മലക്കംമറിച്ചിലിന്‍റെ ഇടതുഭാഷ്യം

കുടുംബത്തിനുള്ളിൽ വല്യേട്ടനു വെല്ലുവിളി. സിപി‍ഐയിൽനിന്നേറ്റ അപ്രതീക്ഷിതമായ കടുത്ത പ്രഹരത്തിൽ നിലതെറ്റിയ സിപിഎം
പ്രത്യയശാസ്ത്രം വിൽപനയ്ക്ക്; സിപിഎമ്മിനു സിപിഐയുടെ പ്രഹരം

ബിനോയ് വിശ്വം, പിണറായി വിജയൻ.

File photo

Updated on
Summary

കുടുംബത്തിനുള്ളിൽ വല്യേട്ടനു വെല്ലുവിളി. സിപി‍ഐയിൽനിന്നേറ്റ അപ്രതീക്ഷിതമായ കടുത്ത പ്രഹരത്തിൽ സിപിഎമ്മിനു നില തെറ്റി. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചു. അതുവഴി വെളിപ്പെട്ടത് വല്യേട്ടന്‍റെ ദൗർബല്യം; വിൽപ്പനയ്ക്കു വച്ച പ്രത്യയശാസ്ത്രവും വാടകയ്‌ക്കെടുത്ത തത്വങ്ങളും

അജയൻ

അത്യപൂർവമായൊരു വിജയംതന്നെയാണിത്; സ്വതവേ ദുർബലമായ സിപിഐ, ഈയൊരു തവണത്തേക്ക് സിപിഎമ്മിന്‍റെ കരുത്തിനെയും, പിണറായി വിജയൻ അടക്കമുള്ള അതിന്‍റെ ഉരുക്കുമുഷ്ടിക്കാരായ നേതാക്കളെയും നിലംപരിശാക്കിയിരിക്കുന്നു. എന്തൊക്കെയായിരുന്നു ആരോപണങ്ങൾ? പ്രത്യയശാസ്ത്രപരമായ വഞ്ചന, സ്വേച്ഛാധിപത്യപരമായ ധാർഷ്ട്യം, മുന്നണി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാന മര്യാദകളോടു പോലുമുള്ള പുച്ഛം- കേന്ദ്രസർക്കാരിന്‍റെ പിഎം ശ്രീ പദ്ധതി സംസ്ഥാനം ഒളിച്ചും പാത്തും സ്വീകരിച്ചതിനെത്തുടർന്നായിരുന്നു ഇതെല്ലാം.

ചുവന്ന കോട്ടയെ പ്രകമ്പനം കൊള്ളിച്ച പ്രഹരമായിരുന്നു സിപിഐ അതിന്‍റെ സ്വഭാവത്തിനു വിരുദ്ധമായി പുറത്തെടുത്ത ധൈര്യം. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുമെന്നു ഭീഷണി. ഇടതു മുന്നണിയെ ആകെ കിടിലം കൊള്ളിച്ച പ്രതീകാത്മകമായൊരു പ്രഹരം. പിണറായി തിടുക്കത്തിൽ പിൻവാങ്ങി, പിഎം ശ്രീ തീരുമാനം 'താത്കാലികമായി മരവിപ്പിച്ചു' എന്ന് പ്രഖ്യാപനവും വന്നു. വിരോധാഭാസമെന്നു പറയട്ടെ, ഏതാനും മണിക്കൂറുകൾക്കുമുൻപേ ഇതേ സർക്കാർതന്നെ കേരളത്തിന്‍റെ 'ഭീകരമായ' സാമ്പത്തിക ബുദ്ധിമുട്ടും കേന്ദ്ര ഫണ്ടുകളുടെ അടിയന്തര ആവശ്യകതയും പറഞ്ഞ് ഇതേ കേന്ദ്ര പദ്ധതിയെ ന്യായീകരിച്ചുകൊണ്ടിരുന്നത്. എന്നിട്ടും, സിപിഐ മന്ത്രിമാർ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ക്ഷേമപദ്ധതികൾക്കു വേണ്ടി കോടിക്കണക്കിനു രൂപ വകയിരുത്തുന്ന അദ്ഭുതം സർക്കാർ പ്രവർത്തിച്ചു. അങ്ങനെ തീർന്നു, ചെലവ് ചുരുക്കൽ!

