നീതി നിർവഹണം ത്വരിതപ്പെടുത്തുന്ന ട്രൈബ്യൂണൽ പരിഷ്കാരങ്ങൾ

സ്ഥാപനങ്ങള്‍ക്ക് കരുത്തേകുന്നു
 Tribunal reforms that will speed up the delivery of justice

നീതി നിർവഹണം ത്വരിതപ്പെടുത്തുന്ന ട്രൈബ്യൂണൽ

Updated on

നീതിന്യായ വ്യവസ്ഥ ലളിതമാക്കാനും സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും 2047ലെ വികസിത ഭാരതത്തിനുമായി ഒരു പരിഷ്കരണ പാത.

അർജുൻ റാം മേഘ്‌വാൾ

"നാം, ഇന്ത്യയിലെ ജനങ്ങള്‍' പങ്കിടുന്ന സാധ്യതകൾക്കും അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ പരിഷ്കരണ ഗാഥയാണ് വികസിത ഭാരതത്തിലേക്കു രാജ്യം നടത്തുന്ന ഈ പ്രയാണം. അത് കേവലം സാമ്പത്തിക വളർച്ചയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സാങ്കേതികവിദ്യയുടെയും മാത്രം കഥയല്ല; സ്ഥാപനപരമായ പരിഷ്കാരങ്ങളുടെ യാത്ര കൂടിയാണ്. സമ്പദ്‌വ്യവസ്ഥ വികസിക്കുകയും വ്യവസായ സംരംഭങ്ങള്‍ വളരുകയും നിക്ഷേപങ്ങൾ വർധിക്കുകയും രാജ്യം ആഗോള വിതരണ ശൃംഖലകളില്‍ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ, സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളും അതിനൊപ്പം വേഗത്തിലും സുതാര്യമായും വിശ്വാസ്യതയിലൂന്നിയും ഉയര്‍ന്നുവരണം. ഈ ദിശയിലെ പ്രധാന ചുവടുവയ്പ്പാണ് അടുത്തിടെ പാസാക്കിയ ട്രൈബ്യൂണൽ പരിഷ്കരണ ബിൽ- 2026.

പാർലമെന്‍ററി അംഗീകാരം ലഭിച്ച് നിയമമായി മാറിയിരിക്കുന്ന ബിൽ, ട്രൈബ്യൂണലുകളുടെ നിലവിലെ അധികാര പരിധിയിൽ മാറ്റം വരുത്താതെ തന്നെ അവയുടെ ഭരണനിർവഹണ ഘടനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. നിയമനങ്ങള്‍, ഭരണ നിർവഹണം, സുതാര്യത, സേവന വ്യവസ്ഥകള്‍, സ്വതന്ത്ര സ്വഭാവം, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുക എന്ന കാര്യങ്ങളിലാണ് പരിഷ്കാരം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാല്‍ ഇന്ത്യയുടെ നിയമ - നിയന്ത്രണ അന്തരീക്ഷം കൂടുതല്‍ ആധുനികവും പ്രവചനീയവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിടുന്ന വിശാല പരിഷ്കരണ യാത്രയുടെ അടുത്ത ഘട്ടത്തെയാണ് ഈ ബിൽ പ്രതിനിധീകരിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളില്‍ വിപുലമായ ഘടനാ പരിഷ്കാരങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പരോക്ഷ നികുതി സമ്പ്രദായത്തെ പരിവർത്തനം ചെയ്ത ചരക്കുസേവന നികുതിയും, പാപ്പരത്ത പരിഹാര ചട്ടക്കൂടിനെ ശക്തിപ്പെടുത്തിയ പാപ്പരത്ത നിയമവും, ഗിഫ്റ്റ് സിറ്റിയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലെ വർധനയും, ജൻ വിശ്വാസ് സംരംഭത്തിലൂടെ കൈക്കൊണ്ട കുറ്റകൃത്യമല്ലാതാക്കൽ നടപടികളുമെല്ലാം ഈ പരിഷ്കാരങ്ങളില്‍ ചിലതാണ്. ആയിരക്കണക്കിന് വ്യവസ്ഥകൾ ഒഴിവാക്കി നിയമപാലന ഭാരം ലഘൂകരിച്ചും ഭരണനിർവഹണത്തെ ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങളിലൂടെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചും ഈ പരിഷ്കാരങ്ങള്‍ ജനകീയമാക്കി. കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരം നടപ്പാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ, ക്രിമിനൽ നീതിന്യായ ചട്ടക്കൂടിനെ ആധുനികവത്കരിച്ചു. "പരിഷ്കരണം, പ്രകടനം, പരിവർത്തനം' എന്ന വലിയ ആശയത്തോട് സ്വാഭാവികമായി ചേര്‍ന്നു നില്‍ക്കുന്നതാണ് ട്രൈബ്യൂണൽ പരിഷ്കരണ ബിൽ.

