

80ന്‍റെ നിറവിൽ "കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷ്'
പ്രത്യേക ലേഖകൻ
കാലം കടന്നുപോയ കുമ്പളങ്ങിയുടെ എട്ടു പതിറ്റാണ്ടിന്‍റെ ചരിത്രം. അവികസിതമായ ഒരു നഗരപ്രാന്ത ദ്വീപിന്‍റെ വികസനങ്ങളിലേക്കുള്ള ഉയിർപ്പ്. അതിനേക്കാളേറെ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കുമ്പളങ്ങിയുടെ തിളക്കമാർന്ന കൈയൊപ്പ്.
കൊച്ചിയിലെ കുമ്പളങ്ങി ദ്വീപിന്‍റെ ഓരോ നിശ്വാസത്തിലും നിറഞ്ഞുനിൽക്കുന്ന ഒരു മാനവൻ. കുമ്പളങ്ങി വളർന്നത് ആ മനുഷ്യന്‍റെ വളർച്ചയോടൊപ്പമാണ്. അവിടെ ആധുനിക റോഡുകൾ വന്നതും പാലങ്ങൾ വന്നതും കേരളത്തിന്‍റെ വിനോദ സഞ്ചാര ഭൂപടത്തിൽ കുമ്പളങ്ങിയെ വിളക്കിച്ചേർത്തതും ആ മനുഷ്യനാണ്- പ്രൊഫ. കെ.വി. തോമസ്. അദ്ദേഹത്തിന്‍റെ 80ാം പിറന്നാളാണ് ഇന്ന്.
അദ്ദേഹം പിറന്നാൾ ആഘോഷിക്കുമ്പോൾ ആ ദ്വീപിന്‍റെ എട്ടു പതിറ്റാണ്ടുകൾ ഒരു ചരിത്രരേഖയായി മുന്നിലെത്തുകയാണ്, ""കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക് '' എന്ന പുസ്തകത്തിലൂടെ. ഒരു ചരിത്രരേഖ എന്നതിനപ്പുറം ഒരു ദേശത്തിന്‍റെ കഥയും സംസ്കാരവും അതിജീവനത്തിനായി പൊരുതി വിജയം നേടിയ ഒരു ജനസമൂഹത്തിന്‍റെ നേർക്കാഴ്ചയും കൂടിയാണ് മന്ദാരം പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിക്കുന്ന 500 രൂപ മുഖവിലയുള്ള ഈ പുസ്തകം.
അതോടൊപ്പം ആ നാടിന്‍റെ സ്നേഹ ശീതളിമയിൽ വളർന്ന് രാജ്യത്തിന്‍റെ ഭരണചക്രം തിരിക്കുന്നിടം വരെയെത്തിയ ഒരു നാട്ടിൻപുറത്തുകാരന്‍റെ പച്ചയായ ജീവിതാനുഭങ്ങൾ കൊണ്ട് നേരിന്‍റെ നേരേ പിടിച്ച കണ്ണാടി കൂടിയാണിത്. ഇതിൽ മനുഷ്യർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ, സ്നേഹത്തിന്‍റെ സാന്ത്വന സ്പർശങ്ങൾ, വികാര വിശേഷങ്ങൾ തുടങ്ങി രസകരങ്ങളായ ജീവിതങ്ങളുടെ ഒരു സമാഹാരം കൂടി അടങ്ങിയിട്ടുണ്ട്.
"കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷ് ' എന്നറിയപ്പെടുന്ന അദ്ദേഹം കടന്നുവന്ന വീഥികൾ രസകരമായ അനുഭവക്കുറിപ്പുകളിലൂടെ വായനക്കാരെ അവിടേക്കു നടത്തിക്കുകയാണ് ഈ രചനയിലൂടെ. ആദ്യ പുസ്തകമായ "എന്‍റെ കുമ്പളങ്ങി' 2004 നവംബറിൽ കുമ്പളങ്ങിയിൽ പ്രകാശനം ചെയ്തത് എ.കെ. ആന്‍റണിയാണ്. തുടർന്ന് "കുമ്പളങ്ങിക്കഥകൾ' ഉൾപ്പെടെ 16 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
കൊച്ചിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറിയ ദ്വീപാണ് കുമ്പളങ്ങി. കൃഷിക്കാരും മത്സ്യത്തൊഴിലാളികളും അധിവസിക്കുന്ന ഈ പ്രദേശത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത വിദ്യാസമ്പന്നരായ നല്ല മനസിന്‍റെ ഉടമകളായ മനുഷ്യരാണ്. കുമ്പളങ്ങി സെന്‍റ് പീറ്റേഴ്സ് ദേവാലയവും അതിനോടു ചേർന്നുള്ള സെന്‍റ് പീറ്റേഴ്സ് ഹൈസ്കൂളുമാണ് കുമ്പളങ്ങി, എഴുപുന്ന, അരൂർ, കണ്ണമാലി എന്നീ ദ്വീപുകളിലെ ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വലിയ പങ്കുവഹിച്ചത്. കേരള നിയമസഭാ സ്പീക്കറായിരുന്ന അലക്സാണ്ടർ പറമ്പിത്തറയെ പോലുള്ള പ്രഗത്ഭരായ അധ്യാപകരാണ് ഈ വിദ്യാലയത്തിന് നേതൃത്വം നൽകിയിരുന്നത്.