എന്താണ് ഒഴികഴിവ്? പെൻഷൻ വർധന, അത് ചെറുതാണെങ്കിൽപ്പോലും, പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. പക്ഷേ, ബിജെപിയുടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ഉറച്ച വാഗ്ദാനവും ഇതേ പത്രികയിലുണ്ടായിരുന്നു. പിഎം ശ്രീ നീക്കം പെട്ടെന്ന് മരവിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ, പിണറായി അവ്യക്തമായി 'പല കാരണങ്ങൾ' എന്ന് മന്ത്രിച്ചു - കൂടിയാലോചനയുടെ രൂപത്തിൽ അണിയിച്ചൊരുക്കിയ അവ്യക്തതയിലേക്കുള്ള ഒരു ക്ലാസിക് ഒളിച്ചോട്ടം.

അതിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം: രാഷ്ട്രീയപരമായ സൗകര്യത്തിന്‍റെ ആദ്യത്തെ മണമടിച്ചപ്പോൾ തന്നെ സിപിഎം പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് മുഴുനീള 'ഡാമേജ് കൺട്രോളിലേക്ക്' വഴുതിക്കഴിഞ്ഞിരുന്നു. കോടതിയിൽ കേന്ദ്രത്തെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്ന തമിഴ്നാടിനെപ്പോലെയല്ല, കേരളത്തിലെ ഇടതുപക്ഷം സ്വയം ഒരു കെണിയിൽ അകപ്പെട്ടിരിക്കുന്നു. ധാരണാപത്രം ഒപ്പിട്ട സമയത്ത് നിലവിലുണ്ടായിരുന്ന 'രാഷ്ട്രീയ കാരണങ്ങൾ' പിൻമാറ്റത്തിന് ഒഴിവുകഴിവായി പറയാൻ അവർക്കു കഴിയില്ല. മുഖ്യമന്ത്രി വോട്ടർമാരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള നിസാരമായ തർക്കമല്ല - മറിച്ച്, ഇപ്പോൾ ഉപേക്ഷിച്ച തത്വങ്ങളെ അടിസ്ഥാനമാക്കി എൽഡിഎഫിന് അധികാരം നൽകിയ വോട്ടർമാരെ വഞ്ചിക്കലാണ്.

എപ്പോഴത്തെയും പോലെ, വിവാദങ്ങൾ അതിന്‍റെ ശ്വാസംമുട്ടിക്കുമ്പോൾ സർക്കാർ എടുക്കുന്ന പ്രതികരണ നടപടിയാണ് 'മന്ത്രിസഭാ ഉപസമിതി' എന്ന ആചാരപരമായ വഴിപാട്. ഈ ഉപസമിതികൾ പ്രത്യേകിച്ചൊന്നും കണ്ടെത്തുന്ന പതിവുമില്ല!

എൽഡിഎഫ് കുടുംബത്തിൽ സിപിഎം വല്യേട്ടൻ മനോഭാവം പുറത്തെടുക്കുന്നതു പുതിയ കാര്യമേയല്ല. പക്ഷേ, ഇത്തവണത്തെ ധാർഷ്ട്യം നാടകീയമായിരുന്നു. മുതിർന്ന പാർട്ടി നേതാക്കൾ പോലും അന്ധാളിച്ചുപോയി - പാർട്ടി കോൺഗ്രസ് ബിജെപിയുടെ എൻഇപിയെ ശക്തമായി തള്ളിക്കളയുകയും ക്യാബിനറ്റ് മുൻപ് നിഷേധിക്കുകയും ചെയ്തിട്ടും, അതിനെല്ലാം മുകളിൽ കൂടി ധാരണാപത്രം ഒപ്പിട്ടു. ഇങ്ങനെ ഒരു നീക്കമുണ്ടോയെന്നു ക്യാബിനറ്റ് യോഗത്തിൽ ചോദിക്കാൻ സിപിഐയുടെ റവന്യൂ മന്ത്രി ധൈര്യപ്പെട്ടപ്പോൾ മറുപടി മൗനമായിരുന്നു; യോഗം സുഗമമായി അടുത്ത അജൻഡയിലേക്കു സുഗമമായി നീങ്ങി. ദിവസങ്ങൾക്കുള്ളിൽ, ഒപ്പിട്ട മഷിയുണങ്ങി, വഞ്ചന പൂർത്തിയായി!

