

ഇന്ന് ലോക സമുദ്ര ദിനം
2008ല്‍ ഐക്യരാഷ്‌ട്ര സഭ "ലോക സമുദ്ര ദിനം' എന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
കേരളത്തിന്‍റെ ഭാവി വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തിയായി തുറമുഖ- മാരിടൈം മേഖലയെ മാറ്റണം.
മുഖ്യമന്ത്രി
ഇന്ന് ജൂണ്‍ 8: ലോക സമുദ്ര ദിനം (World Ocean Day). നമ്മളാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ഒരു ദിനം. പക്ഷേ ഇത്തവണ അങ്ങനെയല്ല. പുതുയുഗത്തിലേക്കു കേരളത്തെ നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന സ്വപ്‌ന പദ്ധതികളില്‍ ഒന്ന് സമുദ്രവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഈ സര്‍ക്കാരിനെ സംബന്ധിച്ചിടുത്തോളം സുപ്രധാനമായ ഒരു ദിനമാണിന്ന്.
600 കിലോമീറ്റര്‍ ദൂരം കടല്‍ത്തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും 17 ഇടത്തരം തുറമുഖങ്ങളുമുണ്ട്. ഇതെല്ലാം സംയോജിപ്പിച്ച് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നത് ഈ സര്‍ക്കാരിന്‍റെ സ്വപ്‌നമാണ്. റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്‍റെ 50 ശതമാനമെങ്കിലും കടല്‍ വഴിയാക്കണം.
രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിങ്ങും മൂന്നാം ഘട്ടത്തില്‍ നദികളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതികളുമാണ് ലക്ഷ്യം. കേരളം ഒരു തുറമുഖ നഗരമായി മാറുമ്പോള്‍ ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങളുമുണ്ടാകും. ലോകത്തിന്‍റെ സാമ്പത്തിക ഹബ്ബായി അറിയപ്പെടുന്ന ദുബായ് നഗരത്തിന്‍റെ ജിഡിപിയുടെ 28 ശതമാനമാണ് തുറമുഖത്തില്‍ നിന്നും ലഭിക്കുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അനന്തമായ സാധ്യതകളാണ് നമ്മുടെ കടലും കടല്‍ത്തീരവും നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.
മനുഷ്യജീവിതത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും കാലാവസ്ഥാ സന്തുലിതാവസ്ഥയ്ക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും സമുദ്രങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ഓര്‍മപ്പെടുത്തുന്നതാണ് ഈ ദിനാചരണം. ലോകത്തിന്‍റെ കാലാവസ്ഥാ വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനൊപ്പം മൂന്നു ബില്യണിലധികം ജനങ്ങളുടെ ഉപജീവനം സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്.
സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര പരിപാലനം പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് ലോക വ്യാപകമായി സമുദ്ര ദിനം ആചരിക്കുന്നത്. 1992ൽ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടി സമ്മേളനത്തിലാണ് സമുദ്രത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 2008ല്‍ ഐക്യരാഷ്‌ട്ര സഭ "ലോക സമുദ്ര ദിനം' എന്നത് ഔദ്യോഗികമായി അംഗീകരിച്ചു.
150ലധികം രാജ്യങ്ങളില്‍ ആചരിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ബോധവത്കരണ പ്രചാരണങ്ങളില്‍ ഒന്നായി ഇതു വളര്‍ന്നു. സര്‍ക്കാരുകള്‍, ശാസ്ത്രജ്ഞര്‍, മാരിടൈം വ്യവസായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, തീരദേശ സമൂഹങ്ങള്‍ എന്നിവയെല്ലാം സമുദ്ര സംരക്ഷണത്തിനും സുസ്ഥിര വിഭവ മാനെജ്‌മെന്‍റിനുമായും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന വേദിയാണ് ഈ ദിനം.
"നമ്മെ നിലനിര്‍ത്തുന്നതിനെ സംരക്ഷിക്കാം' (Sustaining What Sustains Us) എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനത്തിന്‍റെ ആഗോള പ്രമേയം. സമുദ്ര സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, സുസ്ഥിര സമുദ്ര സമ്പദ് വ്യവസ്ഥ, സമുദ്ര ജൈവവൈവിധ്യ സംരക്ഷണം, സമുദ്രാധിഷ്ഠിത സുസ്ഥിര വികസന പരിഹാരങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ ശ്രദ്ധാ മേഖലകള്‍. സമുദ്ര സമ്പദ്‌വ്യവസ്ഥ ലോക വികസനത്തിന്‍റെ പ്രധാന ചാലക ശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
കാലാവസ്ഥാ പ്രവര്‍ത്തനം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, സമുദ്ര ജൈവ വൈവിധ്യം, സമുദ്ര സമ്പദ് വ്യവസ്ഥ, സുസ്ഥിര വളര്‍ച്ച, ഹരിത കപ്പല്‍ ഗതാഗതം, കാര്‍ബണ്‍ രഹിതവത്കരണം എന്നിവയ്ക്കാണ് ആഗോളതലത്തില്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ഹരിത തുറമുഖങ്ങള്‍, സ്മാര്‍ട്ട് ഷിപ്പിങ്, ഓഫ്‌ഷോര്‍ നവീന ഊര്‍ജ പദ്ധതികള്‍, സമുദ്ര നിരീക്ഷണ സാങ്കേതിക വിദ്യകള്‍, ബ്ലൂ കാര്‍ബണ്‍ സംരംഭങ്ങള്‍, സുസ്ഥിര അക്വാകള്‍ച്ചര്‍ എന്നിവയൊക്കെ കടലുമായി ബന്ധപ്പെട്ടുള്ള ആഗോളതലത്തിലെ സാധ്യതകളാണ്.
