രാമായണം ഈശ്വരീയതയുടെ പര്യായം

"അധ്യാത്മ രാമായണമിതദ്ധ്യയനം ചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം" എന്ന മഹത് സന്ദേശത്തിന്‍റെ പ്രകാശം ഈശ്വരീയതയിലധിഷ്ഠിതമാണ്.
Ramayana is synonymous with divinity

രാമായണം ഈശ്വരീയതയുടെ പര്യായം

Updated on

മടവൂർ സുരേന്ദ്രൻ

ആദികവിയായ വാല്മീകിയുടെ രാമായണം ഈശ്വരീയതയുടെ പര്യായമാണ്. ഉത്തമ ഗുണവാനായ ശ്രീരാമചന്ദ്രനെ ഒരു മനുഷ്യനിലൂടെ ആദ്യമായി അവതരിപ്പിച്ചു കാണിച്ചത് വാല്മീകി മഹർഷിയാണ്. ഈശ്വരാവതാരത്തിന്‍റെ സൂചനകളും കാഴ്ചപ്പാടുകളും വാല്മീകി രാമായണത്തിൽ പരാമർശിക്കുന്നുണ്ടെങ്കിലും ആദർശശാലിയും ധർമനിഷ്ഠനുമായ ഒരു മനുഷ്യന്‍റെ ജീവിതചര്യകളിലൂടെയും വ്യസന ദുരിത സംക്രമണത്തിലൂടെയും മാറിമാറി യാത്ര ചെയ്യുന്ന മനുഷ്യജീവിതത്തിന്‍റെ ആകെത്തുകയാണ് രാമായണം.

വാല്മീകി ഈശ്വരനെ മനുഷ്യനായി ഉയർത്തിക്കാണിക്കുമ്പോൾ, സുഖദുഃഖ സമ്മിശ്രമായ ജീവിതയാതനകൾ അനുഭവിക്കുന്ന മനുഷ്യനെ ശ്രീരാമചന്ദ്രനിലൂടെ ഈശ്വരന്‍റെ പൂർണപരിവേഷം നൽകി അവതരിപ്പിക്കുകയാണ് ഭാഷാപിതാവായ എഴുത്തച്ഛൻ അധ്യാത്മ രാമായണത്തിലൂടെ ചെയ്യുന്നത്.

Thunchath Ezhuthaschan

എഴുത്തച്ഛൻ

രാമനെ വർണിക്കുന്ന ഏതൊരു സന്ദർഭത്തിലും എത്ര വർണിച്ചാലും തീരാത്ത ഭക്തിയുടെ അലകടലാണ് കവിയുടെ മനസിൽ അലയടിച്ചുയരുന്നത്. നൂറുനൂറു വിശേഷണങ്ങളിലൂടെ, അപദാനങ്ങളിലൂടെ, പ്രതീകങ്ങളിലൂടെ, പര്യായങ്ങളിലൂടെ പരമാത്മാവിനെ വർണിച്ച് വർണിച്ച് ഭക്തിയുടെ പരമ കോടിയിൽ എത്തിക്കുകയാണ് എഴുത്തച്ഛൻ. ആത്മജ്ഞാനത്തിന്‍റെ ബഹിർസ്ഫുരണങ്ങൾ ആവോളം പാനം ചെയ്യാൻ എഴുത്തച്ഛന്‍റെ രാമായണം വകനൽകുന്നു.

"അധ്യാത്മ പ്രദീപകമത്യന്തം രഹസ്യമി

തദ്ധ്യാത്മ രാമായണം മൃത്യം ശാസന പ്രോക്തം

അധ്യയനം ചെയ്തീടും മർത്ത്യ ജന്മികൾക്കെല്ലാം

മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജന്മം കൊണ്ടേ '-

എന്നാണ് കവി ഭാഷ്യം. ഈ കവിമൊഴി വർണനകളിലുടനീളം നമുക്കു കാണാൻ കഴിയും. ഒരു മനുഷ്യായുസിന്‍റെ സമസ്തഭാവങ്ങളിലും ജീവിതത്തിന്‍റെ കാഴ്ചപ്പാടുകൾ വളരെ ഭംഗിയായി എഴുത്തച്ഛൻ ചിത്രീകരിക്കുന്നുണ്ട്. മനുഷ്യജീവിതത്തിന്‍റെ ക്ഷണ ഭംഗുരതയെ എത്ര സമർഥമായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.