ആധുനിക സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് ട്രൈബ്യൂണൽ പരിഷ്കരണത്തിന്‍റെ പ്രാധാന്യം വ്യക്തമാകുന്നത്. ആദായ നികുതി, കമ്പനി നിയമം, കടപ്പത്രങ്ങളും ഓഹരികളും, പരിസ്ഥിതി, മറ്റ് നിയന്ത്രണ വിഷയങ്ങൾ തുടങ്ങിയ പ്രത്യേക മേഖലകളാണ് ട്രൈബ്യൂണലുകൾ കൈകാര്യം ചെയ്യുന്നത്. ഭരണഘടനാ കോടതികൾക്ക് പകരമാവുകയല്ല, മറിച്ച് പ്രത്യേക വിധിനിർണയ സംവിധാനമൊരുക്കിയും ഫലപ്രദമായ അതിവേഗ നീതിനിർവഹണത്തിന് സംഭാവന നൽകിയും നീതിന്യായ വ്യവസ്ഥയ്ക്ക് പൂരകമായി പ്രവർത്തിക്കുക എന്നതാണ് ട്രൈബ്യൂണലുകളുടെ ലക്ഷ്യം. വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലെ തർക്കം കേവലം കണക്കുകളുമായോ നിയമപരമായ അപാകതകളുമായോ മാത്രം ബന്ധപ്പെട്ട കാര്യമല്ല. തര്‍‌ക്കത്തിന് പിന്നില്‍ ഒരു സംരംഭകന്‍റെ ആത്മവിശ്വാസവും വ്യവസായത്തിന്‍റെ നിക്ഷേപവും വ്യാപാര സംരംഭത്തിന്‍റെ ഭാവിയും അതിലെ തൊഴിലവസരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ചയുമെല്ലാമുണ്ടാകാം. തർക്കങ്ങൾ സമയബന്ധിതവും നീതിയുക്തവുമായി പരിഹരിക്കപ്പെടുമ്പോൾ മൂലധനം വീണ്ടും ഉത്പാദനക്ഷമമായ സാമ്പത്തിക ചംക്രമണത്തിലേക്ക് തിരികെയെത്തും, സമ്പദ്‍വ്യവസ്ഥയിലെ വിശ്വാസം ശക്തിപ്പെടും. അതിനാൽ ലളിതമായ നീതിന്യായ വ്യവസ്ഥയും സുഗമമായ സംരംഭകത്വ പ്രവര്‍ത്തനങ്ങളും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; അവ ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്.

1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 323എ, 323ബി അനുച്ഛേദങ്ങളാണ് പ്രത്യേക വിധിനിർണയ സംവിധാനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് സേവന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾക്കും നിർദിഷ്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റ് ട്രൈബ്യൂണലുകൾക്കും അടിത്തറ പാകിയത്. എന്നാൽ കാലക്രമേണ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ട്രൈബ്യൂണലുകള്‍ രൂപീകരിക്കപ്പെട്ടത് അവയുടെ വിഭജനത്തിനും ഭരണ നടപടികളിലെ ഭിന്നതകള്‍ക്കും നടപടിക്രമങ്ങളുടെ സങ്കീർണതയ്ക്കും കാരണമായി.

ട്രൈബ്യൂണലുകളെ യുക്തിസഹമാക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് മോദി സർക്കാർ 2015ൽ അവയുടെ പുനഃസംഘടന ആരംഭിച്ചു. 2017ലെ ധനകാര്യ നിയമം സമാന സ്വഭാവമുള്ള ട്രൈബ്യൂണലുകളെ ലയിപ്പിക്കുകയും അവയുടെ എണ്ണം 26ൽ നിന്ന് 19 ആയി കുറയ്ക്കുകയും ചെയ്തു; തുടർന്ന് 2017ലും 2020ലും ട്രൈബ്യൂണൽ ചട്ടങ്ങള്‍ നിലവിൽ വന്നു. പിന്നീട് 2021ലെ ട്രൈബ്യൂണൽസ് പരിഷ്കരണ ഓഡിനൻസും 2021ലെ ട്രൈബ്യൂണൽസ് പരിഷ്കരണ നിയമവും അവയുടെ എണ്ണം വീണ്ടും 19ൽ നിന്ന് 16 ആയി കുറച്ചു. എന്നാല്‍ കോടതികളുടെ സ്വാതന്ത്ര്യത്തിനും അധികാര വിഭജനത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ഇതിലെ പല വ്യവസ്ഥകളും സുപ്രീം കോടതി റദ്ദാക്കി. സുതാര്യവും സ്വതന്ത്രവുമായ ദേശീയ ട്രൈബ്യൂണൽസ് കമ്മീഷൻ അനിവാര്യമാണെന്നും ഇത് എടുത്തുപറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ആധുനികവും സ്വതന്ത്രവും ഏകീകൃതവുമായ ട്രൈബ്യൂണൽ അന്തരീക്ഷം സൃഷ്ടിക്കാൻ "ട്രൈബ്യൂണൽ പരിഷ്കരണ ബിൽ -2026' അവതരിപ്പിച്ചത്.