രക്ഷപെടാനുള്ള തിരക്കിനിടയിൽ വിദ്യാഭ്യാസമന്ത്രി നൽകിയ ന്യായീകരണം ഞെട്ടിക്കുന്നതായിരുന്നു, സ്ഥലകാലബോധമില്ലാത്തതു പോലെയും: കാവിയുടെ ലാഞ്ഛന വ്യക്തമായി അനുഭവപ്പെടുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തുപോലും കേരളം പല കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പാക്കുന്നുണ്ട്. സിപിഐയുടെ പ്രതിഷേധം, ഗുരുതരമായൊരു രോഗത്തിന്‍റെ നേർത്ത ലക്ഷണം മാത്രമാണ്. 'വികസനം', 'ഫണ്ടിങ്' തുടങ്ങിയവ ഉപയോഗിച്ച് സർക്കാർ എത്ര വിദഗ്ധമായ പൊതിഞ്ഞു പിടിച്ചാലും സത്യം വ്യക്തമാണ്. ഒരിക്കൽ ഇന്ത്യയുടെ ധാർമിക ദിശാസൂചിയായിരുന്ന കേരളത്തിലെ സിപിഎം ഇപ്പോൾ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നു, പ്രത്യയശാസ്ത്രം സൗകര്യത്തിനുവേണ്ടി തരംപോലെ തിരുത്തുന്നു, പ്രായോഗികതയുടെ പേരിലും വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടിയും ബോധ്യങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റൊഴിക്കുന്നു.

പുകമറയിലൂടെയും വോട്ടർമാർക്ക് കാര്യങ്ങൾ കാണാൻ കഴിയും. ഇതൊരു നയപരമായ പിന്മാറ്റം മാത്രമല്ല - സംരക്ഷിക്കുമെന്നു സിപിഎം ഒരിക്കൽ സത്യം ചെയ്ത അതേ ആദർശങ്ങളുടെ, ക്രമാനുഗതവും നിശബ്ദവുമായ ശവസംസ്കാരമാണിത്. ഇത്തരം വഞ്ചനകൾക്കെതിരേ ഒരിക്കൽ ശബ്ദമുയർത്തിയ വി.എസ്. അച്യുതാനന്ദൻ ഇന്ന് ഓർമ മാത്രമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ, പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം (പിണറായി വിജയൻ തന്നെയായിരുന്നു അന്ന് നേതൃത്വത്തിൽ), അദ്ദേഹത്തിന്‍റെ ഒരു മന്ത്രി ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കുമായി രഹസ്യമായി ഒരു കരാറിൽ ഒപ്പിട്ടത് ഓർക്കുക. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്‍റെ ക്യാബിനറ്റോ അതറിഞ്ഞിരുന്നില്ല. വിഎസ് പ്രതിഷേധിച്ചപ്പോൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നതു പാർട്ടി ശാസനയായിരുന്നു, പിന്തുണയല്ല.

അതിനുശേഷം കേരളത്തിലെ 44 നദികളിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി. സംരക്ഷിക്കാൻ ഇനിയെന്തെങ്കിലും ആദർശങ്ങൾ ബാക്കിയുണ്ടോ എന്നു വോട്ടർമാർ ആലോചിക്കുമ്പോൾ, അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടാകുന്നു, പ്രത്യയശാസ്ത്രം നേരിയ വെളിച്ചം വീശുന്നു - അത് സിപിഎമ്മിലല്ല, മറിച്ച് അതിന്‍റെ സഖ്യകക്ഷിയിലാണെന്നു മാത്രം. ഒരു സിപിഐ നേതാവ് പറഞ്ഞതുപോലെ, ആ പാർട്ടി പതിയെ 'തിരുത്തൽ പാർട്ടി'യായി മാറിക്കൊണ്ടിരിക്കുകയാണ്...!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com