

2000 വർഷം പഴക്കമുള്ള ജൂത ആചാര കുളിമുറി
Emil Aladjem/Israel Antiquities Authority
ജറുസലേം: ജറുസലേമിലെ വെസ്റ്റേൺ വാൾ പ്ലാസയ്ക്കു കീഴിൽ 2000 വർഷം പഴക്കമുള്ള ജൂത ആചാര കുളിമുറി കണ്ടെത്തി. 2025 ഡിസംബർ 29ന് പ്രഖ്യാപിച്ച ഒരു കണ്ടെത്തലിൽ വെസ്റ്റേൺ വാൾ പ്ലാസയ്ക്കു കീഴിൽ 2000 വർഷം പഴക്കമുള്ള ആചാര കുളിമുറിയാണ് കണ്ടെത്തിയത്.
ഏതാണ്ട് 2000 വർഷം മുമ്പ് നിർമിച്ച ഈ കുളിമുറി രണ്ടാം സിനഗോഗിന്‍റെ അവസാന നാളുകളിൽ നിർമിച്ച, മിക് വെ എന്നറിയപ്പെടുന്ന പുരാതന ജൂത ആചാരകുളിമുറിയാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെമ്പിൾ മൗണ്ടിൽ നിന്നും ഏതാനും ചുവടുകൾ അകലെ വെസ്റ്റേൺ വാൾ പ്ലാസയ്ക്കു കീഴിലാണ് ഇത് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചത് ഇസ്രയേൽ ആന്‍റിക്വിറ്റീസ് അതോറിറ്റിയും വെസ്റ്റേൺ വാൾ ഫൗണ്ടേഷനുമാണ്. സംയുക്ത പ്രസ്താവനയിലാണ് ഇവർ ഇക്കാര്യം പുറത്തു വിട്ടത്.
3.05 മീറ്റർ നീളവും 1.35 മീറ്റർ വീതിയും 1.85 മീറ്റർ ഉയരവുമുള്ള ഘടനയാണ് ഇതിന്. ചാരത്തിന്‍റെ പാളിക്കു കീഴിലാണ് ഇത് കണ്ടെത്തിയത്. എഡി 70ൽ റോമക്കാർ ജറുസലേം ദേവാലയം നശിപ്പിച്ച ആ ദാരുണമായ ദിവസങ്ങൾക്ക് സാക്ഷ്യപത്രമായ ഒരു കണ്ടെത്തലായി ഇതിനെ പരിഗണിക്കുന്നു.
പുരാതന ജൂത ആചാരപ്രകാരം ദേവാലയത്തിലേയ്ക്ക് കയറാൻ ആഗ്രഹിക്കുന്നവർ അങ്ങനെ ചെയ്യുന്നതിനു മുമ്പ് മിക് വെയിൽ സ്വയം ശുദ്ധീകരിക്കേണ്ടതുണ്ട്. ദേവാലയ നഗരമായ ജറുസലേമിൽ നിന്നുള്ള കണ്ടെത്തലുകൾ അതിപുരാതന കാലത്തു തന്നെ യഹൂദർ പുലർത്തിയിരുന്ന അശുദ്ധി-വിശുദ്ധി പാലനത്തിന്‍റെ തെളിവുകളാണ് എന്ന് ഇസ്രയേൽ ആന്‍റിക്വിറ്റീസ് അതോറിറ്റി തലവൻ വിശദീകരിച്ചു.
രണ്ടാം ദേവാലയ കാലഘട്ടത്തിലെ അവസാനത്തെ നിരവധി സാധാരണ പാത്രങ്ങൾ മിക് വേയ്ക്ക് ചുറ്റും കുഴിച്ചെടുത്തിട്ടുണ്ട്. ബിസി ആറാം നൂറ്റാണ്ടിൽ ജറുസലേമിന്‍റെയും ഒന്നാം ദേവാലയത്തിന്‍റെയും നാശത്തിലേയ്ക്കു നയിച്ച ബാബിലോണിയൻ ഉപരോധത്തിന്‍റെ തുടക്കത്തെ അനുസ്മരിക്കുന്ന ടെവെറ്റ് നോമ്പിന്‍റെ പത്താം വാർഷികത്തിന്‍റെ തലേന്നാണ് ഈ കണ്ടെത്തൽ പ്രഖ്യാപിച്ചത്. മിക് വേ ആദ്യമായി കുഴിച്ചെടുത്തത് എപ്പോഴാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.