
കുറ്റക്കാരാര്? വഴിതെറ്റുന്ന കൗമാരം, പകച്ചുനിൽക്കുന്ന കേരളം
ഡോ. കെ. ലൈലാസ്
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണു കേരളം. ഏറ്റവും കുറഞ്ഞ പൊസിറ്റീവ് ജനസംഖ്യാ വളർച്ചാ നിരക്ക്, ഏറ്റവും ഉയർന്ന മാനവ വികസന സൂചിക ഉയർന്ന സാക്ഷരതാ നിരക്ക്, ഏറ്റവും ഉയർന്ന ആയുർദൈർഘ്യം, ഏറ്റവും ഉയർന്ന ലിംഗാനുപാതം എന്നിവയാണ് കേരളത്തിലുള്ളത്. എന്നാൽ ഇന്ന് കുറ്റകൃത്യങ്ങളും അക്രമവാസനകളും സമൂഹത്തിൽ കൂടി വരുന്നതായി കാണുന്നു. പ്രത്യേകിച്ചും കൗമാരക്കാരിൽ. കൗമാരക്കാരിൽ കാണുന്ന കുറ്റവാസനയാണു കൗമാരക്കുറ്റവാസന അഥവാ ജുവനൈൽ ഡിലിങ്ങ്ക്വൻസി എന്നു പറയുന്നത്.
കാരണങ്ങൾ
മസ്തിഷ്ക ക്ഷതം, ബുദ്ധിമാന്ദ്യം, നാഡീരോഗം, മനോവിക്ഷിപ്തി, സാമൂഹ്യ വൈകൃത വ്യക്തിത്വം, മയക്ക്മരുന്ന് ഉപയോഗിക്കുന്ന ശീലം തുടങ്ങിയ വൈകല്യങ്ങൾ കൗമാരക്കുറ്റ കൃത്യങ്ങൾക്ക് കാരണമാകാറുണ്ട്. കൗമാരക്കാരിൽ കുറ്റകൃത്യങ്ങളുണ്ടാകുവാൻ പല കാരണങ്ങളുണ്ടെങ്കിലും മയക്കുമരുന്നുകളുടെ ഉപയോഗം മൂലമുള്ള വ്യക്തിത്വ വൈകല്യമാണ് കേരളത്തിൽ കൂടുലായി കാണുന്നത്. മയക്കുമരുന്നുകളോടുള്ള ആസക്തി രണ്ട് തരത്തിലാണ് കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടുന്നത്. മയക്കുമരുന്ന് വാങ്ങുവാൻ പണമുണ്ടാക്കുന്നതിനായി മോഷണം, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം മനോനില തെറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്നുവെന്നതാണ് കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിലെ പ്രധാന കാരണം.
കുടുംബ പശ്ചാത്തലം
കൂട്ടുകുടുംബങ്ങളിൽ നിന്നും അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ കുട്ടികൾ മാതാപിതാക്കളുമായല്ലാതെ മറ്റാരുമായും അടുപ്പം പുലർത്തേണ്ടി വരുന്നില്ല. മദ്യപാനം പതിവാക്കിയവരും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നവരുമാണ് ഇന്ന് ഭൂരിഭാഗം മാതാപിതാക്കളും. ഇങ്ങനെയുള്ള സാഹചര്യത്തിൽ കുട്ടികൾക്ക് സ്നേഹം കിട്ടാതെ പോകുകയും കുട്ടികൾ പഠിത്തം വിട്ട് വഴി മാറി ചിന്തിക്കുവാൻ തുടങ്ങുകയും മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ കുട്ടികളെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാകുന്നു. ക്രിമിനൽ സ്വഭാവമുള്ള മാതാപിതാക്കളുടെ കുട്ടികൾ അത്തരം ശീലങ്ങൾ മാതാപിതാക്കൻമാരിൽ നിന്നും പഠിക്കുകയും കാലക്രമേണ കൊടും കുറ്റവാളികളായി മാറുകയും ചെയ്യും. കൗമാരക്കുറ്റവാസനകളെക്കുറിച്ച് നടത്തിയ എല്ലാ പഠനങ്ങളും കാണിക്കുന്നത് തകർന്ന കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് കുറ്റകൃത്യങ്ങളിലേർപ്പെടുവാനുള്ള പ്രവണത കൂടുതലാണെന്നാണ്.
