എല്ലാ തൂണുകളും ശക്തമായിരിക്കണം

കണ്ണുകളിലെ കെട്ട് മാറ്റി. "നിയമം അന്ധമല്ല, അത് എല്ലാവരെയും ഒരുപോലെ കാണുന്നു' എന്ന സന്ദേശം നൽകാനാണ് കണ്ണ് തുറന്ന നിലയിലാക്കിയതെന്ന് കേന്ദ്ര സർക്കാർ
 All pillars must be strong.

എല്ലാ തൂണുകളും ശക്തമായിരിക്കണം

Updated on

ജ്യോത്സ്യൻ|ഗ്രഹനില

നീതിദേവതയെ ചിത്രീകരിച്ചിരുന്നത് കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി, ഒരു കൈയിൽ തുലാസും മറുകൈയിൽ വാളുമേന്തിയ കന്യകയായായിരുന്നു. പക്ഷപാതമില്ലാത്ത നീതിയുടെ പ്രതീകമായിരുന്നു അത്. അടുത്തിടെ ഇന്ത്യൻ സുപ്രീം കോടതിയുടെ ജഡ്ജസ് ലൈബ്രറിയിൽ നീതിദേവതയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു. ബ്രിട്ടീഷ് കൊളോണിയൽ അടയാളങ്ങളിൽ നിന്ന് മാറി ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായ മാറ്റങ്ങൾ അതിൽ വരുത്തി.

കണ്ണുകളിലെ കെട്ട് മാറ്റി. "നിയമം അന്ധമല്ല, അത് എല്ലാവരെയും ഒരുപോലെ കാണുന്നു' എന്ന സന്ദേശം നൽകാനാണ് കണ്ണ് തുറന്ന നിലയിലാക്കിയതെന്നാണു കേന്ദ്ര സർക്കാർ പറയുന്നത്. കൈയിൽ വാളിന് പകരം കൈയിൽ ഭരണഘടന നൽകി. ശിക്ഷയേക്കാൾ ഭരണഘടനാ മൂല്യങ്ങൾക്കാണ് പ്രാധാന്യം എന്ന് ഇത് വ്യക്തമാക്കുന്നു. പരമ്പരാഗത പാശ്ചാത്യ വസ്ത്രത്തിന് പകരം സാരിയാണ് പുതിയ പ്രതിമ ധരിച്ചിരിക്കുന്നത്.

ജനാധിപത്യത്തിൽ പാർലമെന്‍റ, ജുഡീഷ്യറി, എക്സിക്യൂട്ടീവ്, മാധ്യമങ്ങൾ എന്നിവയ്ക്ക് നിർണായക സ്ഥാനമുണ്ട്. ഇവ സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴും പരസ്പരം പൂരകങ്ങളായി നിലകൊള്ളണം.

എന്നാൽ അടുത്ത കാലത്തായി ഇന്ത്യയിൽ ഉയരുന്ന പ്രധാന വിമർശനം, ഭരണകൂടം അധികാരം ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും ദുർബലപ്പെടുത്തുന്നു എന്നതാണ്. പത്തു വർഷത്തിലേറെ കേന്ദ്രഭരണം പിന്നിട്ട നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 2029ലും അധികാരം നിലനിർത്താനുള്ള ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.

ഈ രാഷ്‌ട്രീയ പ്രയാണത്തിൽ എതിരാളികളെ അമ്പെയ്ത് വീഴ്ത്തുന്ന അർജുനന്‍റെ റോളാണ് മോദിക്കുള്ളത്. ശ്രീകൃഷ്ണൻ എന്ന ആയുധമെടുക്കാത്ത തേരാളിയായ ആർഎസ്എസ് ആണ് ആ രഥം നയിക്കുന്നത്. അർജുനന് കരുത്തും ശക്തിയും നൽകുന്നത് ശ്രീകൃഷ്ണന്‍റെ മഹദ് വചനങ്ങളാണ്.

അതേസമയം, സർക്കാരിന് മാനവികതയുടെയും സാഹോദര്യത്തിന്‍റെയും മുഖം നൽകാൻ ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത് ശ്രമിക്കുമ്പോൾ തന്നെ, രാഷ്‌ട്രീയ എതിരാളികളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ബിജെപിക്കുള്ളിൽ, പ്രത്യേകിച്ച് അമിത് ഷായുടെ നേതൃത്വത്തിൽ, ശക്തമാകുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്.

കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള പൊലീസ്, സിബിഐ, ഇഡി തുടങ്ങിയ ശക്തമായ ഏജൻസികൾ ഭരണഘടനാപരമായി നീതിപൂർവം പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ, ഈ ഏജൻസികളെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന ഗുരുതരമായ ആക്ഷേപം നിരന്തരം ഉയരുന്നുണ്ട്. ഇത്തരം രാഷ്‌ട്രീയ പ്രേരിതമായ നീക്കങ്ങൾ ജനാധിപത്യത്തിന്‍റെ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല.