"വഹ്‌നിസന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ

സന്നിഭം മർത്യജന്മം ക്ഷണഭംഗുരം'

എന്ന വരികളിലുടെ സകല സൗഭാഗ്യങ്ങളിലും അഭിരമിച്ചു മദിക്കുന്ന മനുഷ്യന്‍റെ അവസ്ഥ എത്ര നിസാരമാണ് എന്ന് കാണിക്കാൻ ചുട്ടുപഴുത്തിരിക്കുന്ന ലോഹ കഷണത്തിൽ വീഴുന്ന ജലത്തുള്ളികൾക്ക് സമാനമാണ് മനുഷ്യജീവിതം എന്ന് കവി അടയാളപ്പെടുത്തുന്നു. ഇതിനപ്പുറം എന്തു ജീവിത വ്യാഖ്യാനമാണ് കവി കാട്ടിത്തരേണ്ടത്.

ലോകത്തിൽ അധികാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി മനുഷ്യജാതിപരസ്പരം കലഹിക്കുമ്പോൾ ഒരു തിരിച്ചറിവിന്‍റെ വിവേകത്തിലെത്തിച്ചേരാൻ ഈ വരികൾ ഓർക്കുന്നത് നല്ലതാണ്.

" മത്സരിക്കുന്നതെന്തിന്നുനാം വൃഥാ '

എന്ന പൂന്താനത്തിന്‍റെ വരിയും അന്വർഥമാണ്. അത്രമാത്രം ജീവിത കാഴ്ചപ്പാടുകളും യുക്തികളും നിറഞ്ഞുകിടക്കുന്ന രത്‌നാകരമാണ് എഴുത്തച്ഛന്‍റെ രാമായണം.പ്രകൃതിയെയും പ്രകൃതിജാലങ്ങളെയും വിവിധ കഥാപാത്രങ്ങളിലൂടെ വർണിക്കുമ്പോഴും സനാതന ധർമത്തിന്‍റെ പരംപൊരുളുകളിലൂന്നിക്കൊണ്ട് ഈശ്വരീയതയുടെ പ്രകാശമാനങ്ങളിലേയ്ക്ക് രാമായണം പടർന്നുകയറുന്നുണ്ട്.

" താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾതാന്താനനുഭവിച്ചീടുകെന്നേവരൂ',

എന്ന വരികളിലും ഓരോ മനുഷ്യനും ചെയ്യുന്ന അവനവന്‍റെ കർമത്തിന്‍റെ ഫലം തിരികെകിട്ടും എന്ന മഹത്തായ ഗുണപാഠം നിറഞ്ഞുനിൽക്കുന്നുണ്ട്. ജീവിതത്തിലുടനീളം നാം വച്ചുപുലർത്തേണ്ട മാതൃഭക്തി, പിതൃഭക്തി, ഗുരുഭക്തി, സഹാനുഭൂതി, കരുണ, ത്യാഗം തുടങ്ങിയ സമ്മിശ്ര വികാരവായ്പ്പുകൾ രാമായണത്തിലെ വിവിധ കഥാപാത്രങ്ങളുടെ സഞ്ചാര ക്രമങ്ങളിലുടെ കടന്നുപോകുന്നുണ്ട്.

ഇന്ന് ഈ ആധുനിക ലോകത്ത് അതിന് എത്ര മാത്രം പ്രസക്തിയുണ്ടെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. "അധ്യാത്മ രാമായണമിതദ്ധ്യയനം ചെയ്യുന്നോർക്കദ്ധ്യാത്മജ്ഞാനമുണ്ടാം" എന്ന മഹത് സന്ദേശത്തിന്‍റെ പ്രകാശം ഈശ്വരീയതയിലധിഷ്ഠിതമാണ്.

logo
Metro Vaartha
www.metrovaartha.com