സാമൂഹ്യ വിരുദ്ധ മനോഭാവം
സാമൂഹ്യ വിരുദ്ധ മനോഭാവം വച്ച് പുലർത്തുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് മോശപ്പെട്ട മാതൃകയായി മാറുന്നു. മക്കളുടെ സാമൂഹ്യ വിരുദ്ധ പെരുമാറ്റത്തെ ഇവർ പ്രത്യക്ഷമായും പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് കണ്ട് വരുന്നത്. ഈ അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലും ഇത് കാണാം.
സ്കൂൾ അന്തരീക്ഷം
കുടുംബാന്തരീക്ഷം ശരിയല്ലാത്ത കുടുംബങ്ങളിൽനിന്ന് വരുന്ന കുട്ടികൾ സ്കൂളുകളിൽ പൊതുവേ പ്രശ്നക്കാർ ആയിരിക്കും. ഇവർ അധ്യാപകർക്ക് എപ്പോഴും ഒരു തലവേദനയാണ്. പ്രശ്നങ്ങൾ പതിവാകുമ്പോൾ അധ്യാപകർ ഈ കുട്ടികളുടെ ചെറിയ തെറ്റുകൾക്ക് വലിയ ശിക്ഷ നൽകുന്നതിനു പകരം അവരെ നേർവഴിക്ക് കൊണ്ട് വരുന്നതാവും നല്ലത്. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളെ തിരുത്താൻ സാധിക്കുന്ന വ്യക്തികളാണ് അവരുടെ അധ്യാപകർ. എന്നാൽ ഭൂരിഭാഗം അധ്യാപകരും ഇന്ന് പേടി കൊണ്ട് അതിന് തയാറാകുന്നില്ല എന്നതാണു വാസ്തവം.
മാധ്യമങ്ങളുടെ സ്വാധീനവലയം
സിനിമയിലും മറ്റ് മാധ്യമങ്ങളിലുമുള്ള വൈലൻസിന്‍റെ അതിപ്രസരവും കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നു. കുട്ടികൾ കാണുന്ന സിനിമയിലെ പല രംഗങ്ങളും ജീവിതത്തിൽ അനുകരിക്കുവാൻ ശ്രമിക്കുന്നതായി ഇന്ന് കാണുന്നുണ്ട്.
തെറ്റായ കൂട്ട് കെട്ടുകൾ
സ്വന്തം വീട്ടിൽ നിന്നും സ്നേഹവും പരിചരണവും കിട്ടാതെ വരുമ്പോൾ കുട്ടികൾ പുറമേ സുഹൃത്തുക്കളെ തേടി പോകുന്നു. ഇത്തരത്തിലുള്ള കുട്ടികളുടെ സുഹൃത്തുക്കൾ ചിലപ്പോൾ പ്രായത്തിനു മുകളിലുള്ളവർ ആയിരിക്കും. പ്രായത്തിൽ കവിഞ്ഞ കാര്യങ്ങൾ ഇത്തരം കൂട്ടുകെട്ടിൽ നിന്ന് കുട്ടികൾ പഠിക്കുന്നതിന് ഇത് ഇടയാക്കും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, നീലച്ചിത്രങ്ങൾ കാണിക്കുക, മയക്കുമരുന്നിന് അടിമയാക്കുക, മയക്ക് മരുന്ന് കടത്തിനും മറ്റും ഉപയോഗിക്കുക, പണം കൊടുത്ത് പല കാര്യങ്ങളും ചെയ്യിപ്പിക്കുക, വീട്ടിൽ നിന്നും പണം മോഷ്ടിക്കാൻ പ്രേരിപ്പിക്കുക ഇതെല്ലാം അതിന്‍റെ പരിണിത ഫലങ്ങളാണ്.