നിർദിഷ്ട ദേശീയ ട്രൈബ്യൂണൽസ് കമ്മിഷനാണ് (എൻടിസി) ഈ ബില്ലിന്‍റെ കാതൽ. 16 ട്രൈബ്യൂണലുകളെ ദേശീയ കമ്മീഷന്‍റെ കുടക്കീഴിൽ കൊണ്ടുവരുന്ന ബില്‍ അവയുടെ ഭരണനിർവഹണത്തിനും കാര്യനിര്‍വഹണത്തിനും പൊതുവായ സ്ഥാപന ചട്ടക്കൂട് രൂപീകരിക്കും. മുൻ സുപ്രീം കോടതി ജഡ്ജിയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസോ കമ്മിഷന്‍റെ അധ്യക്ഷനാകണമെന്നും അവർക്ക് പിന്തുണയായി രണ്ട് ജുഡീഷ്യൽ അംഗങ്ങളും രണ്ട് സാങ്കേതിക അംഗങ്ങളും ഉണ്ടാകണമെന്നുമാണ് നിർദേശം. ജുഡീഷ്യൽ വൈദഗ്ധ്യവും സാങ്കേതിക വൈദഗ്ധ്യവും ഒന്നിച്ചു കൊണ്ടുവരാനാണ് ഈ ഘടന ലക്ഷ്യമിടുന്നത്.

പരിശോധനയും തെരഞ്ഞെടുപ്പും, നിയമനം, അന്വേഷണം, പദവിയില്‍ നിന്ന് നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടെ നിയമന പ്രക്രിയയിൽ സുപ്രധാന പങ്കുവഹിക്കാനാണ് കമ്മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ ട്രൈബ്യൂണലുകളിലും ഏകീകൃത ഭരണനിർവഹണമെന്ന ലക്ഷ്യത്തെ പിന്തുണച്ച് പ്രത്യേക എൻടിസി സെക്രട്ടേറിയറ്റും നിർദേശിച്ചിട്ടുണ്ട്. ട്രൈബ്യൂണലുകൾ പ്രത്യേക ചുമതലകൾ നിർവഹിക്കുമ്പോഴും സ്ഥാപനപരമായ പൊതു ആവശ്യകതകൾ പങ്കിടുന്ന സംവിധാനത്തിൽ ഏകീകൃത സ്വഭാവം പ്രധാനമാണ്. നിയമനങ്ങൾ, സേവന വ്യവസ്ഥകൾ, തെരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും ദേശീയ ട്രൈബ്യൂണൽ വിവരശേഖര ശൃംഖലയും ഭരണപരമായ വിഭജനം ഒഴിവാക്കാനും ട്രൈബ്യൂണൽ സംവിധാനത്തില്‍ കൂടുതൽ സ്ഥിരത കൊണ്ടുവരാനും സഹായിക്കുന്നു. കുറഞ്ഞ പ്രായപരിധി നിർദേശിക്കാതെ തന്നെ നിർദിഷ്ട ഉയർന്ന പ്രായപരിധിക്ക് വിധേയമായി ട്രൈബ്യൂണൽ ചെയർപേഴ്‌സൺമാർക്കും അംഗങ്ങൾക്കും 5 വർഷ കാലാവധിയാണ് നിയമം നിഷ്കർഷിക്കുന്നത്. ശമ്പളവും ആനുകൂല്യങ്ങളും മറ്റ് സേവന വ്യവസ്ഥകളും ചട്ടങ്ങളിലൂടെ ക്രമീകരിക്കും.

