ഗൾഫിലേക്ക് പുതിയ കവാടം തുറന്ന് ഇന്ത്യ

ഒമാൻ കരാർ തൊഴിലാളികൾക്കും കർഷകർക്കും സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും നേട്ടം
ഗൾഫിലേക്ക് പുതിയ കവാടം തുറന്ന് ഇന്ത്യ India opens new gateway to the Gulf

ഗൾഫിലേക്ക് പുതിയ കവാടം തുറന്ന് ഇന്ത്യ

Updated on

പിയൂഷ് ഗോയൽ

വാണിജ്യ വ്യവസായ മന്ത്രി

പുതിയ വിപണികൾ തുറന്നും തൊഴിലവസരങ്ങൾ ത്വരിതപ്പെടുത്തിയും ഇന്ത്യയിലെ വിദ്യാർഥികൾക്കും കരകൗശല വിദഗ്ധർക്കും സ്ത്രീകൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും സമൃദ്ധിയുടെ ആഗോള പാതയൊരുക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യത്തിലെ നിർണായക നാഴികക്കല്ലാണ് ജൂൺ ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യ- ഒമാൻ സ്വതന്ത്ര വ്യാപാര കരാർ.

ഇരുന്നൂറോ മുന്നൂറോ വർഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാര കുടുംബങ്ങളടക്കം ഏകദേശം 7 ലക്ഷത്തോളം ഇന്ത്യക്കാർ വസിക്കുന്ന ഒമാനുമായി ഇന്ത്യയ്ക്ക് ആഴമേറിയ സാമ്പത്തിക- ജനകീയ ബന്ധമുണ്ട്. ഒമാനിൽ നിന്ന് പ്രവാസികള്‍ പ്രതിവർഷം ഏകദേശം 2 ബില്യൺ ഡോളറോളം തുകയാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ഒപ്പം 6,000ത്തിലേറെ ഇന്ത്യൻ സംരംഭങ്ങളും ഒമാനില്‍ പ്രവർത്തിക്കുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സാമ്പത്തിക- തന്ത്രപ്രധാന ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഒമാനിലെ 99.38 ശതമാനം കയറ്റുമതിയും ഉൾക്കൊള്ളുന്ന 98 ശതമാനം തീരുവ നിരക്കുകളിലും ഉടനടി 100 ശതമാനം നികുതിരഹിത വിപണി പ്രവേശനം കരാര്‍ നൽകുന്നു .

കരാര്‍ നിലവില്‍ വരുന്നതിന് മുന്‍പ് ഇന്ത്യന്‍ കയറ്റുമതിയുടെ 15.3 ശതമാനം മാത്രം നികുതിരഹിതമായി ഒമാനിലേക്ക് പ്രവേശിക്കാൻ അനുവദിച്ച സംവിധാനത്തെ അപേക്ഷിച്ച് മികച്ച പുരോഗതിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. നിലവിൽ ഒമാനിൽ 5 ശതമാനം ഇറക്കുമതി നികുതി ബാധകമായ ഏകദേശം 3.64 ബില്യൺ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യൻ കയറ്റുമതി ഉല്പന്നങ്ങൾ ഇനി വിപണിയിൽ ഗണ്യമായ മത്സരക്ഷമത കൈവരിക്കും.

ഇന്ത്യയിലെ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പരിവർത്തനത്തിന് ഈ കരാര്‍ വഴിയൊരുക്കിയേക്കാം. കാരണം കരാറിലൂടെ നേട്ടമുണ്ടാക്കുന്ന പല മേഖലകളിലും ചെറുകിട വ്യവസായങ്ങൾക്കാണ് ആധിപത്യം. ഇരുമ്പ്- ഉരുക്ക്, തുണിത്തരങ്ങൾ, തുകൽ, വാഹന ഘടകങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവ എംഎസ്എംഇകൾക്ക് വലിയ അന്താരാഷ്‌ട്ര ഓർഡറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളില്‍ ചിലതാണ്. ഉത്പാദനവും നിക്ഷേപവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

വർധിച്ചുവരുന്ന ആഗോള അസ്ഥിരതയുടെ കാലത്ത് സാമ്പത്തിക മാന്ദ്യവും കൂടിവരുന്ന വ്യാപാര തടസങ്ങളും നേരിടുന്ന പരമ്പരാഗത വിപണികളിലെ ആശ്രിതത്വം കുറയ്ക്കാനും സ്വന്തം വിപണികൾ വൈവിധ്യവല്‍ക്കരിക്കാനും ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഈ വ്യാപാര കരാര്‍ നിർണായക അവസരം നൽകുന്നു.

തൊഴില്‍ സൃഷ്ടി

ഇന്ത്യയിൽ ജനങ്ങള്‍ക്ക് വന്‍തോതില്‍ തൊഴിൽ നൽകുന്ന തുണിത്തര- വസ്ത്ര നിര്‍മാണം, തുകലും പാദരക്ഷകളും, ഭക്ഷ്യസംസ്കരണം, കടൽ വിഭവങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തിരഞ്ഞെടുത്ത എന്‍ജിനീയറിങ് വിഭാഗങ്ങള്‍ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ഈ വ്യാപാര കരാർ ഗുണം ചെയ്യും.

ഒമാനിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വർധിക്കുന്നത് ഉത്പാദനം കൂട്ടുന്നതിനൊപ്പം തിരുപ്പുർ, സൂറത്ത്, ലുധിയാന, പാനിപ്പട്ട്, കോയമ്പത്തൂർ, കരൂർ, ഭദോഹി, മൊറാദാബാദ്, ജയ്‌പുർ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഉത്പാദന കേന്ദ്രങ്ങളിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വന്തം ഉല്പന്നങ്ങളുടെ ഉയർന്ന അന്താരാഷ്‌ട്ര ആവശ്യകത ഇന്ത്യയിലെ കരകൗശല വിദഗ്ധർക്കും നെയ്ത്തുകാർക്കും ഗുണംചെയ്യും.

ഇന്ത്യയിലെ പ്രധാന തുകൽ, പാദരക്ഷ ഉത്പാദന കേന്ദ്രങ്ങളായ തമിഴ്‌നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ തൊഴിൽ വളർച്ചയെ എങ്ങനെ ത്വരിതപ്പെടുത്തുമെന്നതിന്‍റെ മറ്റൊരു മികച്ച ഉദാഹരണമാണ് രത്ന- ആഭരണ മേഖല. രൂപഭംഗി വരുത്തി മിനുക്കിയ വജ്രങ്ങൾ, സ്വർണം- വെള്ളി ആഭരണങ്ങൾ, കൈ കൊണ്ട് നിർമിച്ച ആഭരണങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് ഇതിനകം കരുത്തുറ്റ ശേഷിയുണ്ട്. തീരുവ തടസങ്ങൾ നീങ്ങുന്നതോടെ യൂറോപ്യൻ, ഏഷ്യൻ എതിരാളികൾക്കെതിരെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് നിർണായക മത്സര നേട്ടം ലഭിക്കും. അടുത്ത മൂന്ന് വർഷത്തിനകം ഒമാനിലേക്ക് 150 ദശലക്ഷം യുഎസ് ഡോളർ വരെ കയറ്റുമതി വർധനയാണ് ഈ വ്യാവസായിക മേഖല കണക്കാക്കുന്നത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആഭരണ നിർമാണ കേന്ദ്രങ്ങളില്‍ ഈ വ്യാപാരക്കരാര്‍ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കർഷകരും മത്സ്യത്തൊഴിലാളികളും

ആഭ്യന്തര കർഷകരെയും തന്ത്രപ്രധാന കാർഷിക താല്പര്യങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗോതമ്പ്, അരി, ചോളം, ചെറുധാന്യങ്ങൾ, ക്ഷീരോല്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, ചായ, കാപ്പി, തേൻ തുടങ്ങിയ പ്രധാന ഉല്പന്നങ്ങൾക്ക് ഇന്ത്യ യാതൊരുവിധ നികുതി ഇളവുകളും നൽകിയിട്ടില്ല.

വെണ്ണ, തേൻ, മധുര ബിസ്‌ക്കറ്റുകൾ, മുട്ടകൾ, ചില മിഠായി ഉല്പന്നങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്ക് എതിരാളികളേക്കാൾ മത്സര നേട്ടം ലഭിക്കും. രാജ്യത്തെ കാർഷിക വിളകളുടെ ആവശ്യകത വർധിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നതോടെ ഗ്രാമീണ വരുമാനം ഉയരും.

ഇന്ത്യയുടെ നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (ജൈവ ഉത്പന്നങ്ങൾക്കായുള്ള ദേശീയ പദ്ധതി) സർട്ടിഫിക്കേഷൻ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും കരാർ വ്യവസ്ഥ ചെയ്യുന്നു . വലിയൊരു ഭക്ഷ്യ ഇറക്കുമതി രാജ്യമായ ഒമാനിലേക്ക് ജൈവോല്പന്നങ്ങൾ വിൽക്കാൻ ഇന്ത്യൻ കർഷകർക്ക് ഇത് വിപുലമായ അവസരങ്ങൾ നൽകും.

കടല്‍ വിഭവങ്ങള്‍ക്ക് ഇനിയും പ്രയോജനപ്പെടുത്താത്ത വലിയ സാധ്യതകളുണ്ട്. 2022നും 2024നുമിടയിൽ ഒമാന്‍റെ കടല്‍ വിഭവ ഇറക്കുമതി ഏകദേശം 119 ദശലക്ഷം ഡോളറിന്‍റേതായിരുന്നു. എന്നാല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തത് 7.75 ദശലക്ഷം ഡോളറിന്‍റെ ഉല്പന്നങ്ങള്‍ മാത്രമാണ്. ചെമ്മീൻ, ശീതീകരിച്ച കടൽ കൂന്തൽ തുടങ്ങിയ ഇന്ത്യൻ കടല്‍ വിഭവങ്ങളുടെ കയറ്റുമതിക്ക് ഇത് വലിയ അവസരങ്ങൾ നൽകുന്നു. ഈ തൊഴിലധിഷ്ഠിത കടൽവിഭവ വ്യവസായം മത്സ്യബന്ധനത്തിലും സംസ്കരണത്തിലും പാക്കേജിങിലും ശീതീകരിച്ച ചരക്കുനീക്ക സംവിധാനത്തിലും കയറ്റുമതി പ്രവർത്തനങ്ങളിലുമെല്ലാം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ഔഷധ മേഖലയും പരമ്പരാഗത വൈദ്യവും

യുഎസ്എഫ്ഡിഎ, ഇഎംഎ, യുകെ എംഎച്ച്ആർഎ, ടിജിഎ തുടങ്ങിയ നിയന്ത്രണ ഏജൻസികൾ അംഗീകരിച്ച ഇന്ത്യൻ മരുന്നുകൾക്ക് ഒമാനിൽ 90 ദിവസത്തിനകം സ്വയമേവ വിപണന അനുമതി ലഭിക്കും -ഇത് ഇന്ത്യൻ ഔഷധ കയറ്റുമതിക്കാർക്ക് വലിയ നേട്ടമാണ്.

ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്കും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വിപുലമായ അവസരങ്ങൾ ഒരുക്കുന്നുണ്ട്. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ സംയുക്ത ഗവേഷണം കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

സേവനങ്ങളും തൊഴില്‍പരമായ യാത്രാസൗകര്യങ്ങളും - സേവനങ്ങളും തൊഴില്‍പരമായ യാത്രാ സൗകര്യങ്ങളുമാണ് കരാറിന്‍റെ മറ്റൊരു പ്രധാന വശം. പ്രൊഫഷണൽ സേവനങ്ങൾ, കംപ്യൂട്ടർ - ഐടി സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വിനോദ സഞ്ചാരം, ഗവേഷണവും വികസനവും, പരിസ്ഥിതി സേവനങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയ്ക്ക് കയറ്റുമതി താൽപര്യമേറിയ മേഖലകളിൽ ഒമാൻ വാണിജ്യപരമായി മികച്ച പ്രതിബദ്ധതകൾ ഏറ്റെടുത്തിട്ടുണ്ട്. അക്കൗണ്ടിങ്, എന്‍ജിനീയറിങ്, ആരോഗ്യം, നിര്‍മാണം, വിദ്യാഭ്യാസം, ഉപദേശക സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ട വിപണി പ്രവേശനത്തിലൂടെ ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും തൊഴില്‍പരമായി മെച്ചപ്പെട്ട യാത്രാസൗകര്യം (മൊബിലിറ്റി) ഉറപ്പാക്കുന്നത് സംബന്ധിച്ച് ഒമാൻ അംഗീകാരം നല്‍കിയത് വളരെ നിർണായകമാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയിലെ സ്ഥലം മാറ്റങ്ങള്‍ക്കും കരാർ സേവന ദാതാക്കൾക്കും നാലുവർഷം വരെ ഒമാനിൽ തുടരാൻ അനുവാദമുണ്ടാകും. ഒപ്പം വ്യാപാരമേഖലയിലെ സന്ദർശകർക്കും സ്വതന്ത്ര പ്രൊഫഷണലുകൾക്കും താൽക്കാലിക പ്രവേശന വ്യവസ്ഥകൾ സുഗമമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് സ്ഥാപനങ്ങള്‍ക്കിടയിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ (Intra- corporate transferees) പരിധി 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഒമാൻ ഉയർത്തി.

വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവെക്കുന്ന മോദി സർക്കാരിന്‍റെ സംരംഭങ്ങൾ ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതം മെച്ചപ്പെടുത്തുകയെന്ന പ്രധാനമന്ത്രിയുടെ ദൗത്യത്തിന്‍റെ ഭാഗമാണ്.

വ്യാപാരം വളർച്ചയുടെയും തൊഴില്‍ സൃഷ്ടിയുടെയും പങ്കിട്ട സമൃദ്ധിയുടെയും ശക്തമായ ഉപകരണമാണെന്ന് ഒമാനുമായി ഒപ്പുവെച്ച ഈ കരാർ ഓര്‍മിപ്പിക്കുന്നു. വിഭജിക്കപ്പെട്ടതും സംരക്ഷണ വാദത്തിലൂന്നിയതുമായ സമകാലിക ലോകത്ത് ആത്മവിശ്വാസം പുലര്‍ത്തുന്ന പുതിയ ഭാരതം മതിലുകൾക്ക് പിന്നിലൊതുങ്ങില്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രധാനമന്ത്രി മോദി നൽകുന്നത്. പങ്കാളിത്തത്തിലൂടെയും മത്സരശേഷിയിലൂടെയും ആഗോള ഇടപെടലുകളിലൂടെയും രാജ്യം ഉയർന്നു വരിക തന്നെ ചെയ്യും.

logo
Metro Vaartha
www.metrovaartha.com