

അശോക് സിംഗാൾ നരേന്ദ്ര മോദിയോടൊപ്പം
ആർഎസ്എസ് ജനറൽ സെക്രട്ടറി
ഭാരതത്തിന് ഇതൊരു രാഷ്‌ട്രനിർമാണ ഘട്ടമാണ്. പുതിയ ആത്മവിശ്വാസത്തോടെ ഒരു നവീന ഭാരതം കെട്ടിപ്പടുക്കാന്‍ രാജ്യം മുഴുവന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നു. ആത്മനിന്ദ നിറഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് ആത്മാഭിമാനത്തിലേക്കുള്ള യാത്രയിലാണു ഭാരതം. ഈ പരിവര്‍ത്തനത്തെ ഭാരതത്തിന്‍റെ പുനരുത്ഥാനം എന്ന് വിശേഷിപ്പിക്കാം.
ഭാരതത്തിന്‍റെ ആത്മബോധം ഉണര്‍ത്തുന്നതിനും ഹിന്ദു സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും അക്ഷീണം പ്രയത്‌നിച്ച മഹത്തുക്കളില്‍ മുന്‍നിരയിലാണ് അശോക് സിംഗാളിന്‍റെ സ്ഥാനം. സമൂഹം ആദരവോടെ അദ്ദേഹത്തെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് വിളിച്ചു. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെയും ഹിന്ദു പുനരുത്ഥാനത്തിന്‍റെയും നായകനെന്ന് വിശേഷിപ്പിച്ചു. എല്ലാ വിശേഷണങ്ങള്‍ക്കുമപ്പുറം ഒറ്റവാക്കില്‍ പറഞ്ഞാല്‍ അശോക് സിംഗാൾ ഒരു കർമയോഗി ആയിരുന്നു.
ചെയ്തതെല്ലാം നിസ്വാർഥ മനോഭാവത്തോടെയായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെ നേടിയെടുത്ത വിജയങ്ങളും നേട്ടങ്ങളും അദ്ദേഹം ഈശ്വരന് സമര്‍പ്പിച്ചു. വിജയത്തിന് പിന്നാലെയെത്തുന്ന പ്രശസ്തിയില്‍ നിന്ന് അകന്നുനിന്നു. പ്രശംസകള്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കി. ആദരങ്ങള്‍ക്കും അപമാനങ്ങള്‍ക്കും കീര്‍ത്തിക്കും അപകീര്‍ത്തിക്കും അതീതനായി, സമചിത്തതയോടെ കർമപഥത്തില്‍ മുന്നേറുക എന്നത് ഒരു കർമയോഗിയുടെയും യഥാർഥ സ്വയംസേവകന്‍റെയും ലക്ഷണമാണ്. ഈ ഗുണം അശോക്ജിയുടെ ജീവിതത്തില്‍ പ്രകടമായിരുന്നു.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കായല്ല, രാഷ്‌ട്രസേവനത്തിനായാണ് അദ്ദേഹം സ്വന്തം പ്രതിഭ സമര്‍പ്പിച്ചത്. ഉന്നതവും പ്രശസ്തവുമായ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. സഹോദരന്മാരിലൊരാള്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുകയും ഉത്തര്‍പ്രദേശ് പൊലീസ് മേധാവിയായി (ഡിജിപി) ഉയരുകയും ചെയ്തു. മറ്റു സഹോദരന്മാര്‍ വ്യവസായികളും സംരംഭകരുമായിത്തീര്‍ന്നു. അശോക് സിംഗാൾ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് മെറ്റലര്‍ജിയില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. വിജയകരമായ ഒരു വ്യക്തിജീവിതം കെട്ടിപ്പടുക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ജീവിതം രാഷ്‌ട്രസേവനത്തിനായി സമര്‍പ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
ആത്മസാക്ഷാത്കാരം നേടിയ ഒരു ഉത്തമ സാധകനായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദനെപ്പോലെ തന്നെ, സ്വയം ഒന്നും ആഗ്രഹിക്കാതെ സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടു. ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍, പ്രൊഫ. രാജേന്ദ്ര സിങ്ങിന്‍റെ (രജ്ജു ഭയ്യ) മാര്‍ഗനിർദേശം ലഭിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. ഭാവുറാവു ദേവറസ് ഒരു വിദഗ്ധ ശിൽപ്പിയെപ്പോലെ സിംഗാളിന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തി. ഗുരുജിയുടെ മാര്‍ഗനിർദേശവും അദ്ദേഹത്തിന് ലഭിച്ചു.