വ്യക്തിഗത ട്രൈബ്യൂണലുകളുടെ നിലവിലെ അധികാരപരിധിയിൽ ബിൽ മാറ്റം വരുത്തുന്നില്ല. അവയുടെ അധികാര പരിധി അതത് മാതൃ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തുടർന്നും നിർണയിക്കും. ഈ വ്യത്യാസമാണ് പരിഷ്കാരത്തെ മനസിലാക്കുന്നതിലെ അടിത്തറ. ഈ ബിൽ അധികാരപരിധിയുടെ പുനഃസംഘടനയല്ല; മറിച്ച്, അധികാര പരിധി വിനിയോഗിക്കുന്ന ഘടന ശക്തിപ്പെടുത്താനാണ്. അതിനാൽ ജുഡീഷ്യൽ ഭരണനിർവഹണത്തെ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമമായി ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിനെ കാണാം. സ്വതന്ത്രവും സുതാര്യവും പ്രൊഫഷണല്‍ ഭരണ നിര്‍വഹണവും ഒപ്പം സമയബന്ധിതമായി നീതി ലഭ്യമാക്കുന്നതുമായ ഒരു ട്രൈബ്യൂണൽ സംവിധാനം നിയമവാഴ്ചയെ ശക്തിപ്പെടുത്തും, പൊതുജന വിശ്വാസം വർധിപ്പിക്കും.

ഇന്ത്യയുടെ ഉയർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇതൊരു കേവല ഭരണപരിഷ്കാരം മാത്രമല്ല, വിപുലമായ വികസന അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്. ഒരു വികസിത സമ്പദ്‌വ്യവസ്ഥയ്ക്ക് റോഡുകളും റെയ്‌ൽവേകളും തുറമുഖങ്ങളും കടൽപ്പാതകളും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാവില്ല. നിയമപരവും നീതിനിര്‍വഹണപരവും സ്ഥാപനപരവുമായ കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളും അനിവാര്യമാണ്. കാര്യക്ഷമമായ ട്രൈബ്യൂണലുകൾ സ്ഥാപനപരമായ അടിസ്ഥാന സൗകര്യങ്ങളുടെ സുപ്രധാന ഘടകമാണ്.

ഈ നിയമത്തിലൂടെ കൈവരുന്ന മികച്ച സ്ഥാപന ഘടന സമയബന്ധിത നിയമനങ്ങളും കാര്യക്ഷമമായ ഭരണ നിർവഹണവും സുതാര്യമായ നടപടികളും തർക്കങ്ങളുടെ അതിവേഗ പരിഹാരവും സുഗമമാക്കും. അതുവഴി പൗരന്മാരുടെയും വ്യാപാര സംരംഭങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെയും ആവശ്യങ്ങളോട് കൂടുതൽ ചേർന്നുനിൽക്കുന്നതും വിശ്വസനീയവും പ്രതികരണശേഷി ഉള്ളതുമായ ട്രൈബ്യൂണൽ അന്തരീക്ഷം സൃഷ്ടിക്കാൻ നിയമം വഴിയൊരുക്കും. ഭരണ നിർവഹണം, സ്ഥാപനപരമായ സ്വാതന്ത്ര്യം, സുതാര്യത, കാര്യക്ഷമത എന്നിവ ശക്തിപ്പെടുത്തുന്ന പരിഷ്കാരം "ലളിതമായ നീതിനിര്‍വഹണം' മെച്ചപ്പെടുത്താനും 'സുഗമമായ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍' ശക്തിപ്പെടുത്താനും ഇന്ത്യയുടെ നിയമപരവും സ്ഥാപനപരവുമായ ഘടനയ്ക്ക് കരുത്തേകാനും ലക്ഷ്യമിടുന്നു.

2047ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയും പരിഷ്കാര നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുമ്പോള്‍ ദേശീയ വികസനത്തിന് സംഭാവന നൽകുന്ന ഓരോ സ്ഥാപനത്തിലേക്കും പരിഷ്കാരത്തിന്‍റെ ആവേശം വ്യാപിക്കേണ്ടതുണ്ട്. കരുത്തുറ്റ സ്ഥാപനങ്ങൾ ആത്മവിശ്വാസം വളർത്തുന്നു; ആത്മവിശ്വാസം നിക്ഷേപത്തിലേക്ക് നയിക്കുന്നു; നിക്ഷേപം സാമ്പത്തിക വളർച്ചയ്ക്ക് ഇന്ധനമേകുന്നു; ഈ വികസനത്തുടർച്ച നിയമവാഴ്ചയിൽ അധിഷ്ഠിതമായി മുന്നോട്ടുപോകുന്നുവെന്ന് കാര്യക്ഷമമായ നീതിനിർവഹണം ഉറപ്പാക്കുന്നു. ഈ പ്രക്രിയ ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവയ്പ്പാണ് 2026ലെ ട്രൈബ്യൂണൽ പരിഷ്കരണ ബിൽ.

(കേന്ദ്ര നിയമ- നീതിന്യായ {സ്വതന്ത്ര ചുമതല} സഹമന്ത്രിയും പാർലമെന്‍ററികാര്യ സഹമന്ത്രിയുമാണ് ലേഖകൻ).

logo
Metro Vaartha
www.metrovaartha.com