7 പേർക്ക് പുതുജീവൻ നൽകി ജുവൽ യാത്രയായി

ജനുവരി 26ന് വെളുപ്പിനാണ് മാള കുളത്തിന് സമീപം ജുവലും സഹോദരൻ ജെവിനും സഞ്ചരിച്ച ബൈക്ക് തെന്നി മറിഞ്ഞ് അപകടം സംഭവിച്ചത്
ജുവൽ ജോഷി
ജുവൽ ജോഷി

മാള: പയ്യപ്പിള്ളി വീട്ടിൽ പരേതനായ ജോഷിയുടെ മകൻ ജുവൽ (23) മരണത്തിനു കീഴടങ്ങിയെങ്കിലും ഏഴു വ്യക്തികളിലൂടെ ഇനിയും ജീവിക്കും. ജുവലിന്‍റെ ഹൃദയം, കണ്ണുകൾ, വൃക്കകൾ, കൈപത്തികൾ എന്നിവ സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി വഴി കുടുംബം ദാനമായി നൽകി. അവയവങ്ങൾ ഏഴ് പേർക്ക് പുതുജീവൻ നല്കും.

ജനുവരി 26ന് വെളുപ്പിനാണ് മാള കുളത്തിന് സമീപം ജുവലും സഹോദരൻ ജെവിനും സഞ്ചരിച്ച ബൈക്ക് തെന്നി മറിഞ്ഞ് അപകടം സംഭവിച്ചത്. ഉടനെ മാളയിലെ ആശുപതിയിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും വെള്ളിയാഴ്ച ജുവൽ മരണത്തിന് കീഴടങ്ങി.

ജുവലിന്‍റെ അമ്മ ജീനയുടെ ആഗ്രഹപ്രകാരമാണ് മകന്‍റെ അവയവങ്ങൾ ദാനം ചെയ്തത്. അമ്മയുടെ ആഗ്രഹത്തിന് മുന്നിൽ സഹോദരങ്ങളും ബന്ധുമിത്രാദികളും വഴങ്ങുകയായിരുന്നു. ജുവലിന്‍റെ പിതാവ് ജോഷിയും വർഷങ്ങൾക്ക് മുമ്പ് അപകടത്തിലാണ് മരിച്ചത്.

എല്ലാവരോടും വളരെ സൗമ്യമായും പുഞ്ചിരിയോടേയും മാത്രം ഇടപഴകുന്ന വ്യക്തിയായിരുന്നു ജുവൽ. ആർക്കും എന്ത് ഉപകാരത്തിനും തയ്യാറുള്ള ചെറുപ്പക്കാരൻ. നാടക രചന, അഭിനയം, ഷോർട്ട് ഫിലിം മേക്കിംങ് തുടങ്ങി എന്തിനും കഴിവുള്ള വ്യക്തിത്വം. താൻ ജോലി ചെയ്യുന്ന മാള കാർമൽ കോളെജിലും വേദപാഠം അധ്യാപക രംഗത്തും തന്‍റെ അർപ്പണ മനോഭാവം പ്രകടമാക്കിയ യുവാവായിരുന്നു. ജുവലിനെ അടുത്ത് അറിയുന്നവരെല്ലാം പറയുന്നത് ഇതാണ്.

ജുവലിന് അപകടം പറ്റിയ വിവരം അറിഞ്ഞ് മാള നാട് മുഴുവൻ പ്രാർഥനയിലായിരുന്നു. ആ പ്രാർത്ഥന വെള്ളിയാഴ്ച വിഫലമായെങ്കിലും ആർക്കും എന്തും ചെയ്ത് നൽകാൻ തയാറുള്ള ജുവലിന്‍റെ ജീവിതം പോലെ തന്നെയായി അവസാനവും. ഏഴ് പേർക്ക് പുതുജീവിതം നൽകാൻ ജുവലിന് സാധിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com