സൂര്യനു പ്രായമാകുന്നു, ഭൂമിയുടെ ആയുസ് കുറയുന്നു: നാസ

നാസയും ജപ്പാനിലെ ടോഹോ സർവകലാശാലയും ചേർന്നു നടത്തിയ " ദി ഫ്യൂച്ചർ ലൈഫ് സ്പാൻ ഒഫ് എർത്ത്സ് ഓക്സിജനേറ്റഡ് അറ്റ്മോസ്ഫിയർ' എന്ന പഠനത്തിലാണ് ഈ നിർണായക നിരീക്ഷണങ്ങൾ
the Earth's lifespan is getting shorter: NASA

ഭൂമിയുടെ ആയുസ് കുറയുന്നു: നാസ

getty images 

Updated on

വാഷിങ്ടൺ: ഭൂമിയുടെ ആയുസ് പ്രതീക്ഷിച്ചതിലും നേരത്തെ അവസാനിക്കുമെന്ന പ്രവചനവുമായി നാസ. ഏകദേശം നൂറു കോടി വർഷങ്ങൾക്കുള്ളിൽ തന്നെ ഭൂമിയുടെ അന്തരീക്ഷം ജീവൻ നിലനിർത്താൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് എത്തുമെന്നാണ് ഗവേഷകർ സൂചന നൽകുന്നത്. സൂര്യന് പ്രായമാകുന്തോറും അത് കൂടുതൽ ചൂടും വികിരണങ്ങളും പുറപ്പെടുവിക്കും. തത്ഫലമായി ഭൂമി ചുട്ടു പൊള്ളുന്ന ജീവനില്ലാത്ത ഗ്രഹമായി മാറും. ഈ പഠനമനുസരിച്ച് സമുദ്രങ്ങൾ വറ്റിപ്പോകുകയും ഓക്സിജൻ ഇല്ലാതാവുകയും ചെയ്യും. സൂക്ഷ്മ ജീവികൾക്കു പോലും അതിജീവിക്കാനാകാത്ത അവസ്ഥയാകും- പഠനം വെളിപ്പെടുത്തുന്നു.

നാസയും ജപ്പാനിലെ ടോഹോ സർവകലാശാലയും ചേർന്നു നടത്തിയ " ദി ഫ്യൂച്ചർ ലൈഫ് സ്പാൻ ഒഫ് എർത്ത്സ് ഓക്സിജനേറ്റഡ് അറ്റ്മോസ്ഫിയർ' എന്ന പഠനത്തിലാണ് ഈ നിർണായക നിരീക്ഷണങ്ങൾ. അത്യന്താധുനിക സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിച്ചായിരുന്നു പഠനം.

മുൻ പഠനങ്ങൾ ഭൂമിയുടെ ജൈവ മണ്ഡലത്തിന് ഏകദേശം 200 കോടി വർഷത്തെ ആയുസാണ് പ്രവചിച്ചിരുന്നത്. എന്നാൽ 400,000ത്തിലധികം കംപ്യൂട്ടർ മോഡലുകളെ അടിസ്ഥാനമാക്കിയ പുതിയ സിമുലേഷനുകൾ പ്രകാരം ഇത്രയും ആയുസ് ഭൂമിക്കില്ലെന്നാണ് കണ്ടെത്തൽ. സൂര്യന്‍റെ പ്രകാശ തീവ്രതയെ ആശ്രയിച്ചാണ് ഭൂമിയുടെ ജൈവ മണ്ഡലത്തിന്‍റെ ആയുസ് പ്രവചിക്കപ്പെടുന്നതെന്ന് പഠനത്തിനു നേതൃത്വം നൽകിയ കസുമി ഒസാക്കി വ്യക്തമാക്കി.

ഈ കണ്ടെത്തലുകൾ ശരിയാണെങ്കിൽ വിദൂര ഭാവിയിൽ അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവ് ക്രമേണ കുറയാൻ തുടങ്ങും. ഭൂമിയിലെ ജീവൻ ഒറ്റയടിക്ക് ഇല്ലാതാകില്ല. എന്നാൽ ഓക്സിജന്‍റെ അളവ് പതുക്കെ കുറഞ്ഞ് സൂക്ഷ്മ ജീവികൾ മാത്രം അവശേഷിക്കുന്ന അവസ്ഥയിലേക്ക് എത്തും. ഒടുവിൽ സൂക്ഷ്മ ജീവികളും പൂർണമായി അപ്രത്യക്ഷമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ദൈർഘ്യമേറിയ ഈ പ്രക്രിയയുടെ പ്രാഥമിക ലക്ഷണങ്ങൾ ഇപ്പോൾ തന്നെ ദൃശ്യമാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നുണ്ട്. സൗര കൊടുങ്കാറ്റുകളും കൊറോണൽ മാസ് ഇജക്ഷനുകളും ഉൾപ്പടെയുള്ള സൗര പ്രവർത്തനങ്ങളുടെ വർധന ഭൂമിയുടെ അന്തരീക്ഷത്തെയും കാന്തിക ക്ഷേത്രത്തെയും ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ താപനിലയിലെ വർധന, മഞ്ഞുരുകൽ തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഭൂമിയുടെയും ജീവജാലങ്ങളുടെയും ആയുസിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷകർ വെളിപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com