ഈ മഹാന്മാരുടെ സ്വാധീനം അശോക് സിംഗാളിന്‍റെ സമര്‍പ്പണബോധം, കഠിനാധ്വാനം, ദൃഢനിശ്ചയം, നിര്‍വഹണ മികവ്, സംഘടനാപാടവം, ദീര്‍ഘവീക്ഷണം എന്നിവയില്‍ പ്രതിഫലിച്ചിരുന്നു. എന്‍ജിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായി. ലഭിച്ച എല്ലാ ഉത്തരവാദിത്തങ്ങളും സമ്പൂര്‍ണ സമര്‍പ്പണത്തോടും കഠിനാധ്വാനത്തോടും കൂടി അദ്ദേഹം നിറവേറ്റി. ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വേണ്ടിത്തന്നെ ജനിച്ചയാളാണ് അദ്ദേഹമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രവര്‍ത്തനം.
വിരാട് ഹിന്ദു സമ്മേളനവും വിശ്വഹിന്ദു പരിഷത്തും
ഡല്‍ഹിയും ഹരിയാനയും ഉള്‍പ്പെടുന്ന ഡല്‍ഹി പ്രാന്തത്തിന്‍റെ പ്രാന്ത പ്രചാരകനായിരുന്ന കാലത്താണ് മീനാക്ഷിപുരത്തെ ഇസ്‌ലാമിക മതപരിവര്‍ത്തന സംഭവങ്ങള്‍ രാജ്യത്തൊട്ടാകെ ആശങ്ക സൃഷ്ടിച്ചത്. ഇതിനോടുള്ള പ്രതികരണമായി ഡല്‍ഹിയില്‍ "വിരാട് ഹിന്ദു സമ്മേളനം' സംഘടിപ്പിക്കാനുള്ള ചുമതല അശോക് സിംഗാളിനെ ഏല്‍പ്പിച്ചു. ഡോ. കരണ്‍ സിങ് ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരെ ഒന്നിപ്പിച്ച് അദ്ദേഹം ആ സമ്മേളനം വിജയകരമാക്കി. മികച്ച സംഘാടനപാടവത്തോടെ അത്തരമൊരു ബൃഹത്തായ പരിപാടി സംഘടിപ്പിച്ചപ്പോൾ, സമൂഹത്തെ ഏകോപിപ്പിക്കാനും അണിനിരത്താനുമുള്ള അദ്ദേഹത്തിന്‍റെ കഴിവ് എല്ലാവർക്കും ബോധ്യമായി.
മതപരിവര്‍ത്തനം എന്ന വെല്ലുവിളിക്കെതിരെ സമൂഹത്തെ ഉണര്‍ത്താന്‍ ഈ സമ്മേളനം സഹായിച്ചു. തുടര്‍ന്ന്, ധാർമികവും സാമൂഹികവുമായ മേഖലകളില്‍ കൂടുതല്‍ വ്യാപകമായ ഉണര്‍വ് സൃഷ്ടിക്കുന്നതിനായി വിശ്വഹിന്ദു പരിഷത്തിന്‍റെ ചുമതലയില്‍ സിംഗാൾ നിയുക്തനായി. അര്‍പ്പണബോധത്തോടും ജാഗ്രതയോടും കൂടി അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുത്തു. സാമൂഹിക സാഹചര്യങ്ങള്‍ മനസ്സിലാക്കുക, അവയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുക, അതിനനുസൃതമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ആ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനശൈലിയുടെ സവിശേഷതകളായി മാറി.