കുമ്പളങ്ങി കുറുപ്പശേരിയിൽ ദേവസി വർക്കിയുടെയും റോസ വർക്കിയുടെയുടേയും നാലുമക്കളിൽ രണ്ടാമനായി 1947 മെയ് 10നായിരുന്നു കെ.വി. തോമസിന്‍റെ ജനനം.1951 ജൂണിൽ പിതാവ് കുറുപ്പശേരി ദേവസി വർക്കിയുടെ കൈപിടിച്ചാണ് കെ.വി. തോമസ് സെന്‍റ് പീറ്റേഴ്സ് സ്കൂളിലെത്തിയത്. അവിടെ നിന്നാണ് ആ ജീവിതയാത്ര ആരംഭിച്ചത്. എസ്എസ്എൽസിക്കു ശേഷം മൂത്ത സഹോദരൻ ജോസഫ് കുറുപ്പശേരിയുമായി തേവര തിരുഹൃദയ കലാലയത്തിലെത്തി വിദ്യാർഥിയായി. തേവര കോളെജിൽ നിന്നു തന്നെ കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് 20 വർഷക്കാലം അവിടെ അധ്യാപകനായും പ്രവർത്തിച്ചു.
1984ൽ 36ാം വയസിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്‍റ് ഹൗസിലെത്തി നാലു പതിറ്റാണ്ടോളം ഡൽഹിയിലെ ഭരണചക്രം തിരിക്കുന്നതിൽ പങ്കാളിയായി. 73 രാജ്യങ്ങൾ സന്ദർശിച്ച് ലോകത്തെ അടുത്തറിയാനുള്ള അവസരവും ലഭിച്ചു.
പരിശുദ്ധ മറിയത്തിന്‍റെ ഭക്തനായി തന്നെ മാറ്റിയെടുത്തത് അമ്മയും പിന്നീട് ഭാര്യ ഷേർലിയുമാണെന്ന് അദ്ദേഹം പറയാറുണ്ട്. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ടെന്നും റോസാപ്പൂ നൽകിയ സുഹൃത്തുക്കൾ തന്നെ പൂവിലെ മുള്ളുകൾ കൊണ്ട് കുത്തി വേദനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1986ൽ ഡൽഹിയിൽ വച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെയും തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെയും നേരിൽ കാണാനും ആശീർവാദം വാങ്ങാനും കഴിഞ്ഞു.
അഞ്ചു തവണ ലോകസഭയിൽ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2009ൽ ഡോ. മൻമോഹൻ സിങ് മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ-ഉപഭോക്തൃ സഹമന്ത്രിയായി. ഭക്ഷ്യസുരക്ഷാ നിയമം പാസാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മൂന്നു തവണ പാർലമെന്‍റിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചു. രണ്ടു പ്രാവശ്യം നിയമസഭാംഗമായി. സംസ്ഥാനത്ത് ടൂറിസം, ഫിഷറീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2003ൽ പസഫിക്- ഏഷ്യ ട്രാവൽ അസോസിയേഷന്‍റെ മികച്ച ടൂറിസം മന്ത്രിക്കുള്ള അവാർഡ് ലഭിച്ചു.
എറണാകുളം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ട്രഷറർ, കെപിസിസി വർക്കിങ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2022 മേയിൽ സജീവ കോൺഗ്രസ് രാഷ്‌ട്രീയം വിട്ടു. പിന്നീടു ഡൽഹിയിൽ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ചുവരികയായിരുന്നു.