെയ്ലേഴ്സ്. കാലാനുസൃതമായ മാറ്റങ്ങളിൽ അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. പീരുഭായിയുടെ സഖിയായ മുത്തു മൊഴിയുടെ ജീവിതമാണ് സുരഭി അവതരിപ്പിച്ചത്. സദസിനെ ഒന്നാകെ അവളുടെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി, അവളുടെ ദുഃഖങ്ങളും സന്തോഷവും എല്ലാം കാഴ്ച്ചക്കാരന്‍റെയും കൂടിയായി. കെ വിനോദ് കുമാറിന്‍റെ അതീതി തീയറ്റേഴ്സ് ആണ് നാടകം അവതരിപ്പിച്ചത്.

അവസാനിക്കാത്ത നാടകയാത്ര

അണിയറയിൽ സുരഭിയുടെ അടുത്ത നാടകത്തിന്‍റെ ചർച്ച പുരോഗമിക്കുന്നുണ്ട്. തിയറ്റർ അധ്യാപകനായ കെ വിനോദ് കുമാർ മാഷിന്‍റെ നാടകമാണു ചെയ്യുന്നത്. മികച്ച നടിക്കുള്ള ദേശീയ സിനിമാ പുരസ്കാരം വരെ ലഭിച്ച നടിയാണ്. സിനിമയിൽ സജീവവുമാണ്. എങ്കിലും സുരഭിക്ക് ഇന്നും ആവേശമാണ് അരങ്ങുകൾ. അതുകൊണ്ടു തന്നെ ആ നാടകയാത്രയുടെ യവനിക ഉയർന്നു തന്നെ നിൽക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com