ഹിന്ദുഐക്യത്തിനുവേണ്ടി
നൂറ്റാണ്ടുകളായി ഹിന്ദു സമൂഹത്തിന് മുന്നിലുള്ള ഗുരുതരമായ വെല്ലുവിളിയാണ് അയിത്താചരണം. അയിത്തം അവസാനിപ്പിക്കാതെ, ഐക്യമുള്ള ഒരു സമൂഹമെന്ന കാഴ്ചപ്പാട് പൂർണമാകില്ല. ഈ വിഷയത്തിലുള്ള പ്രവര്‍ത്തനങ്ങളെ പന്തിഭോജനങ്ങളിലോ പ്രതീകാത്മക പരിപാടികളിലോ മാത്രമായി അശോക് സിംഗാൾ പരിമിതപ്പെടുത്തിയില്ല. അയിത്താചരണം ഹിന്ദുധർമത്തിന്‍റെ അടിസ്ഥാന ആദര്‍ശങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന കാര്യം ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം സന്ന്യാസിവര്യന്മാരോട് അഭ്യർഥിച്ചു. സന്ന്യാസിമാര്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ കോളനികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി; ഒപ്പം ഈ വിഷയത്തില്‍ പഠനങ്ങളും ചര്‍ച്ചകളും മുന്നോട്ട് കൊണ്ടുപോയി..
1989 നവംബര്‍ 9ന് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാമേശ്വര്‍ ചൗപാല്‍ വഹിച്ച പങ്ക് സാമൂഹിക ഐക്യമെന്ന ഈ വിശാലമായ സന്ദേശത്തിന്‍റെ ഭാഗമായിരുന്നു. ആ ചടങ്ങില്‍ നിരവധി സന്ന്യാസിമാരും ധർമാചാര്യന്മാരും സന്നിഹിതരായിരുന്നു. അതുപോലെ തന്നെ, വാരാണസിലെ ശ്മശാനത്തില്‍ ചിതയൊരുക്കുന്ന ഡോം സമൂഹത്തിന്‍റെ നേതാവ് ഡോം രാജയുടെ വസതിയില്‍ സന്ന്യാസിശ്രേഷ്ഠരെത്തി ഭക്ഷണം കഴിച്ചത് സാമൂഹികസമരസതയുടെ മികവുറ്റ ഉദാഹരണമായി. ഈ പരിശ്രമങ്ങളിലൂടെ സാമൂഹിക വിവേചനം അവസാനിപ്പിക്കാനും ഒരുമയുള്ള ഒരു ഹിന്ദു സമൂഹം കെട്ടിപ്പടുക്കാനും കഴിയുമെന്ന വിശ്വാസം സമൂഹത്തില്‍ ബലപ്പെട്ടു.
രാമജന്മഭൂമി പ്രസ്ഥാനം
1980കള്‍ മുതല്‍ 2019ലെ സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ രാമക്ഷേത്ര നിർമാണവും വരെ ഈ രാമജന്മഭൂമി പ്രസ്ഥാനം പല സുപ്രധാന ഘട്ടങ്ങളിലൂടെയും കടന്നുപോയി. ഈ പ്രസ്ഥാനത്തിലുടനീളം അശോക് സിംഗാൾ അതീവ നിര്‍ണായകമായ പങ്ക് വഹിച്ചു. 1990ലെ കര്‍സേവയും നിരവധി പ്രവര്‍ത്തകരുടെ ത്യാഗവും ഈ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ഇത് ഭഗവാന്‍ രാമന്‍റെ കാര്യമാണ്, അദ്ദേഹം ഈ കാര്യം പൂര്‍ത്തിയാക്കുകതന്നെ ചെയ്യുമെന്നായിരുന്നു പ്രതികൂല സാഹചര്യങ്ങളിലും അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസം.
അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് ക്ഷേത്രനിർമാണം പൂര്‍ത്തിയായില്ലെങ്കിലും, പതിറ്റാണ്ടുകളോളം അദ്ദേഹം ദിശാബോധവും കരുത്തും ഊര്‍ജ്ജവും നല്‍കിയ പ്രസ്ഥാനം ലക്ഷ്യപ്രാപ്തിയിലെത്തി. 2019 നവംബര്‍ 9ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്, ശ്രീരാമജന്മഭൂമിയില്‍ ക്ഷേത്രം നിർമിക്കുന്നതിനുള്ള വഴി തെളിഞ്ഞു. 2020 ഓഗസ്റ്റ് അഞ്ചിന് ഭൂമിപൂജ നടന്നു, 2024 ജനുവരി 22ന് ശ്രീരാം ലല്ലയുടെ പ്രാണപ്രതിഷ്ഠയും നടന്നു. ഇന്ന് അവിടെ ഒരു മഹാക്ഷേത്രം നിലകൊള്ളുന്നു.
അതിനുമപ്പുറം
രാമജന്മഭൂമി പ്രസ്ഥാനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല അശോക് സിംഗാളിന്‍റെ സ്വാധീനം. രാമസേതു സംരക്ഷണം, അമര്‍നാഥ് യാത്ര, ഗോ-ഗവേഷണവും ഗോസംരക്ഷണവും, സാമൂഹിക സമരസത, ഹിന്ദു ചിന്താധാരയുമായി ബൗദ്ധിക ലോകത്തെ കൂട്ടിയിണക്കല്‍, വിവിധ സാമൂഹിക-ദേശീയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കല്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹത്തിന്‍റെ മുന്‍കൈയും മാര്‍ഗ്ഗനിര്‍ദ്ദേശവും ശ്രദ്ധേയമായിരുന്നു.
ലോഹശാസ്ത്രത്തിലാണ്(മെറ്റലര്‍ജി) ശാസ്ത്രജ്ഞനായിരുന്നതെങ്കിലും സമൂഹത്തിന്‍റെ സ്വഭാവം, ശേഷി, വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ശാസ്ത്രീയ വീക്ഷണം, സംഘാടനപാടവം, ആത്മീയവും ദേശീയവുമായ ബോധം എന്നിവയുടെ സംയോജനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനശൈലി.
ദീര്‍ഘവീക്ഷണം
ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നില്ല അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനശൈലി. അതിന്‍റെ തുടര്‍പ്രവര്‍ത്തനത്തിലേക്ക് അദ്ദേഹം കടക്കുമായിരുന്നു. അദ്ദേഹത്തിന് സംഘടന ഒരു മാർഗവും, സമൂഹം ലക്ഷ്യവും രാഷ്‌ട്രസേവനം ജീവിതോദ്ദേശ്യവുമായിരുന്നു.ഭാരതത്തിന്‍റെ ഇന്നത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തപസുകൊണ്ടും ത്യാഗംകൊണ്ടും പരിശ്രമംകൊണ്ടും സംഭാവന നല്‍കിയ മഹാന്‍മാരില്‍ അശോക് സിംഗാളിനു സുപ്രധാന സ്ഥാനമുണ്ട്. ഹിന്ദു സമൂഹത്തിലാകെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും സാമൂഹിക ഐക്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും ദേശീയ ബോധം ശക്തിപ്പെടുത്തുന്നതിനുമായി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. അതുകൊണ്ട്, രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ മഹാനായ നായകൻ എന്ന നിലയില്‍ മാത്രം അദ്ദേഹത്തെ കാണുന്നത് ആ വ്യക്തിത്വത്തിന്‍റെ വ്യാപ്തിയെ പരിമിതപ്പെടുത്തുന്നതിന് തുല്യമാകും. വാസ്തവത്തില്‍, അദ്ദേഹം ഒരു കർമയോഗിയായിരുന്നു - വരുംതലമുറകള്‍ക്ക് എന്നും പ്രചോദനമേകുന്ന ജീവിതം നയിച്ച ഒരാള്‍.