

യുദ്ധം ഒരു പ്രശ്നങ്ങൾക്കും സ്ഥിരപരിഹാരമല്ല
metro vaartha
ജ്യോത്സ്യൻ
പശ്ചിമേഷ്യയിൽ നിന്നു കേൾക്കുന്നത് ആയുധങ്ങളുടെ വെടിയൊച്ചാ ശബ്ദവും ബോംബുകളുടെ പൊട്ടലും മനുഷ്യരുടെ കരച്ചിലും വിലാപവുമാണ്. യുദ്ധത്തിന്‍റെ തീനാളങ്ങൾ എവിടെയും പടരുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതങ്ങളാണ് ചിതറിപ്പോകുന്നത്. നഗരങ്ങൾ തകർന്നുവീഴുന്നു, കുടുംബങ്ങൾ വേർപിരിയുന്നു, ആയിരക്കണക്കിന് മനുഷ്യർ സുരക്ഷയും സമാധാനവും നഷ്ടപ്പെടുത്തി അനിശ്ചിതത്വത്തിലേക്ക് തള്ളപ്പെടുന്നു.
മനുഷ്യ ചരിത്രത്തിന്‍റെ ആരംഭം മുതൽ തന്നെ ഈ കരച്ചിലിന്‍റെ കഥ തുടരുന്നതായി ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. ആദിമ മനുഷ്യരായ ആദവും ഹവ്വയും വിലക്കപ്പെട്ട കനി ഭക്ഷിച്ചതോടെ മനുഷ്യജീവിതത്തിൽ ദുഃഖവും കഷ്ടതയും കടന്നുവന്നു എന്ന് ആ കഥ പറയുന്നു. അതിനുശേഷം അവരുടെ പുത്രന്മാരായ കയീനും ഹാബേലും മനുഷ്യചരിത്രത്തിലെ ആദ്യ സഹോദര ഹത്യയുടെ കഥയായി മാറുന്നു. ആട്ടിടയനായ ഹാബേൽ ദൈവത്തിന് പ്രിയനായപ്പോൾ അസൂയയാൽ കയീൻ സഹോദരനെ വയലിലേക്ക് കൊണ്ടുപോയി കൊന്നു. ആ സംഭവം മനുഷ്യരാശിയുടെ ചരിത്രത്തിൽ ഹിംസയുടെ ആദ്യ മുന്നറിയിപ്പായി നിലകൊള്ളുന്നു.
മനുഷ്യരുടെ ദുഷ്ടത ഭൂമിയിൽ വളർന്നപ്പോൾ ദൈവം ലോകത്തെ ശിക്ഷിക്കാൻ തീരുമാനിച്ചു എന്നതാണ് നോഹയുടെ പ്രളയകഥ പറയുന്നത്. ദൈവത്തിന്‍റെ കൽപന പ്രകാരം നോഹ ഒരു വലിയ പേടകം നിർമിച്ചു. ഭൂമിയിലെ ജീവജാലങ്ങളിൽ ഓരോ ഇനത്തെയും അതിൽ സൂക്ഷിക്കാൻ ദൈവം നിർദേശിച്ചു. തുടർന്ന് വൻ പ്രളയത്തിൽ ഭൂമി നശിപ്പിക്കപ്പെട്ടുവെന്നും, നോഹയുടെ പേടകത്തിലുണ്ടായിരുന്ന ജീവജാലങ്ങൾ രക്ഷിക്കപ്പെട്ടുവെന്നും കഥ പറയുന്നു.
അതുപോലെ ദുഷ്ടതയും അനാചാരങ്ങളും നിറഞ്ഞ നഗരങ്ങളായ സോദോവും ഗോമോറയും തീയും ഗന്ധകവും കൊണ്ട് ദൈവം നശിപ്പിച്ചുവെന്ന് ബൈബിൾ പറയുന്നു. എന്നാൽ അതിന് മുമ്പ് ദൈവത്തിന്‍റെ ദാസനായ ലോത്തിനെ അവിടെ നിന്ന് രക്ഷപ്പെടുത്തി. ഈ കഥകൾ മനുഷ്യന്‍റെ ദുഷ്ടതയും അഹങ്കാരവും അവസാനത്തിൽ നാശത്തിലേക്കാണ് നയിക്കുന്നത് എന്ന സന്ദേശം നൽകുന്നു.
ഇന്നത്തെ ലോക സംഭവങ്ങളെ നോക്കുമ്പോൾ ഈ കഥകൾ ഒരു പ്രതീകാത്മക മുന്നറിയിപ്പു പോലെ തോന്നുന്നു. മധ്യപൂർവ ദേശത്ത് തുടരുന്ന സംഘർഷങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള യുദ്ധങ്ങളും മനുഷ്യന്‍റെ അഹങ്കാരവും വിദ്വേഷവും ഇന്നും മാറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. ആധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് രാജ്യങ്ങൾ പരസ്പരം നശിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ ലോകത്തെ ആശങ്കയിലാക്കുന്നു. ലോകശാന്തി ഉറപ്പാക്കാൻ സ്ഥാപിക്കപ്പെട്ട ഐക്യരാഷ്‌ട്ര സഭ പലപ്പോഴും ബലഹീനവും നിഷ്ക്രിയവുമാകുന്നതായി വിമർശനം ഉയരുന്നു. ശക്തരായ രാഷ്‌ട്രങ്ങളുടെ രാഷ്‌ട്രീയ താത്പര്യങ്ങൾക്കിടയിൽ സമാധാനശ്രമങ്ങൾ പലപ്പോഴും കുടുങ്ങിപ്പോകുന്നു. ഇതാണ് ലോക ജനതയെ കൂടുതൽ ആശങ്കയിലാക്കുന്നത്.
ചരിത്രം നമ്മെ പഠിപ്പിക്കുന്ന വലിയ സത്യം ഇതാണ് - യുദ്ധം പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം നൽകുന്നില്ല. അത് പുതിയ ദുഃഖങ്ങളും വിദ്വേഷവും മാത്രം സൃഷ്ടിക്കുന്നു. അതുകൊണ്ട് സമാധാനത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും വഴിയാണ് മനുഷ്യരാശി തിരഞ്ഞെടുക്കേണ്ടത്. അല്ലെങ്കിൽ മനുഷ്യചരിത്രത്തിന്‍റെ ഈ ദുഃഖകരമായ ആവർത്തനം തുടർന്നുകൊണ്ടേയിരിക്കും എന്നാണ് ജോത്സ്യന് പറയാനുള്ളത്.