ഇന്ത്യയുടെ സമുദ്ര കവാടമെന്ന് കേരളത്തെ വിശേഷിപ്പിക്കാം. ചരിത്രപരമായും സാമ്പത്തികമായും സമുദ്രാധിഷ്ഠിത വികസനത്തിന് അനുയോജ്യമായ ഭൂപ്രദേശമാണിത്. സമ്പന്നമായ മത്സ്യസമ്പത്തും സമുദ്ര പൈതൃകവും അന്താരാഷ്‌ട്ര കപ്പല്‍ ഗതാഗത ബന്ധങ്ങളും വിനോദ സഞ്ചാര സാധ്യതകളും ആന്തരിക ജലഗതാഗത ശൃംഖലയുമെക്കെ ചേര്‍ന്ന് സമുദ്ര സമ്പദ്‌വ്യവസ്ഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് നമ്മുടെ നാട്.
17 നോണ്‍ മേജര്‍ തുറമുഖങ്ങള്‍, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, കൊച്ചിന്‍ തുറമുഖം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, നിരവധി മത്സ്യബന്ധന ഹാര്‍ബറുകള്‍, മൂന്നു ദേശീയ ജലപാതകള്‍, ലോകപ്രശസ്തമായ തീരദേശ- കായല്‍ വിനോദ സഞ്ചാര മേഖലകള്‍ എന്നിവ കേരളത്തിന്‍റെ പ്രധാന സമുദ്ര ആസ്തികളാണ്. വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖം ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കു പോലും പ്രവേശിക്കാന്‍ കഴിയുന്ന ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് തുറമുഖമാണ്. ദക്ഷിണേഷ്യയിലെ മാതൃകാപരമായ സുസ്ഥിര തുറമുഖ വികസന പദ്ധതിയായി വിഴിഞ്ഞത്തിനു മാറാന്‍ കഴിയും.
കേരളത്തിന്‍റെ ഭാവി വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തിയായി തുറമുഖ- മാരിടൈം മേഖലയെ മാറ്റണം. ഇതിനായി സുസ്ഥിര മത്സ്യബന്ധനം, അക്വാ കള്‍ച്ചര്‍, സമുദ്ര ജൈവ സാങ്കേതിക വിദ്യ, സമുദ്രാധിഷ്ഠിത നവീന ഊര്‍ജം, ലോജിസ്റ്റിക്‌സ്, കപ്പല്‍ നിര്‍മ്മാണം, തീരദേശ വിനോദ സഞ്ചാരം, മാരിടൈം ക്ലസ്റ്ററുകള്‍, കയറ്റുമതി പ്രോസസിങ് മേഖലകള്‍ വെയര്‍ഹൗസിങ് സൗകര്യങ്ങള്‍, ഹരിത തുറമുഖങ്ങള്‍, ശുദ്ധ ഇന്ധനങ്ങള്‍, ക്രൂയിസ് ടൂറിസം, സമുദ്ര പൈതൃക ടൂറിസം, ഇക്കോ ടൂറിസം, സമുദ്ര വിനോദ പ്രവര്‍ത്തനങ്ങള്‍, മാരിടൈം സര്‍വകലാശാലകള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതേസമയം സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും തീര ശോഷണവും പ്ലാസ്റ്റിക് മാലിന്യങ്ങളും സമുദ്ര ആവാസ വ്യവസ്ഥകളെയും തീരദേശ സമ്പദ് വ്യവസ്ഥകളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതുണ്ട്.
ലോക സമുദ്ര ദിനം ഒരു പ്രതീകാത്മക ആഘോഷം മാത്രമല്ല. ജീവന്‍ നിലനിര്‍ത്തുന്നതും സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും രാഷ്‌ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും സമുദ്രങ്ങളാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സമുദ്ര സംരക്ഷണം ഒരു പരിസ്ഥിതി ഉത്തരവാദിത്വം മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ്. സുസ്ഥിര സമുദ്ര വികസനവും ഉത്തരവാദിത്തപരമായ സമുദ്ര ഭരണവും സമുദ്ര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട സംരംഭങ്ങളും സമുദ്ര സംരക്ഷണവും വികസനനയങ്ങളുടെ കേന്ദ്ര ബിന്ദുവാകണം.