ദേശീയ രാഷ്‌ട്രീയത്തിനൊപ്പം കേരള രാഷ്‌ട്രീയവും സമാനമായ ചൂടേറിയ ചർച്ചകളിലൂടെയാണ് കടന്നുപോകുന്നത്. കേരള ചരിത്രത്തിൽ ആദ്യമായി രണ്ട് പ്രാവശ്യം തുടർച്ചയായി മുഖ്യമന്ത്രിയായ ജനകീയ നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ ശക്തമായ ഭരണ തീരുമാനങ്ങൾ കേരളത്തിന്‍റെ വികസനത്തിന് വലിയ സഹായകരമായി മാറിയിട്ടുണ്ട്. ദേശീയപാതാ വികസനം, കൊച്ചി മെട്രൊയുടെ വളർച്ച, ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരണം, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ സാക്ഷാത്കാരം എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

അദ്ദേഹത്തിനെതിരെയും കുടുംബത്തിനെതിരെയും സിഎംആർഎൽ- എക്സാലോജിക് കേസ് ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ അടുത്ത കാലത്തായി ഉയർന്നുവന്നിട്ടുണ്ട്. ഇഎംഎസ്, ആർ. ശങ്കർ, കെ. കരുണാകരൻ, ഉമ്മൻചാണ്ടി തുടങ്ങിയ മുൻകാല മുഖ്യമന്ത്രിമാരെ പോലെ ശക്തമായ വ്യക്തിപ്രഭാവമുള്ള ഒരു നേതാവെന്ന നിലയിൽ പിണറായി വിജയനെ ടാർഗറ്റ് ചെയ്തു കൊണ്ടാണ് ഈ ആരോപണങ്ങൾ ഉയരുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

തെറ്റ് ചെയ്താൽ ആയാലും നിയമപരമായ നടപടികൾ ഉണ്ടാകണം എന്നത് ശരിയാണ്. എന്നാൽ രാഷ്‌ട്രീയപ്രേരിതമായി കെട്ടിച്ചമയ്ക്കുന്ന ആരോപണങ്ങൾ അധികകാലം നിലനിൽക്കില്ലെന്ന് ചരിത്രം പഠിപ്പിക്കുന്നു. കെ. കരുണാകരനെതിരെ ഉയർന്ന രാജൻ കേസ്, ഐഎസ്ആർഒ ചാരക്കേസ്, പാമോയിൽ കേസ് തുടങ്ങിയ വലിയ കൊടുങ്കാറ്റുകളെ രാഷ്‌ട്രീയമായും നിയമപരമായും അതിജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ജനാധിപത്യത്തിൽ കുറ്റാരോപിതനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് സ്വതന്ത്രമായ കോടതികളാണ്. ദേശീയ ഏജൻസികൾ കൊട്ടിക്കയറുന്ന പല കേസുകളും പിന്നീട് കോടതിയുടെ മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് നാം കാണുന്നത്.

എന്നാൽ, നീതിന്യായ വ്യവസ്ഥയെക്കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. ജഡ്ജിമാരുടെ നിയമനങ്ങളും ചില നിർണായക വിധികളും പലപ്പോഴും പൊതുസമൂഹത്തിൽ ചർച്ചയാകുകയും സംശയത്തിന്‍റെ നിഴലിലാവുകയും ചെയ്യുന്നത് ജനാധിപത്യത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.

മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, സത്യം കണ്ടെത്താനുള്ള തീവ്രതയേക്കാൾ റേറ്റിംഗിനും കാഴ്ചക്കാരെ കൂട്ടാനുമുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. സത്യം പലപ്പോഴും മാധ്യമ വിചാരണകളിൽ ബലിയാടാകുന്നു. ഇത് സമൂഹത്തിൽ തെറ്റായ ധാരണകൾ പരത്താൻ മാത്രമേ ഉപകരിക്കൂ.

ജനാധിപത്യത്തിന്‍റെ നെടുംതൂണായ പാർലമെന്‍റാകട്ടെ, ഇന്ന് ഭരണപക്ഷ- പ്രതിപക്ഷ പോരുകളിലും മുദ്രാവാക്യം വിളികളിലും അലിഞ്ഞുചേർന്നു പോകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. ഗൗരവമേറിയ ചർച്ചകൾ നടക്കേണ്ട സഭകൾ ബഹളത്തിൽ മുങ്ങുന്നത് ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ട്.

എൺപത് വർഷം പിന്നിടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ കൂടുതൽ കരുത്തോടും സുതാര്യതയോടും കൂടി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായി ഭരണകൂടം, ജുഡീഷ്യറി, മാധ്യമങ്ങൾ, പാർലമെന്‍റ് എന്നിവയെല്ലാം തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പൂർണ ആത്മാർഥതയോടെ നിർവഹിക്കേണ്ടതുണ്ട്. നീതിദേവതയുടെ കണ്ണിലെ തുണി മാറ്റിയതു പോലെ, അവിടെ നിന്നു പക്ഷപാതമില്ലാത്ത നീതി എല്ലാവർക്കും ഉറപ്പാക്കപ്പെടുമ്പോൾ മാത്രമാണ് ജനാധിപത്യം അതിന്‍റെ പൂർണതയിലെത്തുന്നത് എന്നാണ് ജോത്സ്യന് പറയാനുള്ളത്.

logo
Metro Vaartha
www.metrovaartha.com