സാമൂഹ്യ സാംസ്കാരിക ഘടകങ്ങൾ
സാമ്പത്തികമായും സാങ്കേതികമായും കൂടുതൽ പുരോഗതി നേടിയ രാജ്യങ്ങളിലാണ് കൗമാര കുറ്റവാസന നിരക്ക് കൂടുതലായി കാണപ്പെടുന്നതെന്നാണു പഠനങ്ങൾ പറയുന്നത്. സാമ്പത്തിക സാങ്കേതികമാറ്റങ്ങൾ സാമൂഹ്യഘടനയിലും വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു. ഇത് സമൂഹത്തിൽ നിലനിന്നിരുന്ന പെരുമാറ്റ ചട്ടങ്ങൾ തകരുന്നതിന് കാരണമായി. ഘാന, കെനിയ എന്നീ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് കൗമാര കുറ്റകൃത്യങ്ങൾ വർധിക്കുവാൻ ഉണ്ടായ കാരണങ്ങളിൽ ഒന്ന് സാങ്കേതിക വിദ്യയുടെ കുതിച്ച് ചാട്ടത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന പെരുമാറ്റ ചട്ടങ്ങളാണെന്നു കണ്ടെത്തിയിട്ടുണ്ട്.
പരിഹാരമാർഗങ്ങൾ
വിദഗ്ധരായ പരിശീലകരും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള പുനരധിവാസ കേന്ദ്രങ്ങൾ തയാറാക്കണം. ഇത്തരം കേന്ദ്രങ്ങൾ കുറ്റകൃത്യം ചെയ്യുന്ന കൗമാരക്കാരുടെ സ്വഭാവ പരിഷ്കരണത്തിനും പുനരധിവാസത്തിനും വളരെയധികം ഗുണം ചെയ്യും.പ്രതികൂലമായ ചുറ്റുപാടുകളിൽ നിന്നും മാറി നിൽക്കാനും ലോകത്തെയും തങ്ങളെത്തന്നേയും കൂടുതൽ മനസിലാക്കാനുമുള്ള അവസരം പുനരധിവാസ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും. ഇവിടെ ഇവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കുവാനും തൊഴിൽ പരിശീലനം നേടുവാനും ഉള്ള സൗകര്യം ഉറപ്പാക്കണം. മനഃശാസ്ത്രപരമായ ഉപബോധനം, സംഘ ചികിത്സ എന്നിങ്ങനെ പല മാർഗങ്ങളും ഇത്തരക്കാരുടെ സ്വഭാവ പരിഷ്കരണത്തിനായി സ്വീകരിക്കാം. ഇത്തരം കുട്ടികളുടെ മാതാപിതാക്കൾക്കും കൗൺസിലിങ്ങ് കൊടുക്കണം. അധ്യാപകർ കുട്ടികളുടെ കുടുംബ പശ്ചാത്തലം ആദ്യം അന്വേഷിക്കണം. പറ്റുമെങ്കിൽ അധ്യാപകർ ഭവന സന്ദർശനം നടത്തണം. മാതാപിതാക്കളുടെയും പിടിഎയുടെയും സഹായത്തോടെ ഇത്തരം കുട്ടികളെ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കി തിരുത്തേണ്ടതാണ്. ചില കേസുകളിൽ കുട്ടികളേക്കാൾ മാതാപിതാക്കൾക്ക് കൗൺസിലിങ്ങ് കൊടുക്കേണ്ട ആവശ്യവും വരാറുണ്ട്. നല്ല മാതാപിതാക്കൾക്ക് വേണ്ടത് തന്‍റെ കുട്ടിയെ അറിയുക എന്നതാണ്. അതുപോലെ തന്നെ ഒരു നല്ല അധ്യാപകനു വേണ്ട ലക്ഷണം തന്‍റെ കുട്ടികളെ തിരിച്ചറിയുക എന്നതുമാണ്. ആരും കുറ്റവാളികളായി ജനിക്കുന്നില്ല സാഹചര്യമാണ് അവരെ കുറ്റവാളികളാക്കുന്നത് എന്ന കാര്യം എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും.